സംഘടനകള്‍ക്കകത്തെ പോസിറ്റീവ് ലോബിയിംഗ്‌

Reading Time: 2 minutes

വിശാലമായ ഒരു സംഘടനകൾക്കോ സ്ഥാപനത്തിനോ സര്‍ക്കാരിനോ അകത്ത് മികച്ചതും പുരോഗമനപരവുമായ നയങ്ങളും തീരുമാനങ്ങളും രൂപപ്പെടുന്നതിനു വേണ്ടി ചില ആസൂത്രിതമായ ആലോചനകളും ആശയങ്ങളുടെ ഒരുക്കൂട്ടലുകളും വേണ്ടിവരും. ഒരു ആശയത്തിലേക്ക് ഒരു സംഘത്തെ കൊണ്ടുവരുന്നതിനുവേണ്ടി ചെറുസംഘങ്ങളുടെ കൂട്ടായ പരിശ്രമങ്ങള്‍ ഫലവത്താണ്. ചിലപ്പോഴെല്ലാം തെറ്റായ തീരുമാനങ്ങളില്‍ നിന്ന് സംഘടനകളെയും സ്ഥാപനങ്ങളെയും പിന്തിരിപ്പിക്കുന്നതിനും ഇത്തരം ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ദുരുദ്ദേശ്യത്തോടെയല്ലാത്ത ഒരു കൂറുമുന്നണി പ്രവര്‍ത്തനമാണിത്, ലോബിയിംഗിലെ പോസിറ്റീവായ പ്രയോഗം. ഗ്രൂപ്പിസം, കോക്കസ് എന്നിത്യാദി വിലയിരുത്തപ്പെടലുകള്‍ക്കു വിധേയമാകാവുന്ന സങ്കീര്‍ണത നിറഞ്ഞ ഒരു നീക്കംകൂടിയാണിത്. ആശയനിലവാരങ്ങളില്‍ ബഹുമുഖത്വം പ്രകടിപ്പിക്കുന്ന സമൂഹങ്ങള്‍ക്കകത്തേക്ക് ബൗദ്ധിക പക്വതകള്‍ ഒളിച്ചുകടത്താനുള്ള ശ്രമമാണിത് എന്നതിനാല്‍ ലോബിയിംഗ് ഒരു ടൂള്‍ ആയി പരിഗണിക്കാം.
എന്നാല്‍, നിക്ഷിപ്തവും സങ്കുചിതവുമായ താത്പര്യങ്ങളാല്‍ പ്രേരിതമായ ആശയങ്ങളാണ് കൂറുമുന്നണികളുടേതെങ്കില്‍ വളരെ നെഗറ്റീവായ റിസൽറ്റ് ഉത്പാദിപ്പിക്കുന്ന പ്രവര്‍ത്തനംകൂടിയാണിത്. തീരുമാനമെടുക്കാന്‍ ശേഷിയുള്ളവരെ നേരിട്ടോ അവരെ സ്വാധീനിക്കാന്‍ സാധിക്കുന്നവരിലൂടെയോ നടത്തുന്ന മസ്തിഷ്‌ക ബോധനമാണിത്. ഇനി തീരുമാനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ക്കു തന്നെ ആശയപരമായ പിന്തുണ ആര്‍ജിക്കുന്നതിനുവേണ്ടിയും സമാനമനസ്‌കര്‍ക്കിടയില്‍ ലോബിയിംഗ് വേണ്ടിവരും. അല്ലെങ്കില്‍ ബൃഹത്തായ ആശയങ്ങള്‍ പോലും ബഹുമുഖ സമൂഹത്തിന്റെ നിഷേധ മനോഭാവങ്ങള്‍ക്കു നടുവില്‍ തകര്‍ന്നുപോകും. ഫലപ്രദവും പ്രസാദാത്മകവുമായി ലോബിയിംഗ് നടത്തണമെങ്കില്‍ അനുഭവംകൊണ്ടും പരിശീലനംകൊണ്ടും നേടിയെടുത്ത ബൗദ്ധിക, പ്രായോഗിക വഴക്കങ്ങള്‍ ആവശ്യമാണ്. വിഷയഗ്രാഹ്യതയാണ് അതില്‍ പ്രധാനം. സംഘടനയുടെ പൊതുകാഴ്ചപ്പാടും ഇടപെടുന്ന പ്രശ്‌നത്തിന്റെ വിവിധ തലങ്ങളും വസ്തുനിഷ്ഠമായും ചരിത്രം മുന്‍നിര്‍ത്തിയും തികഞ്ഞ ധാരണ ഉണ്ടായിരിക്കണം.
പ്രയോഗത്തില്‍ പാളാതെ യും തെറ്റിദ്ധാരണക്കും എതിര്‍ പ്രചാരണങ്ങള്‍ക്കും ഇടം നല്‍കാതെയും ഇടപെടാന്‍ സാധിച്ചില്ലെങ്കില്‍ ഛിദ്രതയും വിടവുകളും സൃഷ്ടിക്കപ്പെടും. സഹകാരികളെ തിരഞ്ഞെടുക്കുന്നതിലും പ്രയോഗിക്കുന്നതിലും ഗൗരവമായ ശ്രദ്ധ പുലര്‍ത്തണമെന്നു ചുരുക്കം. പ്രശ്‌നപരിഹാര മനസ്ഥിതിയാണ് ലോബിയിംഗിലേര്‍പ്പെടുന്നവരെ നയിക്കേണ്ടത്. പുണ്ണും പുഴുക്കുത്തും തിരഞ്ഞ് പ്രവൃത്തിപഥത്തില്‍ അസ്വസ്ഥതയും വിഭാഗീയതും സൃഷ്ടിക്കപ്പെടുന്ന നീക്കങ്ങള്‍ ഈ ഗണത്തില്‍ പെടില്ല. ഉദ്ദേശ്യം നല്ലതായാല്‍ പോലും നിര്‍വഹണത്തിലെ ആസൂത്രണത്തിന്റെയും അവധാനതയുടെയും പോരായ്മ വിപരീതഫലങ്ങളുണ്ടാക്കും. ഇത്തരം പാളിച്ചകള്‍ സംഘസമൂഹത്തില്‍ ഉണ്ടാക്കുക ദൂരവ്യാപകമായ പ്രത്യാഘാതങ്ങളായിരിക്കും. ലക്ഷ്യത്തെക്കുറിച്ചുള്ള ഉള്ളുറപ്പും ആത്മവിശ്വാസവും വളരേ പ്രധാനമാണ്. ചില വ്യക്തികളെ മാത്രം മുന്നില്‍ കണ്ടാകരുത് നീക്കുപോക്കുകള്‍. ഇത്തരം ഉദ്യമങ്ങളില്‍ നിന്നും ഇടക്കാലത്തെ പിന്മാറ്റം ഗുണം ചെയ്യില്ലെന്ന് മാത്രമല്ല, ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാവിയെത്തന്നെ ബാധിക്കുകയും ചെയ്യും. നാം രൂപപ്പെടുത്തുന്ന ആശയപരമായ താത്പര്യത്തോടുള്ള അഭിനിവേശവും അതു സാര്‍ഥകമാക്കാനുള്ള സ്ഥിരോത്സാഹവുമാണ് നയിക്കേണ്ടത്. ഫലം കാണുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയും ലോബിയിംഗിന് അത്യാവശ്യമാണ്. മികച്ച ആസൂത്രണം എന്നാല്‍ സംഘത്തിലെ എല്ലാവരും തമ്മിലുള്ള ചിന്താനിലവാരത്തിലെ പൊരുത്തവും നിലപാടുകളിലെ കൃത്യതയും കൂടിയാണ്. എല്ലാവരും അപ്‌ഡേറ്റഡ് ആകുകയും വിശദീകരണങ്ങളും മറുപടികളും ഒന്നാകുകയും ചെയ്യുമെന്ന് ഉറപ്പു വരുത്തുകയും വേണം. ലോബിയിംഗുകള്‍ ഒരര്‍ഥത്തില്‍ ആളുകളെ ബോധവത്കരിച്ച് സംഘടിപ്പിച്ച് ഉണ്ടാക്കുന്നവയല്ല, സ്വാഭാവികമായ അനിവാര്യതയില്‍ നിന്ന് രൂപപ്പെടുന്നതു കൂടിയാണ്. അഥവാ ആളെക്കൂട്ടി നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിഭാഗീയതയിലേക്കു വഴുതാനുള്ള സാധ്യതകൂടുതലാണ്.
സമ്പ്രദായിക രീതികള്‍ തോല്‍ക്കുകയും ലോബിയിംഗ് സൂത്രം പ്രയോഗിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ആഘാതം വലുതും ആകുമ്പോള്‍ മാത്രമാണ് ഇത്തരം മാര്‍ഗത്തിന്റെ അനിവാര്യത കൈവരുന്നുള്ളൂ. കുത്തിത്തിരിപ്പുമായി ലോബിയിംഗിനെ കൂട്ടിക്കെട്ടി പ്രഹസനമാക്കുകയോ നിരന്തരം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മുദ്ര ചാര്‍ത്തപ്പെടുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകരുത്. നിരന്തര അവലോകനങ്ങള്‍ക്ക് വിധേയമായും യാഥാര്‍ഥ്യ ബോധത്തോടെ നിര്‍വഹിക്കേണ്ട ഒന്നാണ് പോസിറ്റീവ് ലോബിയിംഗ്. ഇത് നിര്‍വഹണ സംഘത്തെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുകയും സജീവതയും സുതാര്യതയും നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും ■

Share this article

Leave a Reply

Your email address will not be published. Required fields are marked *