ഹിജാബ്/നിഖാബ്

Reading Time: < 1 minutes

ഇസ്‌ലാം അനുശാസിക്കുന്ന സ്ത്രീ വേഷവുമായി ബന്ധപ്പെട്ട രണ്ടു ശബ്ദങ്ങളാണ് ഹിജാബ്, നിഖാബ്. മുഖപടം എന്നാണ് നിഖാബിന്റെ താത്പര്യം. ഹിജാബ് എന്നാല്‍ മറയ്ക്കുന്നത് എന്നും.
മനുഷ്യന്‍ മുഖം മറയ്ക്കുന്നത് നീതിയല്ല, അപരനോട് ചെയ്യുന്ന അനീതിയാണ് എന്ന വാദം മുഖം മറയ്ക്കുന്നതിനെതിരെ പൊതുവില്‍ ഉയര്‍ത്താറുണ്ട്. ജന്‍ഡര്‍ അസമത്വം എന്നും മുസ്‌ലിം സ്ത്രീകളുടെ വേഷത്തെ നോക്കി ആക്ഷേപിക്കാറുണ്ട്. ഫെമിനിസ്റ്റ് ചിന്താധാരയാണ് സ്ത്രീ വേഷവും ജീവിതവും ഇത്രമേൽ പ്രശ്നവത്കരിച്ചത്. അതിന് വ്യക്തമായ രാഷ്ട്രീയമുണ്ട്.
മുസ്‌ലിംകളെ സംബന്ധിച്ച് ഇസ്‌ലാമിക വിശ്വാസബോധങ്ങളാണ് പ്രധാനം. ദൈവേഛയാണ് ഇസ്‌ലാം. അതില്‍ മനുഷ്യന്റെ ക്രയവിക്രയങ്ങള്‍ക്ക് പഴുതില്ല. അനുസരണപൂര്‍വമായ വഴക്കം മാത്രമാണ് മനുഷ്യധര്‍മം. ഏറ്റവും നന്നായി വഴങ്ങുന്നവന്‍ ഏറ്റവും നല്ല വിശ്വാസി. ഈ അടിസ്ഥാനത്തില്‍ നിന്നാണ് ഓരോ മുസ്‌ലിം വ്യവഹാരത്തെയും നിരീക്ഷിക്കേണ്ടത്. പുരുഷന്റെയും സ്ത്രീയുടെയും വേഷബോധങ്ങളില്‍ ഈ തത്വം തന്നെയാണുള്ളത്.
സ്ത്രീ ജീവിതവുമായി ചേര്‍ത്തുപറയുന്ന സംജ്ഞയാണ് ഹിജാബ്. വീടിനുപുറത്തിറങ്ങുന്ന സ്ത്രീ പാലിക്കേണ്ട വേഷമര്യാദയാണ് ഹിജാബിന്റെ താത്പര്യം. മൂന്ന് ഘട്ടങ്ങളിലാണ് ഹിജാബിന്റെ പൂര്‍ത്തീകരണം നടക്കുന്നത്. പൊതുയിടങ്ങളില്‍ പരപുരുഷ സങ്കലനം കാരണം പൂര്‍ണമായും ശരീരം മറച്ചു മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ എന്നാണ് ഹിജാബിന്റെ ഖുര്‍ആന്‍, ഹദീസ് നരേഷനുള്ളത്. ഈ വിധിവിലക്കുമായി ബന്ധപ്പെട്ട് ധാരാളം ഭിന്നാഭിപ്രായങ്ങള്‍ പൊതുസംവാദധാരയില്‍ നിലനില്‍ക്കുന്നുണ്ട്. സ്ത്രീയെ രണ്ടാംലിംഗമായി (Second Sex) മാത്രം പരിഗണിക്കുന്നത് കൊണ്ടാണ് ഇസ്‌ലാം സ്ത്രീയെ ചാക്കില്‍ പൊതിയുന്നതെന്നാണ് പൊതു ആരോപണം. സ്ത്രീബോധങ്ങളെ മറച്ചുപിടിക്കുന്ന ഇസ്‌ലാം രീതി പതിനാലാം നൂറ്റാണ്ടിലെ സംസ്‌കാരമാണെന്ന അധിക്ഷേപവും ഉന്നയിക്കാറുണ്ട്. ഇത്തരം വിധിവിലക്കുകള്‍ തീര്‍ത്തും മതദൃഷ്ട്യാ ശരിയാണെന്നും യുക്തിയോ ആധുനികബോധമോ ഇതിന് ബാധകമല്ലെന്നും വിശ്വസിക്കുന്നവരാണ് വിശ്വാസികള്‍. ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമായവരോ കൂടെയില്ലാതെ സ്ത്രീ പുറത്തിറങ്ങരുത്. വിവാഹബന്ധം ആകാവുന്നവരോടൊപ്പം തന്നെ വിവാഹത്തിന് മുമ്പ് ഒരുമിച്ച് യാത്രയോ ജീവിതമോ പാടില്ല. ഇതാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം. ഇത്തരം വിശ്വാസബോധങ്ങളാണ് ഹിജാബിന്റെയും നിഖാബിന്റെയും പേരില്‍ പരിഹസിക്കപ്പെടുന്നത്.
ഓരോ ശരീരവും ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ആധുനികതയുടെ വലിയ ഭാവുകത്വമായി പ്രചരിപ്പിക്കാറുണ്ട്. പക്ഷേ മുസ്‌ലിം സ്ത്രീക്ക് ഈ ആനുകൂല്യം ഉണ്ടാകുന്നില്ല. ഇസ്‌ലാമേതര വിശ്വാസികളിലും ഉടല്‍ മറച്ച് മാത്രം പുറത്തിറങ്ങേണ്ടവരുണ്ട്. ഇസ്‌റായേലിലെ ഹരേദിസ്ത്രീകള്‍ ഇപ്പോഴും അങ്ങനെയാണ്. കേരളത്തില്‍ തന്നെ ശരീരം മറച്ചും പൊതുവഴിയില്‍ കുട പിടിച്ചും മാത്രം പുറത്തിറങ്ങാന്‍ ബാധ്യതപ്പെട്ട ജാതി സ്ത്രീകളുണ്ടായിരുന്നു മറക്കുട പോലോത്ത നാടകകൃതികള്‍ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. വേറെയും വിശ്വാസങ്ങളിലും ഇടങ്ങളിലും ഉടല്‍ മറച്ച് ജീവിക്കുന്ന സ്ത്രീകളുണ്ട്. സുരക്ഷാബോധമാണ് ശരീരം മറക്കുന്നതിന്റെ ഒരു ലോജിക്. അത് യാഥാര്‍ഥ്യമാണെന്ന വിധത്തില്‍ പല അനുഭവങ്ങളുമുണ്ട്. അമേരിക്കന്‍ വനിതാവിഭാഗം ജിംനാസ്റ്റികില്‍ പരിശീലകന്റെ ലൈംഗികാതിക്രമം കാരണം അര്‍ധവസ്ത്രം പൂര്‍ണവസ്ത്രമാക്കി മാറ്റിയ വാര്‍ത്ത ഈയിടെ ചര്‍ച്ചയായിരുന്നു.
ഫ്രാന്‍സില്‍ ഹിജാബ് നിരോധനമുണ്ട്. സിബിഎസ്ഇ സര്‍ക്കുലറില്‍ പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ നിഖാബ് ധരിക്കരുതെന്ന നിര്‍ദേശമുണ്ടായിരുന്നു. ഈ രൂപങ്ങളില്‍ പൊതുമധ്യത്തില്‍ സജീവ ചര്‍ച്ചക്ക് വിധേയമാണ് ഹിജാബും നിഖാബും ■

Share this article

Leave a Reply

Your email address will not be published. Required fields are marked *