ലോകോത്തര സാമ്പാർ

Reading Time: 2 minutes

പ്രവാസം ഒരു വെല്ലുവിളിയും മഹത്തായൊരു ദൗത്യവുമാണ്. ജീവിതത്തിന്റെ സുഖാനുഭൂതി അന്വേഷിച്ചു കടല്‍ കടക്കുന്നവരും നാട്ടില്‍ കിടക്കപ്പായയില്‍ ഇരിക്കപ്പൊറുതിയില്ലാതെ നാട് വിടുന്നവരും പ്രവാസികളിലുണ്ട്. പക്ഷേ, പിന്നീടുള്ള ജീവിതം പലപ്പോഴും ഒഴുകുന്ന പുഴയിലെ കടലാസുതോണി പോലെയായിരിക്കും. താമസം, ഭക്ഷണം, യാത്ര, ജോലി, ചൂട്, തണുപ്പ്, നാട്, വീട്, കുടുംബം, ബാധ്യത പലതും ഒന്നിച്ചു തലമണ്ടയില്‍ പല നക്ഷത്രങ്ങളായി മിന്നിക്കൊണ്ടിരിക്കും.
ഓരോ ശരാശരി പ്രവാസിയും അന്വേഷിക്കുക കുറഞ്ഞ വാടകക്കൊരു താമസസ്ഥലമാണ്. വാടക കുറയുമ്പോള്‍ സൗകര്യവും കുറയും.
പല ബാച്‌ലര്‍ റൂമുകളിലും തട്ടിക്കൂട്ടിയ അടുക്കളകളാകും ഉണ്ടാവുക. മടിയന്മാര്‍ കൂടുതലുള്ള റൂമുകളാണെങ്കില്‍ ഭക്ഷണവും തട്ടിക്കൂട്ടിയത് തന്നെയായിരിക്കും.
നാട്ടില്‍ കറിയില്‍ അല്‍പം ഉപ്പോ മുളകോ വ്യത്യാസം വന്നാല്‍ നമ്മുടെ ശമ്പളക്കാരെന്ന പോലെ വീട്ടുകാരെ ചീത്ത പറയുകയും ഭക്ഷണം വലിച്ചെറിയുകയും ചെയ്യുന്ന ന്യൂജെന്‍, ഗള്‍ഫില്‍ അടിമുടി മാറും. ആദ്യമായി കറിയുണ്ടാക്കി അത് വായില്‍ വെക്കാന്‍ കൊള്ളാത്ത സമയത്ത് സഹമുറിയന്മാര്‍ മുഖം ചുളിച്ചുള്ള രണ്ട് നോട്ടവും അര്‍ഥം വെച്ചുള്ള നാല് വാക്കുകളും തള്ളിവിടുമ്പോള്‍ അത് വരെ അവന്‍ നാട്ടില്‍ ഉമ്മയോട് ദേഷ്യപ്പെട്ടതൊക്കെ ഓര്‍ത്തു കരഞ്ഞ് കണ്ണ് കലങ്ങും. ആ രംഗം അനുഭവിക്കുക തന്നെ വേണം. പാവം, നമ്മുടെ ഉമ്മമാര്‍ എത്ര ക്ഷമാശീലരാണ്, എത്ര മാത്രം വിശാലഹൃദയമുള്ളവരാണ്. എല്ലാം മനസിലാക്കാനുള്ള അവസരം കൂടിയാണല്ലോ പ്രവാസം.
പത്ത് വര്‍ഷം മുമ്പാണ് ഞാന്‍ ആദ്യമായി വീട്ടില്‍ നിന്ന് മാറി താമസം തുടങ്ങുന്നത്. അതുവരെ പൊരിഞ്ഞും വെന്തും തിന്നാന്‍ പാകത്തിലുള്ള മീന്‍ മാത്രമേ കൈകൊണ്ട് തൊട്ടിരുന്നുള്ളൂ. അതായത് തീന്‍ മേശയിലെത്തുന്ന സാധനം അണ്ണാക്കിലേക്ക് വെച്ചുകൊടുക്കുക എന്ന പണിയേ പരിചയമുണ്ടായിരുന്നുള്ളൂ.
അബുദാബിയില്‍ ആദ്യത്തെ മൂന്നാഴ്ച കമ്പനി വക ഭക്ഷണമായിരുന്നതിനാല്‍ ഗള്‍ഫ് കൊള്ളാമല്ലോ എന്ന് തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും ട്രെയിനിങ് കഴിഞ്ഞു ഞങ്ങളെ ജോലിസ്ഥലത്തേക്ക് കയറ്റു മതി ചെയ്തു. അവിടെ സ്വന്തം റൂം, സ്വന്തം ഭക്ഷണം. ഗള്‍ഫ് ഭാഷയില്‍ പറഞ്ഞാല്‍ എല്ലാം അപ്‌നാ അപ്‌നാ.
പുതിയ റൂമില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണമുണ്ടാക്കണം. രണ്ടും കൽപിച്ചു അടുക്കളയിലേക്കിറങ്ങുക തന്നെ, വേറെ വഴിയില്ലല്ലോ! ജീവിതത്തിലാദ്യമായി പാകം ചെയ്യപ്പെടാത്ത മത്തി കൈയിലെടുത്തപ്പോള്‍ ശരീരത്തിലാകമാനം അരിച്ചു കയറിയ ആ പുളകമുണ്ടല്ലോ, അതൊരു ഒന്നൊന്നരയാണ്!
ഗള്‍ഫ് കിച്ചനുകളെ നേരിട്ടനുഭവിക്കുക തന്നെ വേണം. പലതരം വിരുതുകളുടെ താവളമാണ് ഗള്‍ഫ് കിച്ചനുകള്‍. വിരുതന്മാര്‍ക്കിടയില്‍ ഭക്ഷണക്കാര്യത്തില്‍ ആത്മാര്‍ഥതയുള്ള ചിലരെങ്കിലും ഉണ്ടാവും. അതുകൊണ്ട് പലരും ജീവിച്ചുപോകുന്നു. ഫുഡ് ഉണ്ടാക്കാനുള്ള മടി കാരണം ഫാമിലിയെ കൊണ്ടുവരുന്നവരെയും കാണാനാകും.
പണ്ടൊരു വിരുതന്‍ ഭക്ഷണം തയാറാക്കാനൊരുങ്ങി. അവസാന നിമിഷമാണല്ലോ പലരും അടുക്കളയിലിറങ്ങുക. ആശാന്‍ ചോറും സാമ്പാറും മീന്‍ പൊരിച്ചതുമാണത്രേ ഉണ്ടാക്കാന്‍ കരുതിയത്. ചോറും സാമ്പാറും ഉണ്ടാക്കിയപ്പോള്‍ സമയം വൈകി. മീന്‍ പൊരിക്കാന്‍ സമയമില്ല. പിന്നെ ഒന്നും നോക്കിയില്ല, പൊരിക്കാന്‍ മസാല പുരട്ടി വെച്ചിരുന്ന മീനെടുത്തു നേരെ തിളക്കുന്ന സാമ്പാറിലിട്ടു ഒന്നു കൂടി തിളപ്പിച്ച് അടച്ചു വെച്ചുവത്രെ. കേട്ട കഥയാണ്. സാമ്പാര്‍ വേണ്ടവര്‍ക്ക് സാമ്പാറുമായി, മീന്‍ കറി വേണ്ടവര്‍ക്ക് അതും കിട്ടി. അമ്പടാ, നമ്മളോടാണോ കളി.
ഞൊടിയിടയില്‍ ഭക്ഷണം പാകം ചെയ്യുന്നവരുണ്ട്. എന്നാല്‍ പലരും മണിക്കൂറുകളോളം അടുക്കളയില്‍ സമയം ചെലവഴിക്കുന്നത് കാണാം. ഇത് ക്രമേണ മടുപ്പും അലസതയും ഉണ്ടാക്കും. ആദ്യമൊക്കെ സമയമെടുത്ത് പാചകം ചെയ്ത് മടി തോന്നിയാല്‍ പിന്നെ അത്രയൊക്കെ മതി എന്ന നിലയിലേക്കെത്തും. ഒരേ സമയം എല്ലാ ഭാഗത്തേക്കും കണ്ണോടിക്കാനുള്ള കഴിവുണ്ടെങ്കില്‍ അര മണിക്കൂറിനുള്ളില്‍ ചുരുങ്ങിയത് പത്ത് പേര്‍ക്കുള്ള കറിയുണ്ടാക്കാനാകും.
പൊതുവെ ഗള്‍ഫില്‍ ബാച് ലര്‍ കിച്ചണുകളില്‍ ഒരു ചൊല്ലുണ്ട്, ചൊല്ല് മാത്രമല്ല ചിലപ്പോള്‍ യാഥാര്‍ഥ്യവുമാണ്. മുളക്, മഞ്ഞള്‍, മല്ലി, മസാല പൊടികള്‍, കുറച്ചു ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് തയാറാക്കി വെക്കും. ആദ്യം ഉള്ളി വാട്ടി മറ്റു ചേരുവകള്‍ ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി വെക്കും. അതില്‍ മീന്‍ ഇട്ടാല്‍ മീന്‍ കറി, കോഴി ഇട്ടാല്‍ കോഴിക്കറി, ബീഫ് ഇട്ടാല്‍ ബീഫ് കറി. ആള്‍ക്കാരുടെ എണ്ണത്തി നനുസരിച്ചു വെള്ളവും ഒഴിച്ചുകൊടുക്കും. ചില വിരുതന്മാര്‍ തന്റെ ഊഴം വന്നാല്‍ ഭക്ഷണം ഉണ്ടാക്കി വെച്ചു ഒറ്റ മുങ്ങലാണ്. പിന്നീട് എല്ലാരും കഴിച്ചു ഉറങ്ങി എന്നുറപ്പാക്കിയാലെ ആശാന്‍ റൂമിലെത്തുകയുള്ളൂ, മോശമായിട്ടുണ്ടെങ്കില്‍ തെറി വിളി കേള്‍ക്കണ്ടല്ലോ.
ചുരുങ്ങിയ സമയം കൊണ്ട്, യൂട്യൂബ് നോക്കി ഫുഡ് ഉണ്ടാക്കുന്നവര്‍ ഏറെയാണിന്ന്. കൂടുതല്‍ ചേരുവകള്‍ ചേര്‍ക്കുക എന്നതല്ല, ചേര്‍ക്കുന്ന ചേരുവകളുടെ അളവും രുചിയുമാണ് ഭക്ഷണം സ്വാദിഷ്ടമാക്കുന്നത്. ഭക്ഷണത്തോടൊപ്പം ഏറെ അശ്രദ്ധമാകുന്ന ഒന്നാണ് അടുക്കളയിലെ വൃത്തിയും.
പല ബാച്‌ലര്‍ റൂമികളി ലെയും അടുക്കളയില്‍ കയറാന്‍ തന്നെ അറപ്പ് തോന്നിപ്പോകും. വൃത്തിയാക്കാന്‍ ആളുണ്ടെങ്കില്‍ അവരെ കാത്തുനില്‍ക്കാതെ സ്വന്തം വീട്ടിലെ അടുക്കളയാണെന്ന് കരുതി അപ്പപ്പോള്‍ തന്നെ വൃത്തിയാക്കണം. അടുക്കള വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ എലി, കൂറാദികള്‍ പെരുകാനും പകര്‍ച്ചാ സാധ്യതയുള്ള രോഗം വരാനും ഇടയുണ്ട്. എപ്പോഴും നേര്‍ച്ച വീടാന്‍ എന്ന മട്ടില്‍ ഭക്ഷണമുണ്ടാക്കുന്നവര്‍ ഓരോ റൂമിനും എപ്പോഴും ബാധ്യതയാണ്. മറ്റുള്ളവര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കല്‍ നന്മയാണെന്നും ഇതെന്റെ കടമയാണെന്നും ഓരോരുത്തരും കരുതിയാല്‍ നമ്മുടെ സാമ്പാറും ലോകോത്തരമാവും. തീര്‍ച്ച ■

Share this article

About സി എന്‍ ആരിഫ്

cnarif@gmail.com

View all posts by സി എന്‍ ആരിഫ് →

Leave a Reply

Your email address will not be published. Required fields are marked *