ഫാക്ടറികളുണ്ട്; ഓക്‌സിജന്റേതല്ല ഇസ്‌ലാമോഫോബിയയുടേത്‌

Reading Time: 4 minutes

ഡൽഹി ഹസ്രത്ത് നിസാമുദ്ദീനിലെ തബ്്ലീഗ് മർകസ് പള്ളിയിൽ പരമാവധി 50പേർക്ക് നിസ്കാരത്തിന് ഹൈക്കോടതി അനുമതി നൽകിയപ്പോൾ അതൊരു ദേശീയ വാർത്താശകലമായിരുന്നു. കഴിഞ്ഞ വർഷം ഇതേ സീസണിൽ കോവിഡ് വ്യാപനത്തിനിടയിൽ അടച്ചുപൂട്ടിയ പള്ളിയിൽ അഞ്ചിൽ കൂടുതൽ ആളുകളെ നിസ്കരിക്കാൻ അനുവദിച്ചൂകൂടാ എന്ന കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും ദുശ്ശാഠ്യം തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. കോവിഡുമായി ഒത്തുപോകാൻ തീരുമാനിച്ച സർക്കാർ നിലപാടിൽ ആരാധനാലയങ്ങൾ അടച്ചിടണമെന്ന് എവിടെയും പറയുന്നില്ല. എന്നാൽ, നിസാമുദ്ദീൻ മർകസിൽ മാത്രം പ്രാർഥന പാടില്ല എന്ന അധികൃതരുടെ നിലപാടിൽ വ്യക്തതയില്ല എന്ന് നീതിപീഠം എടുത്തുകാട്ടുമ്പോഴും, കഴിഞ്ഞവർഷം മർകസിനെതിരെ നടന്ന വ്യാപകവും ആസൂത്രിതവുമായ കുപ്രചാരണങ്ങളിൽ കടിച്ചുതൂങ്ങുകയാണ് ഹിന്ദുത്വ ഭരണകൂടവും ഡൽഹി ദുരന്തനിവാരണ അതോറിറ്റിയും. കോവിഡിന്റെ വ്യാപനമല്ല ഇവർക്ക് പ്രശ്നം. തബ്്ലീഗുകാർ മർകസിൽ സംഗമിച്ചില്ലായിരുന്നുവെങ്കിൽ രാജ്യത്ത് കൊറോണ മഹാവ്യാധിയേ ഉണ്ടാകുമായിരുന്നില്ല എന്ന തരത്തിലുള്ള വാദങ്ങളാണ് ചാനൽ ചർച്ചകളിൽ കേട്ടത്.
രംഗവേദി
ഹരിദ്വാറിലേക്ക് മാറുമ്പോൾ
മർകസിൽ കെട്ടഴിഞ്ഞുവീണ സംഭവവികാസങ്ങൾക്ക് ഒരു വർഷം തികയുമ്പോഴാണ് കോവിഡിന്റെ രണ്ടാംവരവും അതിശീഘ്രമായ വ്യാപനവും ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച മഹാമാരിയുടെ വിളയാട്ടം ഒരിക്കൽക്കൂടി നമ്മുടെ പ്രതികരണശേഷിയും സഹനമനോഭാവവും ചിന്താപരമായ സങ്കുചിതത്വവും തുറന്നുകാട്ടുന്നതായി. 2021 ഏപ്രിൽ പിറന്നതോടെ രോഗവ്യാപനത്തിന്റെ അതിരൂക്ഷതയിലേക്ക് സൂചന നൽകുന്ന കണക്കുകൾ പുറത്തുവന്നിരുന്നു. പക്ഷേ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ ശ്രദ്ധ ഊന്നിയപ്പോൾ കോവിഡിന്റെ മേൽപ്പോട്ട് കുതിച്ച ഗ്രാഫ് ആരും ശ്രദ്ധിച്ചില്ല. ആ കുതിപ്പ് എവിടെ എത്തിയെന്ന് പരിശോധിക്കുമ്പോൾ ഏപ്രിൽ 19ന് രാജ്യത്ത് 24 മണിക്കൂറിനകം 2.74 ലക്ഷമായി. പ്രതിദിന മരണം 1620. മൊത്തം ആക്ടീവ് കേസുകൾ: 19.23ലക്ഷം. ഇതുവരെയുള്ള മൊത്തം കോവിഡ് കേസുകൾ: 1.5കോടി. മൊത്തം മരണം: 1.78ലക്ഷം. ഇതേ പോക്കുപോയാൽ ഈ കുറിപ്പ് അച്ചടിച്ചുവരുമ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം 5 ലക്ഷം കവിഞ്ഞേക്കാം. പ്രതിദിന മരണ സംഖ്യ അയ്യായിരവും. രണ്ടുകോടി ജനം രോഗബാധിതരാവുന്ന അവസ്ഥ. മൊത്തം മരണം 2 ലക്ഷമാവാൻ വൈകില്ല. വസ്തുനിഷ്ഠമായ കണക്ക് എത്രയോ കൂടുതലായിരിക്കുമെന്നും കോവിഡ് ആളിപ്പടർന്ന മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾക്ക് സത്യവുമായി പുലബന്ധമില്ലെന്നും മാധ്യമങ്ങൾ തന്നെ ഓരോ പ്രദേശവും സന്ദർശിച്ച് വിളിച്ചുപറയുന്നു. ശവങ്ങൾ കുന്നുകൂടുമ്പോൾ സംസ്കരിക്കാനാവാതെ കൂട്ടമായി കത്തിക്കുന്ന ഭീകരകാഴ്ചയും മൃതദേഹവുമായി ബന്ധുക്കൾ ടോക്കൺ എടുത്തു കാത്തുകിടക്കുന്ന ദുരന്തവും മുഖ്യധാര മീഡിയ തമസ്കരിച്ചു. അതിനിടയിലാണ് ഉത്തരഖണ്ഡിലെ ഹരിദ്വാറിൽ 12വർഷം കൂടുമ്പോൾ നടക്കുന്ന കുംഭമേള വന്നണഞ്ഞത്. പാപങ്ങൾ കഴുകിക്കളയുന്ന ‘ഷാഹീ സ്നാന’ത്തിനായി 30ലക്ഷം പേർ ഒഴുകിയെത്തിയപ്പോൾ രാജ്യം കൊറോണ എന്ന മഹാമാരിയെ മറന്നു എന്നു മാത്രമല്ല, ഗംഗയുടെ തീരം ഹോട്ട്സ്പോട്ടായി മാറുകയാണെന്ന താക്കീതുകൾ ഏപ്രിൽ 18വരെ ആരും ചെവിക്കൊണ്ടില്ല. ഹരിദ്വാർ സ്ഥിതി ചെയ്യുന്ന ഉത്തരഖണ്ഡിൽ ഏപ്രിൽ 4ന് മൊത്തം കോവിഡ് കേസ് 837 ആയിരുന്നു. ഏപ്രിൽ 12, 14, 17 തീയതികളിൽ ‘ഷാഹീ സ്നാൻ’ കഴിഞ്ഞതോടെ രോഗികളുടെ എണ്ണം 13,546 ആയി ഉയർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റു വി വി ഐ പികളും ഗംഗയിൽ മുങ്ങിക്കുളിച്ച് ‘പാപമോചനം’ തേടുന്ന ചിത്രങ്ങൾ കണ്ട് ലോകം അമ്പരന്നു. നഗ്ന, അർധനഗ്ന സന്ന്യാസിമാർ ഗംഗാ തീരത്ത് കെട്ടിപ്പൊക്കിയ ആയിരക്കണക്കിന് തമ്പുകളിൽ ആഴ്ചകളോളം കഴിച്ചുകൂട്ടി, “പുണ്യസ്നാന’ത്തിനായി പ്രവഹിക്കുന്നതും ലോകം അദ്ഭുതത്തോടെ കണ്ടു. അവർക്ക് പൊലീസ് ഒരുക്കിയ രക്ഷാകവചം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. കുംഭമേള കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും നടക്കുക എന്ന് പരസ്യം ചെയ്തു ലോകത്തെ മാടിവിളിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിറാത്ത് സിങ് റാവത്തിന് ഒന്നും പറയാനുണ്ടായിരുന്നില്ല. ശരീരത്തിൽ ഒരു കഷണം ശീലയില്ലാതെ പതിനായിരങ്ങൾ ഗംഗയിൽ മുങ്ങിക്കുളിക്കാൻ മത്സരിക്കുമ്പോൾ എന്തു മാസ്ക്, എന്ത് സാമൂഹിക അകലം! ഹരിദ്വാറിലെ മുഖ്യ പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചിട്ടും ആരും കുലുങ്ങിയില്ല. മലയാളികളടക്കമുള്ള മാധ്യമ പ്രവർത്തകർ വാരാണസിയും അഹമ്മദാബാദും മഹാരാഷ്ട്രയും സന്ദർശിച്ച് അവിടങ്ങളിൽ മരിച്ചുവീഴുന്ന കോവിഡ് രോഗികളുടെ ബാഹുല്യത്തിന്റെ ഭീകര ചിത്രം ലൈവായി വാർത്തയെത്തിച്ചിട്ടും ഒരൊറ്റ ബി ജെ പിക്കാരനും കുലുങ്ങിയില്ല. മുഖ്യധാരാമാധ്യമങ്ങൾക്ക് ഈ വിഷയത്തിൽ അന്തിച്ചർച്ച വേണമെന്ന് തോന്നിയില്ല. ഡൽഹി മർകസിൽ കഴിഞ്ഞ വർഷം ‘കോവിഡ് ജിഹാദി’നെ കുറിച്ച് ഗീർവാണം മുഴക്കിയവർ ഇന്ന് ഹരിദ്വാറിലെ ഭീകരാവസ്ഥ കാണുന്നില്ലേ എന്ന് ചോദ്യവുമായി പ്രജ്ഞാമിശ്ര എന്ന ചാനൽ പ്രവർത്തക രംഗത്തുവന്നതും (അവർ ദാരുണമായി കൊല്ലപ്പെട്ടു എന്ന വ്യാജ വാർത്ത പിറ്റേന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പരക്കുകയുണ്ടായി) മലയാളി സിനിമ നടി പാർവതി തിരുവോത്ത് മർകസിന്റെ പേരിൽ കണ്ണീർ വാർത്തവർ എന്തേ കുംഭമേളയിലെ കോവിഡ് വ്യാപനത്തെക്കുറിച്ച് മൗനം ദീക്ഷിക്കുന്നതെന്നു ചോദിച്ചതും ചിലരെങ്കിലും റിപ്പോർട്ട് ചെയ്തു. അപ്പോഴും അമിത് ഷാ പറയുന്നത് കേട്ടില്ലേ, കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ റമളാൻ വ്രതം ശരിയാവില്ലെന്ന്. അതുകൊണ്ടാണത്രെ, 28 ലക്ഷം ജനങ്ങൾ ഗംഗാ തീരത്ത് സംഗമിക്കുകയും വേണ്ടത്ര കോവിഡ് രോഗികളെ സൃഷ്ടിക്കുകയും ചെയ്ത ശേഷം മേളയിൽ ഇനി പ്രതീകാത്മക കർമങ്ങൾ പൂർത്തിയാക്കിയാൽ മതിയെന്ന് നിർദേശിച്ചത്.

പ്രാണവായു നൽകാൻ
പരക്കം പായുന്ന സർക്കാർ
എന്തുകൊണ്ട് കോവിഡ് ഇമ്മട്ടിൽ രാജ്യത്തെ ശ്വാസം മുട്ടിച്ചു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ: കേന്ദ്രസർക്കാരിന്റെ ഗുരുതരമായ കെടുകാര്യസ്ഥതയും ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിന്റെ പേരിലുള്ള പ്രീണന സമീപനവും ദീർഘദൃഷ്ടിയുടെ അഭാവവും. കോവിഡ് വ്യാപനം കൂട്ടാൻ സാധ്യതയുള്ള എല്ലാ ആൾക്കൂട്ടങ്ങൾക്കും വിലക്കേർപ്പെടുത്തുന്നതിനു പകരം ബംഗാൾ പിടിച്ചെടുക്കാനുള്ള ത്വരയിൽ ആയിരങ്ങൾ പങ്കെടുത്ത എത്രയോ റാലികളിൽ നരേന്ദ്രമോദിയും അമിത് ഷായും അമിതാവേശത്തോടെ ഭാഗവാക്കായി. കുംഭമേളയിലേക്ക് ലക്ഷങ്ങളെ സ്വാഗതം ചെയ്ത ഉത്തരഖണ്ഡ് ബി ജെ പി സർക്കാർ പ്രോട്ടോകോൾ പാലിക്കുന്ന കാര്യത്തിൽ അണുമണിത്തൂക്കം ആത്മാർഥത കാട്ടിയില്ല. ആയിരങ്ങളെ രോഗം പിടികൂടിയപ്പോൾ, മേള കഴിഞ്ഞ് തിരിച്ചുവരുന്നവരെ ടെസ്റ്റ് നടത്തിയേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഗുജറാത്ത് സർക്കാർ പോലും നിബന്ധന വെച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡൽഹിയിലും ആയിരങ്ങൾ മരിച്ചുവീഴുകയും പതിനായിരങ്ങൾ രോഗികളായി തെരുവോരങ്ങളിൽ കഴിയേണ്ട അവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തപ്പോഴും ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാൾ പിടിച്ചെടുക്കാനുള്ള അത്യാർത്തിയിലായിരുന്നു. ഏപ്രിൽ 19ന് പർഗാന ജില്ലയിൽ ഷാ നടത്തിയ റാലി കാണാൻ തടിച്ചുകൂടിയത് പതിനായിരങ്ങൾ. ഇതിൽ എത്രപേർ കൊറോണ വൈറസിനെ വാരിപ്പുണർന്നുവെന്ന് വരുംദിവസങ്ങളിൽ അറിയാം. ബംഗാൾ പര്യടനം റദ്ദാക്കി അൽപമെങ്കിലും പക്വത കാണിച്ചത് രാഹുൽ ഗാന്ധിയാണ്. ജീവന്റെ വിലയുള്ള ജാഗ്രത സാഹചര്യം നമ്മോട് ആവശ്യപ്പെടുമ്പോൾ, കോവിഡ് മാനദണ്ഡങ്ങൾ വിട്ടുവീഴ് ചയില്ലാതെ പാലിക്കാൻ മനുഷ്യസ്നേഹികൾ ഓർമപ്പെടുത്തുമ്പോൾ ആചാരസംരക്ഷണത്തിന്റെ പേര് പറഞ്ഞ്, ദുശ്ശാഠ്യവുമായി നീങ്ങുന്ന കാഴ്ച ആരെയാണ് ഞെട്ടിക്കാത്തത്? തൃശൂർ പൂരം ചടങ്ങായി മാത്രം നടത്തണമെന്നും പൂരാഘോഷങ്ങൾ ഇക്കുറി ഒഴിവാക്കണമെന്നുമുള്ള അഭ്യർഥന മാനിക്കാൻ സംഘാടകർ ആദ്യം കാണിച്ച വൈമനസ്യം നമ്മുടെ പൊതുബോധത്തിന്റെ പ്രതിലോമപരതയാണ് തുറന്നുകാട്ടിയത്. കേരളത്തിൽ ഇതാദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,257ആയി ഉയർന്ന സാഹചര്യത്തിലാണീ അഭ്യർഥനയെന്ന യാഥാർഥ്യം മറക്കുകയാണ് മതാചാരങ്ങളുടെ പേരിൽ ‘ബിസ് നസ് ’ ലക്ഷ്യമിടുന്നവർ. പൂരം ദൈവശാസ്ത്രപരമായ തന്ത്രവിധികളുടെ ഭാഗമല്ലെന്നും ശക്തൻ തമ്പുരാൻ നാന്ദികുറിച്ച ഒരാഘോഷം മാത്രമാണതെന്നും മനസിലാക്കിയിട്ടും അതിനെ ഹിന്ദുമതത്തോട് കൂട്ടിക്കെട്ടി ചടങ്ങുകൾ മുടങ്ങുന്നത് വലിയ പാപമായി ചിത്രീകരിക്കുന്നത് കേരളം പോലുള്ള പ്രബുദ്ധസമൂഹത്തിന് കരണീയമല്ലെന്ന് ഓർമിപ്പിക്കേണ്ടിവന്നു.
കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ മോദി സർക്കാർ നേരിട്ട രണ്ടു പ്രതിസന്ധി പ്രത്യേകം ശ്രദ്ധേയമാണ്. ഒന്ന് മെഡിക്കൽ ഓക്സിജന്റെ ക്ഷാമം. രണ്ട്, കോവിഡ് വാക്സിനു വേണ്ടിയുള്ള പരക്കം പാച്ചിൽ. ഉത്തരേന്ത്യയിലെ പല പ്രമുഖ ആശുപത്രികളും രോഗികളെ മടക്കിയയച്ചത് ഓക്സിജൻ സിലിണ്ടറിന്റെ കടുത്ത ക്ഷാമം മൂലമാണ്. പ്രാണവായു ലഭിക്കാതെ കൺമുമ്പിൽ വെച്ച് ഉറ്റവരും ഉടയവരും മരിക്കേണ്ടിവരുന്ന കാഴ്ചക്ക് സാക്ഷിയായ എത്രയോ പേർ അവരുടെ ദുരനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. ഓക്സിജൻ പ്രതിസന്ധി രൂക്ഷമായപ്പോൾ പ്രധാനമന്ത്രിക്ക് വിദഗ്ധരുടെ യോഗം വിളിച്ചുകൂട്ടേണ്ടിവന്നു. 138കോടി ജനങ്ങൾ ജീവിക്കുന്ന ഒരു മഹത്തായ ജനാധിപത്യ ശക്തിയുടെ ‘കരുത്തുറ്റ’ പ്രധാനമന്ത്രി മഹാരോഗത്തിന്റെ പോർമുഖത്ത് അടിയന്തര യോഗം വിളിച്ചിരിക്കുന്നത് പ്രാണവായു വേണ്ടവിധം വിതരണം ചെയ്യാൻ എന്താണ് പോംവഴി എന്നാരായാനാണെന്ന് അറിയുമ്പോഴാണ് നാം ആരുടെ മുന്നിലാണ് തോൽക്കുന്നതെന്ന ചോദ്യം ഉയരുന്നത്. കൂടുതൽ ഗ്യാസ് സിലിണ്ടറുകൾ ആവശ്യമായി വന്നപ്പോൾ സ്റ്റീൽ വ്യവസായ മേഖലയിൽനിന്നുള്ളവരെ കൂടി പങ്കെടുപ്പിക്കേണ്ടിവന്നു. എല്ലാറ്റിനുമൊടുവിൽ എടുത്ത തീരുമാനം ‘ആമസോൺ’ വഴിയോ മറ്റോ ആവശ്യത്തിന് സിലിണ്ടറുകൾ സംഘടിപ്പിക്കാമെന്നാണ്. കൊടിയ അനാസ്ഥയുടെയും ദീർഘദൃഷ്ടിയില്ലായ്മയുടെയും കഥ കൂടി ഇതോടൊപ്പം ചേർത്തുവായിക്കാനുണ്ട്. 21 ദിവസം കൊണ്ട് കൊറോണവൈറസിനെ തോൽപിക്കാമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ് നമ്മുടേത്. എന്നാൽ, ഇന്ന് ശ്വാസം കിട്ടാതെ മരിക്കുന്നവർക്ക് പ്രാണവായു നൽകാനുള്ള സംവിധാനം പോലും ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. 162 ഓക്സിജൻ പ്ലാന്റുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജില്ലാ ആശുപത്രികളോട് ചേർന്ന് സ്ഥാപിക്കാൻ തിരുമാനിച്ചിട്ട് ഒരു വർഷമായി. ഇതിനകം സ്ഥാപിച്ചത് 11എണ്ണം മാത്രം. ബാക്കി എവിടെ വരെ എത്തി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. സാമ്പത്തിക ഞെരുക്കമാണത്രെ 200കോടിയുടെ പദ്ധതി വൈകാൻ കാരണം. 3000കോടി രൂപ ചെലവിട്ട് പട്ടേൽ പ്രതിമ പണിത മോദിക്കാണ് 200കോടി രൂപ സ്വരൂപിക്കാൻ പ്രയാസം. പി എം കെയറിൽനിന്ന് നൽകിയ ഫണ്ടാണത്രെ ഇപ്പോൾ ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഓക്സിജൻ സിലിണ്ടറുകൾ ആവശ്യത്തിന് സ്റ്റോക്കില്ലാത്തതുകൊണ്ട് എണ്ണമറ്റ കുഞ്ഞുങ്ങൾ മരിച്ചത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടായ ഗൊരഖ്പൂരിലാണ്. ഒടുവിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം കീശയിൽനിന്ന് പണമെടുത്ത് സിലിണ്ടറുകൾ വാങ്ങിയ കുറ്റത്തിന് ഡോ. കഫീൽ ഖാൻ എന്ന മനുഷ്യസ്നേഹിയെ തുറുങ്കിലടച്ചത് ലോകം മറന്നിട്ടില്ല.
കോവിഡ് വാക്സിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടി എന്ന അവകാശപ്പെട്ട മോദി സർക്കാർ ഇന്ന് ലോകത്തിനു മുന്നിൽ കൈ നീട്ടുകയാണ്. വിവിധ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്ത് ‘ലോകത്തിന്റെ ഫാർമസി’ പട്ടം നെറ്റിയിൽ ചാർത്തിയ ഇന്ത്യ വാക്സിൻ ക്ഷാമം കൊണ്ട് ലക്ഷങ്ങളെ മരണവക്രത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കയാണ്. വാക്സിന്റെ വിഷയത്തിൽ ലോകത്തിലെ സൂപ്പർ പവർ എന്ന് ബ്രസീൽ പ്രധാനമന്ത്രി ബൊൽസനാറോ വിശേഷിപ്പിച്ച മോഡിയുടെ ഇന്ത്യക്ക് ഇന്ന് റഷ്യയുടെയും നാളെ ചൈനയുടെയും മുന്നിൽ കൈനീട്ടേണ്ടിവരുമെന്ന് തന്നെയാണ് രോഗത്തിന്റെ അതിവേഗത്തിലുള്ള വ്യാപനം മുന്നറിയിപ്പ് നൽകുന്നത്. വാക്സിൻ വിഷയത്തിൽ ബുദ്ധിപൂർവമുള്ള ചുവടുവെപ്പല്ല നാം നടത്തിയത്. പല അന്താരാഷ്ട്ര കമ്പനികളെയും പടിക്കു പുറത്തുനിറുത്തി. ഭാരത് ബയോടെക് ലിമിറ്റഡിന്റെ കൊവാക്സിനെ കുറിച്ച് അധികൃതർ അമിതപ്രതീക്ഷ വെച്ചുപുലർത്തി. മൂന്നാം ഘട്ട പരീക്ഷാ ഫലം വരുന്നതിന് മുമ്പ് തന്നെ നാം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്തു ‘ഹൈപ്പർ നാഷനലിസവും’ ധാർഷ്ട്യവും തുറന്നുകാട്ടി. മറ്റിടങ്ങളിൽ അംഗീകാരം നേടിയെടുത്ത ഫിസർ ഇൻകോ, ജോൺസൺ ആന്റ് ജോൺസൺ തുടങ്ങിയവ പെട്ടെന്ന് കടത്തിവിട്ടില്ല. സ്വകാര്യ വാക്സിൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചുരുങ്ങിയ വിലക്ക് വാക്സിൻ വാഗ്ദാനം ചെയ്തിട്ടും സ്വകാര്യ മാർകറ്റിൽനിന്ന് ആട്ടിയോടിച്ചു. മോദിസർക്കാരിന്റെ ഹുങ്ക് ബൂമറാങ്ങായി തിരിച്ചടിച്ചപ്പോഴാണ് സർവത്ര വാക്സിൻ ക്ഷാമം നേരിട്ടത്. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കുപോലും കോവിഡ് മഹാമാരിയിൽനിന്ന് രക്ഷപ്പെടാനാവുന്നില്ല എന്ന പരമാർഥത്തിന് മുന്നിൽ ഉത്തരമില്ലാതെ വിദഗ്ധർ കുഴങ്ങുന്നു.
ശത്രുരാജ്യങ്ങളോട് പടപൊരുതേണ്ട സമയത്ത് മിസൈൽ കാണാതായ ഭരണാധികാരിയുടെ വിഭ്രാന്താവസ്ഥയിലാണ് നരേന്ദ്രമോദി ഇന്ന്. കോവിഡിനെ ഫലപ്രദമായി നേരിട്ടു എന്ന വ്യാജപ്രചാരണത്തിലൂടെ ജനമനസുകൾ കീഴടക്കി, രണ്ടാമൂഴത്തിലെ രണ്ടാം വർഷം പൂർത്തിയാക്കുമ്പോഴാണ് മോദി അത്യപൂർവമായ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത് ■

Share this article

About കാസിം ഇരിക്കൂര്‍

kasimirikkur@gmail.com

View all posts by കാസിം ഇരിക്കൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *