ശഹീദ്‌

Reading Time: < 1 minutes

ശഹാദത്ത്, ശഹീദ് പലമാതിരി വായിക്കപ്പെട്ട ശബ്ദങ്ങളാണ്. സാക്ഷ്യം/ സാന്നിധ്യം, സാക്ഷി എന്നാണ് അവയുടെ സാരം. “അല്ലാഹു മാത്രമാണ് ആരാധ്യന്‍, മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ അടിമയും ദൂതരുമാണ് എന്ന, വിശ്വാസി ആവാന്‍ നിശ്ചയിക്കപ്പെട്ട രണ്ടു വാചകങ്ങള്‍ “ശഹാദത്ത് കലിമ’ എന്നാണറിയപ്പെടുന്നത്. അവിശ്വാസികളുമായുള്ള ധര്‍മയുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കാണ് “ശഹീദ്’ എന്ന് പറയുക. അവരെ കുളിപ്പിക്കുകയോ ജനാസ നിസ്‌കാരം (മരണപ്പെട്ടവരുടെ പേരിലുള്ള നിസ്‌കാരം) നിര്‍വഹിക്കുകയോ ചെയ്യരുത്. ഇഹപര ലോകങ്ങളില്‍ ശഹീദ് പദവി നല്‍കി അനുഗ്രഹിക്കപ്പെട്ടവരാണിവര്‍. “അല്ലാഹുവിങ്കല്‍ ജീവിക്കുകയാണവര്‍’ എന്നാണ് ഖുര്‍ആന്‍ ഈ ശുഹദാക്കളെ പറഞ്ഞുവെക്കുന്നത്.
ഹിജ്‌റ രണ്ടാംവര്‍ഷത്തില്‍ നബിയുടെ നേതൃത്വത്തില്‍ ഒരുങ്ങിയ ബദ്‌ർ യുദ്ധത്തില്‍ 14 നബിഅനുചരര്‍ ശഹീദായിട്ടുണ്ട്. തുടര്‍ന്നുണ്ടായ ഉഹുദ്, ഖന്‍ദഖ്, ഹുനൈന്‍, ഖൈബര്‍ തുടങ്ങിയ പോരാട്ടങ്ങളിലും നിരവധി പേര്‍ ശഹീദായി. അല്ലാഹുവിന്റെ വഴിയില്‍ മരണം വരിച്ചവരാണ് ശഹീദുമാര്‍. സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടവരാണവര്‍.
ശഹീദ്എന്ന പേരിന് ചില കാരണങ്ങളുണ്ട്.

  1. അവരുടെ സ്മരണയും ആത്മാവും ജീവിക്കുന്നു.
  2. സ്വര്‍ഗം കൊണ്ട് അല്ലാഹുവിന്റെ സാക്ഷ്യമുണ്ട്.
  3. മരണനേരം റഹ്മതിന്റെ മലക്കുകള്‍ സന്നിഹിതരാകുന്നു എന്നിങ്ങനെയാണവ.
    വിശ്വാസികളുടെ തീ പടര്‍ന്നുള്ള മരണം, ഗര്‍ഭാനുബന്ധ മരണം, വിശ്വാസിയായതിനാല്‍ മാത്രം കൊല്ലപ്പെടല്‍ തുടങ്ങിയവക്ക് ശഹീദിന്റെ പ്രതിഫലം നല്‍കപ്പെടുമെന്ന് പ്രമാണങ്ങളുണ്ട്. പക്ഷേ അവരുടെ കുളി, നിസ്‌കാരം എന്നിവ നിര്‍വഹിക്കപ്പെടുകയും വേണം.
    എല്ലാ മത ആശയങ്ങളും പ്രസ്തുത ആദര്‍ശത്തിന്റെ ഭാഗമായി മരണപ്പെട്ടവരെ ശഹീദ് എന്നോ സമാനാര്‍ഥത്തിലോ മഹത്വപ്പെടുത്തുന്നുണ്ട്. ജൂതരിലും ക്രിസ്ത്യാനികളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഇത് കാണാനാകും. രക്തസാക്ഷി (Martyr) എന്നാണ് മലയാളത്തില്‍ പൊതുവേ പ്രയോഗിക്കാറുള്ളത്.
    അധിനിവേശ കാലത്ത് ഇസ്‌ലാമിന്റെ ശത്രുക്കളോട് അല്ലാഹുവിന്റെ അടയാളങ്ങള്‍ സംരക്ഷിക്കാനും മറ്റും യുദ്ധം ചെയ്യേണ്ടിവന്നിട്ടുണ്ട്. അങ്ങനെ മരണപ്പെട്ടവര്‍ ശഹീദ് എന്ന പേരിലാണിപ്പോഴും ഓര്‍ക്കപ്പെടുന്നത്. മലപ്പുറം ശുഹദാക്കള്‍, ഓമാനൂര്‍ ശുഹദാക്കള്‍ എന്നിവ ഉദാഹരണം.
    ശത്രുവിനെ വിളിച്ചുവരുത്തിയും സംഘര്‍ഷാവസ്ഥ രൂപപ്പെടുത്തിയും നിര്‍മിച്ചെടുക്കുന്ന ശഹാദത് പദവികള്‍ മതകീയമാണോ എന്ന ആലോചനകള്‍ ശക്തിപ്പെടേണ്ടിയിരിക്കുന്നു ■
Share this article

About എൻ ബി സിദ്ദീഖ് ബുഖാരി

nbsbukhari@gmail.com

View all posts by എൻ ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *