ഗള്‍ഫ് റമിറ്റന്‍സ് നിലച്ചാല്‍ കേരളം തകര്‍ന്നടിയും

Reading Time: 2 minutes

• മലയാളി ഗള്‍ഫ് പ്രവാസികളില്‍ 90%വും മതിയായ സുരക്ഷയോ സംവിധാനങ്ങളോ ഇല്ലാതെ തുച്ഛ വേതനത്തിനാണ് ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. ഈ സത്യം മനസിലാക്കാനും അംഗീകരിക്കാനും കേരള സര്‍ക്കാറോ നയതന്ത്രജ്ഞരോ മറ്റു രാഷ്ട്രീയ പാര്‍ട്ടികളോ തയാറായിട്ടില്ല. എല്ലാം ഭംഗിയായി നീങ്ങുന്നു എന്ന വിവരണങ്ങള്‍ പരക്കെ അംഗീകരിക്കപ്പെടുകയും യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കപ്പെടുകയും ചെയ്യുമ്പോള്‍ കഷ്ടപ്പെടുന്ന ഗള്‍ഫ് പ്രവാസികള്‍ കൂടുതല്‍ കഷ്ടപ്പാടിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്നതാണ് ബോധ്യവും അനുഭവവും.

• കേരള സമ്പദ് ഘടനയുടെ നട്ടെല്ലാണ് പ്രവാസികൾ എന്നത് രാഷ്ട്രീയമായി ശരിയായ പരാമര്‍ശവും അവിതര്‍ക്കിതമായ യാഥാര്‍ഥ്യവുമാണ്. 1960 മുതല്‍ ഗള്‍ഫ് പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്ഘടനക്ക് പ്രധാന സംഭാവനകള്‍ നല്‍കുകയും രാഷ്ട്രപുരോഗതിയില്‍ മുഖ്യമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലില്ലായ്മ കൊണ്ട് വലഞ്ഞിട്ടാണ്1960കളില്‍ ഗള്‍ഫിലേക്ക് കുടിയേറ്റമാരംഭിക്കുന്നതെന്നു മറക്കരുത്.
അതേസമയം, കേരളത്തിലെ അക്രമാസക്തമായ രാഷ്ട്രീയ കൂട്ടായ്മകളും ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തിപ്പോന്ന ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളും ഒരുപാടുകാലത്തേക്ക് സമ്പദ്‌വ്യവസ്ഥയെ പുരോഗതിയില്‍നിന്ന് തടഞ്ഞുനിര്‍ത്തി. ഇതിന്റെ ഫലമായി സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നിയന്ത്രിക്കാനാവാതെ തൊഴിലില്ലായ്മ നിരക്ക് നാം ഇന്നുകാണുന്ന പോലെ വന്‍ സാമ്പത്തിക ദുരന്തമായി വര്‍ധിക്കുകയും ചെയ്തു. നമ്മുടെ റവന്യൂകമ്മി 17,000 കോടിയാണ്. അതിനെ മറികടക്കാന്‍ പര്യാപ്തമായ വരുമാനമാര്‍ഗങ്ങള്‍ ഇല്ലതാനും. നമ്മുടെ സമ്പദ് വ്യവസ്ഥ എല്‍എല്‍ആര്‍ എന്നാണ് അറിയപ്പെടുന്നത്. ലിക്വര്‍, ലോട്ടറി, റെമിറ്റന്‍സ്. സര്‍ക്കാര്‍ രേഖകള്‍പ്രകാരം സംസ്ഥാനത്തിന്റെ ആകെ നികുതിവരവിന്റെ 60 ശതമാനത്തില്‍ കൂടുതലാണ് മദ്യത്തില്‍നിന്നും ലോട്ടറിയില്‍നിന്നുമുള്ള നികുതി വരവ്. അതായത് മദ്യവും ലോട്ടറിയും ഇല്ലെങ്കില്‍ കേരളം ഇല്ല.
ഇനി റെമിറ്റന്‍സിലേക്ക് നോക്കാം. രണ്ടുലക്ഷം കോടിയാണ് വിദേശത്തുനിന്ന് ഓരോ വര്‍ഷവും കേരളത്തിലേക്ക് എത്തുന്ന ഏകദേശ സംഖ്യ. കേരളത്തിന്റെ ജിഡിപിയുടെ 30 ശതമാനമാണിത്. വിദ്യാഭ്യാസ മേഖലയിലേക്കും ജീവിത നിലവാരം ഉയര്‍ത്താനുമാണ് ഈ പണം ഉപയോഗിക്കപ്പെടുന്നത്. നാമിന്ന് അഭിമാനിക്കുന്നു ജീവിത പുരോഗതിയുടെ കാരണമായി പ്രവര്‍ത്തിച്ചത് ഈ റെമിറ്റന്‍സ് ആണെന്നര്‍ഥം.

• 2021 ജൂണിലെ ബജറ്റ് രേഖ പറയുന്നത്, ഏകദേശം 14 ലക്ഷം കേരളീയരാണ് കോവിഡ് പ്രതിസന്ധി കാരണം വിദേശത്തുനിന്ന് തിരിച്ചെത്തിയതെന്നാണ്. നോര്‍കയില്‍നിന്ന് ഞാന്‍ ശേഖരിച്ച കണക്കനുസരിച്ച് 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ കേരളത്തില്‍ തിരിച്ചെത്തിയ 8.5 ലക്ഷം ആളുകളില്‍ 5.5 ലക്ഷവും ജോലി നഷ്ടപ്പെട്ടവരാണ്. മുമ്പ് പറഞ്ഞ പോലെ എല്‍എല്‍ആര്‍ വ്യവസ്ഥയില്‍ നീങ്ങുന്ന സംസ്ഥാന സമ്പദ്ഘടനക്ക് പ്രവാസികളുടെ തിരിച്ചുവരവ് വന്‍ പ്രഹരമേല്‍പ്പിക്കും.
ലോകബാങ്കിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് കേരളത്തിലെ കുടുംബങ്ങളിലേക്ക് വിദേശത്തുനിന്ന് മാസം തോറും സ്വീകരിച്ചിരുന്ന സംഖ്യയില്‍ ശരാശരി 267 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെന്നാണ്. കേരളം സാമ്പത്തിക രംഗത്ത് സമ്പൂര്‍ണ നാശത്തെ അഭിമുഖീകരിക്കാന്‍ പോവുന്നു എന്നതിന്റെ സൂചനയാണിത്. കേരളത്തിന്റെ വരവിന്റെ 60 ശതമാനത്തിലേറെ മദ്യവും ലോട്ടറിയുമാണെന്ന് പറഞ്ഞല്ലോ. ലോക് ഡൗണ്‍ കാരണം രണ്ടിന്റെയും വിതരണത്തിനും മന്ദഗതിയിലാണ്. ഇപ്പോള്‍ റെമിറ്റന്‍സും മന്ദഗതിയിലാണ്. കോവിഡ് പ്രതിസന്ധിയില്‍നിന്ന് ഇതുവരെ മോചിതമാവാത്ത ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുടെ പൂര്‍ണമായുള്ള ഒരു തിരിച്ച് വരവിനെ നാം പ്രതീക്ഷിക്കണം. അങ്ങനെ വന്നാല്‍ കേരളത്തിന്റെ നാനാവിധ മേഖലകളെയും അത് ബാധിക്കുകയും നാളിത് വരെയായി നാം നേടിയതെല്ലാം തകര്‍ന്നടിയുകയും ചെയ്യും.

• തിരിച്ചു വരുന്നവരെക്കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞാല്‍; അവര്‍ക്കുമുന്നില്‍ മാര്‍ഗങ്ങളൊന്നുമില്ല. അവരുടെ പുനരുജ്ജീവനത്തിന് പര്യാപ്തമായ ഒരു പദ്ധതിപോലും പരിചയപ്പെടുത്താനില്ല. നമുക്ക് ആകെയുള്ളത് ഒരു വായ്പാ സംവിധാനമാണ്. അതില്‍ സര്‍ക്കാറിന് ഒരു അര്‍പ്പിത മനോഭാവവും ഇല്ല. ജോലി തേടുന്നവരെയും ജോലിക്കാരെ തേടുന്നവരെയും യോജിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ സംവിധാനത്തിന് അപ്പുറം അവരെ പിന്താങ്ങുന്ന ഒരു മാര്‍ഗം നമുക്കില്ല. ഇവിടെ ആവശ്യമായത്ര തൊഴിലവസരങ്ങള്‍ ഇല്ല എന്ന കാര്യം ഓര്‍ക്കണം. നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 32 ലക്ഷം ആളുകള്‍ അപേക്ഷിച്ചിട്ടുണ്ട്. ഇനി പ്രവാസ ലോകത്തുനിന്ന് തിരിച്ചുവരുന്ന 40 കഴിഞ്ഞവര്‍ക്ക് ഈ തൊഴിലില്ലായ്മ പട്ടികയിലേക്ക് കയറുക എന്നതല്ലാതെ മറ്റൊരു മാർഗമുണ്ടോ? ഉചിതമായ നൈപുണ്യ പൊരുത്ത മാപിനി ഇവിടെയില്ല. 1960 കളില്‍ കുടിയേറ്റം ആരംഭിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയായി നാം പ്രവാസികളുടെ പുനരധിവാസം ഗൗരവമായി ചിന്തിച്ചിട്ടില്ല. പ്രവാസികള്‍ക്ക് മുമ്പില്‍ വഴി അടഞ്ഞിരിക്കുന്നു, അവര്‍ സ്വയം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

• കേരള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് സര്‍വേ പറയുന്നത് കേരളത്തിലെ ഓരോ അഞ്ചു വീട്ടിലും ഒരു പ്രവാസിയുണ്ട് എന്നാണ്. എന്നാല്‍ പ്രവാസികള്‍ ചെയ്തത് അംഗീകരിക്കാനോ ബഹുമാനിക്കാനോ ഇവിടെയുള്ളവര്‍ തയാറല്ല എന്നാണ് എനിക്ക് നിരീക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലം ഞാന്‍ സംസാരിച്ച നൂറുകണക്കിന് പ്രവാസികളില്‍ പലരും അനിശ്ചിതത്വവും തൊഴിലില്ലായ്മയും സാമ്പത്തിക പരാധീനതയും കുടുംബത്തില്‍നിന്നുള്ള സമ്മര്‍ദവും അനുഭവിക്കുന്നവരാണ്.
സമൂഹത്തെ കുറിച്ച് പറഞ്ഞാല്‍, അവരും പ്രവാസം വെടിഞ്ഞവരെ അംഗീകരിക്കാന്‍ തയാറല്ല. കേരളത്തില്‍ പണത്തിനുമാത്രമേ ബഹുമാനം നേടിത്തരാനാവൂ. ശൂന്യമായ കീശയുമായി ഗള്‍ഫില്‍നിന്നും വലിച്ചെറിയപ്പെടുന്ന പ്രവാസികളെ പൂര്‍ണമായും അവഗണിക്കുകയും അന്ധകാരത്തിലേക്ക് വലിച്ചെറിയുകയുമാണ് അവര്‍ ചെയ്യുന്നത്.

• തിരിച്ചു വന്നവരില്‍ അനേകം ആളുകള്‍ നമ്മുടെ നാട്ടില്‍ തൊഴിലവസരങ്ങള്‍ ഇല്ലാത്തതുകൊണ്ട് 2021ല്‍ വീണ്ടും ഗള്‍ഫിലേക്ക് റിമിഗ്രേറ്റ് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവരധികവും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാന്‍ തയാറാവുന്നു. പലരും അനധികൃതമായ രീതിയിലാണ് ഗള്‍ഫ് നാടുകളിലേക്കു കുടിയേറുന്നത്. ജീവന്‍പോലും അപായപ്പെടുത്തുന്ന പ്രവര്‍ത്തനമാണിത്. പുതിയതായി നഴ്‌സുമാരെ കബളിപ്പിച്ച് യുഎഇയിലേക്ക് കടത്തിയ കേസ് നാം അറിഞ്ഞതാണല്ലോ.
വ്യക്തിപരമായി ഞാന്‍ ഇനി ഒരു പ്രവാസത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്റെ രചനകളില്‍ ചൂഷണാത്മകമായ ഖഫാല സംവിധാനങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വീഴ്ച്ചകളെ തുറന്നുകാട്ടുകയും ചെയ്യുന്ന ഞാന്‍ പലര്‍ക്കും അസ്വീകാര്യമാണ്. ജേര്‍ണലിസ്റ്റ് എന്ന നിലയിലും കുടിയേറ്റ അവകാശങ്ങളെക്കുറിച്ച് ഗവേഷണം ചെയ്യുന്നയാള്‍ എന്ന നിലയിലും പൊതുവിടങ്ങളില്‍ നിരന്തരം ശബ്ദിച്ചു കൊണ്ടേയിരിക്കുകയാണ്. പോസിറ്റീവായി മാത്രമേ ഞാന്‍ വിമര്‍ശിക്കാനുള്ളൂ. എന്നാല്‍ എത്രത്തോളം മറ്റുള്ളവര്‍ അത് മനസിലാക്കുന്നു എന്ന് എനിക്ക് ആശങ്കയുണ്ട്.
2017 ഏപ്രിലില്‍ അറേബ്യയില്‍നിന്ന് മടങ്ങിയതിനുശേഷം ഞാന്‍ കുടിയേറ്റ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ആക്ടിവിസ്റ്റ് ആയി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ അറേബ്യയിലേക്ക് കുടിയേറാനുള്ള സാധ്യത വളരെ കുറവാണ്. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സേവനങ്ങള്‍ അര്‍പ്പിച്ച ഇന്ത്യയില്‍ തന്നെ തന്നെ തുടരാനാണ് ആഗ്രഹം ■
റെജിമോന്‍ കുട്ടപ്പന്‍: ടൈംസ് ഓഫ് ഒമാന്‍ മുന്‍ റിപ്പോര്‍ട്ടര്‍, മസ്‌കത്ത്. കുടിയേറ്റ തൊഴിലാളി, ഗവേഷകന്‍, ആക്ടിവിസ്റ്റ്‌

Share this article

About റെജിമോന്‍ കുട്ടപ്പന്‍

View all posts by റെജിമോന്‍ കുട്ടപ്പന്‍ →

Leave a Reply

Your email address will not be published. Required fields are marked *