ഒച്ചകള്‍ വീടിറങ്ങിപ്പോകുമ്പോള്‍

Reading Time: 3 minutes

“മരണം മൂര്‍ത്തതയില്‍ നിന്ന്
അമൂര്‍ത്തതയിലേക്കുള്ള പരിണാമമാണ്.
കലയിലേതുപോലെ
രൂപങ്ങളുടെ ആധിപത്യത്തില്‍ നിന്ന്
പറക്കുന്ന വരകളിലേക്കും,
നീന്തുന്ന നിറങ്ങളിലേക്കുമുള്ള
നിശബ്ദമായ യാത്ര.
ചിലപ്പോള്‍ നിറങ്ങള്‍ പോലുമുണ്ടാകില്ല.’
-മരിച്ചവരുടെ കവിത/സച്ചിദാനന്ദന്‍

“അയാള്‍ മരിച്ചോ….!?’ തീര്‍ത്തും ദൗര്‍ഭാഗ്യകരമായ ഒരു നിസഹായാവസ്ഥ പറഞ്ഞറിയിക്കാനാവാതിരിക്കുമ്പോള്‍ നമ്മളുപയോഗിക്കുന്ന ചില പ്രയോഗങ്ങളുണ്ട്. അതിന് തീക്ഷ്ണമായ അര്‍ഥോത്പാദന ശേഷിയുണ്ട്. തീരാത്ത വേദനയും നികത്താനാവാത്ത നഷ്ടബോധങ്ങളും കുമിഞ്ഞുകൂടുന്ന നൂറുകൂട്ടം ആധികളും, ഒപ്പം പടര്‍ന്നു കയറിയ വൈകാരികതയുടെ അംശവും ആ ചോദ്യത്തിലുണ്ട്. മരിക്കരുതേയെന്ന നൂറായിരം ജനങ്ങളുടെ പ്രാര്‍ഥനകള്‍ക്കിടയിലും മരണത്തിലേക്ക് നൂണ്ടിറങ്ങുന്ന നല്ല മനുഷ്യരുണ്ട്. ഒരു ജനതയുടെ പ്രതീക്ഷാഭാരം തലയിലേറ്റി നില്‍ക്കെ പെട്ടെന്ന് നാടുനീങ്ങുന്നവരുണ്ട്. ഒരുപറ്റം നിരാശകള്‍ക്കു മധ്യേ ജീവിതത്തെ പ്രതീക്ഷാ തുരുത്തിലേക്ക് കരകയറ്റുന്നതിനിടയില്‍ വേര്‍പാട് വാങ്ങുന്നവരുണ്ട്. ഒരു കൈക്കരുത്തിന്റെ നിഴല്‍ സാന്നിധ്യമെങ്കിലും കിട്ടിയാല്‍ രണ്ടടി കൂടി കുഞ്ഞിക്കാലു നീക്കാന്‍ കൊതിക്കുന്ന എത്രയോ കുഞ്ഞുഹൃദയങ്ങളെ മരണം കടന്നുപിടിച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെ ഹൃദയനാര് പിരിച്ചുകൊണ്ടിരിക്കെ വൈധവ്യം സമ്മാനിച്ച് പോകുന്ന ഭര്‍ത്താക്കളും, ഏകാന്തത ബാക്കിയാക്കി പോയ ഭാര്യമാരും നമ്മുടെ ചുറ്റുപാടുമുണ്ട്. യതീമെന്ന വാത്സല്യത്തിന്റെ അംഗീകാരപത്രം മക്കള്‍ക്ക് നല്‍കി യാത്ര പറയുന്ന ഉപ്പമാര്‍ അനവധിയുണ്ട്. അംഗീകാരങ്ങളുടെയും സ്വാധീനങ്ങളുടെയും പരകോടിയില്‍ നിന്ന് നിസഹായതയുടെ പതിതാവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ട എത്രയോ പേരുണ്ട്. പ്രാണവേദനയോളം പോന്ന പ്രസവവേദനയെന്ന് നമ്മള്‍ സാമ്യപ്പെടുത്താറുള്ള ആ മുഹൂര്‍ത്തത്തില്‍ മരണപ്പെട്ട ഉമ്മമാരുടെ നൊമ്പരക്കഥകള്‍ ഒത്തിരി നമ്മള്‍ കേട്ടിട്ടുണ്ട്. മരണം കൊണ്ട് ചരിത്രത്തിലൊരു വിലാസമുണ്ടാക്കിയവരും, ഉള്ളതെല്ലാം വിസ്മൃതിയിലേക്ക് വലിച്ചെറിയപ്പെടേണ്ടി വന്നവരുണ്ട്. ആണ്ടറുതിയിലെ ഓര്‍മകളില്‍ നിന്ന് പോലും വലിച്ചിറക്കപ്പെട്ട ഹതഭാഗ്യരുണ്ട്.
എല്ലാവരിലും സംഭവിക്കുന്നത് ഒരൊറ്റക്കാര്യമാണ്. മരണം, അത്ര മാത്രം. അതിന്റെ അനുഭവപരിസരം, അനന്തരാനുഭവം എല്ലാം തീര്‍ത്തും വിഭിന്നമാണ്.
മരണം എന്തുമാത്രം പച്ചയായ യാഥാര്‍ഥ്യമാണ്. മനുഷ്യന്‍ ജീവിതപ്രതലത്തില്‍ നിന്ന് പതിയെ വിസ്മൃതമാകുന്നു. അയാളിനി കാഴ്ചപ്പുറത്തുണ്ടാവില്ല എന്ന് നമ്മളുറപ്പിക്കുന്നു. നമ്മളിലുള്ള എന്തോ ഒന്ന് അപ്പോള്‍ അയാളിലില്ലാതാവുന്നു.
മൃതാവസ്ഥ അയാളുടെ പേരും വിലാസവും കവര്‍ന്നെടുക്കുന്നു. ബന്ധങ്ങളുടെ കാല്‍പനിക ലോകത്ത് നിന്നും യാഥാര്‍ഥ്യങ്ങളുടെ ഒറ്റയാള്‍ ലോകത്തേക്ക് കൂടുമാറുന്നു. പിറക്കുന്ന ഓരോ ജീവനും ഒരായിരം മരണങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നത് എന്ന് തിരിച്ചറിയുന്നു. കഴിഞ്ഞുപോകുന്ന ഓരോരുത്തരുടെയും പിന്‍ഗാമികള്‍ അനവരതം പിറന്നുകൊണ്ടേയിരിക്കുന്നു. ആ ചാക്രികതയാണ് ഇതിനിടയില്‍ വരുന്ന ശൂന്യതകള്‍ നികത്തുന്നത്.
ഇന്നാലില്ലാഹി.. ചൊല്ലി നമ്മളേറ്റുപിടിച്ച മരണങ്ങളെല്ലാം നോക്കൂ. പല കാരണം, പല ദേശങ്ങളില്‍, പല സമയങ്ങളില്‍ സംഭവിക്കുന്നു. അവരിട്ടേച്ചു പോകുന്ന വിടവുകള്‍ എത്രമേല്‍ വലുതാണ്? ഒരാളും മറ്റൊരാള്‍ക്കു പകരമല്ലല്ലോ? നമ്മള്‍ നികത്തിപ്പോന്ന ഒഴിവുകളും, താണ്ടിക്കടക്കുന്ന ദുരിതപര്‍വങ്ങളും എത്രമേല്‍ വലുതാണെന്ന് നോക്കാം. മരണത്തെ രുചിക്കാത്തവരായി ആരുമില്ലെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധം പറയുന്നുണ്ട്. “കൂടുന്നു കൊല്ലങ്ങള്‍, മാസങ്ങളാഴ്ച്ച
ഘടികള്‍ കണക്കില്‍ നിന്‍ ആയുസില്‍ തീര്‍ച്ച.
തേടുന്നു, അവര്‍ നിന്നെ മണ്‍വീട്ടിലേക്ക്
തഞ്ചം നീ നോക്കുന്നു പൊന്‍വീട്ടിലേക്ക്..’
കപ്പപ്പാട്ടിലെ ഈ വരികള്‍ വായിച്ച് നമുക്ക് ചില മരണവീട് സന്ദര്‍ശിക്കാം.
നീറുന്ന നോവുകള്‍ക്കു മുന്നില്‍ കണ്ണും കാതും തുറന്നു നോക്കൂ.. വേദനയുടെ ഉള്ളുരുക്കത്തിന്റെ ഗന്ധം അനുഭവിക്കാന്‍ കഴിയും. മനുഷ്യനാവുമ്പോള്‍ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടി വരുന്നതിനാല്‍ അറിയാതെ നമ്മിലും കണ്ണീരു പൊടിയും. മരണം കൊണ്ട് കുടുംബത്തില്‍, നാട്ടില്‍, വീട്ടില്‍, കൂട്ടത്തില്‍ ഉണ്ടായ നഷ്ടം നികത്താന്‍ നമുക്കാവില്ലല്ലോയെന്ന് വരുമ്പോള്‍ നമ്മളില്‍ ഇരുണ്ട് കൂടുന്ന സങ്കടങ്ങളുടെ കാര്‍മേഘം ആത്മാര്‍ഥയുടെ അടയാള സൂചകമാകും.
ഒന്ന്: ആഴമുള്ള പാണ്ഡിത്യം, അതിരളക്കാനാവാത്ത വിനയം, മുത്ത്‌നബിയെ “പൊന്നു മുസ്ത്വഫാ’ യെന്ന സ്‌നേഹപട്ടില്‍ പൊതിഞ്ഞ് മനസില്‍ താലോലിച്ച് ജീവിതത്തിന്റെ സ്വസ്ഥത കണ്ടെത്തിയ ഷിറിയ അലിക്കുഞ്ഞി ഉസ്താദ് “മേലായ റബ്ബിന്റെ’ വിളിക്കുത്തരം ചെയ്തു. അവരിട്ടേച്ചുപോയ വാക്കുകള്‍ നല്‍കുന്ന ഊര്‍ജം ചെറുതല്ല. ഒരു തലോടലായി നമ്മെ സ്പര്‍ശിക്കുന്നതായി തോന്നും. അവര്‍ ബാക്കിയാക്കിയ വിടവുകള്‍ നോക്കൂ. നമ്മുടെ ആത്മീയ സദസുകളിലേക്ക് നോക്കൂ. വെളിച്ചം മങ്ങിയ കസേര കാണാം.
പകരമായി ഇരിക്കാന്‍ എല്ലാവരും മടിക്കുന്നു, ഭയക്കുന്നു. അവിടുത്തെ അധരത്തില്‍ നിന്ന് പൊട്ടിയൊഴുകുന്ന അറിവുറവയില്‍ ദാഹം തീര്‍ക്കുന്ന മക്കള്‍ അനാഥരാണിപ്പോള്‍.
രണ്ട്: മുഹമ്മദ് മിഷാല്‍, നാട്ടിലെ സജീവ സാന്നിധ്യമായിരുന്നു.
വീട്ടിലെ മൂന്ന് മക്കളില്‍ ഒറ്റയാണ്‍ തരി. യൗവനത്തിന്റെ തുടിപ്പുകള്‍ക്ക് തുടക്കമാവുന്നേയുള്ളൂ…
ചെറുതല്ലാത്ത അസുഖം പിടിപെട്ട് മരണത്തോട് കഴിവതും പൊരുതി നിന്നു. ഒടുവില്‍ കീഴടക്കിയതിന്റെ ആണ്ട് ദിനം ആവര്‍ത്തിച്ചെത്തി. ആങ്ങള നഷ്ടപ്പെട്ട രണ്ടു പെങ്ങന്‍മാരുണ്ടിനി ആ കുടുംബത്തില്‍.
ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരേണ്ട, ഒരു നാടിന്റെ വളര്‍ച്ചക്ക് കരുത്താവേണ്ട, അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് കൂട്ടുകാരെ നവീകരിക്കേണ്ട കൂട്ടുകാരന്‍ വിടവാങ്ങിയതിന്റെ വിങ്ങല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഈ കളി ചിരികളില്‍ കാര്യമില്ലെന്ന് അവനും തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
മൂന്ന്: എന്റെ തന്നെ പെങ്ങളുടെ ഒന്‍പതു മാസം പ്രായമായ “ത്വൈബ മോള്‍’, ഇതുപോലൊരു റമളാന്‍ പതിനേഴിനാണ് കുട്ടിത്തത്തിന്റെ കലാ പരിപാടികളായ കുമ്പിടലും ഇരിക്കലും നിരങ്ങലുമെല്ലാം മതിയാക്കി വീടിറങ്ങി പോയത്. മരിക്കാന്‍ നമ്മള്‍ കരുതിപ്പോരുന്ന കാരണങ്ങളൊന്നുമില്ലായിരുന്നു. വീടിന്റെ മൂകതയില്‍ ഒച്ചയിട്ടലക്കേണ്ട കുഞ്ഞുഭാഗ്യം വീടിറങ്ങി പോയതിന്റെ നൊമ്പരമുള്ള ആ ഉമ്മഹൃദയത്തിന്റെ മുറിവ് നമ്മള്‍ ഏത് ലേപം പുരട്ടിയാണുണക്കുക.
നാല്: എന്റെ കൂടെ പഠിച്ചയാള്‍. നല്ല പണ്ഡിത പ്രതിഭ. മാഹിന്‍ സഖാഫി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് തലച്ചോറപകടത്തിലായി മരണമടഞ്ഞു. അദ്ദേഹത്തിന്റെ ആകാരത്തില്‍ തയ്ച്ച് കിട്ടിയ സ്ഥാനവസ്ത്രം അനാഥമായി ഇപ്പോഴും മര്‍കസില്‍ കിടക്കുന്നുണ്ട്. അദ്ദേഹം മരിച്ച ദിനമായിരുന്നു എന്റെയും മരണ സമയമെങ്കില്‍ ഞാന്‍ മരിച്ചിട്ട് രണ്ട് മാസമായെന്ന് ഭാവിക്കാം. വഴികളിലൊക്കെയും മുനിഞ്ഞു കത്തേണ്ട വിളക്കാണാ അണഞ്ഞുപോയത്. കുടുംബത്തിന്റെ നെടുംതൂണായിരുന്നദ്ദേഹം.
അഞ്ച്: സ്‌നേഹ വത്സലനായ ഉപ്പാപ്പ കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍. അസുഖങ്ങളുടെ അസ്വാരസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രാദേശികതയുടെ അതിരില്‍ തന്റെ ലോകവുമായി കഴിഞ്ഞ പണ്ഡിതന്‍. ഞാന്‍ മരിക്കുകയാണെന്ന് ധ്വനിപ്പിച്ച് പറഞ്ഞ് ഇപ്പോള്‍ മദീനയില്‍ വിശ്രമിക്കുന്നു.
അനുഭവത്തിലെ അഞ്ച് മരണങ്ങളാണിത്. എല്ലാവരും അവരുടെ സമയത്ത് മരിച്ചുപോകുന്നു. കുഞ്ഞുപൈതങ്ങള്‍, യുവാക്കള്‍, പണ്ഡിതര്‍, നേതാക്കള്‍, വീട്ടുകാര്‍, ഇഷ്ടക്കാര്‍.. മരിക്കാത്തവരായി ആരുമില്ലായെന്ന സത്യത്തെ ബലപ്പെടുത്തുകയാണ് ഓരോരുത്തരും. മുന്‍ഗണന ക്രമങ്ങളേതുമില്ലാതെ, മുന്‍നിശ്ചയപ്രകാരം സമയബന്ധിതമായി അത് നടന്നുകൊണ്ടിരിക്കുന്നു. മറവിയെന്ന അനുഗ്രഹമുള്ളതു കൊണ്ട് മാത്രം ഓര്‍മകള്‍ നമ്മെ അത്രമേല്‍ വേട്ടയാടി പരുക്കേല്‍പ്പിക്കുന്നില്ലെന്നു മാത്രം.
വീട്ടുകാര്‍ക്ക് ഗുളികക്കായി റോഡിലിറങ്ങിയ ഇളയ മകന്റെ മരണം വീട്ടിലുണ്ടാക്കുന്ന അസ്വസ്ഥതയെക്കുറിച്ച് നമ്മളാലോചിച്ചിട്ടുണ്ടോ? പല പദ്ധതികളുമായി നാടൊട്ടുക്കും ദേശാടനം നടത്തുന്നവരുടെ മരണം വരുത്തുന്ന നഷ്ടങ്ങളുടെ ആഴം നമ്മെ അലട്ടിയിട്ടുണ്ടോ? രോഗാതുരതയാല്‍ ജീവഛവമായി രാത്രിയും പകലിന്റെ വെളിച്ചം കിട്ടുന്ന പാവം മനുഷ്യരും മറുഭാഗത്ത് മരണം കാത്തുകിടക്കുന്നുണ്ട്. വെട്ടും കുത്തും സ്‌ഫോടനങ്ങളുമടക്കം പല കാരണങ്ങളാല്‍ ചിതറിത്തെറിച്ച മയ്യിത്തുകള്‍ കൈയില്‍ കിട്ടുമ്പോഴുള്ള വേദനയും, കിട്ടിയ ഭാഗങ്ങള്‍ ചേര്‍ത്തു വെച്ചിട്ടും ഏകദേശ മനുഷ്യരൂപം പോലും ആകാത്ത എത്ര മൃതദേഹമാണ് നിസഹായതയുടെ തുണിയില്‍ പൊതിഞ്ഞ് വീട്ടിലെത്തുന്നത്? മാതാവിന്റെ വേര്‍പാടറിയാതെ കസേരക്കളിക്ക് കൂട്ടുകാരെ തിരയുന്ന യതീംകുട്ടിയുടെ കണ്ണിലെ പ്രതീക്ഷ ശ്രദ്ധിച്ചിട്ടുണ്ടോ? ദിനങ്ങളേറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്ത പിതാവിന്റെ വരവിനെ കുത്തിച്ചോദിക്കുമ്പോള്‍ മറുപടിയില്ലാതെ നനഞ്ഞു പൊതിര്‍ന്ന വാക്കുകളുടെ ദുര്‍ബലത തിരിച്ചറിയുന്ന വിധവയുടെ മനസ് പൊട്ടാതെ കാത്ത റബ്ബിനെ സ്തുതിക്കാം..
ഓര്‍ക്കുക, ആ മനസുകളില്‍ ആന്തിക്കത്തുന്ന കനലുകള്‍, തിരിച്ചറിവ് പാകമാകാത്ത തളിരിളം മനസിലെ നിഷ്‌കളങ്കത, ഉ/അമ്മമനസിലെ രക്തം നിലക്കാത്ത മുറിവ്.. ഇതെല്ലാം തീവ്ര പ്രഹരശേഷിയുള്ളതാണ്.
“മരിച്ചു കിടക്കുന്ന ആളിനോട്, എന്തെങ്കിലും ഒന്നു പറഞ്ഞിട്ടു പോയ് ക്കൂടായിരുന്നോ’ എന്ന് അലറി വിളിച്ചു കൊണ്ടിരിക്കുന്നു ഭാര്യ. “ഒന്ന് ശകാരിക്കുകയെങ്കിലും ചെയ്യഛാ’ എന്നു മകനും. “മിണ്ടഛാ, മിണ്ടഛാ’ എന്നുമകളും അയാളുടെ നെഞ്ചത്തടിച്ച് കൂടെ ഒച്ച വെക്കുന്നുണ്ട്.
അയാളിപ്പോള്‍ അവരുടെ ആരുമല്ലെന്ന്, വലിയ ഉത്തരവാദിത്വങ്ങള്‍ വന്നു ചേര്‍ന്നതിന്റെ തിരക്കിലാണയാളെന്ന്, മേലില്‍ ഒച്ചയെടുക്കില്ലെന്ന് ദൈവത്തിന് കൊടുത്ത വാക്ക് പാലിക്കാന്‍ കഠിനമായി ശ്രമിക്കുകയാണെന്ന് ആരവരെ പറഞ്ഞ് മനസിലാക്കും?’ (രഹസ്യങ്ങളുടെ കാവല്‍പെരുമാള്‍/വീരാന്‍കുട്ടി)
ഓരോരുത്തരും ബന്ധങ്ങളില്‍ നിന്നെല്ലാം വേര്‍പെട്ട് ഒറ്റത്തടിയാവുന്നതാണല്ലോ മരണം. എല്ലാം ഇട്ടെറിഞ്ഞ് പോകുമ്പോഴും നമ്മളത് ഉള്‍ക്കൊള്ളുന്നു. അയാളുടെ നിര്‍വാഹമില്ലായ്മയെ അംഗീകരിക്കുന്നു. അയാള്‍ ഇത്ര കാലം ചെയ്തതിന് നമ്മള്‍ തുടര്‍ച്ചകള്‍ കണ്ടെത്തുന്നു. ബാക്കിയാക്കിയ കണക്കുകള്‍ തേടി പിടിച്ച് നമ്മള്‍ പരിഹാരം കാണുന്നു. അദ്ദേഹം നിരന്തരം പുകച്ചുകൊണ്ടേയിരുന്ന അടുപ്പുകളിലേക്ക് അയല്‍ക്കാരന്റെ ശ്രദ്ധ കൂടി പതിയുന്നു.
അയാള്‍ കണ്ട സ്വപ്‌നക്കള്‍ക്ക് കഴിവതും നിറം പുരട്ടാന്‍ ശ്രമിക്കുന്നു. ഇനിയാര് എന്ന കുടുംബത്തിന്റെ ചോദ്യത്തിന് നമ്മില്‍ പലരും ഉത്തരമായെത്തുന്നു. മക്കളുടെ പഠന കാര്യങ്ങളില്‍ നാട്ടുകാര്‍ക്ക് അധിക ശ്രദ്ധ കൈവരുന്നു. ഉറ്റ കുടുംബത്തിന്റെ മാസാന്ത ബജറ്റില്‍ മരിച്ചവീടും കയറുന്നു. ഈ അപാരമായ കരുതല്‍ എന്തുകൊണ്ടാണത് സംഭവിക്കുന്നത്? ഒന്നുമല്ല, എല്ലാ വീടും ഇന്നല്ലെങ്കില്‍, നാളെ മരിച്ച വീടാകും.അവിടെ സംഭവിച്ചതെല്ലാം എല്ലായിടത്തും സംഭവിക്കും. ഉത്തരവാദിത്വങ്ങളില്‍ നിന്നെല്ലാം പടിയിറങ്ങേണ്ടിവരും. ആരുമതില്‍ നിന്ന് മുക്തരല്ല. മത മൂല്യങ്ങളെ അംഗീകരിക്കുന്നതിന്റെ ഭാഗമാണീ കരുതലെല്ലാം.
പാവങ്ങള്‍ക്ക്, യതീമിന്റെ അവകാശം ഒന്നുപോലും തടഞ്ഞേക്കരുത് എന്നല്ലേ മതപാഠം. “മതത്തെ കളവാക്കുന്നവനെയറിയുമോ? അനാഥക്കുട്ടിയെ ആട്ടിയകറ്റുന്നവനാണത്. പാവങ്ങളുടെ ഭക്ഷണകാര്യത്തില്‍ പ്രോത്സാഹനം നല്‍കാത്തവനാണത്.’ (സൂറ: മാഊന്‍)
അല്ലെങ്കിലും മരണവാര്‍ത്ത കേട്ടാല്‍ തന്നെ നമ്മള്‍ പറയുന്നത് അതാണല്ലോ!? “വൈകാതെ ഞാനും ആ വഴി വരേണ്ടതാണ്.’ അതു തന്നെയാണ് ശരിയും. ആ ബോധ്യമാണ് നമ്മെ ശ്രദ്ധാലുക്കളാക്കുന്നത്. ചമഞ്ഞു കിടക്കാനുള്ള അവസാന അവസരമായിരുന്നില്ലേ? മൂന്നു കഷണം തുണിയില്‍ അതു തീര്‍ത്തു കളഞ്ഞു. കല്യാണത്തിന് എന്തുമാത്രം ചമയങ്ങളായിരുന്നുവെന്ന് ഒരു കവിതയില്‍ ചോദിക്കുന്നുണ്ട്.
മരണാവസരം വരെ സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ജ്വലിച്ച് നില്‍ക്കലാണ് മനുഷ്യ നിയോഗം. “അയാള്‍ മരിച്ചോ?’ എന്ന സ്വാഭാവിക ചോദ്യത്തില്‍ നഷ്ടബോധങ്ങളുടെ വേദന കലര്‍ത്താന്‍ കഴിയണം. നമ്മെപ്പറ്റി അയാള്‍ മരിക്കരുതായിരുന്നുവെന്ന തോന്നല്‍ മികച്ചുവരണം. നമ്മുടെ മരണം നമ്മില്‍ മാത്രം സംഭവിക്കണം. ഓര്‍മകളില്‍ പിന്നെയും ജീവിക്കാന്‍ കഴിയണം ■

Share this article

About മുബശ്ശിര്‍ സുറൈജ് സഖാഫി

mubashirkaipuram33@gmail.com

View all posts by മുബശ്ശിര്‍ സുറൈജ് സഖാഫി →

Leave a Reply

Your email address will not be published. Required fields are marked *