ഫാര്‍മസിസ്റ്റ്: ഇടനിലക്കാരന്റെ വേഷം

Reading Time: 2 minutes

ആരോഗ്യവാനാകുക എന്നത് ജിവിതത്തിലെ പ്രധാന സമ്പാദ്യങ്ങളിലൊന്നാണ്. ആരോഗ്യം പരിരക്ഷിക്കാന്‍ മതഗ്രന്ഥങ്ങളിലും തത്വശാസ്ത്രത്തിലും നിര്‍ദേശമുണ്ട്. അരോഗദൃഢഗാത്രനായ ഓരോ വ്യക്തിക്കും സമൂഹ, ലോക വളര്‍ച്ചയില്‍ നിസ്തുലമായ പങ്കുണ്ട്. ക്രമം തെറ്റിയുള്ള ജീവിതശൈലികള്‍ ഒരുപരിധി വരെ മനുഷ്യരെ രോഗിയാക്കുന്നുണ്ട്.
ആരോഗ്യ സംരക്ഷണത്തില്‍ വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത സ്ഥാനമാണെങ്കിലും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഫാര്‍മസിസ്റ്റുകൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭിഷഗ്വരന്മാര്‍ രോഗിയുടെ രോഗനിര്‍ണയത്തിന് ശേഷം നിര്‍ദേശിക്കപ്പെട്ട ഔഷധങ്ങളുടെ ഉപയോഗത്തെക്കുറിച്ചും മറ്റും കൃത്യമായി രോഗിയെ ബോധ്യപ്പെടുത്തി ആരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ ഫാര്‍മസിസ്റ്റുകള്‍ ആതുരസേവനത്തിലെ പ്രധാനകണ്ണിയായി മാറുന്നുണ്ട്.
ദേശീയ സര്‍വേകളിലെ ഏറ്റവും വിശ്വസനീയമായ അഞ്ച് പ്രൊഫഷനലുകളില്‍ നിരവധി വര്‍ഷങ്ങളായി ഫാര്‍മസിസ്റ്റുകള്‍ സ്ഥിരമായി ഇടംപിടിച്ചിട്ടുണ്ട്. അധ്യാപകരും സ്ഥിരമായി ലിസ്റ്റില്‍ വരുന്നു. അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം, ലോകത്തിലെ ഏറ്റവും വിശ്വസനീയര്‍ ശാസ്ത്രജ്ഞരാണ്. ഫാര്‍മസിസ്റ്റുകളും അധ്യാപകരും ശാസ്ത്രജ്ഞരും ചേര്‍ന്നതാണ് ഫാര്‍മസി തൊഴില്‍. ഹോസ്പിറ്റല്‍ ഫാര്‍മസിസ്റ്റ്, ഇന്‍ട്രസ്റ്റിയല്‍ ഫാര്‍മസിസ്റ്റ്, കമ്യൂണിറ്റി ഫാര്‍മസിസ്റ്റ്്, ഹോം ഹെല്‍ത് കെയര്‍ ഫാര്‍മസിസ്റ്റ്, ഇന്‍സ്റ്റിട്യൂഷനല്‍ ഫാര്‍മസിസ്റ്റ്് എന്നിങ്ങനെ വിവിധ മേഖലകളിലായി ആതുരരംഗത്ത് ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി സേവനം ചെയ്യുന്നു. “ഫര്‍മകോണ്‍’ എന്ന പ്രാചീന ഗ്രീക് ഭാഷയില്‍ നിന്നാണ് ഫാര്‍മസി എന്ന നാമത്തിന്റെ ഉദ്ഭവം.
ഔഷധ നിര്‍മാണം മുതല്‍ ഒരു സാധാരണ രോഗിയില്‍ മരുന്ന് എത്തുന്നത് വരെയുള്ള, ക്ലിനിക്കല്‍ ട്രെയ്ല്‍സ്, ക്വാളിറ്റി അഷ്വറന്‍സ്, പാക്കിങ്, വിതരണം തുടങ്ങി മുഴുവന്‍ മേഖലയിലും സസൂക്ഷ്മം ഇടപെടുന്ന പ്രധാന പ്രഫഷനലുകളാണ് ഫാര്‍മസിസ്റ്റുകള്‍. രോഗിയില്‍ ഔഷധം ചെലുത്തുന്ന പ്രവര്‍ത്തനങ്ങളെ രോഗിക്ക് മനസിലാവുന്ന രീതിയില്‍ ബോധ്യപ്പെടുത്തിയും രോഗിയില്‍ ഔഷധ സംബന്ധിയായി കൗണ്‍സിലുകള്‍ നല്‍കിയുമാണ് ഫാര്‍മസിസ്റ്റുകള്‍ പൊതുജനങ്ങളില്‍ വിശ്വാസ്യരാകുന്നത്.
നാട്ടിന്‍പുറങ്ങളിലെയും പ്രവാസത്തിലെയും ജീവിതത്തില്‍ ഒഴിവാക്കാനാകാത്തവിധം ഫര്‍മസിസ്റ്റുകള്‍ ഇടംനേടിയത് അവരുടെ അര്‍പണബോധവും ഇടപെടലുകളുമാണ്. “ഫാര്‍മസി: നിങ്ങളുടെ ആരോഗ്യത്തിന് എപ്പോഴും വിശ്വാസമുണ്ട്’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഫാര്‍മസിസ്റ്റ് ദിനത്തിന്റെ (സെപ്റ്റംബര്‍ 25) സന്ദേശം.
വിശ്വാസം എല്ലാ മനുഷ്യ ബന്ധങ്ങളുടെയും കേന്ദ്രഭാഗവും സാമൂഹിക മൂലധനത്തിന്റെ അടിസ്ഥാന ഘടകവുമാണ്. ആരോഗ്യ പരിപാലനത്തിലും വിശ്വാസം അനിവാര്യമാണ്: ആരോഗ്യ പരിപാലന പ്രൊഫഷനലുകളിലുള്ള വിശ്വാസവും രോഗികളുടെ ആരോഗ്യ ഫലങ്ങളും തമ്മില്‍ കാര്യമായ ബന്ധമുണ്ട്. രോഗികള്‍ ചികിത്സയില്‍ കൂടുതല്‍ സംതൃപ്തി രേഖപ്പെടുത്തിയതും കൂടുതല്‍ പ്രയോജനകരമായ ആരോഗ്യ സ്വഭാവങ്ങളും മെച്ചപ്പെട്ട ഗുണനിലവാരം പ്രകടിപ്പിച്ചതും അവരുടെ ആരോഗ്യ പരിപാലനത്തില്‍ ഫാര്‍മസിസ്റ്റ് പ്രൊഫഷനലുകളില്‍ അവര്‍ക്ക് ഉയര്‍ന്ന വിശ്വാസമുണ്ടായിരുന്നപ്പോഴാണ്. ലോകം കോവിഡ്19 ല്‍ പ്രതിസന്ധിയിലായപ്പോള്‍ വാക്‌സിനുകളിലൂടെയും മറ്റും ഒരു പരിധിവരെ താങ്ങായി നിന്ന് ഫാര്‍മസിസ്റ്റുകളാണ്.
വിശ്വാസത്തിന് മൂന്ന് ഘടകങ്ങള്‍ ആവശ്യമാണ്: പോസിറ്റീവ് ബന്ധങ്ങള്‍, യോഗ്യത/വൈദഗ്ധ്യം, സ്ഥിരത.
പോസിറ്റീവ് ബന്ധങ്ങള്‍: ഫര്‍മസിസ്റ്റുകള്‍ രോഗികളോടുള്ള യഥാര്‍ഥതാത്പര്യവും അവരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമെടുക്കുന്നതും നല്ല ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് സഹായിക്കുന്നു. പാന്‍ഡെമിക് സമയത്ത് അവരുടെ അധിക പരിശ്രമം ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനു തുണച്ചു.
യോഗ്യത/വൈദഗ്ധ്യം: സാധാരണയായി നാല് വര്‍ഷത്തെ ഫാര്‍മസി ബിരുദം, രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ ബിരുദം, ഡോക്ടറേറ്റ് എന്നിവ പൂര്‍ത്തിയാക്കുന്നു. തുടര്‍ന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പ്രകാരം ഇന്റേന്‍ഷിപ്പ്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഫാര്‍മസിസ്റ്റുകളായി സേവനം ചെയ്യുന്നു. കൂടുതല്‍ വൈദഗ്ധ്യമുള്ളവരാവാന്‍ ആജീവനാന്ത പഠനം, കൂടുതല്‍ പരിശീലനം, സമയബന്ധിതമായി ചേര്‍ക്കുന്ന അറിവുകള്‍ തുടങ്ങിയവ സ്വായത്തമാക്കാറുണ്ട്. ഇതിന് ഫാര്‍മസിസ്റ്റ് കൗണ്‍സിലുകളും മരുന്ന് നിര്‍മാണ കമ്പനികളും ചില ഫര്‍മസിസ്റ്റ് അസോസിയേഷനുകളും വേദികള്‍ നൽകുന്നു.
സ്ഥിരത: ലോകത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമാകുന്ന ആരോഗ്യ പരിരക്ഷാ ദാതാവ് എന്ന നിലയില്‍, മറ്റ് പല ആരോഗ്യ പരിപാലന സൗകര്യങ്ങളേക്കാളും കൂടുതല്‍ സമയം ജോലി ചെയ്യുന്നതിനാല്‍, ഫാര്‍മസിസ്റ്റുകള്‍ക്ക് അവരുടെ കഴിവുകളും കരുതലും കൂടുതല്‍ പ്രകടമാക്കാന്‍ കഴിയും.
രോഗി-ഫാര്‍മസിസ്റ്റ് ബന്ധങ്ങളില്‍ പലതും കാലങ്ങളെടുത്ത് നിര്‍മിച്ച വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. പൊതുജനങ്ങള്‍ ഫര്‍മസിസ്റ്റുകളുടെ ഉപദേശം വിശ്വസിക്കുന്നു. രഹസ്യാത്മകത നിലനിര്‍ത്താന്‍ രോഗികള്‍ ഫര്‍മസിസ്റ്റുകളില്‍ വിശ്വസിക്കുന്നു. വാക്‌സിനുകള്‍ നല്‍കാനും ഔഷധപരിശോധനകള്‍ പോലുള്ള മറ്റ് വിപുലീകരിച്ച സേവനങ്ങള്‍ നല്‍കാനും സര്‍ക്കാരുകളും, മരുന്നുകളുടെ അപര്യാപ്തതകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ഫര്‍മസിസ്റ്റുകളെ വിശ്വസിക്കുന്നു. പൊതുവെ നമ്മുടെ കമ്യൂണിറ്റികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഈ വിശ്വാസം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും ■

Share this article

About സല്‍മാന്‍ വെങ്ങളം

almanpharmacist2021@gmail.com

View all posts by സല്‍മാന്‍ വെങ്ങളം →

Leave a Reply

Your email address will not be published. Required fields are marked *