കിച്ചന്‍ അറ്റാച്ഡ്‌

Reading Time: < 1 minutes

ബാത്ത് അറ്റാച്ഡ് അറ്റാച്ഡ് റൂമുകളില്ലാത്ത വീടുകള്‍ ഇന്ന് നാട്ടിലെ കുഗ്രാമങ്ങളില്‍ പോലും അപൂര്‍വമായിരിക്കും. എന്നാല്‍ കിച്ചൻ അറ്റാച്ഡ് ബെഡ് റൂമുകള്‍ പ്രവാസ ലോകത്തെ ബാചിലര്‍ താമസ സ്ഥലങ്ങളിലെ പ്രത്യേകതകളിലൊന്നാണ്.
ജീവിതത്തിന്റെ ഇരുതല കൂട്ടിമുട്ടിക്കാന്‍ വിമാനം കയറിയ കൂലി തൊഴിലാളിയും നാട്ടില്‍ ബഹുനില മണിമാളിക പണി കഴിപ്പിച്ച മുതലാളിയും ഒരുമിച്ച് കഴിയുന്ന റൂമുകളുടെ മൂലയില്‍ പരിമിതമായ സൗകര്യങ്ങളോടെ സജീകരിച്ച കിച്ചനുകള്‍ ഇവിടുത്തെ കാഴ്ചയാണ്. ഒരു സിങ്ക് ബേസിനും ഗ്യാസ് സ്റ്റൗ വെക്കാനുള്ള ചെറിയ മേശയും അതിനടിയിലായി പാത്രങ്ങള്‍ വെക്കാനുള്ള തട്ടിയും കൂടിയതാവും മിക്കവാറും അടുക്കളകള്‍. ആറു മുതല്‍ പന്ത്രണ്ട് വരെയൊക്കെ ആളുകള്‍ ഒരുമിച്ചു താമസിക്കുന്ന കുടുസ്സായ മുറികളില്‍ പോലും ഇത്തരം അടുക്കളകള്‍ കാണാം. അഡ് ജസ്റ്റ്‌മെന്റ് ജീവിതത്തിന്റെ നേർകാഴ്ചകളാണ് നമുക്കിവിടെ ദർശിക്കാനാവുക
പപ്പടം വാട്ടാനും ഓംലെറ്റ് അടിക്കാനും മീന്‍ പൊരിക്കാനും കുബ്ബൂസ് ചൂടാക്കാനും തലേ ദിവസം ശിഷ്ടം വന്ന് സല്ലാജയില്‍ കയറ്റിയ കറി രാവിലെ നാസ് തക്ക് വേണ്ടി റീകണ്ടീഷന്‍ ചെയ്യാനും വേണ്ടിയൊക്കെ ഉപയോഗിക്കുന്ന ഒരു ഫ്രൈ പാന്‍, പിടിയുള്ളൊരു ചായ പാത്രം, ചോറ് വെക്കാന്‍ വലിയ ചെമ്പും അത് ഊറ്റാനുള്ളൊരു അരിപ്പ പാത്രവും കറി വെക്കാനായി മീഡിയം സൈസ് പ്രഷര്‍ കുക്കറും ചോറിനും കറിക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നോ രണ്ടോ മള്‍ട്ടിപര്‍പസ് തവികളും അടക്കം പരിമിതമായ കിച്ചൻ വെയറുകളായിരിക്കും അടുക്കളയിലെ അസെറ്റുകള്‍. അവനവന് കഴിക്കാനുള്ള പ്ലൈറ്റും ചായക്കപ്പും അവരവരുടെ കട്ടിലിനടിയില്‍ സൂക്ഷിക്കുന്നതിനാല്‍ അവ കിച്ചനില്‍ സ്ഥലം മുടക്കാറില്ല.
വാരാന്ത്യത്തില്‍ ക്ലീനിങ് ചെയ്യേണ്ടവരുടെ ക്രമപട്ടിക ഓര്‍മപ്പെടുത്തലായി ചുവരില്‍ ഒട്ടിച്ചിട്ടുണ്ടാവും.
ഓരോ ദിവസം ഓരോരുത്തരെന്ന കണക്കിനോ പല നേരങ്ങളില്‍ ഓരോരുത്തരായോ നിശ്ചയിച്ചിട്ടാകും പാചക ഷെഡ്യൂളും തയാറാക്കിയിട്ടുണ്ടാകുക. കൃത്യനിര്‍വഹണത്തില്‍ വീഴ് ച വരുത്തുന്ന, വെട്ടി വിഴുങ്ങാനും പോരായ്മകള്‍ പറഞ്ഞ് പെരുപ്പിക്കാനും ഉത്സാഹികളായ, എത്ര പറഞ്ഞാലും ഉളുപ്പില്ലാത്ത വിരുതന്‍മാരോട് കലമ്പാനും പലപ്പോഴും അവരുടേത് കൂടി ഏറ്റെടുത്ത് നിര്‍വഹിക്കാനും വിധിക്കപ്പെട്ട നിഷ്‌കളങ്കരായ ചിലര്‍ ഓരോ റൂമിലും ഉണ്ടാകുന്നത് കൊണ്ട് കാര്യങ്ങള്‍ നടന്നുപോകും. അവധി ദിവസങ്ങളിലും ആഘോഷ ദിനങ്ങളിലും ഒരുമിച്ച് ചെയ്യുന്ന പാചകവും റൂമില്‍ തന്നെ സുപ്ര വിരിച്ച് വട്ടത്തിലിരുന്നുള്ള ഭോജനവും കോലാഹലം കൂട്ടിയുള്ള ശുചീകരണ യജ്ഞങ്ങളുമൊക്കെ ബാചിലര്‍ അടുക്കളകള്‍ പ്രവാസിക്ക് സമ്മാനിക്കുന്ന നല്ല ഓര്‍മകളായിരിക്കും. ബാരിക്കും മോട്ടയും പരിപ്പും ചിക്കനും വേവിച്ച് തിന്നുന്ന ഓരോ പ്രവാസി കിച്ചനുകളും ദേശഭാഷാ മതവര്‍ണ ഭേദങ്ങളെ മറികടക്കുന്ന സ്‌നേഹ സൗഹൃദങ്ങളുടെ ഊട്ടുപുരകള്‍ കൂടിയാണ് ■

Share this article

About സുഹൈല്‍ കുറ്റ്യാടി

suhailkuttyadi@gmail.com

View all posts by സുഹൈല്‍ കുറ്റ്യാടി →

Leave a Reply

Your email address will not be published. Required fields are marked *