അതിഥികളെ തൊട്ടിരിക്കാം

Reading Time: 2 minutes

ഔന്നത്യമുള്ള സംസ്‌കൃതിയുടെ ഭാഗമാണ് ആതിഥ്യവൃത്തി (hospitality). ബന്ധങ്ങളുടെ ചൈതന്യവും കെട്ടുറപ്പും നിലനിര്‍ത്തുന്നതില്‍ പ്രധാന ഘടകമാണത്. ഭൗതിക നേട്ടങ്ങള്‍ക്കപ്പുറമായി ഉന്നതമായ ആത്മീയ പ്രവര്‍ത്തനമായിട്ടാണ് ഇസ് ലാം ഇതിനെ പരിഗണിക്കുന്നത്. നബി(സ്വ) പറഞ്ഞു, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ അതിഥിയെ സല്‍കരിക്കട്ടെ.
ഇസ്‌ലാം സാംസ്‌കാരിക ഔന്നത്യമുള്ള ദര്‍ശനമാണ്. പൂര്‍വപ്രവാചകന്‍ ഇബ്‌റാഹീം(അ)ലൂടെയുള്ള മഹത് പാരമ്പര്യവും ആ താവഴിക്കുണ്ട്. മൈലുകള്‍ താണ്ടി അതിഥിയെ തേടിപ്പിടിച്ചതും ആഗതരായ മാലാഖമാരെ വിരുന്നൂട്ടിയതും ഈ സംസ്‌കാരത്തിന്റെ മൂല്യത്തെയും സമീപനത്തെയും വ്യക്തമാക്കുന്നു. അവരെ അബു ളയ്ഫാന്‍ എന്നു വിളിച്ചുപോന്നു. അറബ് നാഗരികത വളരുന്നത് ഖാഫില കൂട്ടങ്ങളുടെ സാമൂഹിക സാംസ്‌കാരിക വികാസത്തിലൂടെയാണ്. അവര്‍ക്കിടയില്‍ ജൈവികമായി തന്നെ ഈ സംസ്‌കൃതി രൂപപ്പെടുത്തിയെടുക്കുന്നതും കൈമാറ്റം ചെയ്യുന്നതും ഇബ്‌റാഹീം(അ)ന്റെ ഇടപെടലിലൂടെയാണ്. തുടര്‍ന്ന് പുണ്യഭൂമിയില്‍ ആരാധനക്കെത്തുന്നവര്‍ക്ക് പ്രാഥമിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കല്‍ അവര്‍ ദൗത്യമായി ഏറ്റെടുത്തു. വ്യക്തിപരവും ഗോത്രപരവുമായ മഹിമയെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു ഈ നിര്‍വഹണം.
കസീറു റമാദ്, കരീം തുടങ്ങിയ നാമങ്ങള്‍ അവര്‍ക്കിടയില്‍ പ്രസിദ്ധമായിരുന്നു. ദാനവും വിരുന്നും ജീവിതമാക്കിയവര്‍ക്ക് ജനം ആദരപൂര്‍വം നല്‍കുന്ന വിശേഷ നാമങ്ങളാണ് ഇവ. വീട്ടുമുറ്റത്ത് കൂട്ടിയിട്ട വെണ്ണീര്‍കൂനകളും കത്തിത്തീര്‍ന്ന മരക്കമ്പുകളും പാചക സമൃദ്ധിയെ കുറിക്കുന്നതോടൊപ്പം അതിഥികളുടെ കണക്കു പുസ്തകം കൂടിയായിരുന്നു. തന്നിലൂടെ പലരും സന്തോഷിക്കുന്നതില്‍ അവര്‍ പരിലസിച്ചു.
ഹിജ്‌റാനന്തരം അന്‍സ്വാര്‍ എന്ന വിശേഷ നാമം രൂപപ്പെട്ടതില്‍ ഈ തുടര്‍ച്ചക്ക് മുഖ്യപങ്കുണ്ടായിരുന്നു. അതുമുഖേന അതിഥികള്‍ക്ക് വേണ്ടതൊക്കെയും ലഭിച്ചു. ചിലര്‍ സമ്പത്ത് പകുത്തു നല്‍കി, കിടപ്പാടം വിട്ടുനല്‍കി, ആശ്രിതരെ ഇണയാക്കി കൊടുത്തു. നബി(സ്വ) അവര്‍ക്കിടയില്‍ ഈ എകീകരണം സാധ്യമാക്കിയത് ഉഖുവ്വത്ത് -സഹോദര്യം – എന്ന പ്രയോഗത്തിലൂടെയായിരുന്നു.
നബി(സ്വ) അവരെ ഇപ്രകാരം ഉണര്‍ത്തി, നിങ്ങള്‍ക്കിടയില്‍ രക്ഷാവാചകം (സലാം) പരസ്യപ്പെടുത്തുക, പരസ്പരം വിരുന്നൂട്ടുക, രക്തബന്ധം ചേര്‍ക്കുക, ജനങ്ങള്‍ നിദ്രയിലായിരിക്കെ നിസ്‌കരിക്കുക, എങ്കില്‍ രക്ഷയോടെ സ്വര്‍ഗസ്ഥരാകാം.
ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ അഥിതിസത്കാരത്തെ കുറിക്കുന്ന പദം “ളിയാഫ’ എന്നാണ്. അതിഥിയുടെയും (guest) സ്വീകര്‍ത്താവിന്റെയും (Host) ഇടയിലുള്ള ബന്ധത്തെയാണ് സാങ്കേതികമായി (terminology) ഈ പദം അര്‍ഥമാക്കുന്നത്. അതിഥിയുടെ സ്വീകരണം, ഭക്ഷണം, താമസം, സുരക്ഷ എന്നിവയെല്ലാം പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കപ്പെടുന്നതാണ് ഈ പ്രവൃത്തി. പ്രധാനമായും ആറു തലങ്ങള്‍ ഇതിനുണ്ടെന്ന് ഇമാം ഗസാലി (റ) നിരീക്ഷിക്കുന്നു. ക്ഷണം, സ്വീകരണം, സാന്നിധ്യം, ഭക്ഷണം വിളമ്പല്‍, ഭോജനം, പിന്‍മടക്കം എന്നിവ. ഇവക്കെല്ലാം അനുഭൂതിദായകമായ സൗന്ദര്യവുമുണ്ട്.
ക്ഷണികമായ ആസ്വാദനമായിട്ടല്ല, അനന്തമായ ആസ്വാദനത്തിന്റെ പ്രവേശികയായിട്ടാണ് ആതിഥ്യവൃത്തി നിലകൊള്ളുന്നത്. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ഗുണാത്മാക്കളുടെ (അബ്‌റാര്‍) ചര്യയാണത്. അവരുടെ വഴിപാടുകള്‍ ദൈവിക കല്‍പനകളെ മഹത്വവത്കരിക്കുന്നതും സൃഷ്ടികളോട് കരുണ വര്‍ഷിക്കുന്നതുമായിരിക്കും. അതിനാല്‍ ആതിഥ്യവൃത്തി ഒരേ സമയം ഇലാഹിന്റെ പ്രീതിക്കുതകുന്നതും സഹജനത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമായിരിക്കണം. വ്യക്തി, കുടുംബം, സൗഹൃദം തുടങ്ങി സ്വീകര്‍ത്താവിന്റെ സാമൂഹ്യ ബന്ധങ്ങളെല്ലാം അവന്റെ ക്ഷണിതാക്കളാണ്. ഒരു സംസ്‌കാരം എന്ന അര്‍ഥത്തില്‍ സമൂഹത്തിലെ അധസ്ഥിതരും അല്ലാത്തവരും ഈ പരിധിക്കകത്ത് വരും. അതിനാല്‍ വ്യക്തിയുടെ അന്തസ്, സമ്പത്ത്, സൗകര്യം എന്നിവ ഉള്‍ക്കൊണ്ടു കൊണ്ട് ക്ഷണം പൊതുവായിരിക്കണം.കാരണം പ്രവാചക ചര്യയുടെ നിര്‍വഹണവും പരസ്പര ഇണക്കത്തിന്റെ മധുരവുമാണല്ലോ അവന്‍ ലക്ഷ്യം വെക്കുന്നത്. ധനികര്‍ക്ക് മാത്രമായി വിരുന്നൊരുക്കുന്നതിനെ നബി(സ്വ) വിലക്കിയിട്ടുമുണ്ട്. അതില്‍ സാമൂഹിക ബന്ധങ്ങള്‍ക്ക് വിഘാതമുണ്ടാക്കലും ദുരഭിമാനവും അടങ്ങിയിട്ടുണ്ട്. അവ വിശ്വാസിക്ക് അനുഗുണമല്ല.
ക്ഷണസ്വീകരണവും പങ്കാളിത്തവും അത്യധികം മഹത്വമുള്ളതാണ്. വ്യക്തിതാത്പര്യങ്ങള്‍ക്കതീതമായി ദൈവഭക്തി നേടല്‍, പ്രവാചക ചര്യയുടെ അന്വര്‍ത്തനം, സഹോദര്യം സ്ഥാപിക്കല്‍, പരസ്പര ഇണക്കം തുടങ്ങി പല സവിശേഷതകളും ഈ കൂടിച്ചേരലുകള്‍ക്കിടയിലുണ്ട്. കേവല ഭോജന ഉദ്യമമായി ആതിഥ്യത്തെ നിര്‍വചിക്കാന്‍ കഴിയില്ല. ആതിഥേയനും അതിഥിക്കു മിടയിലാണല്ലോ ഈ ബന്ധരൂപീകരണത്തിന്റെ സാധുത. അവര്‍ക്കിടയിലെ സാമൂഹിക സൗഹാര്‍ദ മണ്ഡലങ്ങളെ അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഹൃദ്യമാവുന്ന സവിശേഷ പ്രക്രിയയാണ് ആതിഥ്യം. അതില്‍ അതിഥിക്കായി അവര്‍ സകലതും അണിയിച്ചൊരുക്കണം. അതിഥിയുടെ വഴി, ഇരിപ്പിടം, കിടപ്പറ തുടങ്ങി ആഗതര്‍ക്കുള്ളതൊക്കെയും മതപരമായോ ആതിഥ്യപരമായോ നിരക്കാത്ത അലങ്കാരത്തില്‍ നിന്നും മുക്തി വരുത്തുന്നു. ഇതു മാലാഖമാരുടെ ശുഭ സാന്നിധ്യത്തിനും അതിഥിയുടെ ഹൃദ്യാനുഭൂതിക്കും വഴി തുറക്കുന്നു. തന്റെ നിര്‍ബന്ധിത ബാധ്യതയാണ് ക്ഷണം സ്വീകരിക്കലെന്ന ബോധ്യത്തിലാണ് അതിഥി എത്തുന്നത്. അതുമുഖേന ആതിഥേയനും ആനന്ദിക്കുന്നു. വീട്ടുപടിക്കലില്‍ ചെന്ന് അതിഥിയെ ആനയിക്കുന്നു, പരസ്പരം സലാം ചൊല്ലി സ്വീകരിച്ചിരുത്തി, കുശലം പറഞ്ഞ് അവര്‍ ഒന്നായി തീരുന്നു. ബന്ധങ്ങള്‍ക്കനുസരിച്ച് എത്രയും നീളാവുന്ന ഒന്നാണല്ലോ ആതിഥ്യം. എങ്കിലും മൂന്ന് ദിവസം വരെ ബാധ്യതയായും തുടര്‍ന്നുള്ളത് സ്വദഖയായും ഗണിക്കപ്പെടുമെന്നാണ് പണ്ഡിത വീക്ഷണം.
ഭക്ഷിക്കല്‍ ആതിഥ്യത്തിന്റെ പ്രധാന ഘടകമാണ്. അതു വേഗത്തിലാക്കല്‍ സത്കാര മര്യാദയുമാണ്. പഴം, മാംസം, മധുരം തുടങ്ങി വിഭവസമൃദ്ധമായിരിക്കണം സുപ്ര. ഭക്ഷണമൊരുക്കി ആതിഥേയന്‍ ആദ്യം കൈകെഴുകണം. ഇമാം മാലിക് (റ) ഇപ്രകാരം ചെയ്തിരുന്നു. ശേഷം അതിഥിയായ ഇമാം ശാഫിഈ (റ) ഭക്ഷിച്ചു കഴിഞ്ഞ് കൈ വൃത്തിയാക്കിയാല്‍ മഹാന്‍ തന്റെ കൈ കഴുകും. ഇതായിരിക്കണം അനുവര്‍ത്തിക്കേണ്ടത്. അതിഥിക്ക് അനായാസം കഴിക്കാനും ഹൃദ്യമായി ആസ്വദിക്കാനും കഴിയുംവിധം സമയം ചെലവഴിക്കുകയും വേണം. അതിഥി ആതിഥേയന്റെ തൃപ്തിക്കൊത്ത് ഭക്ഷിക്കാനുള്ള വിശാലതയും കാണിക്കണം. പരസ്പര പൊരുത്തത്തിന്റെ സൗന്ദര്യം ഹൃദ്യമാവുന്നത് ഇവ്വിധം വിശാലമാവുമ്പോഴാണ്.
പരസ്പരമുള്ള വേര്‍പിരിയലും സത്കാരത്തിന്റെ പ്രധാന ഘടകമായി തന്നെ ഇസ് ലാം പരിഗണിച്ചിട്ടുണ്ട്. കേവല ഇറങ്ങിപ്പോക്കല്ല. ആസ്വദിച്ച സൗഹൃദത്തിന്റെ മാധുര്യം ആനന്ദിക്കാനുള്ള മറഞ്ഞിരിക്കലാണ് ഈ അകല്‍ച്ച. അതു കൊണ്ടാണ് അതിഥിയോടൊപ്പം സ്വീകര്‍ത്താവും കൂടെ ഇറങ്ങി യാത്രയാക്കുന്നത്. തുടര്‍ന്നും പരസ്പര കൂടിച്ചേരലുകള്‍ക്ക് വഴിയൊരുക്കിയുമായിരിക്കണം വേര്‍പിരിയേണ്ടത്. യാത്ര മധ്യേ ഭക്ഷണത്തിനു വിളിച്ചവരോട് ഹസ്‌റത് ഹസന്‍ (റ) ഇങ്ങിനെ പറഞ്ഞു, എന്നെ വിളിച്ചപ്പോള്‍ ഞാന്‍ സ്വീകരിച്ചു. നിങ്ങളെ ഞാനും ക്ഷണിക്കുന്നു. ബന്ധനിലനില്‍പ്പിന്റെ ആവശ്യകത എത്രമാത്രം വിശാലമാണ്! തുടര്‍ന്ന് നിശ്ചയിച്ച അവസരത്തില്‍ അവര്‍ മഹാനരുടെ വീട്ടിലെത്തി, കൂടെയിരുന്ന് ഭക്ഷിച്ചു. ഇത്തരുണത്തില്‍ ആത്മനിര്‍വൃതിയോടെ അനുവര്‍ത്തിക്കേണ്ട ചര്യയാണ് ആഥിത്യ സംസ്‌കൃതി.
ഭക്ഷണം വിളമ്പല്‍ മുസ് ലിം സംസ്‌കൃതിയുടെ അവിഭാജ്യ ഘടകമാണ്. സന്തോഷ – സന്താപ ഘട്ടങ്ങളില്‍ മതപരമായി തന്നെ പല ആരാധനകളും നിലനില്‍ക്കുന്നുണ്ട്. ഒരേ സമയം ജനതയോടുള്ള അഭിവാഞ്ചയെയും ഇലാഹിനോടുള്ള സാമീപ്യത്തെയും അടയാളപ്പെടുത്തുന്നുണ്ട് ഈ അഭിരുചി. തന്നിലേക്ക് കരുണ വര്‍ഷിക്കുന്ന ഇലാഹിന്റെ അനുഗ്രഹത്തെ സഹചരിലേക്ക് ഒഴുക്കുന്ന ഉറവയായി മനുഷ്യന്‍ മാറുകയാണ് ഇതിലൂടെ.
തനിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്കായ് തുറക്കാന്‍ അടിമ ഒരുങ്ങുന്നതിലൂടെ ഉപരി ലോകത്ത് നിന്നും അവനില്‍ കരുണ സദാ വര്‍ഷിച്ചിരിക്കും ■

റഫറന്‍സ്
• തഫ്‌സീര്‍ അല്‍ കബീര്‍
• സ്വഹീഹ് അല്‍ ബുഖാരി
• ഇഹ് യാഅ് ഉലൂമുദ്ദീന്‍
• ശര്‍ഹുമുസ് ലിം
• ഫത്ഹുല്‍ മുഈന്‍
• സയ്യിദുല്‍ ബശര്‍
• Hospitality in Islam

Share this article

About അബ്ദുറഊഫ് ഒടമല

odmlraoof@gmail.com

View all posts by അബ്ദുറഊഫ് ഒടമല →

Leave a Reply

Your email address will not be published. Required fields are marked *