സംഘടനകള്‍ക്കിടയില്‍ ഏകോപനമില്ല, മത്സരമുണ്ട്‌

Reading Time: 4 minutes

പ്രവാസി സംഘടനകളുടെ ആശയമപരമായ ഉള്ളടക്കം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. തങ്ങള്‍ ഉള്ളടക്കം വെച്ചു പുലര്‍ത്തുന്നു/പുലര്‍ത്തുന്നില്ല എന്നതിനേക്കാള്‍ ആശയ ആവശ്യത്തിന്റെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്നവരും ഉണ്ട്. പൊതുവെ സൃഷ്ടിപരമായ ഉള്ളടക്കത്തെ പിന്താങ്ങുമ്പോഴും സ്വതന്ത്രമായി അത്തരം ഗൗരവ വിഷയങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിന്റെ അപ്രായോഗികതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഘടനകളുടെ ഉള്ളടക്കം നിര്‍ണയിക്കുക അതിനെ നയിക്കുന്നവരുടെ വീക്ഷണങ്ങളാണെന്നു സമ്മതിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ സംഘടനകളുടെ രൂപീകരണലക്ഷ്യത്തെയും സ്വഭാവത്തയും ആശ്രയിച്ച് തുടര്‍ന്നുവരുന്ന സാമ്പ്രദായിക രീതികള്‍ക്കപ്പുറം പ്രവാസി സംഘടനകളുടെ വീക്ഷണങ്ങളും ദൗത്യവും പോകാറില്ല. ഇതിനു പലകാരണങ്ങളുണ്ട്. അതില്‍ പ്രധാനം, കേരളത്തിലെ മാതൃസംഘടനക്ക് ശക്തിപകരുക എന്ന പ്രാഥമിക ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് സംഘടനകള്‍ക്ക് പ്രത്യേക അസ്തിത്വവും വ്യതിരിക്ത ഉള്ളടക്കവും ആവശ്യമുണ്ടോ എന്ന ചോദ്യമാണ്. ഒരു മൗലിക സംഘശക്തിയായി പ്രവാസികള്‍ നിലകൊള്ളേണ്ടതില്ല എന്ന ഈ അഭിപ്രായത്തെയും വിശകലന വിധേയമാക്കേണ്ടതുണ്ട്.
പ്രവാസിയുടെ ഏറ്റവും ലളിതമായ ആവശ്യം മുഖ്യ പരിഗണനയിലെടുക്കുന്ന ചില കൂട്ടായ്മകള്‍ക്കെങ്കിലും മാതൃസംഘടന എന്ന പൊക്കിള്‍കോടി ബന്ധം അധികപറ്റായാണ് അനുഭവപ്പെടുന്നത്. അതിനു കാരണമായി പറയുന്നത് കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവും മതജാതി ചിന്തകളുടെ വേലിക്കെട്ടുകളുമാണ്. ഇവരുടെ അജന്‍ഡയില്‍ തൊഴില്‍ ജീവിതത്തിനിടക്കുവരുന്ന ഒഴിവുവേളകള്‍ ആഘോഷിക്കുക എന്നതില്‍ കവിഞ്ഞൊന്നുമല്ല സംഘംചേരല്‍. ജീവിത സമ്മര്‍ദങ്ങളില്‍നിന്ന് മുക്തമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ആശയപരമായ ഏകോപനമോ ഉന്നമോ മറ്റൊരു മാനസികരോഗം സമ്മാനിക്കുമെന്ന് ഇത്തരക്കാര്‍ ഉറച്ചുവിശ്വസിക്കുന്നു. ജീവിതം ആസ്വാദ്യകരമാക്കുക എന്ന പൊതുലക്ഷ്യത്തിൽ മാത്രം രൂപപ്പെടുന്ന പ്രവൃത്തി മണ്ഡലങ്ങള്‍ക്ക് സ്ഥായീഭാവം ലഭിക്കുകയില്ലെന്ന വിമര്‍ശത്തെ, അതാണ് കൂടുതല്‍ ആസ്വാദ്യകരം എന്ന് വ്യാഖ്യാനിക്കാനാണ് ഇവര്‍ മുതിരുന്നത്.
കുറേക്കൂടി സാമൂഹിക ബാധ്യത ഏറ്റെടുക്കുന്നവരെന്നു സ്വയം സമാധാനിക്കാവുന്ന സംഘങ്ങളും വ്യക്തികളുംഉണ്ട്. ആതിഥേയ രാജ്യത്ത് പ്രവാസികള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള താല്കാലിക സഹായങ്ങളിലും കൈനീട്ടങ്ങളിലും ആണവര്‍ ആത്മ സംതൃപ്തി കണ്ടെത്തുന്നത്. ഈ സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇടതുപക്ഷ പ്രവര്‍ത്തകനും പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗവുമായ ജോര്‍ജ്‌ വര്‍ഗീസ് ചില വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത താല്പര്യങ്ങളും രാഷ്ട്രീയവും വെച്ചുപുലര്‍ത്തുമ്പോഴും പൊതുവായ കാര്യങ്ങളിൽ ഒന്നിച്ചുനില്‍ക്കാന്‍ കഴിയാറുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. പ്രവാസികളെ സംബന്ധിച്ച പൊതു വിഷയങ്ങളില്‍ എടുത്തു പറയത്തക്ക ഭിന്നാഭിപ്രായങ്ങളില്ല എന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയമായും മതപരമായും സാമൂഹികമായും വിവിധ ഉദ്ദേശ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ഉണ്ടാകുന്ന വിവിധ തട്ടുകള്‍ വൈവിധ്യങ്ങളായാണ് കാണേണ്ടത്. ആ വൈവിധ്യങ്ങള്‍ ഒരര്‍ഥത്തില്‍ നേട്ടമായി വിലയിരുത്താം. ഗള്‍ഫ് മേഖലയിലെ തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മലയാളികള്‍ സാമൂഹിക സാംസ്‌കാരിക ജീവകാര്യണ്യ മേഖലകളില്‍ മികച്ചു നില്‍ക്കുന്നു. നമ്മള്‍ സംഘടിതരാണ് എന്നതുതന്നെ കാരണം. അതിലൂടെ സാമൂഹിക സേവനത്തിന് ഒരു മാത്സര്യം ഉണ്ടാകുന്നില്ലേ? അത് ജനങ്ങളോടുള്ള ഒരു കരുതലാണ്. വലിയ തോതിലുള്ള സാമൂഹിക പരിരക്ഷ ജീവകാരുണ്യ രംഗത്ത് ഗള്‍ഫിലെ മലയാളികള്‍ മറ്റാരേക്കാളും അനുഭവിക്കുന്നു. പ്രവാസികള്‍ പ്രവര്‍ത്തിക്കുന്ന പ്രതലങ്ങളില്‍ സംഘടിക്കുന്നതിന് ഒരുപാട് പരിമിതികളുണ്ട്. ആശയപരമായ ഏകീകരണത്തെക്കുറിച്ച് പറയുമ്പോള്‍ പ്രധാനപ്പെട്ട ഒരു കാര്യം, ഗള്‍ഫിലെ പ്രവാസികള്‍ കുടിയേറ്റ നിയമത്തിന് വിധേയരല്ലാതെ കഴിയുന്നവരാണ് എന്നത് മനസിലാക്കേണ്ടതുണ്ട്. ഇവിടെ സംഘടിക്കുന്നവര്‍ക്ക് ഒരു തികഞ്ഞ സമ്മര്‍ദ ശക്തിയായി മാറുന്നതിന് പരിമിതികള്‍ ഏറെയാണ്. നമ്മള്‍ ജീവിക്കുന്നത് ഒരിടത്തും ചവിട്ടേണ്ടത് മറ്റൊരിടത്തും ആകുന്നതില്‍ ചില വിഷയങ്ങള്‍ ഉണ്ട്. ആ പരിമിതിയെ ഉള്‍ക്കൊള്ളാതെ സംഘടനകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ട് എന്ത് പ്രയോജനം? അങ്ങനെയൊക്കെയാണെങ്കിലും ഈ പരിമിതികള്‍ക്കുള്ളിൽ നിന്നു കൊണ്ടുള്ള ശ്രമങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ സര്‍ക്കാരുകള്‍ പ്രവാസികള്‍ക്കു ചെയ്ത അത്രയും മറ്റു ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തിട്ടുണ്ടോ എന്നുകൂടി പരിശോധിക്കാന്‍ തയാറാകണം. ഫെഡറല്‍ സംവിധാനത്തിലെ ഒരു സ്റ്റേറ്റിന്റെ പരിമിതികളെയുംകാണേണ്ടതുണ്ട്. സ്വാഭാവികമായും വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കും എംബസികള്‍ക്കും മാത്രമേ അത് പൂര്‍ണമായും നിര്‍വഹിക്കാന്‍ കഴിയൂ. ഇവയൊന്നും കാണാതെ സംഘടനക്കകത്തെ അന്ത:ഛിദ്രതയും രാഷ്ട്രീയ അതിപ്രസരത്തിന്റെ പോരായ്മകളും മാത്രം ചൂണ്ടി പ്രവാസി സ്വത്വത്തെ വിലയിരുത്തുന്നത് ഒരിക്കലും പൂര്‍ണാശയത്തില്‍ എത്തില്ലെന്നും ജോര്‍ജ് വര്‍ഗീസ് പറയുന്നു.
പ്രവാസ ലോകത്തെ അടയാളപ്പെടുത്തുകയും സംഘടനകളുടെ ആവശ്യം സാധാരണക്കാർ വരെ ആഗ്രഹിക്കുകയും ചെയ്യുന്ന രംഗമാണ് സാമൂഹിക സേവനം. ഇവിടെ നിലനില്‍ക്കുന്ന പ്രായോഗിക പ്രശ്‌നങ്ങൾ നേരനുഭവങ്ങളില്‍നിന്ന് വിവരിക്കുകയാണ് കെഎംസിസി വെല്‍ഫെയര്‍ വിഭാഗം ഭാരവാഹിയായ സിദ്ദീഖ് തുവ്വൂര്‍; സാമൂഹിക നിര്‍മാണ പ്രക്രിയയില്‍ ഇടപെടുന്ന സംഘടനകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഗുണപരമാണ്. മളയാളി സംഘടനകള്‍ തമ്മിലെഏകതക്കുറവിനേയും ഒരു സംഘടനക്കകത്തു തന്നെ സംഭവിക്കുന്ന ഉള്‍പിരിവുകളെയും സമ്മതിക്കുന്നു. ഇതുകാരണം സാമൂഹിക പ്രവര്‍ത്തനത്തില്‍ നേരിടുന്ന പ്രായോഗിക പ്രയാസങ്ങളുണ്ട്. നിലവിലെ സംവിധാനത്തില്‍ സാധ്യമായ ചില പരിഹാര നിര്‍ദേശങ്ങളുമുണ്ട്. പ്രവാസിക്ക് ഏതെങ്കിലും തരത്തില്‍ അത്യാഹിതം സംഭവിക്കുകയോ സഹായം ആവശ്യമായി വരികയോ ചെയ്യുമ്പോഴുണ്ടാകുന്ന ഒറ്റപ്പെടലും അനാഥത്വവും അല്ല, ഏറ്റെടുപ്പുകാരുടെ മത്സരം ഉണ്ടാക്കുന്ന തലവേദനകളാണ്.
ഒരു മരണം സംഭവിച്ചാല്‍ അനന്തര ക്രിയകള്‍ക്കോ നാട്ടില്‍ അയക്കുന്നതിനോ വേണ്ടി നടത്തുന്ന നിയമ സഹായം ഗള്‍ഫില്‍ പ്രധാനമാണ്. ഒരു കേസിന്റെ പുറകെ കുറേയധികം ആളുകള്‍ ഉണ്ടായാല്‍ എന്താകും അവസ്ഥ. ഇടപെടുന്നവര്‍ക്ക് സമയ-അധ്വാനഷ്ടം, നടപടികള്‍ വൈകല്‍ മാത്രം. ഒരുവിഷയത്തില്‍ ഇന്നയാള്‍ രംഗത്തുണ്ടെന്ന് ഒരു ഔദ്യോഗിക സംവിധാനം വഴി അറിയിക്കാന്‍ സാധിച്ചാല്‍ ഒരേ കേസിനു പിന്നാലെ കുറേപേര്‍ ഓടേണ്ട സ്ഥിതിയുണ്ടാകില്ല. ആ സമയം മറ്റു കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുകയും കൂടുതല്‍ പേര്‍ക്ക് സേവനം ലഭ്യമാക്കുകയും ചെയ്യാം. ഒരു മരണമോ, ആശുപത്രിയുമായി ബന്ധപ്പെട്ടതോ തടവ് കേസോ തുടങ്ങി പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ കോവിഡ് കാലത്ത് ബന്ധപ്പെടുമ്പോള്‍ ഉണ്ടായചില അനുഭവങ്ങള്‍ പറയാം. ഒരു വിഷയത്തില്‍ ഒരു ടീം ഇടപെടുന്നതിനിടയില്‍ മറ്റൊരു വിഭാഗംകൂടി വന്നാല്‍ സഹായം ലഭിക്കേണ്ട വ്യക്തിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടാക്കുന്ന ആശയക്കുഴപ്പം ചില്ലറയല്ല. ഒരോരുത്തര്‍ക്കും ഓരോ പരിഹാര രീതികളാണ് ഉണ്ടാകുക. പലതുമാകുമ്പോൾ വിഷയം സാധിച്ചുകിട്ടാന്‍ കാലതാമസം വരും. പലപ്പോഴും രണ്ടോ അതില്‍ കൂടുതലോ ആളുകള്‍ ഇങ്ങനെ ഒരേ കേസില്‍ ഇടപെടുന്ന അവസ്ഥയുണ്ട്. സര്‍ക്കാര്‍, ഏകീകരണത്തിന് സംവിധാനം ഉണ്ടാക്കിയാല്‍ തന്നെ കൂടുതല്‍ പ്രയത്‌നമോ നിക്ഷേപമോ ഒന്നും ഇല്ലാതെ ഈ രംഗം സുഗമമാക്കാന്‍ കഴിയും. ചുമതലപ്പെടുത്തപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകരിൽ നിന്ന് വാര്‍ഷികാടിസ്ഥാനത്തിലോ മറ്റോ ഇടക്കാല റിപ്പോര്‍ട്ടുകള്‍ വാങ്ങി കൂടുതല്‍ ഫലപ്രദമാക്കാനും സാധിക്കും. ഇത് സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നവര്‍ക്ക് ഒരു പിന്തുണയാകുകയും അംഗീകരിക്കപ്പെടാന്‍ കാരണമാകുകയും ചെയ്യും. നാലാള്‍ അറിയണമെന്ന ഉദ്ദേശ്യത്തിലല്ല. ഞങ്ങളൊക്കെ ഒരു ഐഡി കാര്‍ഡോ എംബസി ഓതറൈസേഷനോ ഒന്നും ഇല്ലാതെയാണ് പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത്. ഈ മേഖലയിലെ പ്രവൃത്തിപരിചയവും ഉദ്യോഗസ്ഥരുമായുള്ള വ്യക്തിഗത ബന്ധങ്ങളും ഉപയോഗപ്പെടുത്തി മാത്രമാണ് വേഗത്തില്‍ സേവനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്. രാഷ്ട്രീയമായോ സീനിയോറിറ്റി അടിസ്ഥാനത്തിലോ ഒരു ഈഗോ പ്രശ്‌നവും ഇല്ലാതെ സഹായം ലഭിക്കേണ്ടവര്‍ക്ക് കൃത്യതയോടെയും സമയത്തും ലഭ്യമാക്കാന്‍ ഏകീകരണത്തിന് കഴിയുമെന്നാണ് പറഞ്ഞു വരുന്നത്.
ഇത്തരം രംഗങ്ങള്‍ കൊഴുപ്പിക്കുന്നതില്‍ ചില മാധ്യമങ്ങള്‍ക്കുള്ള പങ്കുകൂടി പറയേണ്ടതുണ്ട്. അവര്‍ക്ക് ഭിന്നിപ്പും തര്‍ക്കങ്ങളും പലപ്പോഴും വിഭവങ്ങളാണല്ലോ. കോവിഡിന്റെ തുടക്കത്തില്‍ റിയാദ് ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ ഇന്ത്യക്കാരായഇരുന്നൂറോളം ആളുകളാണ് ഉണ്ടായിരുന്നത്. ഇത് തര്‍ഹീലിലെ അസിസ്റ്റന്റ് മുദീര്‍ ഔദ്യോഗിക സ്വഭാവത്തോടെ അറിയിച്ച വിവരമായിരുന്നു. ഉടനെ എംബസി ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ആധികാരികമായ വിവരം ലഭിച്ചിട്ടും ഒരു മാധ്യമത്തില്‍ മറ്റാരെയോ ഉദ്ധരിച്ച് തര്‍ഹീലില്‍ ഇന്ത്യക്കാര്‍ ആരുമില്ലെന്ന വാര്‍ത്തവന്നു. ഇത് കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ലക്ഷ്യംഈ രംഗത്തുള്ള തങ്ങളല്ലാത്തവരെ തളര്‍ത്തുക എന്നതായിരുന്നു. മറ്റൊരു സംഭവം, 5,81,000 റിയാല്‍ ദിയ അടക്കണമെന്ന് വിധിവന്ന ഒരു കേസ് ഒന്നരവര്‍ഷത്തിനു ശേഷമാണ് ഞങ്ങളുടെ ടീമിന്റെ അടുത്തെത്തുന്നത്. ആ കേസ് പഠിച്ചു, കൃത്യമായി ഫോളോഅപ്പ്‌നടത്തി ജഡ് ജിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ഇരയാക്കപ്പെട്ടയാള്‍ റിലീസായി. അദ്ദേഹത്തെ നാട്ടിലേക്കയച്ചു. അപ്പോഴും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചില പ്രത്യേക താല്പര്യത്തോടെ നിരുത്തരവാദപരമായിരുന്നു.
ആ കേസിന്റെ തീര്‍പ്പ് സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ക്കേ അറിയൂ. ആളുകള്‍ക്കിടയില്‍, സംഘങ്ങള്‍ക്കിടയില്‍ ഇത്തരം ഭിന്നിപ്പ് സൃഷ്ടിക്കുന്നതില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാര്യമായ പങ്കുണ്ട്. ഇങ്ങനെ ധാരാളം സംഭവങ്ങള്‍ ഉണ്ട്. ഇത്തരം മത്സരങ്ങൾ മൂലം രണ്ട് മണിക്കൂര്‍ കൊണ്ട് നടക്കേണ്ട കാര്യങ്ങള്‍ പലപ്പഴും ദിവസങ്ങള്‍ വൈകാറുണ്ട്. മൃതദേഹം വെച്ചുപോലും ഈ കളിയുണ്ടാകുന്നു എന്നത് ഏറെ വേദനിപ്പിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് പിടിച്ച് വെക്കുക, മാധ്യങ്ങളെ സ്വാധീനിക്കുക, പവര്‍ ഓഫ് അറ്റോണിയെ ഭീഷണിപ്പെടുത്തുക തുടങ്ങിയ നിരവധി ചെയ്തികളിലൂടെയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെനോര്‍ക്കക്ക് കീഴിലോ മറ്റോ ഒരു ഏകീകൃത സംവിധാനം വഴി സാമൂഹ്യ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ഔദ്യോഗിക സഹായങ്ങള്‍ ലഭ്യമാക്കാനും കഴിയും എന്നാണ് താന്‍ മുന്നോട്ട് വെക്കുന്ന പരിഹാരമെന്നും സിദ്ദീഖ് തുവ്വൂര്‍ പറയുന്നു.
പ്രവാസി സംഘടനകള്‍ക്കിടയില്‍ പെട്ടെന്നൊരു പൊതു ഏകീകരണം സാധ്യമല്ലെന്ന അഭിപ്രായക്കാരനാണ് സൗദിയിലെ ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് മുന്‍ സാരഥിയും, നിലവിൽ കിഴിശ്ശേരി റീജനല്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ് പ്രിന്‍സിപലുമായ മുസ്തഫ വാക്കാലൂര്‍. പ്രവാസി സംഘടനകളെ വിലയിരുത്തി രിസാലയില്‍ തുടങ്ങിയ ചര്‍ച്ച ഒരേ സമയം വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ ആശയത്തിലേക്ക് ഒരു കണ്ണെടുത്തുവെക്കല്‍ നടത്തി എന്നേ സമാധാനിക്കേണ്ടതുള്ളൂ. എല്ലാവരെയുമെന്ന പോലെ രിസാല പ്രതിനിധീകരിക്കുന്ന സംഘടനകളെയും വിശകലന വിധേയമാക്കണം. തുടക്കം മുതല്‍ സൂചിപ്പിച്ചുപോന്ന സംഘടനകളുടെ ഒരു ദിശാബോധപ്രശ്‌നം അങ്ങനെ തന്നെ പറഞ്ഞവസാനിപ്പിച്ചു എന്ന പോലെ കൃത്യമായ ഒരു സംഗ്രഹത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ ലക്കം പ്രസിദ്ധീകരിച്ച വിശകലനത്തിനു സാധിച്ചിട്ടില്ല. എല്ലാ പ്രസ്ഥാനങ്ങളിലും ഇത്തരം കാര്യങ്ങളില്‍ ഗൗരവപൂര്‍വം ചിന്തിക്കുകയും അവ മറികടക്കാന്‍ ആലോചിക്കുകയും ചെയ്യുന്ന നല്ലൊരു വിഭാഗം ഉണ്ട്. അവര്‍ ചെറിയ ഒരു ശതമാനമേ വരൂ. സമാന മനസ്‌കരെ യോജിപ്പിക്കുക എന്നത് സാഹസമാകും. അതുകൊണ്ടു തന്നെ പൊടുന്നനെ ഒരു ഫലം പ്രതീക്ഷിച്ച് എന്തെങ്കിലും ഈ വിഷയത്തില്‍ ചെയ്യാന്‍ ആകും എന്ന പ്രതീക്ഷ അസ്ഥാനത്താണ്. എങ്കിലും ഇത്തരം ശ്രമങ്ങള്‍ നടത്തിയതിന്റെ ഓഡിറ്റിങിനെങ്കിലും ഈ പങ്കുവെപ്പുകള്‍ക്ക് കഴിയും എന്നതേ നടക്കാന്‍ സാധ്യതയുള്ളൂ-മുസ്തഫ പറഞ്ഞു.
ഒരു ആശയത്തിന്റെ സംവാദ സാധ്യത തുറന്നിടുന്നതിന് ഉദാഹരിക്കപ്പെടുന്ന കറുത്ത കുത്തുകള്‍, പ്രവാസി സംഘടനകളുടെ പ്രസക്തിയെ നിരാകരിക്കുന്നതോ സംഘടനാവിരുദ്ധത മുന്നോട്ടു വെക്കുന്നവയോ അല്ല. തങ്ങള്‍ സാമ്പ്രദായികമായി ഭദ്രമാണെന്ന ധ്വനി പുതിയ കാറ്റിനും വെളിച്ചത്തിനും എതിരെ വാതിലടക്കുന്നതിന് തുല്യമാകും. ഈ മനസ്ഥിതിയുടെ വേറൊരുതലം, ഒരു അപാര കര്‍തൃത്വം രൂപപ്പെടുകയും അത് ആശയപരമല്ലാതിരിക്കുകയും ചെയുന്നു എന്നതാണ്. ആശയത്തില്‍ കേന്ദ്രീകരിച്ച് സ്വതന്ത്രവും സര്‍ഗാത്മകവുമായ നിലപാടിലേക്കോ അങ്ങനെയൊരു വ്യതിരിക്തവ്യക്തിത്വത്തിലേക്കോ സംഘടനകള്‍ മാറേണ്ടതുണ്ട് എന്ന് വിശ്വസിക്കുമ്പോഴും സാങ്കേതികവും പ്രായോഗികവുമായ പ്രശ്‌നങ്ങള്‍ക്കിടയില്‍ നടക്കാതെ പോകുന്നു എന്ന പരിതാപമാണ് പല സംഘാടകര്‍ക്കും. ഇത്തരക്കാർ പോലും മുന്നോട്ട് വെക്കുന്നതും സ്വയം സമാധാനിക്കുന്നതുമായ സംഗതി, പ്രവര്‍ത്തന പദ്ധതികളും മുദ്രാവാക്യങ്ങളും സംഘടനാഘടനയും പ്രമേയവുമെല്ലാം നാട്ടിലെ മാതൃസംഘടനകൾ നിര്‍വഹിച്ചുകൊള്ളും, അതിനനുസരിച്ച് കേവല എക്സിക്യൂഷൻ ചുമതല നടത്തിയാല്‍ മതിയാകും പ്രവാസി പോഷക ഘടകങ്ങളെന്നാണ്. പ്രാദേശിക സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി വ്യവഹാരാവശ്യങ്ങള്‍ക്കുള്ള നീക്കുപോക്കുകളോ അടവുശൈലികളോ ആകാമെന്നല്ലാത്ത ഒരു സമ്പൂര്‍ണ ആശയ രൂപീകരണത്തിന്റെ വാതിലുകള്‍ പ്രവാസ ലോകത്തെ സംഘടനകള്‍ പലതും സ്വപ്നം കാണുന്നുപോലും ഇല്ല.
കേരളത്തിലെ രാഷ്ട്രീയ സംഘടനകള്‍ക്ക് ശക്തിപകരുക എന്നതാണ് ഒട്ടുമിക്ക പ്രവാസി സംഘടനകളുടെയും ധര്‍മം. സാമ്പത്തിക തലത്തില്‍ മാത്രമല്ല, രാഷ്ട്രീയ സംസ്‌കാരിക സാമൂഹിക തലങ്ങളിലും സ്വാധീനം ചെലുത്താന്‍ മാത്രം ആശയ, അംഗബലങ്ങള്‍ കൊണ്ട് മുന്നിട്ടു നില്‍ക്കുമ്പോഴും ഒരു തുറവി സംഭവിക്കുന്നില്ല എന്നിടത്താണ് ഈ ചര്‍ച്ചയുടെ കാതല്‍. അവിടെയാണ് പ്രവാസി സംഘങ്ങള്‍ ആത്യന്തികമായി ആഗ്രഹിക്കുന്നതും തൃപ്തമാകുന്നതും പദവിയിലും പേരിലുമാണോ എന്ന വിമർശമുയരുന്നത്. മികച്ച സംഘടനാ പാടവവും നേതൃമികവും കാണിക്കുന്നവര്‍ പോലും നാട്ടിലെത്തിയാല്‍ സ്വന്തത്തെ പരിഗണിക്കപ്പെടുന്നില്ല എന്ന പരാതിയാണ് ഉയര്‍ത്തുക. സ്വത്വം അപ്പോഴും ഉണരുന്നില്ലെന്നര്‍ഥം. നേതൃപദവിക്കു വേണ്ടിയുള്ള മത്സരം പ്രവാസ സംഘടനകളില്‍ സര്‍വ സാധാരണമായി കാണാം. നാട്ടിൽ നിന്നു നിയന്ത്രിക്കുന്ന സംഘടനകളില്‍ പലതിലും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പു പോലും നടക്കാത്തതില്‍ അസംതൃപ്തരാണ്. സ്വീകര്യയാനായ ഒരു നേതാവിനെക്കൊണ്ട് പാനല്‍ പ്രഖ്യാപനം നടത്തിച്ച് പുനഃസംഘനകള്‍ പൂര്‍ത്തിയാക്കുന്ന വാര്‍ത്തകളും അതിന്റെ പേരില്‍ നടക്കുന്ന കലഹങ്ങളും മാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും വെച്ച വിഭവമാണ്. പലപേരില്‍ സംഘടനകള്‍ പെരുകുന്നതിന് ഈ നേതൃതര്‍ക്കം ഒരു കാരണമാണ്. ഗ്രൂപ്പിസത്തിന് കോണ്‍ഗ്രസാണ് നാട്ടില്‍ പേരുകേട്ടതെങ്കില്‍ ഗള്‍ഫില്‍ ഒട്ടുമിക്ക സംഘടനകളിലും ഈ അവസ്ഥയുണ്ട്. അവിടെ രാഷ്ട്രീയ മത സാംസ്‌കാരിക വ്യത്യാസങ്ങളില്ല.
ചുരുക്കത്തില്‍ ഒരു പൗര സഞ്ചയം എന്ന പൊതു സ്വത്വത്തില്‍ നിന്ന് സ്വാഭാവിക ആധിയും പേടിയും മൂത്ത അരക്ഷിതത്വത്തിന് പുറമെ സംഘം ചേരല്‍ മറ്റൊരു പ്രശ്‌നമായി മാറുന്നിടത്താണ് ആശയപരമായ ഉള്ളടക്കത്തിന്റെ പ്രസക്തി. ഈ അവസ്ഥയെ മറികടക്കുന്നതിന് തികഞ്ഞ രാഷ്ട്രീയബോധം വേണ്ടിവരും. വ്യവസ്ഥകള്‍ക്കു എതിരെ നിലകൊള്ളുക എന്നത് മികച്ച രാഷ്ട്രീയമാണ്. എന്നാല്‍ ചെറുതെങ്കിലും അത്തരം പവറുകള്‍ക്കു വേണ്ടി പ്രയത്‌നിക്കുക എന്ന കക്ഷിത്വ മനോഭാവം രൂപപ്പെട്ടു വരുന്നതിനെ താത്വികമായും പ്രായോഗികമായും അഭിമുഖീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയം ഉപയോഗപ്പെടേണ്ടത് വിവിധ തട്ടുകളില്‍ വിഘടിച്ച്‌ പോകുന്നതിന് വേണ്ടിയാകരുത്. പ്രവാസി വ്യവഹാര ഭാഷയും രാഷ്ട്രീയ ശൈലിയും ഇടക്കാലത്ത് ഉയര്‍ന്ന അപവാദങ്ങളൊഴിച്ചാല്‍ പൊതുവെ ബഹുസ്വരത ഉള്‍ക്കൊള്ളുന്നതാണ്. ഈ അനുകൂലാന്തരീക്ഷത്തെ കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളിലും കാഴ്ചപ്പാടുകളിലും സംഘടനകളും കൂട്ടായ്മകളും എങ്ങനെ സമീപിച്ചു എന്ന സൂക്ഷ്മാന്വേഷണവും വിശകലനവും ആവശ്യമുണ്ട്.
(അവസാനിച്ചില്ല)

Share this article

About ലുഖ്മാൻ വിളത്തൂർ

luqmanvilathur@gmail.com

View all posts by ലുഖ്മാൻ വിളത്തൂർ →

Leave a Reply

Your email address will not be published. Required fields are marked *