മീലാദ്

Reading Time: < 1 minutes

ഹിജ്‌റ വര്‍ഷത്തിലെ (മുഹമ്മദ് നബി (സ്വ) മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ പലായനത്തെ കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ട വര്‍ഷം) പന്ത്രണ്ട് മാസങ്ങളില്‍ മൂന്നാമത്തെ മാസമാണ് റബീഉല്‍ അവ്വല്‍. മുഹമ്മദ് നബിയുടെ (സ്വ) ജനനമാസമായ റബീഉല്‍ അവ്വലിനെ വിശ്വാസികള്‍ സവിശേഷമായി ആഘോഷിക്കാറുണ്ട്. മീലാദ്, റബീഅ് തുടങ്ങിയ പദാവലികള്‍ ആഘോഷ സൂചകമായി ഉപയോഗിക്കുന്നു. മീലാദിന് ജന്മം/പിറവി എന്നും റബീഇന് ആഘോഷം എന്നുമാണ് അര്‍ഥം കല്‍പിക്കുന്നത്. മീലാദുന്നബി എന്ന സംഞ്ജയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. നബിയുടെ ജന്മം എന്നാണതിന്റെ മലയാളം. മീലാദ് ശരീഫ്, ഈദ് മീലാദ് എന്നും ഈ ദിവസത്തെ കുറിക്കാന്‍ ഉപയോഗിക്കാറുണ്ട്. നബിദിനം എന്ന പേരിലാണ് കേരളത്തിലിത് അറിയപ്പെടുന്നത്. ക്രിസ്തുവര്‍ഷം 571 ഏപ്രില്‍ 21 ന് പ്രഭാത നേരത്താണ് മുഹമ്മദ് നബി (സ്വ) ജനിച്ചത്. നബിയുടെ (സ്വ) വിയോഗം അറുപത്തിമൂന്നാം വയസില്‍ ഇതേ ദിവസം തന്നെയാണ്. വഫാത് എന്ന അറബി പദമാണ് വിയോഗം എന്നിടത്ത് പൊതുവേ പ്രയോഗിക്കാറുള്ളത്.
നബി ഒരു അറബിക് ശബ്ദമാണ്. അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ദൂതന്‍ എന്നാണ് നബിയുടെ സാരം. ലക്ഷത്തില്‍പരം നബിമാരുണ്ടെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ആദ്യത്തെ നബിയായി ആദം (അ), അവസാനത്തെ നബിയായി മുഹമ്മദ് നബി, ജൂത, ക്രിസ്തീയ മതങ്ങളുടെ സ്ഥാപകരായി കരുതപ്പെടുന്ന മോശയും യേശുവും മുസ്‌ലിംകളുടെ വിശ്വാസങ്ങളിലുള്ള മൂസാ (അ), ഈസാ (അ) പ്രവാചകന്മാരാണ്.
മുസ്‌ലിംകളിലെ സുന്നീ, സലഫീ ധാരകളില്‍ മീലാദുന്നബി ആഘോഷിക്കുന്നത് സുന്നീധാരയാണെന്ന പൊതുധാരണയുണ്ട്. അത് ശരിയാണുതാനും. മൗലിദാണ് മീലാദുന്നബിയിലെ പ്രധാന ആഘോഷം. ജനനനേരം, ജനനസ്ഥലം എന്നാണ് മൗലിദിന്റെ വാക്കര്‍ഥം. പക്ഷേ ദിവ്യാത്മാക്കളായ പുണ്യമനുഷ്യരുടെ അപദാനങ്ങള്‍ വാഴ് ത്തിപ്പാടുകയോ ചൊല്ലുകയോ ചെയ്യുന്ന രീതിയാണ് മൗലിദ്. മുഹമ്മദ് നബിയുടെ (സ്വ) തന്നെ അനേകായിരം മൗലിദുകളുണ്ട്. കേരളത്തില്‍ വിശ്രുതമായവ മന്‍ഖൂസ്, ശറഫുല്‍ അനാം, ബര്‍സഞ്ചി, സുബ്ഹാന, ബുര്‍ദ, ബാനത് സുആദ, സ്വല്ലല്‍ ഇലാഹു, വിത് രിയ്യ, നുഅ്മാനിയ്യ ഖസീദകള്‍ തുടങ്ങിയ മൗലിദുകളാണ്.
റബീഉല്‍ അവ്വല്‍ മാസം മുഴുക്കെയും മുസ്‌ലിംകളുടെ വീടുകള്‍, പള്ളികള്‍, മദ്‌റസകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് മൗലിദ് സദസുകള്‍ നടക്കാറുണ്ട്. എല്ലാവരും ഒത്തുചേരുന്ന സദസുകളില്‍ മൗലിദിന്റെ പുണ്യം കാംക്ഷിച്ച് വിതരണം ചെയ്യുന്ന വിഭവമാണ് ചീരണി. ചീരണി മലയാളേതര ശബ്ദമാണ്. പേര്‍ഷ്യന്‍ ഭാഷയിലാണതിന്റെ അടിസ്ഥാനം ■

Share this article

About എൻ ബി സിദ്ദീഖ് ബുഖാരി

nbsbukhari@gmail.com

View all posts by എൻ ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *