അലിഗഢിന്റെ വേരറുക്കുന്ന കൗണ്ടര്‍ പ്രാജക്റ്റ്‌

Reading Time: 3 minutes

ഇന്ത്യയിലെ മുസ്‌ലിം ഭരണത്തിന് കീഴില്‍ വിശേഷിച്ച് ഡല്‍ഹി സുല്‍ത്താനേറ്റ്-മുഗള്‍ ഭരണകാലത്താണ് ഉത്തരേന്ത്യന്‍ നഗരങ്ങള്‍ ഇസ്‌ലാമിക-ഉര്‍ദു സ്വഭാവമുള്ള പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഇത്തരം പേരുകളുടെ രൂപീകരണത്തിന് പിന്നില്‍ ചരിത്രപരവും ഭാഷാപരവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പല കാരണങ്ങളുണ്ട്.
ഫത്തേപൂര്‍ സിക്രി പോലെ ചില പട്ടണങ്ങള്‍ നിര്‍മിക്കപ്പെടുന്നതും അതിനെ കമ്പോളകേന്ദ്രമോ ഭരണസിരാകേന്ദ്രമോ ആക്കി രൂപാന്തരപ്പെടുത്തിയതും സുല്‍ത്താനേറ്റ്-മുഗള്‍ ഭരണാധികാരികളായിരുന്നു. അതിനാല്‍ തന്നെ ഈ പ്രദേശങ്ങള്‍ പോയകാലത്തെ സ്മരണകള്‍ നിലനിലര്‍ത്തുന്ന കേവല ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ മാത്രമല്ല, വര്‍ത്തമാനകാല രാഷ്ട്രീയത്തെ പലതും പഠിപ്പിക്കുകയും സമകാലിക ഇന്ത്യയില്‍ മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന സ്വത്വപ്രതിസന്ധിയുടെ ചോദ്യങ്ങള്‍ക്ക് തെളിഞ്ഞ ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ചരിത്ര സ്രോതസുകള്‍ കൂടിയാണ്.
ഫത്തേപുര്‍ സിക്രി, മുസാഫര്‍ നഗര്‍, മുറാദാബാദ്, സഹാറന്‍പുര്‍, ഫൈസാബാദ്, ദയൂബന്ദ്, ബറേലി, ബിജ്‌നോര്‍, അലഹബാദ്, അലിഗഢ് തുടങ്ങിയ ഉത്തര്‍പ്രദേശിലെ മുസ്‌ലിം പ്രദേശങ്ങള്‍ മാത്രമെടുത്താല്‍ ഇന്ത്യയിലെ മുസ്‌ലിം ഭരണത്തിന്റെയും മുസ്‌ലിം പ്രസ്ഥാനങ്ങളുടെയും ഇടപെടലുകള്‍ നിര്‍മിച്ചെടുത്ത രാഷ്ട്രീയവും സാമൂഹികവുമായ അസ്തിത്വ അടിത്തറ തെളിഞ്ഞുകാണാം.
അലിഗഢിനെ ഹരിഗഢ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന അലിഗഢ് ജില്ലാ പഞ്ചായത്തിന്റെ പ്രമേയം ഏകപക്ഷീയമായി വോട്ടിനിട്ട് പാസ്സായിരിക്കുകയാണ്. ഫൈസബാദിനെ അയോധ്യയെന്നും അലഹബാദിനെ പ്രയാഗ് രാജ് എന്നും പേരുമാറ്റിയ പോലെ അത്ര നിസാരമായ ഒരു പേരുമാറ്റമല്ല അലിഗഢില്‍ സംഭവിക്കാനിരിക്കുന്നത്. ചരിത്രത്തിന്റെ അടിവേരറുക്കാനുള്ള ഹിന്ദുത്വ ഹിഡന്‍ അജണ്ടയുടെ ഏറ്റവും വലിയ ഗൂഢപദ്ധതിയാണത്. അയോധ്യക്ക് രാമന്റെ ജന്മസ്ഥലം എന്ന നിലയില്‍ പൗരാണികമായ മിത്തുകളുടെ പിന്‍ബലമെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍അര്‍ധസത്യമെന്ന ലേബലെങ്കിലും ഒട്ടിക്കാന്‍പാകത്തില്‍ ചരിത്ര വസ്തുതയുടേയോ മിത്തുകളുടേയോ പിന്‍ബലമില്ലാതെയാണ് അലിഗഢിനെ ഹരിഗഢ് എന്ന് പേര് മാറ്റുന്നത്. ശ്രീകൃഷ്ണന്റെ പേരാണ് ഹരി എന്നത് മാത്രമാണ് ഈ പേരുമാറ്റത്തിന്റെ അടിസ്ഥാനം.
അലിഗഢിന്റെ എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നത് പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ മാത്രമാണ്. ഡല്‍ഹി സുല്‍ത്താനേറ്റിലെ അവസാന രാജാവായിരുന്ന ഇബ്രാഹീം ലോദിയുടെ കാലത്ത് പണി കഴിപ്പിച്ച അലിഗഢ് കോട്ടയുമായി ബന്ധപ്പെട്ടാണ് ആ ചരിത്രം ആരംഭിക്കുന്നത്. അതിന് മുമ്പുള്ള വിവരങ്ങള്‍ പുരാവസ്തു പഠനവുമായി ബന്ധപ്പെട്ടതാണ്. ജൈനവിഗ്രഹങ്ങളായ മഹാവീറിന്റെയും മറ്റും ധാരാളം ശേഷിപ്പുകൾ ഈ പ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്, അതുകൊണ്ട് തന്നെ ഇതൊരു ജൈന പ്രദേശമായിരുന്നു എന്നാണ് അനുമാനം. സുല്‍ത്താന്മാര്‍ക്ക് മുമ്പ് രജപുത്രരുടെ കൈവശമായിരുന്നു ഇവിടം. ഡല്‍ഹി സുല്‍ത്താന്‍മാരും രജപുത്രന്മാരും മറാഠകളും മുഗളന്മാരും പല കാലങ്ങളില്‍ ഈ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചതായാണ് എഴുതപ്പെട്ട ചരിത്രം. സുല്‍ത്താനേറ്റ് ചരിത്ര സ്രോതസുകളില്‍ ഈ പ്രദേശം കോള്‍/കോയില്‍ പട്ടണം എന്ന് കാണാം. പക്ഷേ ഈ പേരിന്റെ ഉദ്ഭവം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും ഈ നഗരം കോള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, മുഗള്‍ കാലത്ത് സാബിത് ഖാന്‍ കോട്ടയുടെ ഗവര്‍ണര്‍ ആയിരുന്നു. അദ്ദേഹത്തിന് ശേഷം ഈ പ്രദേശം സാബിത്ഗഢ് എന്ന പേരില്‍ അറിയപ്പെട്ടു, അതായത് സാബിത് ഖാന്റെ കോട്ട. 1753ല്‍ ജയ്പൂരിലെ ജയ് സിംഗിന്റെ സഹായത്തോടെ സൂരജ്മല്‍ ജാട്ടിന്റെ കീഴിലുള്ള ജാട്ടുകള്‍ പ്രദേശം പിടിച്ചടക്കി. തുടര്‍ന്ന് അത് രാംഗഢ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഒടുവില്‍ കോട്ട മറാഠ അധിനിവേശത്തിന് കീഴിലായി. മറാഠികള്‍ അവരുടെ ഗവര്‍ണര്‍ നജഫ് അലി ഖാന്റെ പേരില്‍ അലിയുടെ കോട്ട അഥവാ അലിഗഢ് എന്ന് കോട്ടയുടെ പേരുമാറ്റി. പിന്നീട് ബ്രട്ടീഷ് രേഖകളിലും പ്രദേശം അലിഗഢ് എന്ന് ചേര്‍ക്കപ്പെട്ടു. ഇതാണ് പിന്നീട് ജില്ലയുടെ പേരായി മാറിയത്.
ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ അലിഗഢിന്റെ സ്ഥാനം അലിഗഢ് മൂവ്‌മെന്റിന്റെയും അതിനെതുടര്‍ന്ന് സ്ഥാപിക്കപ്പെട്ട മുസ്‌ലിം സര്‍വകലാശാലയുമായും ബന്ധപ്പെട്ടാണ്. മുസ്‌ലിം ബൗദ്ധികതയുടെ ഇന്ത്യയിലെ പ്രധാനപ്പെട്ട അടയാളങ്ങളില്‍ ഒന്നാണ് അലിഗഢ്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ അലിഗഢ് മുസ്‌ലിം ബൗദ്ധികതയുടെ കേന്ദ്രമായി മാറുന്നത് 1875ല്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്‍, മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് ആരംഭിക്കുന്നതോടെയാണ്. പിന്നീട് കേന്ദ്ര സര്‍വകലാശാലയായി വളര്‍ന്ന അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ വളര്‍ച്ചക്കൊപ്പമായിരുന്നു ജില്ലയുടെ വളര്‍ച്ചയും എന്നതാണ് ചരിത്രവസ്തുത. ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയുടെ ആണിക്കല്ലായി മാറിയ അലിഗഢ് മൂവ്‌മെന്റിനും പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് കരുത്ത് പകര്‍ന്ന വിദ്യാര്‍ഥിമുന്നേറ്റങ്ങള്‍ക്കും മാറ് പകുത്തു നല്‍കിയ മണ്ണാണ് അലിഗഢ്. ഇന്ത്യയില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന് ബൗദ്ധിക അടിത്തറ നല്‍കിയതും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനങ്ങള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി പിന്നീട് സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ രൂപീകരണം നടക്കുന്നതുമൊക്കെ അലിഗഢില്‍ വെച്ചാണ്, ബ്രട്ടീഷ് വിരുദ്ധ സമരം കൊടുമ്പിരികൊള്ളുന്ന കാലത്ത് അലിഗഢിലെ വിദ്യാര്‍ഥികളായിരുന്ന മുന്‍രാഷ്ട്രപതി സാക്കിര്‍ ഹുസൈന്റെയും മൗലാന മുഹമ്മദലി ജൗഹറിന്റെയും നേതൃത്വത്തില്‍ 1920ല്‍ അലിഗഢില്‍ തന്നെയാണ് ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റി സ്ഥാപിക്കപ്പെടുന്നത്. പിന്നീട് ഈ യൂനിവേഴ്‌സിറ്റി ദല്‍ഹിയിലേക്ക് അതിന്റെ ആസ്ഥാനം മാറ്റുകയായിരുന്നു എന്നതും അലിഗഢിന്റെ രാഷ്ട്രീയ ചരിത്രത്തെ ഉജ്വലമാക്കുന്ന ഓര്‍മയാണ്. സ്വതന്ത്രാനന്തരം മാര്‍കിസ്റ്റ് ചിന്തകരുടെ കേന്ദ്രവുമായി അലിഗഢ് മാറിയിരുന്നു. ബാബരി മസ്ജിദ് വിവാദം കത്തിനില്‍കുന്ന കാലത്ത് മുസ്‌ലിംപക്ഷ വാദങ്ങള്‍ക്ക് ബൗദ്ധിക-രാഷ്ട്രീയ അടിത്തറ നല്‍കിയത് അലിഗഢിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു. അന്ന് മുതല്‍ ഇന്ന് വരെയും സംഘപരിവാര്‍ നുണകളെ ബൗദ്ധികതലത്തില്‍ പ്രതിരോധിക്കുന്നതില്‍ അലിഗഢ് മുന്നില്‍ നിന്നിട്ടുണ്ട്. ഇര്‍ഫാന്‍ ഹബീബ് അതിന്റെ ഏറ്റവും ഗംഭീരമായ ഐക്കണായി ഇന്നും സംഘപരിവാറിന് തലവേദയുണ്ടാക്കുന്നു എന്നതാണ് ഇപ്പോഴും സംഘപരിവാര്‍ കൂടാരത്തിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു ഘടകം. നാളിതുവരെ മുസ്‌ലിം ബൗദ്ധികതയുടെ അടയാളങ്ങളെ സൃഷ്ടിച്ച് സംരക്ഷിച്ചുപോരുന്നതില്‍ മറ്റു ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ നിന്ന് വേറിട്ട അടയാളം വെക്കാവുന്ന കേന്ദ്രസ്ഥാനമുണ്ട് അലിഗഢിന്. ഈ ചരിത്ര വസ്തുതകളുടെ മര്‍മത്തിലാണ് സംഘപരിവാര്‍ ഇപ്പോള്‍ കത്തിവെച്ചിരിക്കുന്നത്.
അലിഗഢ് ആസ്ഥാനമായി പുതിയ ഒരു സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിക്ക് കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ തറക്കല്ലിട്ടിരിക്കുകയാണ്, അലിഗഢ് ഒരു കേന്ദ്ര സര്‍വകലാശാലയാണെങ്കില്‍ കൂടി അവിടെ പഠിക്കുന്ന കുട്ടികള്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ് എന്നതും അവര്‍ക്ക് സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയമുണ്ട് എന്നതും ബിജെപി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം വെച്ചുപൊറുപ്പിക്കാനാവാത്ത ഘടകങ്ങളാണ്. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭ രംഗത്തെ വിദ്യാര്‍ഥികളുടെ പോരാട്ടവീര്യവും വെടിവെച്ചിട്ടും പതറാത്ത നിര്‍ഭയത്വവും സംഘപരിവാറിനെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഇത് കൊണ്ടൊക്കെ തന്നെയാണ് അലിഗഢില്‍ തന്നെ മറ്റൊരു യൂനിവേഴ്‌സിറ്റി കെട്ടി ഉയര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നത്. ഇതിന് രാഷ്ട്രീയമില്ലെന്ന് ബിജെപി ആവര്‍ത്തിച്ച് പറയുമ്പോഴും ഇതൊരു കൗണ്ടര്‍ പ്രൊജക്ടാണ് എന്നതാണ് സത്യം.
ജാട്ട് രാജാവായിരുന്ന രാജാ മഹേന്ദ്ര പ്രതാപിന്റെ പേരിലാണ് പുതിയ സര്‍വകലാശാല തുടങ്ങുന്നത്. കര്‍ഷക സമരത്തോടെ സര്‍ക്കാര്‍ വിരുദ്ധ പോരാട്ടങ്ങളില്‍ മുന്നില്‍ നില്‍കുന്ന ജാട്ട് വിഭാഗത്തിന്റെ വോട്ട് തിരിച്ച് പിടിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഈ നാടകം എന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. അംബേദ്കര്‍ യൂനിവേഴ്‌സിറ്റി ബജറ്റിലെ 110 കോടിയാണ് ഇപ്പോള്‍ ഈ പദ്ധതിക്കായി ധൃതിപ്പെട്ട് വകമാറ്റിയിരിക്കുന്നത്.
എന്നാല്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് പൂര്‍വവിദ്യാര്‍ഥിയും അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിക്ക് ഭൂമി പാട്ടത്തിന് കൊടുത്തയാളുമായ രാജ മഹേന്ദ്ര പ്രതാപിനെ അലിഗഢ് യൂനിവേഴ്‌സിറ്റി ആദരിച്ചില്ല എന്ന വാദം ബിജെപി 2014ല്‍ തന്നെ ഉയര്‍ത്തിയിരുന്നു. 2017ല്‍ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം ആദ്ദേഹത്തിന്റെ പേരില്‍ പുതിയ യൂനിവേഴ്‌സിറ്റി സ്ഥാപിക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ ഇതൊരു കൗണ്ടര്‍ പ്രൊജക്റ്റാണെന്ന് ഉറപ്പിച്ചു പറയാനാവും.
സംഘപരിവാര്‍ രാഷ്ട്രീയവുമായി നിരന്തരം കലഹിച്ച വിപ്ലവകാരിയും മതേതരവാദിയും സ്വാതന്ത്ര സമര സേനാനിയുമൊക്കെയായിരുന്നു രാജാ മഹേന്ദ്ര പ്രതാപ് എന്നതാണ് ഈ വിവാദങ്ങളിലെ വൈരുധ്യം. മാത്രമല്ല 1957ലെ പൊതുതിരഞ്ഞെടുപ്പില്‍ ജനസംഘം സ്ഥാനാര്‍ഥിയായി മത്സരിച്ച അടല്‍ബിഹാരി വാജ്‌പേയിക്ക് എതിരെ സ്വതന്ത്രനായി മത്സരിച്ചാണ് മഥുര മണ്ഡലത്തില്‍ നിന്ന് രാജ മഹേന്ദ്ര പ്രതാപ് പാര്‍ലമെന്റിലെത്തിയത്. അന്ന് വാജ്‌പേയി നാലാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. 1967ലെ തിരഞ്ഞെടുപ്പില്‍ അലിഗഢില്‍ ജനവിധി തേടി ഇറങ്ങിയ രാജക്ക് എതിരേ ഹിന്ദുമഹാസഭ ജാട്ട് സമുദായത്തില്‍ നിന്നുള്ള ശിവകുമാര്‍ ശാസ്ത്രിയെ നിര്‍ത്തുകയും വര്‍ഗീയ പ്രചാരണങ്ങളിലൂടെ ജാട്ട് വോട്ടുകള്‍ ഭിന്നിപ്പിച്ചുമാണ് രാജാ മഹേന്ദ്ര പ്രതാപിനെ തോല്‍പിച്ചത്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്ന ബിജെപി അവസരവാദ രാഷ്ട്രീയത്തിന്റെ നാണംകെട്ട രാഷ്ട്രീയ തന്ത്രമാണ് അലിഗഢില്‍ പയറ്റുന്നത്. മതനിരപേക്ഷതയുടെ വക്താവായിരുന്ന, വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ നിലകൊണ്ട രാജയെ ബിജെപി സിംപിളായി ഹൈജാക്ക് ചെയ്യുന്നിടത്താണ് അപകടം പതിയിരിക്കുന്നത്. വര്‍ഗീയ ധുവ്രീകരണം സ് ഫോടനാത്മക ഫലങ്ങള്‍ ഉണ്ടായിക്കിയേക്കാവുന്ന ഒരു പ്രവര്‍ത്തന പദ്ധതിക്ക് കൂടിയാണ് പ്രധാനമന്ത്രി ഇപ്പോള്‍ അലിഗഢില്‍ ശിലയിട്ടത് ■

കടപ്പാട്:
• Frontline
India’s National Magazine
• National Herald News Paper

Share this article

About ജ ുനൈദ് ടി.പി തെന്നല

junaidthennala@gmail.com

View all posts by ജ ുനൈദ് ടി.പി തെന്നല →

Leave a Reply

Your email address will not be published. Required fields are marked *