പോലീസ് അതിക്രമങ്ങള്‍ മറച്ചുപിടിക്കാന്‍ ഫ്രഞ്ചിലൊരു കരിനിയമം

Reading Time: 2 minutes

ഭരണകൂട ബ്യൂറോക്രാറ്റിക് മര്‍ദനങ്ങളില്‍ നിന്ന് ജനങ്ങളെ തടഞ്ഞുനിര്‍ത്തുന്നത് ലോകത്ത് ക്രമേണ വികസിച്ചുവന്ന മനുഷ്യാവകാശബോധങ്ങളും നിയമങ്ങളുമാണ്. നവസാങ്കേതിക വിദ്യകളും സോഷ്യല്‍ മീഡിയ ഉൾപ്പെടെ, ജാഗ്രതയോടെയിരിക്കുന്ന പൊതുജനങ്ങളും ഭരണകൂടങ്ങളുടെയും നീതിസ്ഥാപനങ്ങളുടെയും ലൈവ് ഓഡിറ്റിങ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ദുരുപയോഗങ്ങളുണ്ടെങ്കിലും ജനതയുടെ അവകാശവും സ്വാതന്ത്ര്യവും പരിഗണിക്കുമ്പോള്‍ ഈ ജാഗ്രത ഏറെ പ്രയോജനം ഉണ്ടാക്കുന്നു.
എന്നാല്‍ പുരോഗതി പ്രാപിച്ച സമൂഹത്തെ നിരാശപ്പെടുത്തുന്ന ഒരു വാര്‍ത്ത കഴിഞ്ഞ മാസം ഫ്രാന്‍സില്‍നിന്നാണ് വന്നത്. അവിടെ കൃത്യനിര്‍വഹണത്തിലേര്‍പ്പെടുന്നവരോ അല്ലാത്തവരോ ആയ പോലീസുകാരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും ഫോട്ടോ എടുക്കുകയോ പ്രചരിപ്പിക്കുകയോ ചയ്യരുതെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമമാണ് അംഗീകരിക്കപ്പെട്ടത്. പോലീസ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാര്യ, മക്കള്‍ എന്നിവരുടെ ഫോട്ടോയും എടുക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. തിരിച്ചറിയാവുന്നവിധം മുഖമോ നെയിംബാഡ്‌ജോ പോലും പ്രദര്‍ശിപ്പിക്കരുതെന്നാണ് നിയമം. രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍നിന്നും മാധ്യമങ്ങളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും കനത്ത പ്രതിഷേധം വരുത്തിവെച്ച നിയമപരിഷ്‌കാരവുമായി മുന്നോട്ടുപോകാനാണ് ഗവണ്‍മെന്റ് തീരുമാനം. പോലീസുകാര്‍ക്ക് ജനങ്ങള്‍ക്കുമേല്‍ ഒരുഭയവുംകൂടാതെ മര്‍ദനം നടത്താനും വ്യാജങ്ങള്‍ ചമക്കാനും അവസരമൊരുക്കുന്നതാണ് നിയമമെന്നും പോലീസ് സേനയെ പ്രാകൃതകാലത്തെ ദുഷ്‌ചെയ്തികളിലേക്ക് തിരികെ കൊണ്ടുപോകാന്‍ സഹായിക്കുന്നതാണ് ഇതെന്നുമാണ് വിമര്‍ശം. അതേസമയം, പോലീസ് ഓഫീസര്‍മാരുടെ സംഘടന നിയമത്തെ സ്വാഗതം ചെയ്തിരിക്കുന്നു.
കുറ്റകൃത്യങ്ങള്‍ക്കു വേണ്ടിയുള്ള ഓണ്‍ലൈന്‍ കോള്‍, വ്യാജ/ഭീഷണി സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികളില്‍നിന്ന് പോലീസുകാരെ സംരക്ഷിക്കാനും അവരുടെ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിപ്പിക്കാനുമാണ് നിയമമെന്നാണ് അഭ്യന്തരമന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഈ നിയന്ത്രണം മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അഭിപ്രായപ്പെട്ടു. പോലീസുകാരെ അവരുടെ ഉത്തരവാദിത്വങ്ങളില്‍നിന്ന് രക്ഷപ്പെടാനും ഈ നിയമം വഴിയൊരുക്കുമെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമബില്ലിനെതിരെയും പോലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെയും ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ വിയോജിപ്പ് പൊതുവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ദേശവ്യാപകമായി റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ സര്‍ക്കാര്‍ യഥാര്‍ഥ കരടിലെ നിയമം പൂര്‍ണമായും തിരുത്തിയെഴുതുമെന്നും പ്രഖ്യാപിച്ചു. പിന്നീട് ആദ്യ കരടിലെ നിര്‍ദേശങ്ങളേക്കാള്‍ കടുപ്പിച്ച വ്യവസ്ഥകളുള്ള നിയമം അവതരിപ്പിക്കുകയായിരുന്നു. കുറ്റം ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 75000 യൂറോ (ഏകദേശം 67.7 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ. ആദ്യ കരടില്‍ ഒരു വര്‍ഷം തടവും 45000 യൂറോ പിഴയുമായിരുന്നു ശിക്ഷ നിര്‍ദേശിച്ചിരുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയില്‍ ആരും അവരുടെ വ്യക്തിത്വത്തിനു പരുക്കേല്‍പ്പിക്കാതിരിക്കാനാണ് നിയമം ലക്ഷ്യം വെക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എന്നാല്‍ നിയമം കനത്ത മനുഷ്യാവകാശവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി റിപോര്‍ട്ട് വിത്തൗണ്ട് ബോര്‍ഡേഴ്‌സ്, ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഫ്രാന്‍സ് തുടങ്ങിയ സന്നദ്ധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് പൊതുജനങ്ങളില്‍നിന്നും പ്രക്ഷോഭം രൂപംപൂണ്ടത്. പുതിയ നിയമം വന്നതോടെ രാജ്യവ്യാപകമായി ഡ്രോണുകള്‍ മുഖേനയുള്‍പ്പെടെ ജനങ്ങള്‍ നിരീക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ജനങ്ങളെ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിന് പുതിയ നിയമം നിര്‍ദേശിക്കുന്നുണ്ട്. സ്വകാര്യതക്കുമേല്‍ കനത്ത ഭീഷണിയുയര്‍ത്തുന്നതാണ് ഈ നിയമമെന്നാണ് മനുഷ്യവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. അതോടൊപ്പം പ്രതിഷേധിക്കാനുള്ള അവകാശത്തെയും നിയമംമൂലം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. തങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ അത് സര്‍ക്കാര്‍ പകര്‍ത്തുന്നത് അധികപേരും ഇഷ്ടപ്പെടുന്നില്ല. കാരണം അതിനു ദൂരവ്യാപകമായ പല പ്രതിഫലനങ്ങളുമുണ്ടാകും. ഏതു യുക്തിയില്‍ പരിശോധിച്ചാലും ഫ്രഞ്ച് ഗവണ്‍മെന്റ് കൊണ്ടുവന്ന പോലീസ് സുരക്ഷാ നിയമം മനുഷ്യാവകാശങ്ങള്‍ക്ക് എതിരാണെന്നാണ് വിമര്‍ശം. തൊഴിലിന്റെ ഭാഗമായി തങ്ങള്‍ക്ക് പലതും ചിത്രീകരിക്കുന്നതിനിടയില്‍ പോലീസിനെയും പകര്‍ത്തേണ്ടി വരുമെന്നും, പോലീസിനെ ഒഴിവാക്കി ചിത്രീകരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും മാധ്യമ പ്രവര്‍ത്തകരും പറയുന്നു. വഴുതിവീഴുന്ന ഒരു ആയുധം കൊണ്ട് ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് ഗവണ്‍മെന്റ് നടത്തുന്നതെന്ന് റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് ആഡിസ് മാവല്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി ചെയ്യുന്നതിന് സഹായകമായ രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തണം. ലൈവ് ചെയ്യുന്ന ടെലിവിഷന്‍ ചാനലുകള്‍ക്കെല്ലാം പുതിയ നിയമം വലിയ പ്രതിസന്ധിയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായും സുരക്ഷിതമായും ജോലി ചെയ്യാനുള്ള സൗകര്യം വേണമെന്ന് യൂറോപ്യന്‍ യൂനിയനും ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ യൂനിയന്റെ നയങ്ങള്‍ക്കു വിരുദ്ധമായാണോ പുതിയ നിയമമെന്ന് പരിശോധിക്കുമെന്നും യൂനിയന്‍ വ്യക്തമാക്കി. അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതാണ് പുതിയ നിമയമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനര്‍ ഓഫീസും ഫ്രാന്‍സിന്റെ തന്നെ സ്വന്തം ഹ്യൂമന്‍ റൈറ്റ്‌സ് ഒംബുഡ്‌സ്മാനും അഭിപ്രായപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ നാഷനല്‍ അസംബ്ലി ഭൂരിപക്ഷാഭിപ്രായപ്രകാരം പാസാക്കിയ വിചിത്ര നിയമവുമായി മുന്നോട്ടുപോകാനാണ് ഫ്രഞ്ച് ഗവണ്‍മെന്റിന്റെ തീരുമാനം ■

Share this article

About അലി അക്ബര്‍

taaliakbar@gmail.com

View all posts by അലി അക്ബര്‍ →

Leave a Reply

Your email address will not be published. Required fields are marked *