ഇസ്രയേല്‍ എന്ന പെരുംനുണ

Reading Time: 3 minutes

ഇറാന്‍ മുന്‍ പ്രസിഡന്റ് അഹ് മദി നജാദ് ഒരിക്കല്‍ യു എന്‍ പൊതു സഭയില്‍ പറഞ്ഞു: “ഇസ്രയേലിന്റെ നിലനില്‍പ്പ് നുണയിലാണ്. ഹോളോകോസ്റ്റ് പറഞ്ഞ് പൊലിപ്പിച്ച നുണയല്ലാതെ മറ്റൊന്നുമല്ല.’ വലിയ ചര്‍ച്ചകള്‍ക്ക് വാതായനങ്ങള്‍ തുറന്നിട്ടു ആ വാക്കുകള്‍. പല്ലു കൊഴിഞ്ഞ് വിധേയപ്പെട്ടു പോയ വയസന്‍ സിംഹമാണ് യു എന്‍ എന്നറിഞ്ഞിട്ടും ഹ്യൂഗോ ഷാവേസും നജാദുമൊക്കെ ആ തണുപ്പന്‍ പൊതു മണ്ഡലത്തെ ചൂടുപിടിപ്പിക്കും വിധം സംസാരിച്ചത് തങ്ങളുടെ വാക്കുകള്‍ വലിയൊരു സംവാദത്തിന് തിരികൊളുത്തുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്. തെരുവുകളില്‍, മാധ്യമങ്ങളില്‍, നിയമനിര്‍മാണ സഭകളില്‍, നെറ്റിലെ കൂട്ടായ്മകളില്‍, പ്രാര്‍ഥനാലയങ്ങളില്‍, ന്യൂസ് റൂമുകളില്‍, സുഹൃദ്‌സദസുകളില്‍, കുടുംബങ്ങളില്‍, കലാപ്രകടനങ്ങളില്‍ ഉച്ചരിക്കുന്ന ഓരോ വാക്കും മുദ്രാവാക്യവും പ്രാര്‍ഥനയും സാമ്രാജ്യത്വവിരുദ്ധമായ പ്രതിരോധവും ആക്രമണവും ഒരുക്കുന്നു. ഗസ്സയില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു വീഴുമ്പോള്‍ ലോകത്താകെ ഉയരുന്ന പ്രതിഷേധ പ്രപഞ്ചം ആ അര്‍ഥത്തില്‍ പ്രതീക്ഷ പകരുന്നതാണ്.
മിഥ്യകള്‍ക്കും പച്ചനുണകള്‍ക്കും മുകളില്‍ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ഇസ്രയേല്‍. സണയണിസത്തിന്റെ സൈദ്ധാന്തിക തലവും സമൃദ്ധമായ നുണകളാണ്. നാസി ആട്ടിയോടിക്കലിന്റെ ചരിത്രത്തെ നുണകള്‍ കൂടി കൂട്ടിക്കുഴച്ച് പുനരവതരിപ്പിക്കുക വഴിയാണ് സയണിസം ഇന്നത്തെ പ്രഹര ശേഷിയും സൗഹൃദങ്ങളും ആര്‍ജിച്ചത്. അതുകൊണ്ട് തന്നെ ആക്രമണങ്ങളുടെയും കൂട്ടക്കുരുതിയുടെയും ക്രൂരമായ നുഴഞ്ഞ് കയറ്റങ്ങളുടെയും ചാരപ്രവര്‍ത്തനത്തിന്റെയും പിന്‍ബലമില്ലാതെ അതിന് നിലനില്‍ക്കാനാകില്ല. സയണിസത്തിന്റെ സ്വഭാവവും ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്ത് കൊണ്ട് റാല്‍ഫ് ഷൂമാന്‍ പറയുന്നുണ്ട്: “നാല് കെട്ടുകഥകളാണ് ആധുനിക സമൂഹത്തില്‍ സയണിസത്തിന്റെ അവബോധം സൃഷ്ടിച്ചത്. അവയില്‍ ആദ്യത്തേത്, സ്വന്തമായി നാടില്ലാത്ത ജനങ്ങള്‍ക്ക് ജനങ്ങളില്ലാത്ത നാട് എന്നതാണ്.’ മധ്യ പൗരസ്ത്യ ദേശത്തെ ഒരേയൊരു യഥാര്‍ഥ ജനാധിപത്യ രാഷ്ട്രം ഇസ്രയേല്‍ ആണെന്നതാണ് രണ്ടാമത്തെ നുണ. പ്രാകൃതരും തങ്ങളോട് കടുത്ത വിദ്വേഷം പുലര്‍ത്തുന്നവരുമായ അറബികളില്‍ നിന്ന് വലിയ ഭീഷണി നേരിടുന്നുണ്ടെന്നും അതിനെ സദാ പ്രതിരോധിക്കുകയാണ് തങ്ങളെന്നുമെന്നതാണ്് മൂന്നാം നുണ. ഹോളോകോസ്റ്റിന്റെ ആനുകൂല്യം എക്കാലവും ലോകം ഇസ്രയേലിന് നല്‍കിക്കൊണ്ടിരിക്കണം എന്ന പരികൽപനയാണ് നാലാമത്തേത്.

ദി ജ്യൂയിഷ് സ്റ്റേറ്റ്
ജൂതന്‍മാരോട് ക്രൂരമായ വിവേചനം കാണിച്ചത് യൂറോപ്പാണ്. യൂറോപ്പിന് പുറത്ത് ജൂതന്‍മാര്‍ സുരക്ഷിതരും അപാരമായ ഉള്‍ക്കൊള്ളല്‍ സംസ്‌കാരത്തിന്റെ ഊഷ്മളത അനുഭവിക്കുന്നവരുമായിരുന്നു. എന്നാല്‍ ഹിറ്റ്‌ലറുടെ ആര്യന്‍ മേധാവിത്വ സിദ്ധാന്തത്തിന്റെയും അതിനോട് മറ്റ് രാജ്യങ്ങളുടെ പ്രതികരണത്തിന്റെയും ലോകമഹായുദ്ധത്തിന്റെയും കൂട്ടപ്പൊരിച്ചിലിനിടയില്‍ ജൂതന്‍മാര്‍ യൂറോപ്പില്‍ ഇരകളാക്കപ്പെട്ടുവെന്നത് സത്യമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഉയര്‍ത്തിക്കാണിക്കപ്പെട്ടത് ഫ്രാന്‍സില്‍ നടന്ന ഒരു കോര്‍ട്ട് മാര്‍ഷല്‍ നടപടിയാണ്. ഫ്രാന്‍സിന്റെ പട്ടാള രഹസ്യങ്ങള്‍ ജര്‍മനിക്ക് ചോര്‍ത്തി നല്‍കിയെന്ന കുറ്റം ചുമത്തി ആല്‍ഫ്രഡ് റൈസസ് എന്ന ജൂത സൈനികനെ പരസ്യമായി മര്‍ദിക്കുകയായിരുന്നു. ജനം അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിച്ചാര്‍ത്തു. ഫ്രാന്‍സിന്റെ ചരിത്രത്തിലെ അസാധാരണമായ നടപടിയായിരുന്നു അത്. 1895ലെ ആ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തെ പ്രധാന മാധ്യമപ്രവര്‍ത്തകരെല്ലാം പാരീസിലെത്തി. ജൂതരെയാകെ ഒറ്റുകാരായി ചിത്രീകരിക്കുന്ന ആ രംഗം ആസ്ത്രിയയില്‍ നിന്നുള്ള ജൂതപത്രപ്രവര്‍ത്തകനായ തിയോഡോര്‍ ഹേര്‍സലിനെ ശക്തിയായി പിടിച്ചുലച്ചു. ഈ ആഘാതത്തില്‍ അദ്ദേഹം എഴുതിയ ദി ജ്യൂയിഷ് സ്റ്റേറ്റ് എന്ന പുസ്തകത്തിലാണ് ആദ്യമായി പ്രത്യേക ജൂതരാഷ്ട്രം എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്.
പിന്നീട് 1897ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസിലില്‍ ചേര്‍ന്ന ആദ്യ ലോക ജൂത സമ്മേളനം ഈ ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി ആഹ്വാനം ചെയ്തു. ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ വമ്പന്‍ രാഷ്ട്രങ്ങളിലെല്ലാം ജൂതര്‍ക്ക് സ്വാധീനം ഉണ്ടായിരുന്നു. ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ അവരുണ്ടായിരുന്നു. നിരവധി രാജ്യങ്ങളുടെ നയതന്ത്ര തലപ്പത്ത് ജൂതരായിരുന്നു. പലിശക്ക് പണം കൊടുക്കുന്ന വമ്പന്‍ മൂലധന ഉടമകള്‍. വ്യവസായികള്‍, വ്യാപാരികള്‍. ഈ സാമ്പത്തിക രാഷ്ട്രീയ ശക്തിയാകെ ഒറ്റ ലക്ഷ്യത്തിനായി വിനിയോഗിക്കാന്‍ ജൂത സമ്മേളനം ആഹ്വാനം ചെയ്തു. തീര്‍ത്തും വര്‍ഗീയമായ ഒരു ആശയം മുന്നോട്ട് വെച്ചിട്ടും ആരും അതിനെ അപരിഷ്‌കൃതമെന്ന് വിളിച്ചില്ലെന്നതാണ് വിരോധാഭാസം.
ജൂതര്‍ക്ക് അധിവസിക്കാനായി ശൂന്യമായ ഒരു “വാഗ് ദത്ത ഭൂമി’ ലോകത്തൊരിടത്തും ഇല്ലെന്നറിഞ്ഞിട്ടും അങ്ങനെയൊന്നുണ്ടെന്ന മിഥ്യ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഉഗാണ്ട തരാമെന്ന് ബ്രിട്ടന്‍ പറഞ്ഞത് ആ ഘട്ടത്തിലാണ്. പരമ്പരാഗതമായി മനുഷ്യര്‍ അധിവസിക്കുന്ന ഇടങ്ങള്‍ പതിച്ച് നല്‍കാനുളള ബ്രിട്ടന്റെ തീരുമാനത്തെ ഒരു പാശ്ചാത്യ രാജ്യവും അസ്വാഭാവികമായി കണ്ടില്ല. ഉഗാണ്ട സ്വീകാര്യമല്ലെന്ന് ജൂത സംഘടന വ്യക്തമാക്കിയതോടെയാണ് അറബികള്‍ക്കിടയില്‍ ഇഴുകിച്ചേര്‍ന്ന് ജൂതര്‍ അധിവസിക്കുന്ന പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കാമെന്ന നിര്‍ദേശം വരുന്നത്. അറബ് ഭൂരിപക്ഷമായ ഈ മേഖലയില്‍ അവിടുത്തെ പരമ്പരാഗത നിവാസികളായ ജൂതര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ജൂത സമ്മേളനത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നു വന്ന ചര്‍ച്ചകളോട് അന്നത്തെ ഫലസ്തീന്‍ ജനത അത്യന്തം നിസംഗത പുലര്‍ത്തിയെന്നതാണ് സത്യം. അവര്‍ ഒരു പ്രതിരോധത്തിനും പോയില്ല. തങ്ങളുടെ മണ്ണാണ് കവര്‍ന്നെടുക്കാന്‍ പോകുന്നതെന്ന കാര്യം അവര്‍ ഗൗനിച്ചതേയില്ല. ജൂത ലോബി തുര്‍ക്കി സുല്‍ത്താനെയും ജര്‍മനിയെയും ഒരു പോലെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ബ്രിട്ടന്റെ മുന്നേറ്റം തടയാന്‍ തങ്ങള്‍ സഹായിക്കാമെന്ന് ജര്‍മനിക്കും തുര്‍ക്കിക്കും അവര്‍ ഒരു പോലെ ഉറപ്പ് നല്‍കി. എന്നാല്‍ സയണിസ്റ്റുകളെ കൈക്കലാക്കാന്‍ ബ്രിട്ടീഷുകാര്‍ക്കായിരുന്നു തിടുക്കം. 1917ല്‍ ബ്രിട്ടീഷ് നയന്ത്രജ്ഞന്‍ എ ബി ബാല്‍ഫര്‍ ജൂതരാഷ്ട്ര സംസ്ഥാപനത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ കടമയായി പ്രഖ്യാപിക്കുന്നത് ഈ ഘട്ടത്തിലാണ്. ഇതാണ് കുപ്രസിദ്ധമായ ബാല്‍ഫര്‍ ഡിക്ലറേഷന്‍.
1948 മെയ് 15ന് ഇസ്രയേല്‍ നിലവില്‍ വന്നു. ഇതിനിടക്ക് സ്വന്തം കൃഷിയിടത്തില്‍ നിന്ന് അറബ് വംശജരെ ആട്ടിയോടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി ചെറുത്തുനിൽപുകള്‍ അരങ്ങേറിയിരുന്നു. കൊന്നുതള്ളിയാണ് ഈ ചെറുത്തുനിൽപുകളെ ബ്രിട്ടീഷ് സാമ്രാജ്യത്വം അപ്രസക്തമാക്കിയത്. ഇസ്രയേല്‍ നിലവില്‍ വന്ന ശേഷം അമേരിക്കയും ബ്രിട്ടനും ജര്‍മനി പോലും ജൂതസംരക്ഷണത്തിനായി ആയുധവും അര്‍ഥവും ഒഴുക്കി. പിന്നെ എത്ര എത്ര കൂട്ടക്കൊലകള്‍. ഓരോ കൂട്ടക്കൊലയും ഇസ്രയേലിന്റെ നിലനിൽപിനായുള്ള അനിവാര്യതയായി ചിത്രീകരിക്കപ്പെട്ടു. 1967ലെ ആറ് ദിവസ ആക്രമണത്തില്‍ ഫലസ്തീന്‍ മണ്ണ് പിന്നെയും കവര്‍ന്നു ഇസ്രയേല്‍. ഗസ്സാ മുനമ്പ്, സിനായി പര്‍വത മേഖല, വെസ്റ്റ്ബാങ്ക്, ജൂലാന്‍ കുന്നുകള്‍ തുടങ്ങിയവ ഏറെക്കുറെ പൂര്‍ണമായി ഇസ്രയേല്‍ അധീനതയിലാക്കി. 1993ലെ ഓസ്‌ലോ കരാര്‍ ഇതില്‍ ഒരു ഭാഗം തിരിച്ച് കിട്ടുന്നതിന് വഴിയൊരുക്കി. അങ്ങനെയാണ് ഗസ്സയുടെ സ്വയംഭരണാവകാശം തിരികെ ലഭിക്കുന്നത്. ഇന്‍തിഫാദകളുടെ ഉശിരന്‍ കാലത്ത് യാസര്‍ അറഫാത്തെന്ന ഒറ്റപ്പര്യായമേ ഫലസ്തീന്‍ ചെറുത്തുനിൽപിന് ഉണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹം ചര്‍ച്ചകളില്‍ പ്രതീക്ഷ പുലര്‍ത്തി. ചതിയാണെന്നറിഞ്ഞിട്ടും ഓസ്‌ലോ കരാറില്‍ അദ്ദേഹം ഒപ്പു വെച്ചു. ക്യാമ്പി ഡേവിഡില്‍ ഇരുന്നു കൊടുത്തു. സായുധ ചെറുത്തുനിൽപ് ഉപേക്ഷിച്ച അറഫാത്തിനോട് നീതി കാണിക്കാനോ ഓസ്‌ലോ കരാറെങ്കിലും സമയബന്ധിതമായി നടപ്പാക്കാനോ ഇസ്രയേല്‍ തയാറായില്ല.

ഹമാസ്, ഫത്ഹ്
ഇവിടെയാണ് ഹമാസിന്റെ നിലപാടുകള്‍ ഫലസ്തീന്‍ ജനതയുടെ മനംകവര്‍ന്നത്. 2007ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നത് വരെ ഹമാസ് ഒരു സായുധ സംഘം മാത്രമായിരുന്നു. ഗസ്സയില്‍ ഒരു ഭരണ സംവിധാനം ഒരുക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇസ്രയേലിനെ അംഗീകരിക്കാന്‍ ഒരുക്കമല്ലെന്ന് അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍ വെസ്റ്റ്ബാങ്കിന്റെ നിയന്ത്രണം കൈയാളിയ ഫത്തയുടെ ലൈന്‍ വേറെയായിരുന്നു. അറഫാത്തിന്റെ പ്രിയ ശിഷ്യന്‍ മഹ് മൂദ് അബ്ബാസ്(അബൂ മാസന്‍) അനുരഞ്ജനത്തിന്റെ വക്താവായിരുന്നു. അദ്ദേഹം ചര്‍ച്ചാ മേശകളിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. ഫത്ത കൈകാര്യം ചെയ്യുന്ന ഫലസ്തീന്‍ അതോറിറ്റിക്ക് അന്താരാഷ്ട്ര സഹായം പ്രവഹിച്ചുകൊണ്ടിരുന്നു. ഗസ്സക്ക് ഉപരോധം മാത്രം. ഫലസ്തീന്‍ ജനതയെ ശിഥിലീകരിക്കാനും അതുവഴി പോരാട്ടത്തെ അപ്രസക്തമാക്കാനുമുള്ള സയണിസത്തിന്റെ തന്ത്രം വിജയിക്കുകയായിരുന്നു. ഫത്തയും ഹമാസും നിരന്തരം ഏറ്റുമുട്ടി. പലപ്പോഴും അത് തെരുവുയുദ്ധത്തോളം എത്തി. അപ്പോഴെല്ലാം ഇസ്രയേല്‍ ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ പണിത് ഫലസ്തീന്‍ മണ്ണ് കവര്‍ന്നുകൊണ്ടിരുന്നു.
വിശ്വാസത്തിന്റെ മേലുള്ള കടന്നു കയറ്റവും അധിനിവേശവും ഒരുപോലെ തുടരുകയാണ് സയണിസ്റ്റ് രാഷ്ട്രം. അല്‍ അഖ്‌സ കോമ്പൗണ്ടില്‍ പ്രകോപനം സൃഷ്ടിക്കുന്നതും കിഴക്കന്‍ ജറൂസലമില്‍ കുടിയൊഴിപ്പിക്കല്‍ ശക്തമാക്കുന്നതും ഒരുമിച്ച് നടത്തുകയാണല്ലോ ഈ റമളാനില്‍ ചെയ്തത്.
യു എന്‍ വരച്ച അതിര്‍ത്തിയില്‍ ഒതുങ്ങി നില്‍ക്കാന്‍ ഇസ്രയേല്‍ ഒരിക്കലും തയാറായിട്ടില്ല. 1967ലെ യുദ്ധത്തിൽ കീഴടക്കിയ പ്രദേശങ്ങളില്‍ പിന്‍മാറിയില്ലെന്ന് മാത്രമല്ല, കൂടുതലിടങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിച്ചു കൊണ്ടേയിരുന്നു. ജൂത രാഷ്ട്രം രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്ത അതേ ബ്രിട്ടനും അമേരിക്കയും ഫലസ്തീന്‍ എന്ന സ്വപ്‌നത്തെ പോലും തല്ലിക്കെടുത്താന്‍ വഴിയൊരുക്കുകയാണ്. ഇസ്രയേല്‍ പാര്‍ലിമെന്റായ നെസ്സറ്റ് പാസ്സാക്കിയ “റഗുലേഷന്‍ ബില്‍’ 1948 മുതല്‍ 1967 വരെയുള്ള യുദ്ധങ്ങളില്‍ പിടിച്ചടക്കിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ജൂത കുടിയേറ്റ സമുച്ചയങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ്. ഫലസ്തീന്‍ ഭൂപടം ചുരുച്ചുങ്ങിരുങ്ങി പൊട്ടുപോലും കണ്ടു പിടിക്കാനാകാത്ത വിധം മാഞ്ഞു പോകുമ്പോള്‍ സ്വന്തം ജീവന്‍ കൊണ്ട് പ്രതിരോധിക്കുകയല്ലാതെ മറ്റെന്താണ് ഫലസ്തീനിലെ മനുഷ്യര്‍ ചെയ്യുക?
അഞ്ച് അടിസ്ഥാന ആശയങ്ങളുടെ അടിത്തറയില്‍ നിന്നു കൊണ്ടാകണം ഫലസ്തീന്റെ സത്യത്തിനായുള്ള അന്വഷണം ആരംഭിക്കേണ്ടത്.
ഒന്ന്, ഫലസ്തീനും ഇസ്രയേലും തമ്മില്‍ യുദ്ധത്തിലല്ല. യുദ്ധമല്ല നടക്കുന്നത്. അധിനേവശ രാജ്യം (ഒകുപയര്‍ കണ്‍ട്രി) അധിനിവിഷ്ട ജനത (ഒക്കുപൈഡ് പീപ്പിള്‍)ക്കെതിരെ നടത്തുന്ന ഏകപക്ഷീയമായ അതിക്രമമാണ് ഇത്. ഒരു അപാര്‍തീഡ് രാജ്യത്തിന്റെ വംശീയ അതിക്രമം.
രണ്ട്, ഹമാസിന്റെ റോക്കറ്റ് ആക്രമണവും ഫലസ്തീന്‍ ജനത നടത്തുന്ന ചെറുത്തുനിൽപും തീവ്രവാദപരമാണോ എന്ന് ഓഡിറ്റ് ചെയ്യേണ്ടത് ഇസ്രയേലിന്റെ മനുഷ്യക്കുരുതി കൂടി കണക്കിലെടുത്താകണം.
മൂന്ന്, ഇസ്രയേല്‍- ഫലസ്തീന്‍ വിഷയത്തില്‍ വിശ്വാസത്തിന്റെയും മതത്തിന്റെയും തലമുണ്ട്.
നാല്, എന്നാല്‍ ഈ വിഷയത്തിന്റെ പരിഹാരം തത്കാലം മതപരമല്ല, രാഷ്ട്രീയവും നയതന്ത്രപരവുമാണ്.
അഞ്ച്, ഈ പ്രതിസന്ധി പരിഹരിക്കേണ്ടത് ഉഭയകക്ഷി ചര്‍ച്ചയിലൂടെയല്ല, അത്തരമൊരു പരിഹാരം സാധ്യമാകാത്ത വിധം ഇരു കക്ഷികളും അകന്നിരിക്കുന്നു. ലോക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഈ ദൗത്യം നിര്‍വഹിക്കേണ്ടത്. അതിന് യു എന്നിന്റെ ഘടന തന്നെ പരിഷ്‌കരിക്കേണ്ടി വരും. വീറ്റോ അധികാരമടക്കമുള്ള ജനാധിപത്യവിരുദ്ധ സംവിധാനങ്ങള്‍ പുനഃപരിശോധക്കേണ്ടതുണ്ട് ■

Share this article

About മുസ്തഫ പി എറയ്ക്കല്‍

musthafalogam@gmail.com

View all posts by മുസ്തഫ പി എറയ്ക്കല്‍ →

Leave a Reply

Your email address will not be published. Required fields are marked *