ഡാവിഞ്ചിയും മാര്‍ഗംകളിയും

Reading Time: 3 minutes

“വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്ന് പ്രചോദനം ഉൾക്കൊള്ളുക. അതിന്റെ ഹൃദയഹാരിതയില്‍ സ്വയം മറന്ന് കലാസൃഷ്ടികള്‍ രൂപപ്പെടുത്തുക. സിനഡ് പിതാക്കന്മാരുടെയും തിരുസഭയുടെയും ആദരവും പ്രശംസയും അത്തരക്കാരുടെ മേല്‍ നിത്യമായിരിക്കുന്നു. കലാകാരന്മാര്‍ക്ക് വിശുദ്ധ ലിഖിതങ്ങളില്‍ അടിസ്ഥാനപരമായ അറിവ് ലഭ്യമാക്കുന്നതിന് അശ്രാന്തമായി പ്രയത്‌നിക്കുന്നവരെ സഭയുടെ സജീവമായ പാരമ്പര്യത്തിന്റെയും പ്രബോധനാധികാരത്തിന്റെയും വെളിച്ചത്തില്‍ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു.’ – പോപ് ബെനിഡിക്റ്റ്
ക്രൈസ്തവ വിശ്വാസം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയ സമീപകാലത്തു തന്നെ ക്രിസ്ത്യന്‍ കലകള്‍ വിശ്വാസികളുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് എന്ന് കരുതപ്പെടുന്നു. പുരാതന ക്രിസ്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായി കണ്ടെടുക്കപ്പെട്ട സാര്‍കോഫാഗി ഫലകങ്ങള്‍ ഈ വാദത്തെ ബലപ്പെടുത്തുന്നതാണ്. പുരാഗവേഷകരുടെ നിഗമനത്തില്‍ സാര്‍കോഫാഗി ഫലകങ്ങള്‍ ഏകദേശം രണ്ടാം നൂറ്റാണ്ടിന്റെ ആരംഭം വരെ പഴക്കം ചെന്നതാണത്രെ. മനുഷ്യരെ അടക്കം ചെയ്ത ശവക്കുഴികളില്‍ നിന്നും ചരിത്ര സൈറ്റുകളില്‍ നിന്നും കണ്ടെടുക്കപ്പെട്ടവയാണവ.
ക്രൈസ്തവ വിശ്വാസം വ്യാപകമായ പില്‍കാലത്ത് ഇതര മതങ്ങളെപ്പോലെ പരിഷ്‌കരണാടിസ്ഥാനത്തില്‍ ക്രൈസ്തവ മതത്തിലും അഴിച്ചു പണികളും വിഭജനങ്ങളുമുണ്ടായി. പലപ്പോഴായി, ചരിത്രത്തിലെ പല ഘട്ടങ്ങളില്‍.
ഇസ്‌ലാമിനകത്ത് അഹ്‌ലുസ്സുന്ന, ശിയാ തുടങ്ങി വ്യത്യസ്ത വിശ്വാസ ധാരകള്‍ രൂപപ്പെട്ടതു പോലെ ക്രൈസ്തവ മതത്തിലും സമാന രീതിയിലുള്ള ആശയപരമായ വിഭാഗീയതയുണ്ടായിട്ടുണ്ട്.
പ്രത്യക്ഷത്തിലും അടിസ്ഥാനപരമായും ഏകോപനമുണ്ടെങ്കിലും ആശയവാദം പരസ്പര വിരുദ്ധമാണ്.
പ്രൊട്ടസ്റ്റന്റ്, കത്തോലിക്ക, ഓര്‍ത്തഡോക്‌സ് എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്ന് വിശ്വാസ ധാരകളാണ് ക്രൈസ്തവതയെ നയിക്കുന്നത്.
റോമന്‍ കത്തോലിക്ക സഭക്കാണ് മേല്‍കോയ്മ. ക്രൈസ്തവ സമൂഹത്തിന്റെ സാംസ്‌കാരിക വികാസത്തിന് ഒരു പരിധി വരെ വേദിയൊരുക്കിയത് കത്തോലിക്കന്‍ മിഷനറിമാരാണ്. കേരളത്തില്‍ പോലും നവോത്ഥാന കാലത്ത് വിദ്യാഭ്യാസ സംരംഭങ്ങള്‍ സ്ഥാപിച്ചത് മിഷനറിമാരും പുരോഹിതരുമാണ്. മലയാള ഭാഷക്ക് ആദ്യമായി നിഘുണ്ടു തയാര്‍ ചെയ്തത് ജെര്‍മന്‍കാരനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടായിരുന്നു. പോപ് ബെനഡിക്റ്റിന്റെ ആ വാക്കുകള്‍ ഇവിടെ ശ്രദ്ധേയം.!
പാലിയോ ക്രിസ്ത്യന്‍ കല അഥവാ പ്രാകൃത കൃസ്ത്യന്‍ കല എന്നാണ് പുരാതനകാല ക്രിസ്ത്യന്‍ കലകളെ വിശേഷിപ്പിക്കുന്നത്. വാസ്തു വിദ്യ, പെയിന്റിങ്‌, കൊത്തുപണി തുടങ്ങിയ കലാവിസ്മയങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു.
വിശ്വാസത്തിന്റെ സുവര്‍ണ കാലത്ത് നിര്‍മിക്കപ്പെട്ട ആരാധനാലയങ്ങളിലും രാജസദസുകളിലും കെട്ടിട്ടങ്ങളിലുമെല്ലാം ഈ വാസ്തുവിദ്യയുടെ വൈദഗ്ധ്യം കാണാനാവും. പൗരസ്ത്യ റോമിലെ പുരാതന ചര്‍ച്ചുകള്‍ ഈ മഹത്തായ പാരമ്പര്യത്തിന്റെ ഉദാഹരണങ്ങളാണ്.
ബൈസാന്റിയന്‍ അക്കാലത്തെ ബൃഹത്തായ ക്രൈസ്തവ സാമ്രാജ്യത്വ ശക്തിയായിരുന്നു. അതിനാല്‍ തന്നെ ആറാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലം വരെ ഒട്ടുമിക്ക ക്രിസ്ത്യന്‍ കലാരൂപങ്ങളും ബൈസാന്റിയന്‍ കല എന്ന നാമധേയത്വത്തിലാണ് പ്രചാരം നേടിയത്. ക്രിസ്ത്യന്‍ കലാസംവിധാനത്തിന് പുരാതന ഗ്രീക്കിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്നു. തുര്‍ക്കിയിലെ അയാസോഫിയ കാലയവനികയെ തോല്‍പിച്ച മികച്ച ആസൂത്രിത നിര്‍മിതിയാണ്. ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമനാണ് അകാലത്തില്‍ മരണമടഞ് പോയ തന്റെ പ്രിയ പത്‌നി തിയഡോറയുടെ ഓര്‍മക്കായി കോണ്‍സ്റ്റാന്റിനോപ്പിളില്‍ അയാസോഫിയ ദേവാലയം നിര്‍മിച്ചത്. റോമന്‍ ചക്രവര്‍ത്തിമാര്‍ ഇഴ മുറിയാതെ പിന്തുടരുന്ന ഗ്രീക്കോ-റോമന്‍ നിയമ സാംസ്‌കാരിക പാരമ്പര്യത്തിനു കീഴില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ മാത്രം ഉയര്‍ന്നുപൊങ്ങിയ മൂന്നാമത്തെ ദേവാലയമാണിത്. വാസ്തുവിദ്യയും ചുമരുകളില്‍ വരച്ചിട്ട ചിത്രങ്ങളും അയാസോഫിയയുടെ ചരിത്രപ്രധാന്യത്തിന് കൂടുതല്‍ മിഴിവേകി. പില്‍കാലത്ത് മസ്ജിദായി പരിണമിച്ചെങ്കിലും അയാസോഫിയക്ക് ക്രിസ്തുമതവുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. പിന്നീടത് മുസ്‌ലിംകള്‍ക്ക് സ്വന്തമാവുകയായിരുന്നു.
അനികോണിസത്തിന്റെയും ഐക്കണോ ക്ലോസത്തിന്റെയും ചരിത്രത്തില്‍ അടയാളപ്പെട്ട സുപ്രധാന കാലഘട്ടങ്ങള്‍ ക്രിസ്തു മതത്തിലുണ്ടായിരുന്നു. ഇസ്‌ലാം അടക്കമുള്ള അനുബന്ധ മതങ്ങളെക്കാള്‍ ഉപരിയായി ക്രിസ്തുമതത്തില്‍ ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും ഉപയോഗം കാണാനാവും.
ചര്‍ച്ചുകളിലും കത്രീഡലുകളിലും യേശുവിനെ പ്രതിനിധാനം ചെയ്യുന്നത് യേശുവിനെ കൊത്തിവെച്ച ശില്‍പങ്ങളോ പുരാതന കാലം മുതല്‍ കണ്ടുവരുന്ന ശൈലിയില്‍ വരച്ച ചിത്രങ്ങളോ ആണ്.
ഹിന്ദു മതത്തിന്റെ ആശയാടിസ്ഥാനം തന്നെ അനികോണിസത്തില്‍ അധിഷ്ഠിതമാണ്. ആരാധനാ മൂര്‍ത്തികളുടെ ചിത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും ഈ രണ്ട് മതങ്ങളും പ്രാധാന്യം കല്‍പിക്കുന്നു. യൂറോപ്പിന്റെ ചരിത്രം അനാവൃതമാക്കുന്ന ലോകപ്രസിദ്ധ ചിത്രങ്ങള്‍ പലതും ക്രൈസ്തവ ആശയങ്ങളിലൂടെയോ ദൃശ്യങ്ങളിലൂടെയോ ആണ് കടന്നുപോകുന്നത്. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പര്‍ (അവസാന അത്താഴം), യേശുവിന്റെ ഇടയജീവിതം, അപ്പോസ്തലന്മാര്‍ക്കിടയിലെ യേശു തുടങ്ങി ചിത്രങ്ങള്‍ മതത്തിലെ സംഭവവികാസങ്ങളുടെയും യേശുവിന്റെ ദിവ്യ ജീവിതത്തിന്റെയും സന്ദേശങ്ങളാണ് നല്‍കുന്നത്. എഡി. 700ല്‍ രചിക്കപ്പെട്ട ലിണ്ടിസ് ഫാര്‍ണര്‍ സുവിശേഷങ്ങള്‍ മതം പ്രമേയമായ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ചിത്ര ഛായാഗ്രഹണ ശേഖരമാണ്. ചര്‍ച്ചുകളിലെ ചുമര്‍ചിത്രങ്ങളായി അവ നിലകൊണ്ടു. ആലങ്കാരികമായി ജാമിതീയ ചിത്രങ്ങളും ഉപയോഗിച്ചിരുന്നു. മതം ചിത്രാവിഷ്‌കാരത്തെ പ്രോത്സാഹിപ്പിച്ചത് ആരാധനക്കും വിശ്വാസികള്‍ക്ക് ദൈവിക ചിന്തയുടെ നിരന്തര സ്രോതസായി മാറാനും വേണ്ടി ആയിരുന്നെങ്കിലും ചിത്രഛായാഗ്രഹണം പിന്നീട് എക്കാലവും മങ്ങാത്ത പഠന മേഖലയായി രൂപം പ്രാപിച്ചു. ലോകത്തെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പിറക്കുന്നതിന് ഈ മാറ്റം വഴിവെച്ചു. മൈക്കലാഞ്ചലോ, ഫ്രാന്‍സിസ്‌കോ, വിന്‍സെന്റ് വാന്‍ തുടങ്ങിയ കലാകാരന്മാര്‍ ഛായാഗ്രഹണത്തിന്റെ അതുല്യ രൂപങ്ങള്‍ സൃഷ്ടിച്ചു. ലോകത്തെ സര്‍വ ഭൂഖണ്ഡങ്ങളിലും സ്വാധീനം ചെലുത്തുവാന്‍ ഇത്തരം കലാകാരന്മാരുടെ സൃഷ്ടികള്‍ക്ക് സാധിച്ചിരുന്നു. ഇവരുടെ മതപരമായ പശ്ചാത്തലം വ്യക്തമല്ലെങ്കിലും ഈ സംസ്‌കാരത്തോട് അവര്‍ക്കുണ്ടായിരുന്ന സമീപനം അവരുടെ ആശയങ്ങളില്‍ പ്രകടമാണ്.
കലകളോട് പൊതുവേ ക്രിസ്തുമതത്തിന് തുറന്ന സമീപനമാണുള്ളത്. നിര്‍വ്യാജമായ കല മനുഷ്യനെ ആരാധനയിലേക്കും പ്രാര്‍ഥനയിലേക്കും നയിക്കും, സ്രഷ്ടാവും പരമോന്നതനും പവിത്രീകരിക്കുന്നവനുമായ ദൈവത്തോടുള്ള സ്‌നേഹം വര്‍ധിപ്പിക്കാനും അത് പ്രേരകമാവുമെന്ന് വിശുദ്ധ ക്രിസ്ത്യന്‍ വേദവാക്യം. (CCC-2502)
ക്രിസ്ത്യാനികളായ കലാകാരന്മാര്‍ തങ്ങള്‍ക്ക് കൈവന്നിരിക്കുന്ന ദൈവക്ഷണം തിരിച്ചറിഞ്ഞ് ക്രിസ്തുവിന്റെ പ്രവൃത്തികളെ വിളംബരം ചെയ്യുന്ന കലാസൃഷ്ടികള്‍ ആവിഷ്‌കരിക്കണമെന്നാണ് ക്രിസ്തുമതത്തിന്റെ താത്പര്യം. എന്നാല്‍ അന്യമതസ്ഥരുടെ കലാരൂപങ്ങള്‍ പിന്തുടരുന്നതിനെയും അവതരിപ്പിക്കുന്നതിനെയും മതമേധാവികള്‍ നിശിതമായി വിലക്കി. അത് മറ്റൊരു മതം ആശ്ലേഷിക്കുന്നതിന് തുല്യമാണ്. ഈ ലിഖിത നിയമം ലോകത്തെ എല്ലാ മതങ്ങളും പാലിക്കുന്നുണ്ട്. ഇസ്‌ലാമില്‍ ഇതര വിശ്വാസത്തെ കൂട്ടുപിടിക്കുന്ന കലകള്‍ നിയമവിധേയമല്ല.
ക്രിസ്തുമതത്തിന്റെ വ്യാപനത്തിന് ആക്കം കൂട്ടിയത് സാമ്രാജ്യത്വ ശക്തികളാണ്. ഭൂകണ്ഡങ്ങള്‍ താണ്ടി വന്ന സംസ്‌കാരമാണ് അതിന്റേത്. പ്രാദേശികമായ വൈരുധ്യങ്ങളും അതിലുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികള്‍ മാര്‍ഗംകളിയെ മതകലയായി പരിപാലിക്കുന്നു. തലമുറകളിലേക്ക് അതിനെ പരിശീലിപ്പിക്കുന്നു.
ക്രൈസ്തവരിലെ സവര്‍ണ വിഭാഗമായ മാര്‍ത്തോമാ നസ്രാണികളാണ് മാര്‍ഗംകളി അവതരിപ്പിക്കുന്നത്. സുറിയാനി ക്രിസ്ത്യാനികളാണിവര്‍. കേരളത്തില്‍ പ്രബോധനം നടത്തിയന്ന് പറയപ്പെടുന്ന തോമാശ്ലീഹയുടെ കീഴില്‍ രൂപം പ്രാപിച്ച വിശ്വാസി സമൂഹത്തിന്റെ പാരമ്പരയായാണ് സുറിയാനി ക്രിസ്ത്യാനികള്‍ എന്നറിയപ്പെടുന്നത്.
കേരളത്തില്‍ തോമാശ്ലീഹ നടത്തിയ പ്രബോധനത്തിന്റെ ചരിത്രമാണ് മാര്‍ഗംകളിയുടെ പ്രമേയം. കേരളത്തിലെ ക്രിസ്ത്യന്‍ മതസ്ഥരിലെ 80 ശതമാനവും സുറിയാനി ക്രിസ്ത്യാനികളായതുകൊണ്ടാണ് ഈ കലാരൂപത്തിന് ക്രിസ്തുവിലാസം കൈവന്നത്. അറിയപ്പെടാത്തതും അന്യംനിന്നുപോയതുമായ വേറെയും കലകള്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയിലുണ്ടായിരുന്നു.
യൂറോപിലെ ചില പ്രാദേശിക സംസ്‌കാരങ്ങളുടെ ഭാഗമായി ഉയര്‍ന്നുവന്ന മതേതര കലകള്‍ക്ക് ക്രിസ്ത്യന്‍ പശ്ചാത്തലമുണ്ട്. യഥാര്‍ഥത്തില്‍ മോഡേണ്‍ നൃത്തകലയുടെ അടിസ്ഥാനം ക്രൈസ്തവാശയ പ്രകടനത്തിനായി ഉപയോഗിച്ചിരുന്ന ചരിത്ര കലാരൂപങ്ങളില്‍ നിന്നാണ്. നൃത്തകലയെയും അതിന്റെ ചരിത്രത്തേയും പരിശോധിക്കുമ്പോള്‍ ക്രിസ്ത്യാനിറ്റിയുമായുള്ള അതിന്റെ തീക്ഷ്ണ ബന്ധം മനസിലാകും. ചരിത്രപരമായും നരവംശശാസ്ത്രപരവുമായ ഗവേഷണങ്ങള്‍ അനുസരിച്ച് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത മൂല്യങ്ങളുടെ അവതരണമാണ് നൃത്തകല. യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ എന്നതിലുപരി ഈ ചലനങ്ങള്‍ക്ക് അന്തര്‍ലീനവും സൗന്ദര്യാത്മകവുമായ അര്‍ഥമാനങ്ങളുണ്ട്.
മനുഷ്യ ജീവിതത്തിന്റ അമര്‍ത്യതയേയും ദൈവ സൃഷ്ടികളുടെ സൗന്ദര്യാത്മകതയേയും നൃത്തകല അനാവരണം ചെയ്യുന്നു. ക്രിസ്തുവിന്റെ ജീവിതത്തിന്റെ മഹത്വവും സന്ദേശവും ഏറ്റവും ലളിതമായി ജനങ്ങളിലേക്കെത്തിക്കുക, അതുവഴി മതത്തെക്കുറിച്ചുള്ള പൂര്‍ണ ഭൗതികം അല്ലെങ്കില്‍ പൂര്‍ണ ആത്മീയം എന്ന ധാരണയെ തിരുത്തുക, ക്രിസ്തുമതത്തിനു കീഴില്‍ നൃത്തകല പ്രോത്സാഹിക്കപ്പെട്ടതിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ ഇങ്ങനെയായിരുന്നു. പക്ഷേ പിന്നീട് നൃത്തകലയില്‍ ആധുനികവത്കരണം സംഭവിച്ചു. മതേതര കലയായി അത് അംഗീകരിക്കപ്പെട്ടു.
മതങ്ങളില്ലായിരുന്നെങ്കിലും മനുഷ്യന്‍ സാര്‍വത്രികമൂല്യങ്ങളെ തിരിച്ചറിയുമായിരുന്നു എന്നു വാദിക്കുന്നവരുടെ പൊള്ളത്തരമാണ് കലാ, സംസ്‌കാരിക രംഗത്തെ മതങ്ങളുടെ വേരുറപ്പിക്കല്‍ തുറന്നുകാട്ടുന്നത്. മനുഷ്യന്‍ വികസനം സാധ്യമാക്കി കടന്നുവന്ന എല്ലാ സംസ്‌കാരങ്ങളിലും മതങ്ങളുടെ ഇടപെടല്‍ ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അത് തിരിച്ചറിയാതെ പോകുന്നവര്‍ മനുഷ്യോൽപത്തി കാലം മുതല്‍ ജീവിച്ചുതുടങ്ങേണ്ടതുണ്ട് ■

Share this article

About അന്‍ഷാദ് സെയ്ന്‍

anshedzain.mkd@gmail.com

View all posts by അന്‍ഷാദ് സെയ്ന്‍ →

Leave a Reply

Your email address will not be published. Required fields are marked *