സൈക്കിള്‍ ചവിട്ടുന്ന മലയാളം

Reading Time: 3 minutes

1970, കേരളത്തിന്റെ ഇടവഴികളില്‍ സൈക്കിള്‍ വ്യാപകമായി ഉരുണ്ടിരുന്ന കാലം. ഇടത്തരം കുടുംബക്കാരുടെ വീടുകളിലൊക്കെയും അഭിമാനബോധത്തിന്റെ അടയാളമായിരുന്നു അന്ന് സൈക്കിള്‍. ഒരോ ദിവസവും എത്ര കിലോമീറ്റര്‍ സൈക്കിള്‍ ഓടിയിരുന്നു എന്നതിന് കണക്കൊന്നുമില്ല. കേരളത്തിന്റെ ഏകദേശം എല്ലാ പൊതുജനകേന്ദ്രങ്ങളിലൊക്കെയും സൈക്കിള്‍ വന്നെത്തിയിരുന്നു അന്ന്. സിനിമാശാലകളിലായിരുന്നു അതിന്റെ ഏറ്റവും ഭംഗിയുള്ള കാഴ്ച കണ്ടിരുന്നത്. നൂറുകണക്കിന് സൈക്കിള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന അത്യന്തം ആനന്ദം തരുന്ന കാഴ്ച. ചില കുസൃതി കാഴ്ചകളും ഇതോടൊപ്പം ഉണ്ടാകാറുണ്ട്. സിനിമ കാണാനുള്ള ടിക്കറ്റ് കിട്ടാത്ത ഏതെങ്കിലും പിള്ളേര്‍ അതിന്റെ അരിശം തീര്‍ക്കാന്‍ നിരന്ന് നില്‍ക്കുന്ന സൈക്കിളുകളില്‍ ഒന്ന് കൈ വെക്കും. ഒരു പ്രത്യേകം കലാഭംഗിയില്‍ ഒന്നൊഴിയാതെ സൈക്കിള്‍ ഓരോന്നായി നിലംപതിക്കും. ആ ദൃശ്യം സൗജന്യമായി കണ്ട് അയാള്‍ തിരിച്ചുപോകും. വേറെയും കുസൃതി ഒപ്പിക്കുന്നവരുണ്ട്. സൈക്കിള്‍ ലൈറ്റ് മോഷണമാണത്. പതിനഞ്ചോ ഇരുപതോ രൂപയുണ്ടായിരുന്നു ഒരു ലൈറ്റിന്. വണ്ടിച്ചെലവിന് അത്യാവശ്യം കൊള്ളാവുന്ന കാശ്.
അക്കാലത്ത് പല ബ്രാന്‍ഡുകളിലുള്ള സൈക്കിളുകളുണ്ടായിരുന്നു. ഹീറോ, ഹെര്‍ക്കുലിസ്..
സൈക്കിളില്‍ ഒന്നു തൊട്ടുനോക്കുക എന്നത് തന്നെ ചിലര്‍ക്ക് ഒരു സ്വപ്‌നമായിരുന്നു. സൈക്കിള്‍ വാടകക്കെടുത്ത് ചവിട്ടിത്തിരിച്ചേല്‍പിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു അന്ന്. പത്ത് പൈസ കൊടുത്താല്‍ ഒരു മണിക്കൂര്‍ ചവിട്ടിക്കളിക്കാം. ഒരു രൂപക്ക് അര ദിവസം സൈക്കിള്‍ സ്വന്തം.
വീട്ടില്‍ അഛനോ മറ്റോ സൈക്കിള്‍ ഉപയോഗിക്കുന്നവരുണ്ടാകും. വലിപ്പമുള്ള ആ സൈക്കിളെടുത്ത് കമ്പിക്കിടയിലൂടെ കാലിട്ട് ചവിട്ടുന്ന രംഗം രസമാണ്. വീട്ടിലെ സൈക്കിള്‍ ലോക്ക് ചെയ്യാതിരിക്കട്ടെ എന്നാണ് അന്നത്തെ പ്രധാന മോഹം.
ഹൈസ്‌കൂള്‍ പഠനം ആരംഭിക്കുമ്പോള്‍ ഒരു സൈക്കിള്‍ സ്വന്തമാക്കാനുള്ള ശ്രമം നമ്മളും നടത്തും. നാലര കിലോമീറ്റര്‍ സൈക്കിളില്‍ ഉരുണ്ടാണ് ഞാന്‍ സ്‌കൂളിലെത്തിയിരുന്നു. വൈകുന്നേരം തിരിച്ചും. കോളേജ് കാലം വരെ ഉപയോഗിക്കാവുന്ന വിധത്തില്‍ സ്‌കൂള്‍ സൈക്കിള്‍ കൊണ്ടുനടക്കും. കുറേ അലങ്കാരങ്ങൾ സൈക്കിളില്‍ വരുത്തും. ഇഷ്ടപ്പെട്ട പെയിന്റ് വാങ്ങി പൂശും. ഹാന്‍ഡ് ലില്‍ ബെല്ല് ഘടിപ്പിക്കും. ചിലപ്പോള്‍ രണ്ടു ബെല്ല് ഘടിപ്പിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ക്ണിം എന്ന് ശബ്ദിക്കുന്ന ഒന്നും ഇത്തിരി നീട്ടി ക്രീം എന്ന് ശബ്ദിക്കുന്ന വേറൊന്നും. ലൈറ്റാണ് മറ്റൊരു അലങ്കാരം. ഡൈനാമോ അന്ന് വ്യാപകമായി കണ്ടിരുന്നു. പുറകിലെ ചക്രത്തോട് ചേര്‍ത്ത് ഘടിപ്പിക്കുന്നത് കൊണ്ട് ചക്രം തേഞ്ഞു പൊട്ടുന്ന പതിവുണ്ടായിരുന്നു. പ്രത്യേകതരം മണ്ണെണ്ണ വിളക്ക് ഹാന്‍ഡ് ലില്‍ തൂക്കിയിടുന്ന കാഴ്ചയും അന്ന് കാണാമായിരുന്നു.
കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന ഒരു കാര്യം, കോര്‍പറേഷന്‍ പരിധിയിലെ സൈക്കിളിന് ലൈസന്‍സ് വേണമായിരുന്നു. ചിലപ്പോള്‍ ചെക്കിങില്‍ ലൈസന്‍സ് പരിശോധിക്കും.
ലൈസെന്‍സില്ലാത്ത സൈക്കിള്‍ ചവിട്ടുന്നയാള്‍ക്ക് ശിക്ഷയും കിട്ടും. രാത്രി കാലങ്ങളില്‍ ലൈറ്റ് ഘടിപ്പിക്കാത്ത സൈക്കിള്‍ ഓടാന്‍ പാടില്ലെന്ന നിയമമുണ്ടായിരുന്നു. പോലീസിന്റെ നോട്ടത്തില്‍ പെട്ടാല്‍ അവര്‍ രണ്ടു ടയറിന്റെയും കാറ്റഴിച്ചുവിടും. അതാണ് അന്നത്തെ ശിക്ഷ. അതു പേടിച്ച് പോലീസിനെ കാണുന്ന മാത്രയില്‍ ചാടിയിറങ്ങി സൈക്കിള്‍ തള്ളിനടക്കും. ദൂരത്തുനിന്ന് തന്നെ പോലീസിനെ ശ്രദ്ധയില്‍ പെടും. ചോപ്പും പച്ചയും നിറത്തിലുള്ള അവരുടെ കൂര്‍ത്ത തൊപ്പി അതിന് സഹായിക്കുമായിരുന്നു. ട്രൗസറായിരുന്നല്ലോ അന്നവര്‍ ധരിച്ചിരുന്നത്.
എറണാകുളം കോളേജിലായിരുന്നു എന്റെ പഠനം. സൈക്കിളായിരുന്നു യാത്രക്ക് ഉപയോഗിച്ചിരുന്നത്. നിരവധി സഹപാഠികള്‍ക്ക് അന്ന് സൈക്കിളുണ്ടായിരുന്നു. പഠനം കഴിഞ്ഞ് ജോലിയൊക്കെ ആയപ്പോള്‍ ബൈക്ക് വാങ്ങി സൈക്കിളിനോട് ബൈ പറഞ്ഞു. ഈ ബൈക്കില്‍ കറങ്ങുന്നിതിനിടെയാണ് പഴയ സൈക്കിള്‍ ലോകത്തേക്ക് ഞാന്‍ തിരിച്ചുപോയത്. അതിനൊരു രാഷ്ട്രീയ കാരണമുണ്ടായിരുന്നു.
പെട്രോള്‍ വിലവര്‍ധനയോടുള്ള പ്രതിഷേധം. ഇന്നത്തേത് പോലെ ദിവസവും ഇന്ധനവില വര്‍ധിച്ചിരുന്നില്ല. എപ്പോഴെങ്കിലും ചില്ലറ കാശ് കൂട്ടും. അങ്ങനെ ഒരു വിലമാറ്റത്തോട് പ്രതിഷേധിച്ച് ഞാന്‍ ബുള്ളറ്റില്‍ നിന്നിറങ്ങി പഴയ സൈക്കിളില്‍ തന്നെ കേറി.
കൗതുകം നിറച്ച വാര്‍ത്തയായി മനോരമ പത്രം അത് അച്ചടിച്ചു. പിന്നീട് വില കൂട്ടിയപ്പോഴൊക്കെയും ഞാന്‍ സൈക്കിള്‍ ചവിട്ടുന്ന പടമെടുത്ത് പത്രക്കാര്‍ പ്രസിദ്ധീകരിച്ചു. മറ്റൊരു കാരണവും കൂടിയുണ്ട് എന്റെ റീ-സൈക്കിള്‍ യജ്ഞത്തിന്. വികസനത്തിന്റെ മറവില്‍ നടന്ന ചില പരിഷ്‌കരണങ്ങളാണത്. എറണാകുളം നഗരത്തിലാണ് എന്റെ പുസ്തകക്കട നടന്നിരുന്നത്. ഇപ്പോഴും അവിടെ തന്നെയാണ്. നഗരവികസനത്തിന് റോഡുകള്‍ വലുതാക്കി ട്രാഫിക് സംവിധാനങ്ങളൊക്കെ വന്നപ്പോള്‍ കടയുടെ മുന്നിലെ റോഡ് വണ്‍വേ മാത്രമായി. പട്ടണങ്ങളിലെ പല റോഡുകള്‍ക്കും വണ്‍വേ ബാധകമാക്കി. എന്റെ തൊട്ടടുത്ത പോസ്റ്റോഫീസിലോ ബാങ്കിലോ പോവാന്‍ കറങ്ങിത്തിരിഞ്ഞ് യൂടേണ്‍ എടുത്ത് വരാന്‍ കിലോമീറ്ററുകള്‍ ഓടേണ്ടിവന്നു. വെറുതെ പാഴാകുന്ന നേരവും കാശും. ഇതിനുള്ള ശാശ്വത പരിഹാരം സൈക്കിള്‍ തന്നെയായിരുന്നു. അതിന് വണ്‍വേ ബാധകമല്ലല്ലോ.
ലക്ഷ്മി സൈക്കിള്‍ എന്ന് കേട്ടിട്ടുണ്ടോ? മോട്ടോര്‍ ഘടിപ്പിച്ച സൈക്കിളായിരുന്നു ലക്ഷ്മി സൈക്കിള്‍. സ്റ്റാന്റിലിട്ട് നിര്‍ത്തി മോട്ടോര്‍ സ്റ്റാർട്ട് ചെയ്താല്‍ സൈക്കിള്‍ ഓടി തുടങ്ങും. ഇത്തരം കുറച്ച് സൈക്കിളുകള്‍ എറണാകുളം പട്ടണത്തില്‍ ഉണ്ടായിരുന്നു.
വേഗത കൂടിയ ജീവിത സംസ്‌കാരം ആരംഭിച്ചതോടെയാണ് സൈക്കിള്‍ സൈഡായതെന്ന് തോന്നുന്നു. ഇത്രകണ്ട് വാഹനപ്പെരുപ്പമോ ട്രാഫിക് കുരുക്കോ അന്നുണ്ടായിരുന്നില്ല. മിനിമം വേഗത്തില്‍ സൈക്കിള്‍ ചവിട്ടാന്‍ റോഡുകളില്‍ സൗകര്യമുണ്ടായിരുന്നു. തിരക്കില്‍ പെട്ട് സൈക്കിളോടിക്കാന്‍ പഴുതില്ലാതെയായാല്‍ ഇറങ്ങി തള്ളിപ്പോകേണ്ടി വരും. അത് തനിച്ച് നടക്കുന്നതിനെക്കാള്‍ ആയാസമാണ്.
എറണാകുളത്ത് സൈക്കിള്‍ ചവിട്ടാന്‍ പ്രത്യേകം വഴി തിരിക്കുന്നതിന് CSML (കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്) റോഡില്‍ വെള്ള വര ഇട്ടു. കുറേ കാശ് നഷ്ടപ്പെട്ടത് മിച്ചം. അതൊരു പ്രായോഗിക വഴി ആയിരുന്നില്ല.
പിന്നീട് എറണാകുളത്ത് മെട്രോ വന്നപ്പോള്‍ പുതിയ സൈക്കിള്‍ കള്‍ച്ചര്‍ പരീക്ഷണം ആരംഭിച്ചു. മെട്രോ ധാരാളം സൈക്കിളുകള്‍ ഇറക്കി യാത്രക്കാര്‍ക്ക് കൈമാറുന്നു. ആവിശ്യക്കാര്‍ക്ക് പ്രത്യേക കോഡ് നല്‍കി സൈക്കിള്‍ കൈമാറുന്നു. ആവിശ്യം കഴിഞ്ഞാല്‍ ഏതെങ്കിലും മെട്രോ സ്റ്റേഷനില്‍ തിരിച്ചെത്തിച്ചാല്‍ മതിയാകും. ഇതായിരുന്നു രീതി. പക്ഷേ കോവിഡ് കാരണം അത് മുന്നോട്ട് പോയില്ല. പക്ഷേ പുനഃസ്ഥാപിക്കാവുന്ന നല്ല രീതിയായിട്ടാണ് മനസിലാകുന്നത്.
ലോകത്തെല്ലായിടത്തും സൈക്കിളില്‍ സഞ്ചരിച്ച പ്രശസ്തനായ ഒരു മലയാളി കോസ്റ്റ് ഓഡിറ്ററുണ്ട്. ഫെലപ്‌സ് എന്നാണദ്ദേഹത്തിന്റെ പേര്. അഞ്ച് ലോകം സൈക്കിളില്‍ സഞ്ചരിച്ച ഒരു കൊടുങ്ങല്ലൂര്‍ സ്വദേശിയുണ്ട്, എ.കെ.എ റഹ് മാന്‍. സൈക്കിളില്‍ ലോകം ചുറ്റിയ കഥ, ജീവിതയാത്ര എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണദ്ദേഹം. അദ്ദേഹത്തിന്റെ സൈക്കിള്‍ സഞ്ചാരത്തിന് പിന്നില്‍ കൗതുകം നിറഞ്ഞൊരു കഥയുണ്ട്. ഇക്‌ണോമിക്‌സില്‍ എംഎ പഠനം കഴിഞ്ഞ് കെനിയയില്‍ ജോലിക്കു പോയതായിരുന്നു. ജോലിയൊന്നും തരപ്പെട്ടില്ല. ജെയിലില്‍ കിടക്കേണ്ടിവന്നു. നല്ലവനായ പോലീസുദ്യോഗസ്ഥനെ കാര്യം തര്യപ്പെടുത്തിയപ്പോള്‍ തടവൊഴിവാക്കി പുറത്തുവിട്ടു. നേരെ ചെന്ന് ഒരു റെസ്റ്റോറന്റില്‍ ചായ കുടിക്കുമ്പോള്‍ ഒരു വാര്‍ത്ത കണ്ണിലുടക്കി. ലോക സൈക്കിള്‍ സഞ്ചാരി മോഹന്‍കുമാറിന്റെ സൈക്കിള്‍ മോഷണം പോയി. റെസ്റ്റോറന്റിനു പുറത്ത് വന്നപ്പോള്‍ മുന്നില്‍ ഒരാള്‍. അതേ, സൈക്കിള്‍ നഷ്ടപ്പെട്ട അതേ മോഹൻകുമാര്‍! പരസ്പരം സംസാരിച്ചു. ഇന്ത്യക്കാരനാണ് കക്ഷി. സൈക്കിളില്‍ ലോകം ചുറ്റാന്‍ പോകണോ എന്ന കക്ഷിയുടെ ചോദ്യത്തിന് റഹ് മാ ന്‍ സമ്മതം മൂളി. വ്യാപാരിയായ ഒരു ഇന്ത്യക്കാരനെ ബന്ധപ്പെട്ടപ്പോള്‍ സൈക്കിളുകളും യാത്രാചെലവും ഒത്തു. രണ്ടു പേരും കുറേ രാഷ്ട്രങ്ങള്‍ ചുറ്റിക്കറങ്ങി. ഒടുവില്‍ സോളോ ട്രിപ്പില്‍ കൗതുകം കണ്ടെത്തിയ ഇരുവരും പരസ്പരം ആലിംഗനം ചെയ്ത് പിരിഞ്ഞു.
സൈക്കിളിംഗ് ഇനിയങ്ങോട്ട് ആരോഗ്യ ഉപാധിയായി മാറാനാണ് സാധ്യത. ആണുങ്ങളും പെണ്ണുങ്ങളും രാവിലെ സൈക്കിള്‍ ചവിട്ടുന്ന കാഴ്ച എല്ലായിടത്തും വ്യാപകമായി. കിലോ മീറ്ററുകളോളം അവര്‍ സൈക്കിളില്‍ സഞ്ചരിക്കും. ഞായറാഴ്ചകളിലൊക്കെ വൈകുന്നേരം വരെ സൈക്കിള്‍ സവാരി നടത്തുന്നവരുണ്ട്.
വളരെ വില കൂടിയ സൈക്കിളുകളാണവയില്‍ മിക്കതും. ആഞ്ഞൊന്നു ചവിട്ടിയാല്‍ വളരെ ദൂരം നീങ്ങിക്കിട്ടും. പതിനായിരവും ഇരുപത്തായ്യായിരവും വരെ വിലയുള്ള സ്‌പോര്‍ട്‌സ് സൈക്കിളുകളാണവ. വലിയ വിലയുള്ള സ്‌പോര്‍ട്‌സ് സാമഗ്രികള്‍ വില്‍ക്കുന്ന ഡെകാത് ലോന്‍ പോലാത്ത സ്ഥാപനങ്ങള്‍ വില കൂടിയ ഇത്തരം സൈക്കിളുകള്‍ വലിയ ഡിസ്‌കൗണ്ടില്‍ വിറ്റഴിക്കാറുണ്ട്.
ഇപ്പോള്‍ സൈക്കിളിന് പകരം ടൂവീലറായി. മീന്‍കാരും ഓഫീസ് ജീവനക്കാരും മറ്റു ജോലിക്കാരും ആണ്‍ പെണ്‍ ഭേദമന്യേ ടൂവീലര്‍ ഉപയോഗിക്കുന്നവരാണിപ്പോള്‍.
ഞങ്ങളുടെ പ്രായത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സ്ത്രീകളില്ലായിരുന്നു. എന്റെ നാട്ടില്‍ ആദ്യമായി സ്‌കൂട്ടര്‍ ഓടിച്ച ഒരു സ്ത്രീയുണ്ടായിരുന്നു, സ്‌കൂട്ടറമ്മ എന്നവരെ ആള്‍ക്കാര്‍ വിളിച്ചു. ഇന്നിപ്പോള്‍ എല്ലാ വീട്ടിലും ഇരുചക്രവാഹനമെത്തി. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായിട്ട് സ്‌കൂട്ടര്‍ മലയാളിയുടെ നിത്യവ്യവഹാരത്തിലുണ്ട്. സാമ്പത്തീക വരവിലുണ്ടായ വളര്‍ച്ച കൂടിയുണ്ട് ഈ സ്‌കൂട്ടര്‍ വരവിന് പിന്നില്‍ ■

Share this article

About സി ഐ സി സി ജയചന്ദ്രൻ

View all posts by സി ഐ സി സി ജയചന്ദ്രൻ →

Leave a Reply

Your email address will not be published. Required fields are marked *