ഏബ്ള്‍ വേള്‍ഡ്: ശേഷിയുടെ ലോകം

Reading Time: 3 minutes

പിറന്നുവീണത് അന്ധരായ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍. മടിയില്‍ കിടത്തി താലോലിക്കാനും താരാട്ടുപാടാനുമുള്ള കൊതി ബാക്കിയാക്കി പ്രസവ വേദനയില്‍ മാതാവ് മരിച്ചു. മാസങ്ങളേറെ സഹിച്ച് ജന്മം നല്‍കിയ ആരിഫ വിടപറയുമ്പോള്‍ അമ്മിഞ്ഞപ്പാല്‍ കിട്ടാതെ ചോരപ്പൈതലുകള്‍ വാവിട്ട് കരയുകയായിരുന്നു. അന്ധത മൂടിയ അവരുടെ ജീവിതത്തില്‍ വെളിച്ചം നിറക്കാന്‍ പിതാവ് അബ്ദുല്‍ നാസറും ഉപ്പാപ്പ അബ്ദുല്‍ ഖാദര്‍ ഹാജിയും ദൃഢനിശ്ചയം ചെയ്തു. നല്ല നാളുകള്‍ കാത്തിരിക്കുന്നുവെന്ന് അവര്‍ കണക്കുകൂട്ടിയിട്ടുണ്ടാകണം.
2002ല്‍ അഞ്ച് വയസ് പൂര്‍ത്തിയായപ്പോള്‍ ഒരു ദിവസം കുട്ടികളുമായി ഖാദര്‍ ഹാജി വന്നത് മലപ്പുറം മഅ്ദിന്‍ അക്കാദമിയിലേക്കായിരുന്നു. ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, അന്ധരായ തന്റെ മക്കളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുമെന്ന പ്രതീക്ഷയോടെയായിരുന്നു അത്. മഅ്ദിന്‍ അന്ധവിദ്യാലയ മുറ്റത്ത് റുഫൈദയും റഫീദയും കൂട്ടുകാരോടൊപ്പം കളിച്ച് വളര്‍ന്നു. സ്‌കൂളിലെയും മദ്‌റസയിലെയും ബാലപാഠങ്ങളും ബ്രെയില്‍ ലിപിയിൽ ഇവിടെ നിന്ന് പഠിച്ചു. പഠനമേഖലകളില്‍ ഉന്നതങ്ങളിലെത്താനുള്ള ചവിട്ടുപടിയായിരുന്നു അത്. പിന്നീട് ഇസ്‌ലാമിക് എജ്യുകേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മദ്‌റസാ പരീക്ഷയില്‍ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ റുഫൈദ ഡിസ്റ്റിംഗ്ഷന്‍ നേടി. സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലും സംസ്ഥാന തല ബ്രെയിൽ ലിപി മത്സരത്തിലും ഒന്നാമതെത്തി. എസ്എസ്എല്‍സിയും പ്ലസ്ടുവും ഫസ്റ്റ് ക്ലാസോടെ തന്നെ പാസായി. കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പരീക്ഷയില്‍ ഇസ്‌ലാമിക് ഹിസ്റ്ററിയില്‍ കാഴ്ചയുള്ളവരെ പിന്നിലാക്കി റുഫൈദ നേടിയത് ഒന്നാം റാങ്കായിരുന്നു. ഖുര്‍ആനിലെ നിരവധി അധ്യായങ്ങളും മൗലിദുകളും ഈ മിടുക്കിക്ക് മനഃപാഠമാണ്. രണ്ട് വര്‍ഷം മുമ്പ് ജെആര്‍എഫും റുഫൈദയെ തേടിയെത്തി. ഉന്നത മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പാസായി പിഎച്ഡി ചെയ്യുന്ന തിരക്കിലാണ് മൂന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശിനിയായ റുഫൈദ. സഹോദരി റഫീദ ബിഎഡ് വിദ്യാര്‍ഥിനിയാണ്.
ഇരുട്ടിന്റെ ലോകത്ത് നിന്ന് അറബി സാഹിത്യത്തില്‍ ജെആര്‍എഫ് നേടിയ സന്തോഷത്തിലാണ് കുണ്ടൂര്‍ അത്താണിക്കല്‍ സ്വദേശി ജലാലുദ്ദീന്‍ അദനി. 2011ല്‍ മഅ്ദിനിലെത്തിയ ജലാലുദ്ദീന്‍ കഴിഞ്ഞ തവണ നെറ്റ് യോഗ്യതയും നേടിയിരുന്നു. മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡില്‍ നിന്ന് ബ്രെയില്‍ ലിപി പഠിച്ച് സ്വന്തം കൈകൊണ്ട് പതിനഞ്ചോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രസംഗത്തിലും കരകൗശല നിര്‍മാണത്തിലും കഴിവ് തെളിയിച്ച ജലാലുദ്ദീനും പിഎച്ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്.
തിരുവനന്തപുരം കെഎന്‍എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ലെക്ചററായ സ്വാദിഖിന്റെ കണ്ണുകളിലും കാഴ്ചയുടെ തിരിവെട്ടമില്ല. ജന്മനാ കാഴ്ചയില്ലെങ്കിലും സ്വാദിഖിന്റെ മാതാപിതാക്കള്‍ തളര്‍ന്നില്ല. ക്ഷമയും മനക്കരുത്തും കൈമുതലാക്കി മകനെ പഠിപ്പിച്ചു. ഖലീല്‍ ബുഖാരി തങ്ങളുടെ പ്രചോദനവും പിന്തുണയും കൂടിയായപ്പോള്‍ സ്വാദിഖിന്റെ പഠനത്തിന് വേഗം കൂടുകയായിരുന്നു. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശിയായ സ്വാദിഖ് ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ സോഷ്യോ ളജിയില്‍ പിഎച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ്.
കുവൈത്തില്‍ നിന്ന് ആറ് വാള്യങ്ങളുള്ള ബ്രെയില്‍ ലിപി ഖുര്‍ആന്‍ എത്തിച്ചാണ് തിരൂര്‍ ഓമച്ചപ്പുഴ സ്വദേശി ത്വാഹ മഹ്ബൂബ് ഖുര്‍ആന്‍ മനഃപാഠമാക്കിയത്. റമളാനില്‍ നടക്കുന്ന ദുബൈ രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് വേദിയില്‍ 160 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ത്വാഹയും ഉള്ളിലെ ഖുര്‍ആന്‍ വെളിച്ചം ലോകത്തിന് മുമ്പില്‍ തുറന്നുവെച്ചിരുന്നു. കാഴ്ചയില്ലായ്മയെ തോല്‍പിച്ച് മൂന്നര വര്‍ഷം കൊണ്ടാണ് ത്വാഹ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയത്.
എടപ്പാള്‍ കാലടി സ്വദേശി ശബീര്‍ ബ്രെയില്‍ ലിപി ഉപയോഗിച്ച് ഖുര്‍ആന്‍ മനഃപാഠമാക്കിയത് 18 മാസം കൊണ്ടാണ്. മധുരമായ ഈണത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ശബീര്‍ പ്രശസ്ത ഗായകന്‍ കൂടിയാണ്. സാഹിത്യോത്സവുകളിലും മറ്റും പ്രതിഭാത്വം തെളിയിച്ചിട്ടുണ്ട്.
നിശ്ചയദാര്‍ഢ്യവും ആത്മാര്‍ഥതയുമുണ്ടെങ്കില്‍ ഭിന്നശേഷിക്കാരെയും ഉന്നതങ്ങളിലെത്തിക്കാമെന്നതിന്റെ ഉദാഹരണങ്ങളാണിത്. വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഭിന്നശേഷിക്കാര്‍ക്ക് ആത്മവിശ്വാസവും കരുതലും നല്‍കി കഴിവുറ്റവരാക്കുകയാണ് മലപ്പുറം മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തുന്ന ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഈ സ്ഥാപനത്തെ വേറിട്ട് നിര്‍ത്തുന്നു. ഭിന്നശേഷി മേഖലയില്‍ നൂതനരീതികള്‍ ആവിഷ്‌കരിക്കുകയും കാലാനുസൃതമായ ഇടപെടലുകള്‍ നടത്തുകയും നവീന ആശയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുകയാണ് ശേഷിയുടെ ഈ ലോകം.
പ്രത്യേക വിദ്യാഭ്യാസം, പുനരധിവാസം, ഡേ കെയര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ പരിശീലനം, ഫാമിലി എംപവര്‍മെന്റ്, കൗണ്‍സലിങ്, ഡ്രൈവിങ് ലൈസന്‍സ്, മെഡിക്കല്‍ ക്യാംപ്, ഹിയറിങ് എയ്ഡ് സംവിധാനം തുടങ്ങി വിവിധ സഹായ സംരംഭങ്ങള്‍ സ്ഥാപനത്തിന് കീഴില്‍ സജീവമായി നടക്കുന്നു. പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കഴിഞ്ഞ വര്‍ഷം മികച്ച ഭിന്നശേഷി പരിചരണ കേന്ദ്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഏബ്ള്‍ വേള്‍ഡിലെ മഅ്ദിന്‍ സ്‌പെഷ്യല്‍ സ്‌കൂളിനെ തേടിയെത്തി. ബുദ്ധിമാന്ദ്യം സംഭവിച്ചവരെ ചേര്‍ത്ത് നിര്‍ത്തി അവര്‍ക്കാവശ്യമായ പഠനത്തിനും ചികിത്സക്കും പുറമേ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ മികവ് തെളിയിച്ചിട്ടുണ്ട് ഈ സ്ഥാപനം. മെഴുകുതിരി, പേപ്പര്‍ പ്ലെയ്റ്റ്, മാല, കുട, കുട്ട മെടയല്‍, ചപ്പല്‍ മാറ്റ്, പ്ലാസ്റ്റിക് ഫ്‌ളവേഴ്‌സ് തുടങ്ങിയ കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ പരിശീലിപ്പിക്കുന്നതിലൂടെ തൊഴില്‍ സാധ്യതയും നല്‍കിവരുന്നു.
കാഴ്ച, കേള്‍വി, സംസാര ശേഷിയില്ലാത്തവര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ഭിന്നശേഷി വിദ്യാഭ്യാസ-ബോധവത്കരണ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, വളര്‍ച്ചക്കുറവ്, സ്വഭാവ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളി, പഠനവൈകല്യം, സംസാര വൈകല്യം തുടങ്ങിയവയെ അതിജീവിക്കാനുള്ള പരിശീലനങ്ങള്‍ മികച്ച പ്രൊഫഷനലുകളുടെ സഹായത്തോടെ ലൈഫ് ഷോര്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ നല്‍കിവരുന്നു.
ഉന്നത വിദ്യാഭ്യാസം സ്വപ്‌നമാകുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ പ്രത്യേകിച്ചും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പുതിയ വാതിലുകള്‍ തുറന്നിരിക്കുകയാണ് ഏബ്ള്‍ വേള്‍ഡിലൂടെ. മഅ്ദിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ആവശ്യമായ സംവിധാനങ്ങളോടെ ബിബിഎ, ബിഎ ഇംഗ്ലീഷ് സാഹിത്യം കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരമാണ് പ്രാഥമിക ഘട്ടത്തില്‍ നല്‍കുന്നത്.
അബാക്കസ്, മൊബൈല്‍ ഉപയോഗിക്കാനുള്ള പരിശീലനം, ബ്രയില്‍ ലിപിയില്‍ എഴുതാനും വായിക്കാനുമുള്ള പരിശീലനം, ഓഡിയോ ലൈബ്രറി സംവിധാനം, കലാ കായിക പ്രവൃത്തി പരിചയം, നൂതന രീതിയിലുള്ള മതപഠനം, ആംഗ്യഭാഷാ പരിശീലനം തുടങ്ങിയവയും ഇവരുടെ ശേഷികള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടാനായതും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാ കായിക മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ ഇവര്‍ മുന്‍പന്തിയിലെത്തുന്നതും ഏബ്ള്‍ വേള്‍ഡ് അധ്യാപകരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്.

ലോക്ഡൗണിലും ഓണ്‍ലൈനായി
കൊവിഡ്19 രോഗവ്യാപനത്തെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലായപ്പോഴും ഏബ്ള്‍ വേള്‍ഡിലെ ഭിന്നശേഷിക്കാര്‍ കൂടുതല്‍ ഊര്‍ജസ്വലരായിരുന്നു. വൈവിധ്യം നിറഞ്ഞ പദ്ധതികളും ജീവിതത്തിന്റെ തിളക്കം കൂട്ടുന്ന പരിപാടികളുമാണ് ഏബ്ള്‍ വേള്‍ഡിന് കീഴില്‍ ഭിന്നശേഷി വിദ്യാലയങ്ങളില്‍ നടപ്പാക്കിയത്. അസാധാരണമായ കാലത്തിന്റെ മാറ്റത്തോട് അവര്‍ സൃഷ്ടിപരമായി പ്രതികരിച്ചു. ആല്‍ബം, ആശംസാ കാര്‍ഡ്, പോസ്റ്റര്‍, മാസ്‌ക്, പേപ്പര്‍ ബാഗ് തുടങ്ങിയവയുടെ നിര്‍മാണവും കുട്ടികളുടെ കരങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി. ഫിന്‍ഗര്‍ പ്രിന്റ് ആര്‍ട്ട്, ലീഫ് ആര്‍ട്ട്, ചിരട്ട, പ്ലാസ്റ്റിക്, കളിമണ്‍ എന്നിവ കൊണ്ട് മനോഹരമായ രൂപങ്ങള്‍ ഉണ്ടാക്കുന്ന കലകളും അവരുടെ മനസിന് ആനന്ദം പകരുന്നതായിരുന്നു. ആംഗ്യഭാഷയില്‍ കുട്ടികള്‍ക്കായി വാര്‍ത്താ അവതരണവും പാഠഭാഗങ്ങള്‍ ആംഗ്യഭാഷയില്‍ തന്നെ വീഡിയോ രൂപത്തിലാക്കി നല്‍കുകയും ചെയ്തതിലൂടെ ലോക്ഡൗണ്‍ പഠനത്തെയും പ്രതികൂലമായി ബാധിച്ചില്ല. ബ്രയില്‍ ലിപിയില്‍ ഡയറിയും തയാറാക്കി നല്‍കിയിരുന്നു. ലോക്ഡൗണില്‍ പ്രയാസമനുഭവിക്കുന്ന ഭിന്നശേഷി കുടുംബങ്ങളില്‍ ആവശ്യമായ മരുന്നുകള്‍ എത്തിച്ചുനല്‍കിയതും കൂടുതല്‍ ആശ്വാസമായി.
സംസ്ഥാന സര്‍ക്കാറിന്റെ ആപ്ലിക്കേഷനായ “തേന്‍കൂടിലൂടെ’ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സജീവമായി പരിശീലനം നല്‍കുന്നതിലൂടെ ഓണ്‍ലൈന്‍ പഠനത്തിന് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരിമിതികളില്ലെന്ന് തെളിയിക്കുകയാണ്.
മൈക്രോസോഫ്റ്റ് കമ്പനിയും നാസ്‌കോം ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന “Innovate for Accessible India’ പദ്ധതിയിലും വൊഡാഫോണ്‍ ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന “Idea for Impact’ പരിപാടിയിലും ഏബ്ള്‍ വേള്‍ഡിന്റെ നൂതനമായ ആശയങ്ങള്‍ ഇതിനകം സ്ഥാനം പിടിച്ചു. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സര്‍ക്കാര്‍-സര്‍ക്കാരിതര പദ്ധതികള്‍, തൊഴിലവസരങ്ങള്‍, പരിശീലന പരിപാടികള്‍, ഭിന്നശേഷി പരിചരണമേഖലയിലെ വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങള്‍, വിജയകഥകള്‍, സാങ്കേതിക കണ്ടുപിടുത്തങ്ങള്‍, പ്രമുഖസ്ഥാപനങ്ങള്‍ എന്നിവ പരിചയപ്പെടുത്തി ഇറങ്ങുന്ന “ഏബ്ള്‍ വോയ്‌സ്’ മാസിക ഈയൊരു മേഖലയുടെ മുഖപത്രമാകുമെന്ന് കരുതപ്പെടുന്നു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഭിന്നശേഷിക്കാരായ വ്യക്തികളുടെ വിജയഗാഥ ഒപ്പിയെടുത്ത് “ഏബിള്‍ ടോക്’ എന്ന പേരില്‍ ലോകത്തിന് സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മികച്ച മാര്‍ക്കോടെ പാസായ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് “ഏബ്ള്‍ വേള്‍ഡ് അവാര്‍ഡും’ വിദ്യാര്‍ഥികള്‍ക്ക് വേണ്ട ഔപചാരിക-തുടര്‍വിദ്യാഭ്യാസ പദ്ധതിയും ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിലേക്കുള്ള വഴികള്‍ തുറക്കുന്നതാണ്.
“ഹിമ്മ’ എന്ന പേരില്‍ ഭിന്നശേഷിക്കാര്‍ക്ക് ധാര്‍മിക പഠനവും കലാ സാംസ്‌കാരിക വിദ്യാഭ്യാസവും പരിപോഷിപ്പിക്കാനുമുള്ള പ്രഥമപദ്ധതി തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഏബ്ള്‍ വേള്‍ഡ് അധികൃതര്‍. അന്താരാഷ്ട്ര സംഘടനകളുടെയും കമ്പനികളുടെയും പിന്തുണയോടെ “ആക്‌സസിബിലിറ്റി ലാബും’ വൊക്കേഷനല്‍ സ്റ്റാര്‍ട്ടപ്പ് ഹബും തുടങ്ങാനുള്ള ശ്രമങ്ങളും അന്തിമഘട്ടത്തിലാണ്. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ആശീര്‍വാദവും സജീവ പിന്തുണയും സ്ഥാപനത്തെ പൂര്‍വോപരി ഉന്നതങ്ങളിലെത്തിക്കുന്നു. പരിമിതികള്‍ക്കപ്പുറം ശേഷിയുടെ ലോകം തീര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് ഹസ്‌റത്തും കൂടെയുള്ള ആത്മാര്‍ഥരായ അധ്യാപകരും വിദഗ്ധരും ■

Share this article

About ത്വയ്യിബ് അദനി പെരുവള്ളൂര്‍

thoyyibkdp@gmail.com

View all posts by ത്വയ്യിബ് അദനി പെരുവള്ളൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *