മഴനൂല്‍ കാഴ്ചകള്‍ തേടിയൊരു യാത്ര

Reading Time: 2 minutes

പ്രിയ സുഹൃത്ത് ആദര്‍ശ് ലാലിന്റെ വാക്ക് കേട്ടാണ് കോഴിക്കോട്ടെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ വയലട, കക്കയം, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കാന്‍ തീരുമാനിച്ചത്. വയലട കാഴ്ചകള്‍ കാണാന്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് പോകണമെന്ന തീരുമാനത്തിലാണ് തലേന്ന് ഉറങ്ങിയത്. എഴുന്നേറ്റതാകട്ടെ ആറ് മണിക്കും. പ്രാഥമിക കാര്യങ്ങളും പ്രാര്‍ഥനയും വേഗത്തില്‍ പൂര്‍ത്തിയാക്കി ഞങ്ങള്‍ നാല്‍വര്‍ സംഘം പുറപ്പെട്ടു.

കാഴ് ചകളുടെ മടിത്തട്ട്
വയലടയാണ് ആദ്യ ലക്ഷ്യസ്ഥാനം. ബാലുശ്ശേരിയില്‍ നിന്ന് തലയാട് റൂട്ടിലൂടെ മനോഹര കാഴ്ചകള്‍ കണ്ടുള്ള യാത്ര. എട്ടരയോടെ വയലട വ്യൂ പോയിന്റിലെത്തി. അധികമാരുമില്ല. വേനല്‍ക്കാലമാണെങ്കിലും കാഴ്ചകള്‍ക്ക് അധികം മങ്ങലേറ്റിട്ടില്ല. ശൈത്യകാലത്ത് മുഴുവന്‍ മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന സ്ഥലമാണിത്. ജൂണ്‍ മുതല്‍ നവംബര്‍ വരെ വയലടയുടെ ദൃശ്യഭംഗി നന്നായി ആസ്വദിക്കാം. സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ നിത്യഹരിത വനംപ്രദേശം. വയലടയിലേക്ക് ഒരു കെഎസ്ആര്‍ടിസി ബസ് മാത്രമാണ് നിലവിലുള്ളത് (നാല് ട്രിപ്പ്). സ്വന്തം വാഹനത്തില്‍ പോകുന്നതാണ് ഉചിതം. അതിശയിപ്പിക്കുന്ന വ്യൂ പോയിന്റ് കാണണമെങ്കില്‍ മുള്ളന്‍പാറയുടെ മുകളിലേക്ക് കയറണമെന്ന് സുഹൃത്ത് പറഞ്ഞതുകൊണ്ട് ബൈക്ക് അങ്ങോട്ട് തിരിച്ചു. അത്യാവശ്യം നടന്നുകയറാനുള്ളതുകൊണ്ടുതന്നെ ക്ഷീണിച്ചാണേലും മുള്ളന്‍പാറയുടെ മുകളിലെത്തി. പേരു സൂചിപ്പിക്കുന്നത് പോലെ മുള്ളുകള്‍ നിറഞ്ഞ പാറയാണ് ഇവിടം. അവിസ്മരണീയ കാഴ്ചകളില്‍ ക്ഷീണമൊക്കെ കുന്നിറങ്ങി. ചൂടുകാലത്ത് ഇത്രേം ഭംഗിയുണ്ടേല്‍ മഴക്കാലത്തെ കാര്യം പറയണോ! കുറേ നേരം കാഴ്ചകള്‍ കണ്ടങ്ങനെ ഇരുന്നു. കുളിര്‍ക്കാറ്റേറ്റ് ദൃശ്യവിരുന്ന് ആസ്വദിച്ചുള്ള ആ ഇരുത്തം വല്ലാത്തൊരു സുഖം നല്‍കും. വയലട പോകുന്നവര്‍ നിര്‍ബന്ധമായും ഈ പാറ കയറണം. മുള്ളന്‍പാറയില്‍ നിന്ന് നോക്കിയാല്‍ കക്കയം ഡാം കാണാം. തലയാട് വയലട പാത നിര്‍മാണം പൂര്‍ത്തിയായതോടെ യാത്ര എളുപ്പമായി. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകള്‍. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും കാണാം.
ഒരു മണിയോടെയാണ് ഞങ്ങള്‍ കരിയാത്തുംപാറയിലെത്തിയത്. കുടുംബവുമായി പോകുന്നവര്‍ക്ക് ഏറെ ആസ്വാദ്യകരമാകുമെന്ന് ഉറപ്പ്. മഴ പെയ്യുന്ന സമയത്താണേല്‍ സംഗതി ജോറാകും. ശരീരം തണുപ്പിക്കാന്‍ കണ്ണാടി വെള്ളവും. തേക്കടി ജലാശയം പോലെ കരിയാത്തുംപാറയിലും ഒട്ടേറെ മരങ്ങള്‍ പാതി വെള്ളത്തിനടിയിലും പാതി പുറത്തുമൊക്കെയായുണ്ട്. അതിമനോഹര പുല്‍മേടുകള്‍. ഒറ്റനോട്ടത്തില്‍ ഒരുപാട് ഇഷ്ടം തോന്നിയ സ്ഥലം. സമയം ഉച്ചയായെങ്കിലും തണുത്ത കാറ്റ് വീശുന്നു. പുല്‍മേടുകളിലേക്ക് നോക്കിയിരുന്നാല്‍ സമയം പോകുന്നതറിയില്ല. വെള്ളത്തിനടിയിലെ ഉരുളന്‍കല്ലുകള്‍ക്ക് മുകളിലൂടെയുള്ള നടത്തമാണ് പ്രയാസം തോന്നിയത്. ഇവിടേക്ക് പ്രവേശന പാസോ മറ്റോ ഇല്ലെന്നതാണ് പ്രത്യേകത. കല്ലിന്റെ മുകളിലൂടെ ഒരുവിധം നടന്ന് പച്ചപ്പുല്‍മേടുകളുടെ മുകളിലെത്തി. കാഴ്ചക്ക് നിറംകൂട്ടുന്ന മരങ്ങള്‍ വിദഗ്ധനായ ശില്‍പി ക്രമീകരിച്ചതുപോലെ. വൈകുന്നേര സമയങ്ങളിലാണിവിടെ കാഴ്ചകള്‍ക്ക് നിറം കൂടുക.

കാഴ് ചകളുടെ കാണാകയം
കാട്ടിലൂടെയുള്ള കക്കയംയാത്ര ഹൃദ്യാനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്. പോകുന്ന വഴിയില്‍ ഭക്ഷണശാലയില്ലാത്തതിനാല്‍ ഭക്ഷണവും വെള്ളവും കരുതണം. വാഹനത്തിന്റെ കണ്ടീഷന്‍ ഉറപ്പുവരുത്തണം. പോകുന്ന വഴിയിലൂടെയെല്ലാം ചെറുചോലകളും മനോഹര വ്യൂപോയിന്റുകളുമുണ്ട്. ചെറിയ റോഡായതിനാല്‍ ശ്രദ്ധിച്ചുവേണം വാഹനമോടിക്കാന്‍. എതിരെ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് കാണാന്‍ സാധിക്കില്ല. ആഴത്തിലുള്ള കൊക്കയാണിവിടെ.
ഡാം സൈറ്റിലേക്ക് പോകുന്ന വഴിയരികിലൊക്കെയും അതിമനോഹര കാഴ്ചകളാണ്. സുയിസൈഡ് പോയിന്റിനെ ഓര്‍മിപ്പിക്കുന്ന താഴ്‌വരകളില്‍ തെളിഞ്ഞ പുഴയുടെ വെള്ളിത്തിളക്കങ്ങള്‍. ഡാം സൈറ്റിലെ ഹൃദയഹാരിയായ പ്രകൃതി, ഇരുണ്ട വനം, തണുത്തുറഞ്ഞ കാട്ടാറിലെ തെളിനീര്‍ തുടങ്ങിയ മനോഹര കാഴ്ചകളും. കക്കയത്തെ പഴയ പോലീസ് ക്യാംപിനെയും ഭീകരാവസ്ഥയെയുംകുറിച്ച് ഒട്ടേറെ കഥകള്‍ കേട്ടതാണ്. അതെല്ലാം ഓര്‍ത്തെടുക്കുമ്പോള്‍ ഭയം ഇരട്ടിക്കും. അടിയന്തരാവസ്ഥാ കാലവും നക്‌സല്‍ വേട്ടയും രാജന്റെ തിരോധാനവും കക്കയംക്യാംപും എല്ലാം ഇന്നലെ വായിച്ചതുപോലെ തോന്നി. പഴയ പോലീസ് ക്യാംപ് ഇപ്പോള്‍ ഫോറസ്റ്റ് ക്യാംപാണ്. മുകളിലെത്തിയാല്‍ ഡാം സംഭരണിയുടെ ഒരു ഭാഗം മനോഹര തടാകമായി മുന്നില്‍ കാണാം. തളിര്‍കാറ്റേറ്റ് മരബെഞ്ചുകളില്‍ ഇരിക്കാന്‍ രസമാണ്. അഞ്ച് പേര്‍ക്ക് 900 രൂപ നിരക്കില്‍ ബോട്ട് സര്‍വീസുമുണ്ടിവിടെ. ദ്വീപിലൂടെയുള്ള യാത്രാപ്രതീതി തരുന്ന ബോട്ട് യാത്ര. രാവിലെ 10.30ന് തുടങ്ങി വൈകിട്ട് നാലര വരെയാണ് ബോട്ട് സര്‍വീസ്. 15 മിനിറ്റേയുള്ളൂവെങ്കിലും മറക്കാന്‍ കഴിയാത്ത അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്.
പോകുന്ന വഴി: കോഴിക്കോട്-ബാലുശ്ശേരി-വയലട റൂട്ട് 36 കിലോമീറ്ററാണ്. വയലടയില്‍ നിന്ന് 15 കി.മീ സഞ്ചരിച്ചാല്‍ കരിയാത്തുംപാറയെത്തും. ഇവിടെ നിന്ന് 16 കി.മീ സഞ്ചരിച്ചാല്‍ കക്കയം ഡാമിലെത്താം ■

Share this article

About ഫാറൂഖ് എടത്തറ

umerul9farooque@gmail.com

View all posts by ഫാറൂഖ് എടത്തറ →

Leave a Reply

Your email address will not be published. Required fields are marked *