ശൈഖ്

Reading Time: < 1 minutes

ശൈഖ് എന്നത് അറബി ഭാഷയിലെ ഒരു ബഹുമാന സൂചകവാക്കാണ്. അറേബ്യന്‍ രാജ്യങ്ങളിലെ ഒരു ഗോത്രത്തിന്റെ തലവനെയോ രാജകുടുംബാംഗത്തെയോ ആദരിക്കാനാണ് സാധാരണയായി ഈ വാക്ക് പ്രയോഗിക്കാറുള്ളത്. ചില രാജ്യങ്ങളില്‍ മതകാര്യങ്ങളില്‍ ആഴത്തിലുള്ള അറിവുള്ളവര്‍ക്കാണ് ഈ വാക്ക് ഉപയോഗിക്കുക. ശൈഖ് എന്ന പദം പ്രായവും വാര്‍ധക്യവുമായി ബന്ധപ്പെട്ടിരിക്കുന്ന അറബിയിലെ ഷീന്‍-യാഅ്-ഖാഅ് മൂലത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. വാര്‍ധക്യത്തിലെത്തിയവന്‍ എന്ന വിവക്ഷ ഈ പരിഗണനയിലാണ്. നേതാവ്, മൂപ്പന്‍ അല്ലെങ്കില്‍ കുലീനന്‍ എന്ന അര്‍ഥവുമുണ്ട്. അറബ് നാടുകളിലുള്ള പ്രത്യേക വേഷം ധരിക്കുന്നവരെയും ശൈഖ് എന്ന് വിളിക്കാറുണ്ട്. മുസ്‌ലിംകളല്ലാത്തവർക്കും സുപരിചിതമായ പേരാണിത്.
അറബ് നാഗരികതയുടെ സാംസ്‌കാരിക സ്വാധീനം കാരണം, പ്രത്യേകിച്ച് ഇസ്‌ലാമിന്റെ വ്യാപനത്തിലൂടെ, ഈ വാക്ക് ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ആഫ്രിക്കയിലെയും ഏഷ്യയിലെയും മുസ്‌ലിം സംസ്‌കാരങ്ങളില്‍ ഒരു മതപരമായ പദമോ പൊതുവായ ബഹുമാനമോ ആയി മാറിയിട്ടുണ്ട്. സൂഫിസത്തില്‍, ആത്മീയ വഴികാട്ടിയെ പ്രതിനിധീകരിക്കാന്‍ ശൈഖ് എന്ന പദം ഉപയോഗിക്കുന്നു. ഖാദിരിയ്യ ത്വരീഖത്തിന് തുടക്കമിട്ട ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി ഒരുദാഹരണമാണ്. ശൈഖന്മാരുടെ ശൈഖ് എന്ന അർഥത്തിൽ ശൈഖുൽ മശാഇഖ് എന്ന് ഉപയോഗിക്കാറുണ്ട്.
ശൈഖിനോട് ചേര്‍ത്തി ചില വാക്കുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് ശൈഖാനി. സ്വഹാബത്തിന്റെ ഇടയിൽ അബൂബക്കറും(റ) ഉമറുമാണ്(റ). ഹദീസ് പണ്ഡിതർക്കിടയിൽ ഇമാം ബുഖാരിയും (റ) ഇമാം മുസ്‌ലിമുമാണ്(റ). ഫിഖ്ഹിന്റെ ഇമാമീങ്ങൾക്കിടയിൽ ഇമാം നവവിയും(റ) ഇമാം റാഫിഇയുമാണ്(റ).
ശൈഖ് അല്‍-ബലാദ്: ഗ്രാമത്തിലെ മാനേജുമെന്റുകാരില്‍ ഒരാള്‍. ശൈഖ് അല്‍-അസ്ഹര്‍: അല്‍-അസ്ഹറിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. ശൈഖ് അല്‍-ഇസ്‌ലാം: ഇസ്‌ലാമിലെ നിയമജ്ഞര്‍ക്ക് നല്‍കിയ ഒരു സ്ഥാനപ്പേര്. അത് ശാസ്ത്രത്തിലും മിസ്റ്റിസിസത്തിലുമുള്ള പുരുഷന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സകരിയൽ അൻസ്വാരി(റ) അവരിലൊരാളാണ്. അശ്ശൈഖുര്‍റഈസ്: ഇബ്‌നു സീനയുടെ പദവി. ശൈഖുല്‍ ഖബീല: ഗോത്രത്തിന്റെ ചുമതലയുള്ള തലവന്‍. ശൈഖുല്‍ മര്‍അ: അവളുടെ ഭര്‍ത്താവ്. ശൈഖുന്നാര്‍: ശപിക്കപ്പെട്ട പിശാച്. ഇങ്ങനെ പല അര്‍ഥങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന വാക്കാണ് ശൈഖ് എന്നത്. പ്രയോഗിച്ച സാഹചര്യങ്ങള്‍ക്കനുസരിച്ച് അര്‍ഥങ്ങളും മാറുന്നതാണ് ■

Share this article

About അബ്ദുൽ ബാരി ബുഖാരി

baripullaloor@gmail.com

View all posts by അബ്ദുൽ ബാരി ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *