ക്ലബ് ഹൗസ്: മലയാളി എന്തു കുന്തമാണ്?

Reading Time: 2 minutes

മൊബൈല്‍ മലയാളമൊന്നടങ്കം ഇപ്പോള്‍ ക്ലബ് ഹൗസിലാണ്. മൊബൈല്‍ ആപ്പുകളില്‍ നേരം കൊല്ലുന്ന അലവലാതി ടീംസ് അല്ല. മാധ്യമ മലയാളത്തിന്റെയും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മലയാളത്തിന്റെയുമൊക്കെ മുന്‍നിര പോരാളികള്‍ ആദ്യ ഘട്ടത്തില്‍ തന്നെ ക്ലബ് ഹൗസില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഫേസ്ബുക്കിലും യൂട്യൂബിലുമൊക്കെ കസ്റ്റമര്‍ബേസ് ബില്‍ഡ് ചെയ്തവര്‍ വരെ ക്ലബ് ഹൗസിലേക്ക് ഓടിക്കൂടിയിരിക്കുന്നു. ക്ലബ് ആദ്യഘട്ടത്തില്‍ തന്നെ മുന്‍നിരക്കാര്‍ കൈയടക്കാന്‍ ശ്രമിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിശേഷിച്ചും. വളരെ പതുക്കെ മാത്രം ഇത്തരം സങ്കേതകങ്ങളിലേക്കു വരുന്നവര്‍ ഇവിടെയും വൈകിയിട്ടുണ്ട്. മാധ്യമസ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഇവിടെ സ്വന്തം ക്ലബുകള്‍ രൂപീകരിച്ചു കഴിഞ്ഞു. നേരത്തേ ഐഒഎസില്‍ മാത്രം സജ്ജമാകുകയും പിന്നീട് ആന്‍ഡ്രോയിഡില്‍ വരികയും ചെയ്ത ആപ്പാണ് ക്ലബ് ഹൗസ്. പക്ഷേ ആന്‍ഡ്രോയിഡില്‍ വന്നയുടന്‍ മലയാളികള്‍ ചാടിവീണു. ആദ്യദിനംതൊട്ടു തന്നെ വര്‍ത്തമാനങ്ങളും ആരംഭിച്ചു. ഇപ്പോള്‍ പൊരിഞ്ഞ സംവാദങ്ങളും സല്ലാപങ്ങളുമാണ് ക്ലബ് ഹൗസില്‍. നേരമ്പോക്കുകളേക്കാള്‍ ഗൗരവമേറിയ ചര്‍ച്ചകളില്‍ ഇരിക്കുകയും കേള്‍ക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്ന വലിയ സമൂഹം ക്ലബില്‍ സദാ ഉണ്ട്. ചര്‍ച്ചകളുടെ മൈക്ക് പോയിന്റില്‍ വിഷയങ്ങളില്‍ മികച്ച ഗ്രാഹ്യതയുമായി പലരും എത്തുന്നു. ചാനല്‍ ചര്‍ച്ചകളിലും യൂട്യൂബ് ഫേസ്ബുക്ക് വീഡിയോ വാളുകളിലും പ്രസിദ്ധീകരണപ്പേജുകളിലും പതിവായി പ്രത്യേക്ഷപ്പെടുന്നവര്‍ അല്ലാത്ത ആഗോള മലയാളികളിലെ സബ്ജക്ട് എക്‌സപേര്‍ട്ടുകളുടെ സാന്നിധ്യം ക്ലബ് ഹൗസ് ചര്‍ച്ചാ മുറികളിലുണ്ട്. കേരളത്തിനു പുറത്തും ഇന്ത്യക്കു വെളിയിലും പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റുകളും അക്കാദമിക് വിദഗ്ധരും ബിസിനസുകാരമെല്ലാം ചര്‍ച്ചകളില്‍ വരുന്നു. പാട്ടും കളിയും ചളിയും തമാശകളുമായി മലയാളിയുടെ പരമ്പരാത ശീലങ്ങളും ക്ലബ് ഹൗസിന് അന്യമല്ല. പക്ഷേ സംവാദമലയാളം കുറച്ചു സീരിയസ് ആയി കാര്യങ്ങളെ സമീപിക്കുന്നതുപോലെ ഒരു ഫീല്‍ ക്ലബ് ഹൗസ് പൊതുവായി നല്‍കുന്നുണ്ട്.
ജോയിന്‍ ചെയ്യുക മാത്രമല്ല, ക്ലബിന്റെ പ്രമോഷനുകളുമായും പലരും സോഷ്യല്‍ മീഡയയില്‍ രംഗത്തുവന്നത് ഈ പ്ലാറ്റ്‌ഫോമിനെ കൂടുതല്‍ പോപ്പുലറാക്കി. അങ്ങനെയാണ് ആന്‍ഡ്രോയ്ഡ് കേരളം കൂട്ടത്തോടെ ക്ലബിലേക്ക് ഒഴുകിയത്. ഫേസ്ബുക്കും വാട്‌സാപ്പുമൊക്കെ ഉപയോഗിച്ച് മടുത്തിരിക്കുന്നവര്‍ക്കു മുന്നിലേക്ക് വന്നുപെട്ട വ്യത്യസ്തതകളുള്ള ഓഡി യോ വഴിമാത്രം ആശയവിനിമയം നടത്താവുന്ന പ്ലാറ്റ്‌ഫോം എന്നതും ക്ലബ് ഹൗസിനെ ജനകീയമാക്കി. ഗൂഗിള്‍മീറ്റ്, സൂം തുടങ്ങി ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ ഉപയോഗിച്ചു തുടങ്ങിയ കോണ്‍ഫറന്‍സിംഗ് ആപ്പുകള്‍ക്കില്ലാത്ത ഉപയോഗ സൗഹാര്‍ദവും ലാളിത്യവും ക്ലബിനെ സ്വീകാര്യമാക്കിയിട്ടുണ്ട്. പത്തു പതിനഞ്ചു വര്‍ഷം മുമ്പ് ഒരുകൂട്ടം മലയാളികള്‍ക്കിടയില്‍ ഉപയോഗത്തിലുണ്ടായിരുന്ന പാല്‍ടാക്, ബെയ്‌ലക്‌സ് വെബ് മെസഞ്ചറുകളുടെ പുതിയ വേര്‍ഷനായി ക്ലബിനെ കാണാം. എന്നാല്‍ അന്ന് അവിടങ്ങളില്‍ എത്തിപ്പെട്ടിരുന്ന ഇന്റര്‍നെറ്റ് മലയാളികള്‍ ന്യൂനപക്ഷമായിരുന്നു. എന്നാല്‍ ക്ലബിലേക്കെത്തുമ്പോള്‍ മലയാളികള്‍ ഏതാണ്ട് നൂറുശതമാനം സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവരും ജീവിതം തന്നെ മൊബൈല്‍ ബേസ്ഡ് ആയി ക്രമപ്പെടുത്തിയവരുമായതിന്റെ വ്യാപനം ഉണ്ടാകുന്നുണ്ട്. യാഹൂ മെസഞ്ചറിന്റെയും ഗൂഗിള്‍ പ്ലസിന്റെയും പുതിയ വേര്‍ഷന്‍ എന്നുതുടങ്ങിയ നൊസ്റ്റാള്‍ജിയ പറച്ചിലും ക്ലബിനെക്കുറിച്ച് കേട്ടു. യാഹൂവും ഗൂഗിളുമൊന്നും ഇന്ന് ചിത്രത്തിലില്ല. അഥവാ പുതിയത് വരുമ്പോള്‍ അപ്രസക്തമാകാവുന്ന ആയുസേ ഇത്തരം ആപ്പുകള്‍ക്കും പ്ലാറ്റ്‌ഫോമുകള്‍ക്കുമൊക്കെ ഉള്ളൂ. അതുകൊണ്ടുതന്നെ ക്ലബും നാളെ നിര്‍വീര്യമാകാം. പക്ഷേ ട്രെന്‍ഡിനൊപ്പം ചേരുകയും മനുഷ്യരോട് വര്‍ത്തമാനം പറയാന്‍ ഉപയോഗിക്കുകയും ചെയ്യുക എന്ന മലയാളിയുടെ മനോഭാവ വികാസത്തെ ക്ലബ് വളരെ പ്രകടമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഇത്തരം സങ്കേതങ്ങളില്‍ എലീറ്റ് ക്ലാസ് എന്ന കാറ്റഗറിയെ സാധാരണക്കാരായ ആളുകള്‍ തീര്‍ത്തും അപ്രസക്തരാക്കുന്നുമുണ്ട്. അതുകൊണ്ടാണ് മലയാളത്തിലെ മുഖ്യധാരാ ചാനലുകളിലെ മുന്‍നിര അവതാരകരോ പാനലുക ളോ ഒക്കെയായ രാജീവ് ദേവരാജ്, എംപി ബഷീര്‍, ഇ സനീഷ്, അഭിലാഷ് മോഹന്‍, രാജീവ് രാമചന്ദ്രന്‍, കെ ജെ ജേക്കബ്, അഡ്വ. ഹരീഷ് വാസുദേവന്‍ തുടങ്ങിയവരെല്ലാം ക്ലബ് ഹൗസില്‍ വളരെ സജീവമായി ഇടപെടുന്നതും ആളുകളോട് വര്‍ത്തമാനം പറയുന്നതും. ടെക്കികള്‍ക്ക് സാങ്കേതികജ്ഞാനം കൂടുതലുണ്ടാകുമെങ്കിലും ക്ലബില്‍ പ്രോഗ്രാമിംഗിലും കോഡിംഗിലുമൊന്നും അടിസ്ഥാനവിവരം പോലുമില്ലാത്ത ആളുകളോട് സംസാരിച്ചേ മതിയാകൂ എന്ന അവസ്ഥയും ക്ലബ് തുറന്നുവെക്കുന്നുണ്ട്.
ആദ്യ ആഴ്ചയില്‍ തന്നെ സമരോത്സുകമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ക്ലബ് വേദിയായിക്കഴിഞ്ഞു. ലക്ഷദ്വീപും ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതവും സിഎഎ, കര്‍ഷക സമരം, പെട്രോള്‍വില, കോവിഡ് തുടങ്ങിയ ഇഷ്യൂസെല്ലാം ചര്‍ച്ചകള്‍ക്കും വിമര്‍ശങ്ങള്‍ക്കും വിധേയമായി. ജാതി രാഷ്ട്രീയത്തെച്ചൊല്ലിയുള്ള സിപിഎം നയങ്ങളെ ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് ആക്രമിക്കുന്നതുകണ്ടു. തേച്ചൊട്ടിക്കുക എന്ന പ്രയോഗത്തിന് അക്ഷരാര്‍ഥത്തില്‍ വിധേയനായത് യുക്തിവാദി നേതാവ് രവിചന്ദ്രനാണ്. അദ്ദേഹത്തെ ഫോളോ ചെയ്തിരുന്നവര്‍ തന്നെയാണ് ഈ സാഹസത്തിനു സന്നദ്ധമായത്. 2024ല്‍ കോണ്‍ഗ്രസിനു ജയിക്കണ്ടേ എന്ന ചര്‍ച്ചയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ ദയാവധത്തിനു വിധേയമാക്കുന്നത് പൊതുവേ മലയാളി മുറികളുടെ പൊതുസ്വഭാവമാണ്. അതുകൊണ്ടുതന്നെ വര്‍ഗീയസംഘങ്ങള്‍ക്ക് അടച്ചിട്ട മുറികളില്ലല്ലാതെ ക്ലബിന്റ തുറന്ന പ്രതലത്തില്‍ വലിയ സ്‌കോപ്പുണ്ടാകാന്‍ സാധ്യതയില്ല. ചാനല്‍ ചര്‍ച്ചകളുടെ മടുപ്പും പൊടിപ്പും തൊങ്ങലും വെച്ച പത്രവാര്‍ത്തകളോടുള്ള വിരസതയും പച്ചയായി പറഞ്ഞുകൊണ്ടു തന്നെയാണ് പലരും ക്ലബില്‍ എന്‍ഗേജ് ചെയ്യുന്നത്. ചാനല്‍ ചര്‍ച്ചകള്‍ നയിക്കുന്നവര്‍ക്കുപോലും ഇതിന്റെ ഭാഗമാകേണ്ടിവരുന്നത് മലയാളി മാറ്റിപ്പണിയാന്‍ ശ്രമിക്കുന്ന മാധ്യമ സമ്പ്രദായത്തിന്റെ സൂചനയോ എന്തോ?
എന്തായാലും സംവാദ മലയാളം മനോഭാവങ്ങളെക്കുറിച്ച് അത്ര പേടിക്കേണ്ടതില്ലാത്ത ആത്മവിശ്വാസം രാഷ്ട്രീയ കേരളത്തിനു നല്‍കുന്നുണ്ട്. അതേസമയം, ഈ സംവാദങ്ങള്‍ കൊണ്ടൊന്നും ഒരു കുന്തവും സംഭവിക്കാന്‍ പോകുന്നില്ലെന്നും അങ്ങാടികളിലെ കയറ്റിറക്കു തൊഴിലാളികളും തെരുവിലെ മീന്‍ കച്ചവടക്കാരും ഗ്രാമനഗരങ്ങളിലെ പഴം പച്ചക്കറി പലചരക്ക് കച്ചവടക്കാരും പണിയെടുത്തില്ലെങ്കില്‍ പട്ടിണിയായിപ്പോകുന്ന ശരീരങ്ങളാണ് ഭൂരിഭാഗവും എന്നത് ഒരു കുന്തവും ഉണ്ടാക്കാന്‍ ഈ ക്ലബിനും സാധിക്കില്ല എന്ന രാഷ്ട്രീയ വിചാരം പങ്കുവെക്കുന്നവരും ഉണ്ട്. സര്‍വവും മോണിറ്റര്‍ ചെയ്തുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാറും ഏജന്‍സികളും രാജ്യദ്രോഹക്കുറ്റം ചുമത്തി അകത്തിടാനുള്ള സോളിഡ് എവിഡന്‍സുകള്‍ സമാഹരിക്കാനുള്ള ഒരു ഇടംകൂടി എന്ന ജാഗ്രതാ മുന്നറിയിപ്പും ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞും. ക്ലബിന്റെ മേന്മയും പോരായ്മയും ചൂണ്ടിക്കാണിക്കുന്ന കുറിപ്പുകളും ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമാണ്. ക്ലബ് ഹൗസില്‍ എങ്ങനെ അക്കൗണ്ട് തുറക്കാമെന്ന യൂട്യൂബ് കൊണ്ട് കഞ്ഞികുടിക്കുന്നവരുടെ ട്യൂട്ടോറിയല്‍കൊണ്ടും പെര്‍ഫെക്ട് ഓകെയാവുകയാണ് മലയാളം ■

Share this article

About മുഹമ്മദ് റാശിദ്

View all posts by മുഹമ്മദ് റാശിദ് →

Leave a Reply

Your email address will not be published. Required fields are marked *