കാശുശരീരം

Reading Time: 2 minutes

“പൂട്ടിക്കെടക്കാണേല്‍ ഓന്റത് മാത്രം ഞങ്ങളൊറ്റക്ക് സഹിച്ചാ മതി. തുറന്നതോണ്ട് ഇനി നാട്ടാരതും കൂടെ ഞങ്ങള് സഹിക്കണ്ടെ..’ മാസ്‌കിനുള്ളിലൂടെ മൂക്ക് ചീറ്റി കൈ സാരിതുമ്പത്തു കൊണ്ട് തൊടച്ചു ജാനകിയേട്ത്തി പറയാന്‍ തുടങ്ങി.
“ഇങ്ങളെ കൗമിന് ഈ ഹറാംപെര്‍പ്പ് ഹറാമാക്കിയതോണ്ട് ഇങ്ങനത്തെ എടങ്ങാറൊന്നും സഹിക്കണ്ടാലോ ലെ..’ കദീസ്താക്ക് അത് കേട്ടപ്പൊ നേരിയ ആശ്വാസം തോന്നി. കടക്കെണിയില്‍ മുങ്ങിനില്‍ക്കുകയാണേലും ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന മക്കളില്ലാലോ..
“ഞമ്മളെന്തു കാട്ടാനാ ജാനകിയേ.. പടച്ചോന്റെ ഓരോ പരീസണാണെന്ന് കരുതി ഷമിച്ചാള് ഇയ്യ്…’ അത് കേട്ടപ്പോ ജാനകിയേട്ത്തി ഒന്ന് ചിരിച്ചോ..
“ഇങ്ങളത്ര വിശ്വാസമൊന്നും എനിക്കില്ല കദീശാ.. പെറ്റ വയറ് ആയതോണ്ട് കൊല്ലാന്‍ കൈ പൊങ്ങുന്നില്ല. പിന്നെ പേരിനൊരു തന്ത വേണല്ലോന്ന് വിചാരിച്ചിട്ടാവും ആ പെണ്ണ് ഇറങ്ങി പോവാത്തത്.
“ഉം’
“എന്നാ പിന്നെ വരാം.. ആ കണാരനോട് ഒന്ന് കട വരെ പോയിവരാന്‍ പറഞ്ഞിട്ടുണ്ട്. കിറ്റ് കൊണ്ട് മാത്രം ജീവിക്കാനാവൂലല്ലോ.. ഉള്ളത് പെറുക്കി മറ്റോന്‍ കള്ള് ഷാപ്പിന്റെ മുമ്പില്‍ കാവല്‍ കെടക്കുന്നുണ്ടാകും. പൊരക്കും നാടിനും ഗുണമില്ലേലും ഖജനാവിലേക്ക് സംഭാവന ചെയ്യാന്‍ പെറ്റു കെടക്കുന്ന കുഞ്ഞിന്റെ അരേലുള്ളതും ന്റെ മോന്‍ ഊരിക്കൊണ്ടോയിക്കി..’
പറഞ്ഞ് തീര്‍ത്തു ജാനകിയേട്ത്തി വയ്യാത്ത കാലും നീട്ടി വലിച്ചു പാലുംപാത്രം കൊണ്ട് നടന്നു. കദീസ്ത്ത വീണു കെടക്കുന്ന ഓലയും പൊക്കി വീട്ടിലേക്കും.
വല്യേട്‌ത്തെ ജാനകിയുടെയും ദിവാകരന്റെയും മകനാണ് രാജീവ്. അനന്തരസ്വത്തായിട്ട് നല്ലൊരു വിഹിതം അധ്യാപകനായ ദിവാകരന് കിട്ടിയത് കൊണ്ട് കേമമായി തന്നെ ആ കുടുംബം കഴിഞ്ഞു.
കോളേജില്‍ പഠിക്കുന്ന സമയത്തു കൂട്ടുകാരോടൊപ്പം കൂടി വലിയും കുടിയും ആസ്വദിച്ച രാജീവിന് നാട്ടില് വന്നിട്ടും നിര്‍ത്താനായില്ല. ഒളിച്ചും പാത്തും അവനാ ശീലം കൊണ്ടുനടന്നു.
ഒരു ദിവസം ഉറങ്ങാന്‍ കിടന്ന ദിവാകരന്‍ പിന്നെ ഉണര്‍ന്നില്ല. ഗൃഹനാഥന്റെ റോളിലേക്ക് കടക്കാനുള്ള പ്രാപ്തി രാജീവിനില്ലാത്തതു കൊണ്ടു തന്നെ ജാനകിയേട്ത്തി കാര്യങ്ങള് നടത്തിപ്പോന്നു. മകനെ വിവാഹം കഴിപ്പിച്ചും വീട്ടുകാര്യങ്ങള്‍ക്ക് വേണ്ടി ഓടിനടന്നും ജാനകിയേട്ത്തി യുവത്വം വിട്ട് വാര്‍ധക്യത്തിലേക്ക് പടി കയറി. ആഘോഷങ്ങളിലും മറ്റു കാര്യപരിപാടികളിലും വിളമ്പുന്ന മദ്യത്തിന്റെ ഏറിയ പങ്കും രാജീവിന്റെ വയറിലേക്കാവുന്നത് കണ്ട് നാട്ടുകാരവന് കുടിയെനെന്ന പേരും നല്‍കി. അതോടെ പാത്തും പതുങ്ങിയും കുടിച്ചവന് സ്വാതന്ത്ര്യം കിട്ടിയത് പോലെയായി. വീട്ടില്‍ അത്താഴപ്പട്ടിണിക്കിടം നല്‍കാതെ ജാനകിയമ്മ നീര് വന്ന കാലും കൊണ്ട് ഓടി നടന്നു.
കൊറോണ താണ്ഡവമാടിയതോട് കൂടി മദ്യഷാപ്പുകളടച്ചപ്പോഴാണ് നാട്ടുകാരുടെ മുറുമുറുപ്പില്‍ നിന്ന് ആ കുടുംബം രക്ഷപ്പെട്ടത്. അധ്യാപകനായ ദിവാകരന്റെ മോന്റെ അഴിഞ്ഞാട്ടം അത്രയേറെ നാട്ടില്‍ ഉയര്‍ന്നുകേട്ടിരുന്നു. തുണിയില്ലാത്ത രാജീവിനെയും താങ്ങി ഭാര്യ ലതികയും ജാനകിയേട്ത്തിയും മോന്തി നേരം കവലയിലൂടെ നടക്കുന്നതിനും ശമനമായി. കള്ള്കുടിയന്റെ അയല്‍പക്കം ആയതു കൊണ്ട് കല്യാണമുറക്കാതിരുന്ന കല്യാണിയേട്ത്തിയുടെ മകളുടെ കണ്ണീരും തോര്‍ന്നു.
വിറയും പതയും വന്ന് ദിവാകരന്റെ അലര്‍ച്ച അയല്‍ വീട്ടുകാര്‍ക്ക് ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും ജാനകിയേട്ത്തിയുടെയും ലതികയുടെയും കാര്യമോര്‍ത്ത് അവര്‍ ക്ഷമിച്ചു.
മുറിയിലിട്ട് പൂട്ടി പതിയെ പതിയെ ദിവാകരന്റെ ആസക്തി കുറഞ്ഞുവരുമ്പോഴാണ് സര്‍ക്കാര്‍ വീണ്ടും മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
കുടിയന്റെ സുഹൃത്തുക്കള്‍ക്ക് പരസ്പര സഹകരണം വളരെ കൂടുതലായതുകൊണ്ട് കാര്യം രാജീവിന്റെ ചെവിയിലുമെത്തി. ലോക്ഡൗണ്‍ കാരണം പണിയൊന്നും ഇല്ലാത്തതുകൊണ്ടും പണിക്ക് പോകാന്‍ പറ്റാത്തതുകൊണ്ടും ജാനകിയേട്ത്തി പണം ഇട്ടു വെക്കുന്ന കടുകു പാത്രം പോലും കാലിയാണിപ്പോള്‍. ഉറങ്ങിക്കിടക്കുന്ന തന്റെ ചോര കുഞ്ഞിന്റെ അരയിലുള്ളതും ഊരിയാണ് ദിവാകരന്‍ പുറത്തേക്കിറങ്ങിയത്.
പിന്നീടങ്ങോട്ട് ദിവാകരന്റെ നായാട്ട് തന്നെയായിരുന്നു. നാടായ നാടുമുഴുവനും അടച്ചു കൊറോണ പേടിച്ചു ആളുകള്‍ അകത്തിരിക്കുമ്പോള്‍ തന്റെ കുഞ്ഞു വീട്ടിലുള്ളത് പോലും ഓര്‍ക്കാതെ ദിവാകരന്‍ കൊറോണവാഹകാനായി അലയുകയായിരുന്നു.
കുടിക്കാന്‍ പണം കണ്ടെത്താന്‍ വില്‍ക്കാന്‍ പറ്റുന്ന വീട്ടുസാധനങ്ങളെല്ലാം ദിവാകരന്‍ കച്ചോടമാക്കി. പറ്റിയ ഇടങ്ങളില്‍ നിന്നെല്ലാം മോഷ്ടിക്കാനും ആരംഭിച്ചു. എങ്ങനെയും അവന്‍ കുടി നിലനിര്‍ത്തി.
അയല്‍ പക്കത്തു നിന്ന് എത്തി നോക്കി കാര്യങ്ങള്‍ അന്വേഷിച്ചിരുന്ന ശാന്തേട്ത്തി പോലും കൊറോണ പേടിച്ചു വന്ന് നോക്കാതെയായി. ദിവാകരന്റെ കുടുംബത്തിന്റെ കണ്ണീര് വീണ്ടും പൊള്ളാന്‍ തുടങ്ങി. ഇവിടെ നഷ്ടം അവര്‍ക്ക് മാത്രമാണ്, ദിവാകരനെപ്പോലെയുള്ള കുടിയന്മാരുടെ കുടുംബങ്ങള്‍ക്ക്. സ്വന്തം മകന്റെ, ഭര്‍ത്താവിന്റെ, അച്ഛന്റെ, മരണം കാത്തുകിടക്കുന്ന ഇങ്ങനെ എത്രയോ കുടുംബങ്ങള്‍.
കുടിയന്റെ കീശയില്‍ നിന്ന് ഖജനാവിലേക്ക് സമ്പാദിച്ചുകൂട്ടുന്ന ഓരോ നോട്ടിനും ഇത്തരത്തില്‍ എത്ര കുടുംബങ്ങളുടെ കണ്ണീരിന്റെ ചൂടും നോവും തേച്ചുപിടിപ്പിച്ചിട്ടുണ്ടാകും. കുടിയന്മാരെ തുറന്നുവിട്ടിരിക്കുന്ന സര്‍ക്കാര്‍ അവരുടെ കുടുംബത്തിന് എന്ത് സുരക്ഷിതത്വമാണ് കല്‍പിക്കുന്നത്. ഖജനാവിലേക്ക് പണമെത്തിക്കുന്ന മോര്‍ച്ചറികളായിട്ടല്ലേ മദ്യശാലകളെ ഇവര്‍ കണ്ടിരിക്കുന്നത്. ആര്‍ക്കറിയാം ഇതെല്ലാം. മാനുഷിക ബോധം വേണ്ടാത്ത കാശുശരീരങ്ങളായാണോ കുടിയന്മാരെ സര്‍ക്കാര്‍ കാണുന്നത്.
ഓരോന്ന് ആലോചിച്ച് പുറത്തെ തറയില്‍ മകനെയും കാത്ത് തല പുകഞ്ഞിരിക്കുകയാണ് ജാനകിയേട്ത്തി.■

Share this article

About ഫാത്തിമ നസ്രി വി കെ

fathimanasrivk@gmail.com

View all posts by ഫാത്തിമ നസ്രി വി കെ →

Leave a Reply

Your email address will not be published. Required fields are marked *