ഗ്രീന്‍ സഊദി മരുഭൂമി തളിര്‍ക്കുന്നു

Reading Time: 3 minutes

സഊദി അറേബ്യ ഈയിടെ പ്രഖ്യാപിച്ച രണ്ട് വന്‍ പദ്ധതികളാണ് ഗ്രീന്‍ മിഡില്‍ ഈസ്റ്റും ഗ്രീന്‍ സഊദിയും. മേഖലയെയും രാജ്യത്തെയും പ്രകൃതിക്കിണങ്ങുംവിധം പച്ച പുതപ്പിക്കുകയാണ് ലക്ഷ്യം. ചരിത്രത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ഹരിത പദ്ധതി മേഖലയുടെ മുഖഛായ മാറ്റുമെന്നത് ഉറപ്പ്. നിശ്ചിത കാലഗണനക്കുള്ളില്‍ മധ്യപൂര്‍വേഷ്യയിലെ രാജ്യങ്ങളില്‍ 50 ബില്യന്‍ (5000 കോടി) മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതാണ് പദ്ധതിയിലെ ഹൈലേറ്റ്. ഇതില്‍ 10 മില്യന്‍ (ദശലക്ഷം) സഊദിയില്‍ മാത്രമായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള ആഗോള ഹരിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഈ സുസ്ഥിര ശ്രമം വലിയൊരളവ് വരെ സഹായകമാകും എന്നതാണ് വിലയിരുത്തല്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ അണിനിരത്തി ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള മഹത്തായ കര്‍മമാണിതെന്ന നിലയില്‍ വലിയ സ്വീകാര്യതയാണ് ഇതിനകം തന്നെ പ്രഖ്യാപനത്തിന് ലഭിച്ചത്.
പ്രകൃതി വിഭവങ്ങളും എണ്ണയും മാത്രം ആശ്രയിച്ചിരുന്ന അറബ് രാജ്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വൈവിധ്യപൂര്‍ണമായ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പാതയിലാണി പ്പോള്‍.
മുന്‍നിര ആഗോള എണ്ണ ഉത്പാദകരെന്ന നിലയില്‍ ആഗോള ഊര്‍ജ വിപണിക്ക് പിന്തുണ നല്‍കിയതുപോലെ ഒരു മഹാ ഹരിത ലോകത്തെ കെട്ടിപ്പടുക്കുന്നതില്‍ ആഗോള തലത്തില്‍ നേതൃസ്ഥാനത്ത് എത്താനുള്ള ഉദ്യമമായാണ് സഊദി അറേബ്യ ഗ്രീന്‍ ഇനിഷ്യേറ്റീവിനെ കാണുന്നത്. രാജ്യത്ത് അഭൂതകരമാംവിധം വര്‍ധിക്കുന്ന മരുഭൂമീകരണത്തെ നേരിടുക എന്ന വെല്ലുവിളിയാണ് രാജ്യം ഏറ്റെടുത്തിരിക്കുന്നതെന്ന് കിരീടവകാശി മുഹമ്മദ് ബിൻ സൽമാർ പറയുകയുണ്ടായി. ആവശ്യത്തിന് മരങ്ങള്‍ ഇല്ലാത്ത കാരണം കൂടെക്കൂടെ സംഭവിക്കുന്ന പൊടിക്കാറ്റില്‍ പ്രതിവര്‍ഷം ഉണ്ടാകുന്ന നഷ്ടം 13000 കോടി റിയാലാണത്രെ. കൂടാതെ വായുമലിനീകരണം മൂലം ശരാശരി ഒരു സ്വദേശിയുടെ ഒന്നര വര്‍ഷം ആയുസ് കുറയുന്നു എന്നും കണക്കാക്കപ്പെടുന്നു. ഹരിത ഭംഗിയില്‍ പ്രകൃതി സംരക്ഷിക്കപ്പെടുന്നതോടെ ഇവക്കെല്ലാം സ്വാഭാവിക പരിഹാരമാകുമെന്നാണ് രാജ്യം കരുതുന്നത്.
പരമ്പരാഗത നഗര സങ്കല്‍പങ്ങളെ പൊളിച്ചെഴുതി തികച്ചും വിഭിന്നമായ കാര്‍ബണ്‍ രഹിത ഭാവി നഗരം സഊദിയുടെ മറ്റൊരു സ്വപ്‌ന പദ്ധതിയാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഉയരുന്ന നിയോം സിറ്റിയിലാണ് കാറുകളും തെരുവുകളുമില്ലാത്ത ഈ കാര്‍ബണ്‍ രഹിത നഗരം ഒരുങ്ങുന്നത്. ദി ലൈന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ രേഖീയ നഗരം170 കിലോമീറ്റര്‍ നീണ്ടുനില്‍ക്കും. മനുഷ്യ രാശി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളോട് നേരിട്ടു പ്രതികരിക്കുന്നതിലൂടെ പരിഹാരത്തിലെത്തുക എന്നതാണ് സഊദി കാണുന്നത്.
മനുഷ്യത്തിരക്ക്, ഗതാഗതകുരുക്ക്, മലിനീകരണം എന്നിവകൊണ്ട് വീര്‍പ്പുമുട്ടുകയാണ് ഓരോ വികസനവും. ആധുനിക പ്രകൃതി നഗരത്തില്‍ അതുണ്ടാവില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സഊദി വിഷന്‍ 2030ന്റെ ഭാഗമായി സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ പ്രധാന മുന്നേറ്റമായി നിയോം മാറും. 380,000 തൊഴിലവസരങ്ങള്‍ സമ്മാനിക്കുന്നതോടൊപ്പം 2030 ആകുന്നതോടെ ഈ പദ്ധതിയില്‍ നിന്ന് മാത്രം സമ്പദ് വ്യവസ്ഥയിലേക്ക് 180 ബില്യന്‍ റിയാല്‍ സംഭാവന ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തില്‍ നഗര നിര്‍മാണങ്ങള്‍ നടന്നത് മനുഷ്യന്റെ സംരക്ഷത്തിനും സുഖത്തിനും ആണ്. എന്നാല്‍ വ്യവസായ വിപ്ലവത്തിന് ശേഷം അവിടെ ജനങ്ങളെക്കാള്‍ യന്ത്രങ്ങളും വാഹനങ്ങളും ഫാക്ടറികളും കൈയടക്കിയതോടെ എല്ലാം മനുഷ്യവിരുദ്ധമായി എന്നതാണ് വാസ്തവം. സമുദ്രജീവികളുടെ സംരക്ഷണവും ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമാണ്.
10 മില്യന്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ 40 ദശലക്ഷം ഹെക്ടര്‍ അന്യാധീനപ്പെട്ട ഭൂമി സംരക്ഷിക്കുന്നതിന് തുല്യമാകുന്നു. പദ്ധതി പൂര്‍ത്തിയാകുന്ന മുറക്ക് മൊത്തം വൃക്ഷങ്ങള്‍, നിലവിലെ ഹരിത തൈകളുടെ 12 മടങ്ങ് ആയി വര്‍ധിക്കും. ഭൂമിയുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്നതിനെ കുറച്ച് കൊണ്ടുവരുന്നതിന് നിശ്ചയിക്കപ്പെട്ട ആഗോള ലക്ഷ്യങ്ങളുടെ 4 ശതമാനം സംഭാവന ചെയ്യാന്‍ ഈ പദ്ധതിക്ക് കഴിയും എന്നാണ് കണക്കാക്കുന്നത്.
വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക എന്നത് മാത്രം ആഗോള പാരിസ്ഥിതിക ശ്രമങ്ങളുടെ ഒരു ശതമാനത്തോളം വരും. സംരക്ഷിത പ്രദേശങ്ങളുടെ ശതമാനം അതിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു. ഏകദേശം 600,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഈ ശ്രമം നിലവിലെ ആഗോള ലക്ഷ്യത്തിന്റെ 17 ശതമാനം കവിയും. കൂടാതെ സമുദ്ര-തീര സംരക്ഷണത്തിനായി നിരവധി സ്വപ്‌നസംരംഭങ്ങളും ആരംഭിക്കാനാണ് പ്ലാന്‍.
2030 ആകുന്നതോടെ രാജ്യത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ 50 ശതമാനവും പുനരുപയോഗ ഊര്‍ജം ഉപയോഗിക്കാനാണ് സഊദി അറേബ്യ ലക്ഷ്യംവെക്കുന്നത്. ഇത് ആഗോള ലക്ഷ്യത്തിന്റെ 4 ശതമാനം സംഭാവന ചെയ്യും. 130 മെട്രിക് ടണ്‍ കാര്‍ബണ്‍ പ്രസരണം ഇല്ലാതാക്കുമെന്ന് കണക്കാക്കപ്പെടുന്ന ശുദ്ധമായ ഹൈഡ്രോകാര്‍ബണ്‍ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി മറ്റു പല പദ്ധതികളിലും ഇത് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. ഒപ്പം ഇതുവഴി മാലിന്യ മുക്ത പദ്ധതികളുടെ തോത് രാജ്യത്ത് 94 ശതമാനത്തിലെത്തുക എന്നത് ചെറിയ കാര്യമല്ല. ജിസിസി രാജ്യങ്ങളുടെ അയല്‍ പ്രദേശത്തേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും സഊദി കിരീടാവകാശി പ്രഖ്യാപിച്ചിരിക്കുകയാണ്. പദ്ധതി സാര്‍ഥകമാകുന്ന പക്ഷം 200 ദശലക്ഷം ഹെക്ടറിന് തുല്യമായ ഒരു ഹരിത പ്രദേശം പുനസ്ഥാപിക്കുന്നതിന് തുല്യമാകും എന്ന് മാത്രമല്ല ആഗോള കാര്‍ബണ്‍ അളവ് 2.5 ശതമാനം കുറക്കുകയും ചെയ്യും.
അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കൂടിയത് മൂലം 90 ശതമാനം പേരും മലിനവായുവാണ് ശ്വസിക്കുന്നത്. മലിനീകരണം മൂലം വര്‍ഷവും ഏഴു ദശലക്ഷം ആളുകളാണ് മരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനംമൂലം ഒരു ബില്യന്‍ ആളുകളെങ്കിലും അവര്‍ താമസിക്കുന്ന സ്ഥലം മാറേണ്ടി വരും. എന്നാല്‍ വികസനത്തിന് പ്രകൃതിയെ പഴിക്കുകയോ ത്യജിക്കുകയോ വേണ്ടതില്ല എന്ന നിലപാടില്‍ എത്താന്‍ കഴിയണം. പാരമ്പര്യവും പ്രകൃതിയും പൈതൃകവും മേളിച്ച സങ്കല്‍പമാണ് ഹരിത പദ്ധതിയായിരുന്നാലും ലൈന്‍ ആയിരുന്നാലും രാജ്യം വിഭാവനം ചെയ്യുന്നത്.
95 ശതമാനവും പ്രകൃതിയെ അതേപടി സംരക്ഷിച്ച് കൊണ്ടുള്ള രൂപകല്‍പനയാണ് നിയോമിലെ ലൈന്‍ നഗരത്തിനുള്ളത്. വാഹനവും തെരുവും കാര്‍ബണും ഇല്ലാത്ത നഗരം എന്നതാണ് സങ്കല്‍പം. 150 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ലോകത്തില്‍ ഇത്തരമൊരു നഗര രൂപകല്‍പന എന്നതും ശ്രദ്ധേയമാണ്. സ്‌കൂള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, വിനോദ സങ്കേതങ്ങള്‍, ഹരിത കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ അവശ്യ സേവനങ്ങളും അടങ്ങുന്നതാണ് ഈ നഗരം. ഏത് ദൈനംദിനം ആവശ്യങ്ങള്‍ക്കും അഞ്ച് മിനിറ്റില്‍ കൂടുതല്‍ ചെലവിടേണ്ടി വരില്ലെന്നതും പ്രത്യേകതയാണ്. 170 കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ലക്ഷം പേര്‍ക്കാണ് ഇവിടെ താമസിക്കാനാകുക.
അള്‍ട്രാ ഹൈ-സ്പീഡ് ട്രാന്‍സിറ്റ്, ഓട്ടോണമസ് മൊബിലിറ്റി സൊല്യൂഷനുകള്‍ എന്നീ സാങ്കേതിക വിദ്യകളിലൂടെ യാത്ര എളുപ്പമാക്കുകയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി കൂടുതല്‍ സമയം വീണ്ടെടുക്കാന്‍ താമസക്കാര്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിക്കുന്നത്. ഇവിടെ നടത്തുന്ന ഒരു യാത്രയും 20 മിനിറ്റില്‍ കൂടുതല്‍ ഉണ്ടാകില്ലെന്നാണ് ഏറ്റവും വലിയ പ്രത്യേകത. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുള്ള ആശയ വിനിമയ വൈജ്ഞാനിക സൗകര്യങ്ങളിലൂടെയാണ് കാര്യങ്ങളുടെ നിയന്ത്രണം.
സുസ്ഥിരതയെ പുനര്‍നിര്‍വചിക്കുന്നതിലൂടെ, 100 ശതമാനവും ശുദ്ധമായ ഊര്‍ജം നല്‍കുന്ന കാര്‍ബണ്‍ പോസിറ്റീവ് നഗരവികസനങ്ങള്‍ സംവിധാനിക്കപ്പെടുകയാണിവിടെ. മലിനമുക്തവും ആരോഗ്യദായകവുമായ അന്തരീക്ഷമാണ് ഈ പ്രൊജക്ടില്‍ ഉണ്ടാവുക. എല്ലാം പ്രകൃതിയെ ചുറ്റിപ്പറ്റി മാത്രമുള്ള വികാസമാണ് നിയോം. പ്രകൃതിയോടിണങ്ങിയ നിക്ഷേപങ്ങള്‍ക്ക് ഏറെ പ്രതിഭകളെ ആകര്‍ഷിക്കുന്ന തകര്‍പ്പന്‍ ഇടം കൂടിയായിരിക്കും നിയോം. 2021 ആദ്യ പാദത്തില്‍ നിര്‍മാണം തുടങ്ങുന്ന ലൈന്‍ പദ്ധതി ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. സഊദിയുടെ കേന്ദ്ര ബേങ്കിന്റെ കീഴിലാണ് ഈ ഭീമന്‍ പദ്ധതി വരുന്നത്.
ഇന്ന് മിഡില്‍ ഈസ്റ്റിലെ ശുദ്ധമായ ഊര്‍ജ ഉത്പാദനത്തിന്റെ പങ്ക് 7 ശതമാനം കവിയുന്നില്ലെന്നും ഈ പ്രദേശത്തെ ഹൈഡ്രോകാര്‍ബണ്‍ ഉത്പാദനത്തില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകള്‍ കാര്യക്ഷമമല്ലെന്നുമാണ് റിപ്പോര്‍ട്ട്. അതിനാല്‍, പരസ്പര വിജ്ഞാന കൈമാറ്റത്തിനും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും രാജ്യം പ്രാദേശിക പങ്കാളികളുമായി പ്രവര്‍ത്തിക്കുക വഴി പ്രദേശത്തെ ഹൈഡ്രോകാര്‍ബണ്‍ ഉത്പാദനത്തിന്റെ ഫലമായുണ്ടാകുന്ന കാര്‍ബണ്‍ ഉദ്‌വമനം 60 ശതമാനത്തില്‍ കൂടുതല്‍ കുറക്കുന്നതിന് ഇത്തരം പദ്ധതികള്‍ സഹായകരമാകും.
പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസികളുടെയും പൗരന്മാരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി രാജ്യാന്തര തലത്തില്‍ ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങളോടുള്ള രാജ്യത്തിന്റെ നേതൃപരമായ പങ്ക് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്നാണ് ഹരിത പദ്ധതിയുമായി മുന്നോട്ട് വരുന്നത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടന്ന ഇക്കഴിഞ്ഞ ജി20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ശ്രമങ്ങളുടെ തുടര്‍ച്ചയും കൂടിയാണ് പദ്ധതി. ഉച്ചകോടിയില്‍ സര്‍ക്കുലര്‍ കാര്‍ബണ്‍ സമ്പദ് വ്യവസ്ഥ എന്ന ആശയമാണ് സഊദി പങ്ക് വെച്ചത്. ഒപ്പം ഭൂമി നശീകരണം കുറയ്ക്കുന്നതിനും പവിഴപ്പുറ്റുകളുടെ സംരക്ഷണം സാധ്യമാക്കുന്നതിനുമായി രണ്ട് രാജ്യാന്തര പദ്ധതി ആരംഭിക്കുകയും ചെയ്തിരുന്നു.
പ്രഖ്യാപിത പദ്ധതികള്‍ സമയപരിധിക്കകം പൂര്‍ത്തിയാക്കുന്നതിനും കൂടുതല്‍ വികസിപ്പിക്കുന്നതിനും രാജ്യാന്തര തലത്തില്‍ സന്നദ്ധമാകുന്ന പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തികാനാണ് പദ്ധതി. 2022 രണ്ടാം പാദത്തിലാണ് മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവിനുള്ള ഒരു ആഗോള ഫോറം രൂപപ്പെടുത്തുക എന്നാണ് ഇപ്പോഴുള്ള അറിയിപ്പ്.
ഗള്‍ഫ് രാജ്യങ്ങളിലെ ഭരണത്തലവന്മാരില്‍ നിന്നും വിവിധ രാജ്യാന്തര ഏജൻസികളില്‍ നിന്നും വന്‍പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെയാണെങ്കിലും ഗ്രീന്‍ മിഡില്‍ ഈസ്റ്റിന് ഒരു രാഷ്ട്രീയ മാനവും കാണുന്നുണ്ട് നിരീക്ഷകര്‍. പശ്ചിമേഷ്യയെ നിരന്തരം മുള്‍മുനയില്‍ നിര്‍ത്തുകയും സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സ്വാസ്ഥ്യം കെടുത്തുകയും ചെയ്യുന്ന ഇറാന്റെ ആണവ പദ്ധതികളോട് മത്സരിക്കാനും പോരാടാനുമുള്ള ഒരു ബദല്‍ പദ്ധതിയായി ഇതിനെ അവതരിപ്പിക്കുന്നവരും ഉണ്ട്. ഒരു ന്യൂക്ലിയര്‍ ആയുധ പ്രഹരം നേരിടാന്‍ മേഖലയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ട് തന്നെ അക്രമോല്‍സുകതയും സംഘര്‍ഷവും സൃഷ്ടിക്കുന്ന ഛിദ്ര അച്ചുതണ്ടുകള്‍ക്ക് മുമ്പില്‍ സമാധാനത്തിന്റെ മധുര പ്രതികാരം കൂടിയാണത്രേ ഈ ബൃഹദ് ഹരിത പദ്ധതി ■

Share this article

About ലുഖ്മാൻ വിളത്തൂർ

luqmanvilathur@gmail.com

View all posts by ലുഖ്മാൻ വിളത്തൂർ →

Leave a Reply

Your email address will not be published. Required fields are marked *