വഖ്ഫ്

Reading Time: < 1 minutes

വഖ്ഫ് എന്നത് ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരു പദമാണ്. ഭാഷാപരമായി തടവ് അല്ലെങ്കില്‍ നിരോധനം എന്നൊക്കെയാണ് അര്‍ഥം. സാങ്കേതികമായി, സമുദായത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി മുസ്‌ലിംകള്‍ സ്വത്ത് നീക്കിവെക്കുന്ന സമ്പ്രദായത്തിനാണ് വഖ്ഫ് എന്ന് പ്രയോഗിക്കാറുള്ളത്. വഖ്ഫ് ചെയ്ത വ്യക്തിക്ക് ആ സ്വത്ത് തിരിച്ചെടുക്കാനോ വില്‍ക്കാനോ അനന്തരവകാശികള്‍ക്കിടയില്‍ വീതിച്ചുകൊടുക്കാനോ സാധ്യമല്ല. അതില്‍ നിന്നുള്ള വരുമാനം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കപ്പെട്ടതാണ്.
വഖ്ഫ് സ്വീകാര്യമാകാന്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, വസ്തു സ്ഥിരമായി വിട്ടുകൊടുക്കണം. താത്കാലികമായി നല്‍കിയാല്‍ മതിയാകില്ലെന്ന് ചുരുക്കം. പെട്ടെന്ന് നശിച്ചുപോകുന്ന വസ്തുക്കളുമാകരുത്. രണ്ട്, വഖ്ഫ് ചെയ്യുന്ന വ്യക്തി പ്രായപൂര്‍ത്തിയായ, മാനസികാരോഗ്യമുള്ള മുസ്‌ലിമായിരിക്കണം.കുട്ടികളോ മാനസിക പ്രയാസമുള്ളവരോ വഖ്ഫ് ചെയ്താല്‍ പരിഗണിക്കുകയില്ല. മൂന്ന്, ഇസ്‌ലാമിക ശരീഅത്ത് അംഗീകരിച്ച സദ്കാര്യങ്ങള്‍ക്കാവണം വഖ്ഫ് ചെയ്യുന്നത്.കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി സ്വത്ത് മാറ്റിവെക്കുന്നത് വഖ്ഫായിട്ട് പരിഗണിക്കുകയില്ല. വ്യക്തികളുടെ ആവശ്യങ്ങള്‍ക്കോ സാമൂഹിക ആവശ്യങ്ങള്‍ക്കോ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രയോജനപ്പെടുന്നവിധം വഖ്ഫ് ചെയ്യാവുന്നതാണ്.
മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ മുസ്‌ലിംകള്‍ ഒരുക്കിയത് വഖ്ഫ് സ്വത്തില്‍ നിന്നുള്ള വരുമാനങ്ങളില്‍ നിന്നാണ്. ലൈബ്രറികള്‍, കുടിവെള്ള പദ്ധതികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, യാത്രികര്‍ക്ക് താമസിക്കാനുള്ള മുസാഫിര്‍ഖാനകള്‍ തുടങ്ങിയവ മിക്കവാറും സ്ഥാപിക്കപ്പെട്ടത് വഖ്ഫിലൂടെയാണ്.
ലോകത്തെ തന്നെ ആദ്യത്തെ സര്‍വകലാശാലയായി കണക്കാക്കപ്പെടുന്ന മൊറോക്കോയിലെ ഖറവിയ്യീന്‍ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചത് ഫാത്വിമ അല്‍ഫിഹ് രിയാണ്. വ്യാപാരിയായ തന്റെ പിതാവില്‍ നിന്ന് അനന്തരമായി ലഭിച്ച സ്വത്ത് വഖ്ഫ് ചെയ്താണ് ഫാത്വിമ അല്‍ഫിഹ് രി ആ സര്‍വകലാശാല സ്ഥാപിച്ചത്. അഹ് മദ് കോയ ശാലിയാത്തിയുടെ ലൈബ്രറി പ്രസിദ്ധമാണ്. കോഴിക്കോട് ചാലിയത്തെ ലൈബ്രറിക്കു വേണ്ടി തന്റെ പുസ്തകങ്ങള്‍ വഖ്ഫ് ചെയ്യുക മാത്രമല്ല ശാലിയാത്തി ചെയ്തത്. ആ ലൈബ്രറിയില്‍ എത്തുന്ന പഠിതാക്കള്‍ക്ക് മൂന്നു ദിവസം താമസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താനുള്ള സ്വത്ത് കൂടി വഖ്ഫ് ചെയ്തിരുന്നു.
വഖ്ഫ് ചെയ്തവരുടെ ഉദ്ദേശ്യലക്ഷ്യത്തില്‍ നിന്നും വിഭിന്നമായി ഈ വക സ്വത്തുകള്‍ കൈകാര്യംചെയ്യാന്‍ പാടില്ല എന്നതാണ് ഇസ്‌ലാമിക നിയമം. വിശ്വാസികള്‍ അവരുടെ പാരത്രിക മോക്ഷം ആഗ്രഹിച്ചാണ് സമ്പാദ്യങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി വഖ്ഫ് ചെയ്യുന്നത്. മരണപ്പെട്ടുപോയവരോടുള്ള മുസ്‌ലിംകളുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗം കൂടിയാണ് വഖ്ഫ് സ്വത്തുകള്‍ നേരാംവിധം നോക്കിനടത്തുക എന്നത്. എന്നാല്‍ ഈ ലക്ഷ്യം പലയിടങ്ങളിലും വലിയ തോതില്‍ അട്ടിമറിക്കപ്പട്ടതായി കാണാം. വിവിധ സംസ്ഥാനങ്ങളിലെ വഖ്ഫ് സ്വത്തുകള്‍ വലിയ തോതില്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുകളുടെ കണക്ക് കേട്ടാൽ കണ്ണു തള്ളും.ഇതേ കുറിച്ചൊക്കെയുള്ള വിശദമായ പഠനങ്ങള്‍ കേന്ദ്ര വഖഫ് ബോര്‍ഡും മറ്റു പല ഏജന്‍സികളും പല കാലങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ■

Share this article

About അബ്ദുൽ ബാരി ബുഖാരി

baripullaloor@gmail.com

View all posts by അബ്ദുൽ ബാരി ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *