കിച്ചന്‍ മാജിക്‌

Reading Time: 2 minutes

“അവിടെ പോയാ ഒറ്റക്ക് തന്നെ ചോറും കറിയും കൂട്ടാനുമൊക്കെ ണ്ടാക്കേണ്ടി വരുംട്ടോ, അനക്ക് എന്തേലും ണ്ടാക്കാനറിയോ..’
ഗള്‍ഫിലേക്ക് വിസ ശരിയായതുമുതല്‍ ഉമ്മ നിരന്തരം ചോദിച്ചുകൊണ്ടിരുന്ന കാര്യമാണ്. “അയ്‌നെന്താമ്മാ, ഞാന്‍ മെസ്സ് വെക്കാന്‍ ആളുള്ള റൂമിലേ താമസിക്കൂ’ എന്ന മറുപടി എന്റെ ഉമ്മാക്ക് ഒട്ടും ആശ്വാസം നല്‍കിയിരുന്നില്ല. ദീര്‍ഘകാലത്തെ ഉപ്പയുടെ പ്രവാസവിശേഷങ്ങളെല്ലാം ഉമ്മാക്കറിയുന്നത് കൊണ്ടുതന്നെയായിരിക്കാം, ന്റെ കുട്ടി അവിടെപ്പോയി എടങ്ങേറാവോന്ന് ഉമ്മ ആശങ്കപ്പെട്ടുകൊണ്ടേയിരുന്നത്.
അബൂദാബിയിലെത്തി മുസഫയിലെ “മൂണ്‍ഫ്‌ളവര്‍’ അക്കമഡേഷനിലായിരുന്നു 18 ദിവസത്തെ ട്രൈനിംഗ് കാല വാസം. അപ്പോയിന്റ്‌മെന്റ് അല്‍ഐനിലേക്കാണ് എന്നറിഞ്ഞയുടന്‍ തന്നെ അല്‍ഐനില്‍ നിന്ന് റൂം ഇവിടെ റെഡിയാണെന്ന് പറഞ്ഞുവിളിച്ച മുജീബ്ക്കയോട് “റൂമില്‍ മെസ്സ് വെക്കാന്‍ ആളുണ്ടോ’ എന്ന് മാത്രമേ ചോദിച്ചുള്ളൂ. അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ. “പിന്നെന്താ.. കൈകഴുകി ഇരുന്നാല്‍ മതി’ എന്ന മറുപടിയില്‍ അത്രയും ദിവസം അലട്ടിക്കൊണ്ടിരുന്ന ആശങ്ക നിര്‍വീര്യമായി.
അല്‍ഐനിലെ രുചി വിശേഷങ്ങള്‍ പട്ടാമ്പിക്കാരന്‍ കുഞ്ഞിക്കയുടെ കൈപുണ്യത്തിലാണാരംഭിക്കുന്നത്. സമീപത്തെ മറ്റൊരു ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന കുഞ്ഞിക്ക എന്നും രാവിലെയെത്തി രണ്ട് മണിക്കൂര്‍ കൊണ്ട് സ്വദിഷ്ടമായ കറിയും ചോറും മീന്‍പൊരിയും രാത്രിയിലേക്കുള്ള കറിയും കൂടി തയാറാക്കിയിട്ടാണ് പോയിരുന്നത്. മറ്റു രണ്ടിടത്ത് കൂടി മെസ്സ് തയാറാക്കേണ്ടതുണ്ട് അദ്ദേഹത്തിന്. തുച്ഛമായ വേതനത്തിന് മൂന്നോ നാലോ റൂമുകളില്‍ ഓടിനടന്ന് ഓരോ റൂമിലെയും ഷെഡ്യൂളുകള്‍ക്കനുസരിച്ച് ഒരേ ദിനം തന്നെ നിരവധി രുചികള്‍ തയാറാക്കുന്ന പ്രവാസലോകത്തെ കുഞ്ഞിക്കമാരുടേത് വല്ലാത്തൊരു ജീവിതം തന്നെയാണ്.
കുഞ്ഞിക്കയുടെ വിശേഷാല്‍ രുചികള്‍ വെറും മൂന്ന് മാസമേ അനുഭവിക്കാനായുള്ളൂ.. കോവിഡ് മഹാമാരി ലോകത്തെ വിറപ്പിച്ചുനിര്‍ത്തിയതോടെ ആ വിറയലില്‍ പുറത്ത് നിന്നുള്ളവര്‍ മറ്റു റൂമുകളിലേക്ക് പ്രവേശിക്കുന്നതൊക്കെ നിന്നു. അതോടെ നമ്മുടെ മെസ്സിന്റെ കാര്യവും തീരുമാനമായി. റൂമില്‍ ഉള്ളവര്‍ തന്നെ മെസ്സ് വെക്കണം എന്നല്ലാതെ വേറെ വഴിയില്ല എന്നായപ്പോള്‍ നെഞ്ചൊന്ന് കാളി. വീട്ടില്‍ ഉമ്മയില്ലാത്ത നേരം ആരുമറിയാതെ ഉണ്ടാക്കിക്കഴിച്ചിരുന്ന ഓംലൈറ്റ് മാത്രമാണ് കട്ടന്‍ ചായക്ക് പുറമെ എനിക്ക് പാചകം ചെയ്യാനറിയാമായിരുന്ന ഏക വിഭവം. റൂമിലെ കാരണവരായ മുജീബ്ക്കയെ ആവലാതി അറിയിച്ചതോടെ പാചകം പഠിക്കുന്നത് വരെ ക്ലീനിംഗ് ഡ്യൂട്ടി നിര്‍വഹിക്കാന്‍ ഉത്തരവായി. ക്ലീനിംഗ് എന്നാല്‍ വെറും പാത്രം കഴുകല്‍ മാത്രമല്ല, അരിയും പച്ചക്കറികളും മീനും ചിക്കനും ഇറച്ചിയും എല്ലാം കഴുകണം, പച്ചക്കറികളൊക്കെ നുറുക്കണം, പാചകത്തിന് ശേഷം അടുക്കളയും സ്റ്റവും തുടച്ച് വൃത്തിയാക്കണം. പിടിപ്പതു പണിയാണ്. ഭക്ഷണം ഉണ്ടാക്കാനറിയുന്ന ഒരാളെ അസിസ്റ്റ് ചെയ്യലാണ് ക്ലീനിംഗുകാരന്റെ ചുമതല. സകലപാചക വിദഗ്ധനായ മുജീബ്ക്കയെ അസിസ്റ്റ് ചെയ്യാനാണ് എന്റെ നിയോഗം. ക്ലീനിംഗ് ഡ്യൂട്ടി ഹെവി ഡ്യൂട്ടിയായതിനാല്‍ തന്നെ എത്രയും വേഗം പ്രമോഷന്‍ ലഭിക്കാന്‍ എന്നെ പാചകം പഠിപ്പിക്കുക എന്ന ഉത്തരവാദിത്വം കൂടി ഞാന്‍ മുജീബ്ക്കയെ ഏല്‍പിച്ചു. അതോടെ ഉപ്പിടല്‍ തൊട്ട് കടുക് പൊട്ടിക്കല്‍ വരെ ഞാന്‍ ചെയ്യേണ്ടി വന്നു. മുജീബ്ക്ക നിര്‍ദേശങ്ങള്‍ മാത്രം തന്നു. രണ്ട് ദിവസത്തെ പാചകയുദ്ധത്തോട് കൂടി ഉള്ളിയും തക്കാളിയും എണ്ണയില്‍ വാട്ടി മുക്കൂട്ട് മസാലയും ചേര്‍ത്ത് അതിലേക്ക് മീനിട്ടാല്‍ മീന്‍കറിയും ഇറച്ചിയിട്ടാല്‍ ഇറച്ചിക്കറിയും ചിക്കനിട്ടാല്‍ ചിക്കന്‍ കറിയും തയാറാവുന്ന പ്രവാസികളുടെ മാജിക് ഞാനും പഠിച്ചു. പാചകത്തിന്റെ പൊരുളറിഞ്ഞതോടെ യൂട്യൂബിലെ അസംഖ്യം പാചകറാണിറാരുടെ വീഡിയോകള്‍ കണ്ട് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കലും ഹോബിയായി.
രണ്ട് വര്‍ഷം മുമ്പ് വരെ വീട്ടിലെ അടുക്കളയിലെ റാക്കില്‍ നിരത്തിവെച്ച എണ്ണമറ്റ വര്‍ണപ്പാട്ടകളിലുള്ളത് മല്ലിയോ മഞ്ഞളോ എന്ന് തിരിച്ചറിയാത്ത, ഗരം മസാല, തക്കോലം എന്നിവയൊന്നും തൊട്ടുനോക്കാതിരുന്ന ഞാന്‍ ഇന്ന് റൂമിലെ നൈച്ചോര്‍ സ്‌പെഷ്യലിസ്റ്റാണ്. അതില്‍ ഏറെ സന്തോഷിക്കുന്നത് എന്റെ ബീവിയാണ് എന്നതല്‍പം ആശങ്കയുണ്ടാക്കുന്നുണ്ട്!
എന്റെ കരിഞ്ഞതും വളിച്ചതുമായ എല്ലാ മസാലക്കൂട്ടുകളും രുചിച്ച്, നാവെരിഞ്ഞ് കത്തുമ്പോള്‍ പോലും കണ്ണു തുടച്ച്, വ്‌ളോഗര്‍ ഫിറോസ്‌ക്കയെ പോലെ, “ഹാ, അടിപൊളി, സൂപ്പര്‍’ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ച സഹമുറിയന്മാരെ.. നന്ദി, നിങ്ങളുടെ അതുല്യമായ സഹകരണമാണ് എന്നെ അരിയും വെള്ളവും ഉപ്പുമുണ്ടെങ്കില്‍ പട്ടിണികിടക്കാതെ രക്ഷപ്പെടാന്‍ കെല്‍പുള്ള പാചകക്കാരനാക്കിയത് ■

Share this article

About സഫ്‌വാന്‍ ചെറൂത്ത് അല്‍ഐന്‍

safvancherooth@gmail.com

View all posts by സഫ്‌വാന്‍ ചെറൂത്ത് അല്‍ഐന്‍ →

Leave a Reply

Your email address will not be published. Required fields are marked *