ഒരു ചിരിയുടെ സാധ്യതകള്‍

Reading Time: 2 minutes

പരിഭവങ്ങളുടെ കെട്ടഴിച്ച്, ശിഷ്യന്‍ ഗുരുസവിധം ചെന്നുനിന്നു. ഈ ഗ്രാമത്തിലുള്ള ചില കൂട്ടുകാര്‍ എന്നെ വല്ലാതെ പരിഹസിക്കുന്നു. പുഛഭാവത്തോടെ മാത്രം പെരുമാറുന്നു. എന്താണൊരു പരിഹാരം? ഗുരു പുഞ്ചിരിച്ചു. അവരോട് മനോഹരമായി ചിരിക്കാന്‍ പഠിക്കുക. അത്രമാത്രം. കുറച്ചു പേര്‍ എന്നെ പരിഗണിക്കുന്നതേയില്ല. സംഭാഷണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. അവരോടോ? അത്തരം കൂട്ടുകാരോടും പുഞ്ചിരിക്കാന്‍ പഠിക്കുക. ഗുരു പറഞ്ഞു. ഗുരോ, ചങ്ങാതിമാരില്‍ വളരെക്കുറഞ്ഞവര്‍ മാത്രം എന്നോട് നല്ല വാക്കുകള്‍ ചൊല്ലുന്നുണ്ട്. പിന്തുണക്കുന്നുമുണ്ട്. അവര്‍ക്ക് എന്താണ് നല്‍കുക? ചിരി തന്നെ അവിടെയും സമ്മാനം. തിളക്കമുള്ള കണ്ണുകളോടെ മനസറിഞ്ഞ് പുഞ്ചിരിച്ചു തുടങ്ങി നോക്കൂ. വെറുപ്പുകള്‍ അലിഞ്ഞില്ലാതാകും. ബന്ധങ്ങളില്‍ വേരുറപ്പ് ലഭിക്കും. അപരിചിതരുടെ ലോകം നിന്റെ ലോകമായി മാറും. പുഞ്ചിരി തന്നെ മരുന്നും ചികിത്സയും. ഗുരുവിന്റെ വാക്കുകളില്‍ ഒരു ചിരി നിറഞ്ഞുനിന്നു.
ഗുണമുള്ള ഈ കഥ പെന്‍സില്‍ വാനിയയിലെ റൊസെറ്റോ എന്ന ഗ്രാമത്തെ ഓര്‍മിപ്പക്കുന്നു. ആനന്ദം കൊണ്ട് ആയുസ് കൂട്ടിയവരുടെ ഈ നാട് ചിരിക്കാന്‍ മറന്ന പുതുകാലക്കാര്‍ക്കുള്ള പാഠമാണ്. പരസ്പരം ചിരിച്ച് ഹൃദയരോഗങ്ങളെ അവര്‍ മറികടന്നു. ഉള്ളില്‍ പകയോ വിദ്വേഷമോ കാത്തുവെക്കാതെ ആത്മാവില്‍ സന്തോഷം കണ്ടെത്തി അത് നിര്‍ലോഭമായി വിതരണം ചെയ്യുകയായിരുന്നു അമേരിക്കയിലെ ഈ കുഞ്ഞുദേശം. ചിരി ഔഷധമാണെന്നും അനേകം അടരുകളുള്ള മഹാ സാധ്യതയാണെന്നും ആ ദേശക്കാര്‍ ലോകത്തെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആളോഹരി ആനന്ദം വികസനത്തിന്റെ അളവുകോലാക്കി പരിഗണിച്ച ഭൂട്ടാനും പുഞ്ചിരി എന്ന ഭാവപ്രകടനത്തിന്റെ അനന്തലോകങ്ങളെ തിരിച്ചറിഞ്ഞ പ്രതിഭകളുടെ നാടാണ്.
പൂക്കള്‍ക്ക് പ്രകാശം പോലെയാണ് മനുഷ്യരാശിക്ക് ചിരിയെന്ന അഭിപ്രായം ജോസഫ് അഡിസണിന്റേതാണ്. എത്ര കൃത്യമാണത്. നിവര്‍ന്നു നില്‍ക്കാനും വാടാതെ നോക്കാനും വളരാനും മനുഷ്യമരങ്ങള്‍ക്ക് ചിരി അനിവാര്യം തന്നെ. മനസിന്റെ പിരിമുറുക്കം കുറക്കുന്നതിനും അടുപ്പങ്ങളെ ദൃഢമാക്കുന്നതിനും വ്യക്തിത്വം വിസ്മയമാക്കുന്നതിനും “ചിരി’ പോലെ ഉപകാരപ്പെടുന്ന വേറൊന്നില്ല. ഒരു പുഞ്ചിരി ഞാന്‍/ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ/ ഹൃദയത്തിലാകുന്നു/ നിത്യനിര്‍മല പൗര്‍ണമീ.. എന്ന് പാടിയത് അക്കിത്തമാണ്.
പുഞ്ചിരിയുടെ
പുഴവക്കില്‍
വീട് പണിയാം
പ്രതീക്ഷയുടെ ആകെത്തുകയാണ് മനുഷ്യജീവിതം. ഏറ്റവും വലിയ പ്രതീക്ഷ ഹൃദയമറിഞ്ഞ പുഞ്ചിരി തന്നെ. കാരണം മനസിന്റെ കണ്ണാടിയുടെ ചിരിനിറഞ്ഞ തിളക്കം ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന കരുതലാണ് വെളിപ്പെടുത്തുന്നത്. ഹൃദയമറിഞ്ഞ ചിരിയോടെ മക്കളെ ചുംബിക്കുന്ന രക്ഷിതാക്കള്‍, വാതില്‍മുഖത്ത് നിറഞ്ഞ ചിരിയോടെ ഭര്‍ത്താവിനെ വരവേല്‍ക്കുന്ന പ്രിയപ്പെട്ട ഭാര്യ, ഗുരു കടന്നുവരുമ്പോള്‍ കളങ്കമില്ലാതെ ചിരിക്കുന്ന ശിഷ്യര്‍ ഇങ്ങനെ തുടങ്ങി ചിരിയോട് ചേര്‍ന്നുനില്‍ക്കുന്ന സര്‍വവും മനോഹരമാണ്.
Jokes and their relations to the unconsciouns എന്ന പുസ്തകം പരിശോധിക്കുന്നവര്‍ക്ക് ഫ്രോയിഡ് ചിരിയുടെ പലവിധ മേന്മകള്‍ ഉണര്‍ത്തുന്നത് കാണാം. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന വേദനസംഹാരി കൂടിയാണ് ചിരിയെന്ന് വിദഗ്ധര്‍ ഉറപ്പ് നല്‍കുന്നു. സഹനശക്തിക്ക് കരുത്തുപകരാനും ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടി ശ്വാസകോശ സംവിധാനത്തെ മികവുറ്റതാക്കാനും സാധിക്കുന്നു.
ഒരുമിച്ചുകൂടുന്നതിന്റെ ഇമ്പം ആസ്വദിച്ചും വേദനകള്‍ പങ്കിട്ടെടുത്തും ജീവിതം അത്രമേല്‍ മധുരതരമാക്കിയിരുന്ന കാലം പതിയെ മാഞ്ഞുതുടങ്ങിയതില്‍ പിന്നെ പരസ്പരം ചിരിക്കാൻ പൊതുവെ പലര്‍ക്കും മടി വന്നുകൂടുന്നു. പുഞ്ചിരി ഒരു ദാനമെന്നാണ് റസൂല്‍(സ്വ) പഠിപ്പിക്കുന്നത്. പ്രസന്നഭാവത്തിന്റെ ഈ കൈമാറ്റം മറ്റൊരാളിലേക്ക് ഒരു വാതില്‍ തുറന്നിടുന്നു. അതുവഴി അന്യരുടെ അകംകാണാനും അവരുടെ ആശ്വാസമാകാനും സാധിക്കും. നിങ്ങള്‍ വിവേകിയാണെങ്കില്‍ ചിരിക്കൂ എന്ന് മാര്‍ഷ്യല്‍ ഉണര്‍ത്തുന്നു. വില കൊടുക്കാതെ സുലഭമായി ലഭിക്കുന്ന ഈ സൗഭാഗ്യം ബന്ധങ്ങളുടെ വളര്‍ച്ചക്കുള്ള ഏറ്റവും മികച്ച ഔഷധമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സന്തോഷം നിറഞ്ഞ ഒരു ചിരി, ചുറ്റുമുള്ള ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്നു.
ചിരി, പലതരമുണ്ടെങ്കിലും പുഞ്ചിരിയാണ് ഹൃദ്യം. പ്രവാചകരുടെ(സ്വ) നിത്യമായ മുഖഭാവം പുഞ്ചിരിയായിരുന്നു എന്ന് കാണാം. വാസ്തവത്തില്‍ കണ്ടുമുട്ടുന്നവരെ സ്വാഗതം ചെയ്യുകയാണ് പുഞ്ചിരിക്കുന്ന മനുഷ്യര്‍. അവിടെ മഹത്തായ ഒരു സൗഹൃദം മനോഹരമായി തുടങ്ങുന്നു. സ്‌നേഹാദരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. ഗൗരവങ്ങളുടെ കഠിനതയെക്കാള്‍ പതിന്മടങ്ങ് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നതും ചിരിയിലൂടെ തന്നെ.
കുഞ്ഞുങ്ങളെ ഏവരും ഉപാധികളില്ലാതെ ഇഷ്ടം വെക്കുന്നതിന്റെ കാരണം നിഷ്‌കളങ്കമായ അവരുടെ മുഖഭാവമാണ്. കൊച്ചുകുട്ടികള്‍ ദിവസം 300-400 തവണ ചിരിക്കുമത്രെ. മുതിര്‍ന്നവര്‍ 17-21 തവണയേ ചിരിക്കുന്നുള്ളൂ. പക്ഷേ ഈ ചെറിയ മുഖചലനത്തിന്റെ എണ്ണം കൂട്ടിയാല്‍ വാക്കുകളെക്കാള്‍ ശക്തിയില്‍ ബന്ധങ്ങള്‍ക്കിടയില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കും എന്നതാണ് വാസ്തവം.
ഇത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നെങ്കിലും ചിരി ഒരു വലിയ ഭാരം ചുമക്കലായി കാണുന്നുവരാണ് നമ്മില്‍ അധികവും. ഒന്ന് ചിരിക്കൂ എന്ന് ആഹ്വാനം ചെയ്ത് മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോകചിരിദിനം കൊണ്ടാടപ്പെടുന്നുണ്ട്. 1998 ജനുവരി 11നാണ് ഡോ. മദന്‍ കടാരിയയിലൂടെ ഈ ദിനത്തിന് തുടക്കം കുറിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഒന്നാം വെള്ളിയാഴ്ചയാണ് ലോകപുഞ്ചിരി ദിനം. ഒരു കാരുണ്യപ്രവൃത്തി ചെയ്യൂ. പുഞ്ചിരിക്കാന്‍ മറ്റുള്ളവരെ സഹായിക്കൂ. എന്ന സന്ദേശമായിരുന്നു 2010ലേത്. 1999ല്‍ ലോകമെങ്ങും പ്രചാരത്തിലുള്ള പുഞ്ചിരിമുഖത്തിന്റെ കര്‍ത്താവ് ഹാര്‍വി ബാളാണ് ലോകപുഞ്ചിരി ദിനം എന്ന ആശയം ആദ്യമായി പങ്കുവെച്ചത്.

ചുണ്ടില്‍ ചിരി
കൊളുത്തിവെക്കുക
ഹൃദയത്തില്‍ എണ്ണ പകരുക
ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്‍ പെന്‍ഷന്‍ പറ്റി അകലുകയാണ്. അവസാനത്തെ ക്ലാസ് കഴിഞ്ഞതും മുന്‍ബെഞ്ചില്‍ നിന്ന് ഒരു വിദ്യാര്‍ഥി എഴുന്നേറ്റു. പിരിയുന്നതിന് മുമ്പ് എല്ലാ കാലത്തേക്കും പ്രകാശമുള്ള ഒരു ഉപദേശം ഞങ്ങള്‍ക്ക് നല്‍കണം. ക്ലാസ് നിശബ്ദമായി. ചെറുചിരിയോടെ പ്രിയപ്പെട്ട ശിഷ്യനെ സ്വാഗതം ചെയ്തു കൊണ്ട് അദ്ദേഹം ബോര്‍ഡില്‍ എഴുതിയിട്ടു. “ഒരു പുഞ്ചിരി, ഒരിക്കലും അണഞ്ഞുപോകാത്തവിധം ചുണ്ടില്‍ കൊളുത്തി വയ്്ക്കുക. മനസില്‍ ചുണ്ടിലെ വിളക്കിന് എണ്ണ പകര്‍ന്നുകൊണ്ടേയിരിക്കുക.’
രണ്ട് പേര്‍ തമ്മിലുള്ള യുദ്ധത്തിനിടയിലേക്ക് ഒരു ചിരി കയറിവരുന്നു. ചിരി ജയിക്കുന്നു. മറ്റ് രണ്ടുപേരും തോല്‍ക്കുന്നു എന്ന മനോഹരമായ വാചകം സോഷ്യല്‍മീഡിയയില്‍ വായിക്കാനിടയായി. ജീവിതം നിലവിലുള്ളതിനേക്കാള്‍ അതിസുന്ദരവും സുഗന്ധപൂരിതവുമാക്കാന്‍ ഒരു ചിരിയോടെ സാധിക്കും എന്ന് വിശ്വസിക്കാം. ഒറ്റപ്പെടലിനെ പ്രതിരോധിക്കാനും ഇടപെടലുകളെ മേന്മയുള്ളതാക്കാനും ഇണക്കമുള്ള കുടുംബജീവിതത്തിനും ആരോഗ്യത്തിനും ആത്മസായൂജ്യത്തിനും ചിരി ഒരു അനിവാര്യതയാണെന്ന് മനസിലാക്കൂ. ചിരിക്കുക വഴി നിങ്ങള്‍ മാതൃകയായി മാറുന്നു. കരഞ്ഞാലൂം മരിക്കും. ചിരിച്ചാലും മരിക്കും. എന്നാല്‍ പിന്നെ ചിരിച്ചുകൂടെ എന്ന പാട്ട് പോലെ ജിവിതം നന്മയുള്ള പുഞ്ചിരിയാക്കി മാറ്റുമ്പോള്‍ നിങ്ങള്‍ എത്ര പേര്‍ക്ക് ആശ്വാസമായി മാറുന്നു എന്ന് ചിന്തിക്കൂ. Peace begins with a smile എന്ന് മദര്‍ തെരേസ പറയുന്നു. സമാധാനവും സന്തോഷവും കൊതിക്കുന്നവര്‍ പുഞ്ചിരിക്കാന്‍ പഠിച്ചു തുടങ്ങട്ടെ ■

Share this article

About മുഹമ്മദ് ജൗഹരി കടയ്ക്കല്‍

kdklmuhammed@gmail.com

View all posts by മുഹമ്മദ് ജൗഹരി കടയ്ക്കല്‍ →

Leave a Reply

Your email address will not be published. Required fields are marked *