മുച്ചുന്തിപ്പള്ളിയിലെ വട്ടെഴുത്ത്

Reading Time: 2 minutes

“കുറ്റിച്ചിറ ജുമാമസ്ജിദിന്റെ തെക്ക് ഭാഗത്ത് അതേ തെരുവില്‍ കുറച്ചകലെ സ്ഥിതിചെയ്യുന്ന ചെറിയ ഒരു നിര്‍മിതിയാണ് മുച്ചുന്തിപ്പളളി. കോഴിക്കോട്ടെ ഏറ്റവും പഴക്കമുള്ളതും മഹത്തായതുമായ പള്ളികളിലൊന്നാണിത്. പറയത്തക്ക മാറ്റങ്ങളൊന്നുമില്ലാതെ അതിന്റെ ലേഔട്ടും അടിഭാഗവും ഇപ്പോഴും സംരംക്ഷിക്കപ്പെടുന്നുണ്ട്. പില്‍ക്കാലത്ത് പള്ളിയോടനുബന്ധിച്ച് നടത്തപ്പെട്ട നിര്‍മാണപ്രവൃത്തികള്‍ അതിന്റെ തനത് ശൈലിയില്‍ മാറ്റങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല’
ഗ്രീന്‍വിച്ച് യൂനിവേഴ്‌സിറ്റിയിലെ ആർകിടെക്ചര്‍ ആന്‍ഡ് അര്‍ബൻ സ്റ്റഡീസ് ഡിപാർട്മെന്റ് മേധാവി മെഹര്‍ദാദ് ഷൂക്കോയി രചിച്ച Muslim Architecture of South India; The Sultanate of Malabar and The Traditions of The Maritime Settlers on the Malabar and Coromandel Coasts എന്ന ഗ്രന്ഥത്തിലേതാണ് ഉപരിസൂചിത വരികള്‍. പതിനഞ്ചാം നൂറ്റാണ്ടിന് മുമ്പ് അഥവാ മഖ്ദൂമുമാരുടെ ആഗമനത്തിന് മുമ്പ് സ്ഥാപിതമായതും ഇന്നും തനത് ശൈലിയില്‍ ശേഷിക്കുന്നതുമായ ചരിത്രപ്രാധാന്യമുള്ള കേരളത്തിലെ പ്രധാന പള്ളികളിലൊന്നാണ് മുച്ചുന്തിപ്പള്ളി. പൈതൃക കേന്ദ്രങ്ങള്‍ എപ്രകാരം സംരക്ഷിക്കപ്പെടണമെന്നും അവയുടെ നിലനിൽപ് മുഖേന എന്തൊക്കെ പ്രയോജനങ്ങളാണ് സമകാലിക സമൂഹത്തിന് ലഭിക്കുക എന്നും മുച്ചുന്തിപ്പള്ളി നമ്മോട് പറയുന്നുണ്ട്.
ഗ്രന്ഥങ്ങളുടെ ഇതളുകളില്‍ നിന്ന് ലഭിച്ച ചരിത്രവസ്തുതകള്‍ മാത്രം പ്രാമാണികമായി കാണുന്നവര്‍ക്ക് കോഴിക്കോട്ടെ ഈ പുരാതന പള്ളി ഒരു വെല്ലുവിളിയാണ്. മഖ്ദൂമുമാര്‍ക്ക് മുമ്പ് മലബാറില്‍ ഇസ്‌ലാമിക ചൈതന്യം ഉണ്ടായിരുന്നില്ലെന്നും മഖ്ദൂമുമാരാണ് മാപ്പിളമാര്‍ക്കിടയില്‍ വികല ചിന്തകളുടെ വിത്ത് വിതച്ചതെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ മുച്ചുന്തിപ്പള്ളിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അതിന്റെ ഭിത്തികളില്‍ ഉല്ലേഖനം ചെയ്യപ്പെട്ട വരികള്‍ മാത്രം മതി അത്തരം ആഖ്യാനങ്ങളെ നിഷ്പ്രഭമാക്കാന്‍. എഴുനൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ആ ശിലാലിഖിതം.
“മരണപ്പെട്ട മസ്ഊദിന്റെ ശിഹാബുദ്ദീന്‍ റൈഹാന്‍ എന്ന മോചിപ്പിക്കപ്പെട്ട അടിമ സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി ഉടമസ്ഥനില്‍ നിന്ന് സ്ഥലം വാങ്ങി അവിടെ പള്ളിയും കിണറും പണിത് ഇമാമിനെയും നിയമിച്ചു’. അറബി ഭാഷയിലുള്ള ഈ ചുമരെഴുത്ത് ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട ശിഹാബുദ്ദീന്‍ ഗസറൂനിയെ കുറിച്ചാണെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍. ശിഹാബുദ്ദീന്‍ ഗസറൂനി എന്ന പുണ്യവാളനും ഇവിടെ താമസിക്കുന്നു. ഇദ്ദേഹം ഇസ്ഹാഖ് ഗസറൂനിയുടെ പ്രതിനിധിയാണ്’. ഇബ്‌നുബത്തൂത്തയുടെ വിവരണം ഇപ്രകാരമാണ്.
ഡല്‍ഹി സുല്‍ത്വാനായിരുന്ന മുഹമ്മദ് ബ്ന്‍ തുഗ്ലകിന്റെ ഭരണകാലത്ത് ഇന്ത്യ സന്ദര്‍ശിച്ച സ്വൂഫിവര്യനാണ് സയ്യിദ് മുഹമ്മദ് ഇസ്ഹാഖ് ഗസറൂനി. സുഹ്‌റവര്‍ദി ത്വരീഖതിന്റെ പ്രചാരകനായിരുന്ന അദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ടായിരുന്നു. മഅ്റൂഫുല്‍ കര്‍ഖി(റ), ജുനൈദുല്‍ ബഗ് ദാദി(റ) തുടങ്ങിയ മഹാരഥന്മാരുടെ ശിഷ്യപരമ്പരയിലെ കണ്ണിയായിരുന്നു ശൈഖ്. തുഗ്ലകിന്റെ ഭരണകാലത്ത് തന്നെയാണ് ഇബ്‌നു ബത്തൂത്ത ഡല്‍ഹി സന്ദര്‍ശിക്കുന്നതും ഇസ്ഹാഖ് ഗസറൂനിയുടെ പ്രതിനിധിയായി ശിഹാബുദ്ദീന്‍ ഗസറൂനി കോഴിക്കോട്ടെത്തുന്നതും. മുഗള്‍ ഭരണാധികാരിയായ ഷാജഹാനാണ് പില്‍ക്കാലത്ത് ഇസ്ഹാഖ് ഗസറൂനിയുടെ അന്ത്യവിശ്രമകേന്ദ്രം നവീകരിച്ചത്. ഇങ്ങകലെ ശിഷ്യന് നിര്‍മാണപ്രവൃത്തികള്‍ക്ക് സൗകര്യമൊരുക്കിയത് കോഴിക്കോട്ടെ സാമൂതിരിമാരുടെ മുന്‍ഗാമികളും. മഖ്ദൂമുമാരുടെ ആഗമനത്തിനും ശതകങ്ങള്‍ക്ക് മുമ്പേയുള്ള കേരള ഉത്തരേന്ത്യന്‍ കൊടുക്കല്‍ വാങ്ങലുകളുടെ കഥകളാണ് മുച്ചുന്തിപ്പള്ളിയിലെ ഒരൊറ്റ ഇന്‍സ്‌ക്രിപ്ഷനിലൂടെ ലഭിക്കുന്നതെന്ന് ചുരുക്കം.
അറബിയും വട്ടെഴുത്തുമാണ് മുച്ചുന്തിപ്പള്ളിയിലെ മറ്റൊരു ലിഖിതത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മലയാളമെഴുത്ത് രൂപപ്പെട്ടുവരുന്നത് പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിലാണല്ലോ. എന്നാല്‍ പത്താം നൂറ്റാണ്ടിന് ശേഷമാണ് വട്ടെഴുത്ത് പ്രചാരത്തിലാകുന്നത്. അക്കാലത്താണ് ഈ മുദ്രണം സ്ഥാപിക്കപ്പെട്ടതെന്ന് വ്യക്തം. വിവിധ മത വിശ്വാസികള്‍ക്കിടയില്‍ പ്രാചീന കേരളത്തില്‍ നിലനിന്ന പരസ്പര്യത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണിത്. ക്രിസ്തുവര്‍ഷം ഒമ്പത്, പതിനൊന്ന്, പതിമൂന്ന് നൂറ്റാണ്ടുകളില്‍ കൊടുങ്ങല്ലൂര്‍ കൊല്ലം രാജാക്കന്മാര്‍ ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും നല്‍കിയ പട്ടയങ്ങള്‍ക്ക് സമാനമായി ഒരു മുസ്‌ലിം പള്ളിയില്‍ അവശേഷിക്കുന്ന ഏക വട്ടെഴുത്ത് വിളംബരമാണിത്.
കേരളത്തിലെ പുരാതന പള്ളികള്‍ മുസ്‌ലിംകള്‍ അതിക്രമിച്ച് അധീനപ്പെടുത്തിയതാണെന്ന തീവ്രഹിന്ദുത്വ വാദികളുടെ കുപ്രചരണങ്ങളെയും മുച്ചുന്തി പള്ളിയിലെ ചരിത്രശേഷിപ്പുകള്‍ റദ്ദ് ചെയ്യുന്നുണ്ട്. അവയുടെ ഘടന ക്ഷേത്ര മാതൃകയിലായതാണ് അങ്ങനെ പറയാന്‍ അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ അവ തങ്ങള്‍ ഔദ്യോഗികമായി കൈമാറിയതാണെന്ന് അക്കാലത്തെ ഭരണാധികാരികള്‍ തന്നെ സാക്ഷ്യപ്പെടുത്തിയതിന്റെ തെളിവുകള്‍ പരിക്കുകളൊന്നും പറ്റാതെ അവശേഷിക്കുമ്പോള്‍ വര്‍ഗീയ വാദികളുടെ കണ്ടെത്തലുകള്‍ അപ്രസക്തമാകാന്‍ ഇനിയെന്ത് വേണം?. ഇന്നലെകളുടെ നേര്‍സാക്ഷ്യങ്ങള്‍ യഥാവിധി സംരംക്ഷിപ്പെടുന്നതിലൂടെ എല്ലാവിധ ചരിത്ര വക്രീകരണങ്ങളും വ്യർഥമാകുമെന്ന് ചുരുക്കം ■

Share this article

About ഉമൈര്‍ ബുഖാരി ചെറുമുറ്റം

umairkdy@gmail.com

View all posts by ഉമൈര്‍ ബുഖാരി ചെറുമുറ്റം →

Leave a Reply

Your email address will not be published. Required fields are marked *