പ്രസംഗവും അധികപ്രസംഗവും

Reading Time: 2 minutes

“ജനങ്ങളേ, ഇനിയെങ്ങോട്ടാണ് ഓടിപ്പോകാനുള്ളത്? നമ്മുടെ മുമ്പില്‍ രണ്ട് വഴികളേയുള്ളൂ. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ ധീരരക്തസാക്ഷിത്വം.’
ത്വാരിഖ്ബുനു സിയാദിന്റേതാണ് ഈ വാക്കുകള്‍. ജിബ്‌റാള്‍ട്ടര്‍ കടലിടുക്ക് കടന്ന് സൈനികവ്യൂഹം സ്പാനിഷ് പടയുടെ മുന്നില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് സൈനിക നായകന്‍ ധീരമായി ഈ പ്രസംഗം നിര്‍വഹിക്കുന്നത്. സ്‌പെയ്ന്‍ കീഴ്‌പെടുത്തുവാന്‍ പിന്നീട് അശേഷം കാത്തിരിക്കേണ്ടി വന്നില്ല. നാട്ടിലേക്ക് തിരികെപോകാനുള്ള മോഹംപോലും ഉപേക്ഷിച്ച് സൈനിക സംഘം സമര്‍പിതരായി.
ചരിത്രത്തെ പ്രകമ്പനം കൊള്ളിച്ച, ഹൃദയങ്ങളെ കോരിത്തരിപ്പിച്ച അനേകം പ്രഭാഷണങ്ങളുണ്ട്.
തിരുനബിയുടെ അറഫ പ്രസംഗം വിഖ്യാതമാണ്. അറേബ്യന്‍ മണലാരണ്യങ്ങളിലെ ഗൂഡസങ്കേതങ്ങളിലും ജബലുറഹ്മയിലും നിര്‍വഹിച്ച പ്രസംഗം ആശയസമൃദ്ധവും സാഹിത്യസമ്പുഷ്ടവുമായിരുന്നു.
മുട്ടുകുത്തി നിന്ന് അടിമകളെപ്പോലെ ജീവിക്കുന്നതിനെക്കാള്‍ ഭേദം നിവര്‍ന്നുനിന്ന് പോരാടി മരിക്കുന്നതാണെന്ന സ്‌പെയിനിലെ പാഷിയോനാരയുടെ വാക്കുകള്‍ക്ക് കൊടുങ്കാറ്റിന്റെ ശക്തിയുണ്ടായിരുന്നു. അബ്രഹാംലിങ്കന്റെ ഗെറ്റിസ്ബര്‍ഗ് പ്രസംഗം, വിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണം, ലെനിന്റെ സ്വെര്‍ദ്‌ലേവ് പ്രസംഗം, മങ്കാഡ ബാരക്‌സ് ആക്രമണ കേസില്‍ ഫിഡല്‍ കാസ്‌ട്രോയുടെ പ്രസംഗം, നെഹ്‌റുവിന്റെ പ്രസംഗങ്ങള്‍ തുടങ്ങിയവയെല്ലൊം വിശേഷപ്രധാനമായ പ്രഭാഷണ കലയിലെ വ്യത്യസ്ത ആവിഷ്‌കാരങ്ങളായിരുന്നു.
മനഷ്യ മനസുകളെ ഭരിക്കുന്ന കലയാണ് പ്രസംഗം. ചിന്തകളും ആശയങ്ങളും അപരരുമായി പങ്കുവെക്കാനുള്ള ഉപാധിയാണ്. കുറഞ്ഞ വാക്കുകളില്‍ മറ്റുള്ളവരിലേക്ക് ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള സാമര്‍ഥ്യമാണത്. ഹൃദയസ്വപ്‌നങ്ങളെ തൊട്ടുണര്‍ത്താനുള്ള ശേഷിയുണ്ടതിനെന്നാണ് പ്ലേറ്റോയുടെ നിരീക്ഷണം. നല്ല പ്രഭാഷണങ്ങള്‍ അധരത്തില്‍ നിന്ന് ചെവിയിലേക്കല്ല. ഹ്യദയത്തില്‍ നിന്ന് ഹൃദയത്തിലേക്കാണ് സഞ്ചരിക്കുന്നതെന്ന് വില്യം ബ്രയാന്‍ പറയുന്നുണ്ട്. വാചകങ്ങളാണ് പ്രസംഗത്തിന്റെ ശരീരം. ചിന്തയാണതിന്റെ ആത്മാവ്. അംഗചലനങ്ങളാണ് പ്രസംഗത്തിന് ജീവന്‍ നല്‍കുന്നത്.
വാക്ക് സൃഷ്ടിക്കുന്നത് ശക്തിയാണ്, വികാരങ്ങളാണ്. മാനസിക മണ്ഡലത്തില്‍ പുതിയ ഭാവങ്ങളും രൂപങ്ങളുമുണ്ടാക്കുമത്. വാക്കുകളില്‍ ഗഹനമായ ഗുപ്തത കൈക്കൊളളാനാകണം. ചിന്തയും വികാരങ്ങളും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വിനിമയം ചെയ്യുമ്പോഴാണ് ശരിയായ പ്രസംഗമാകുന്നത്. വാക്കിന് മാസ്മരിക ശക്തിയുണ്ടെന്നാണല്ലോ മുത്ത്‌നബി പറഞ്ഞത്.
പ്രഭാഷകന്റെ പ്രധാന വിഭവവും പ്രഭാഷണത്തിലെ പ്രധാന ചേരുവയും വായനയാണ്. വായനക്കനുസൃതമായ ചിന്തയും ചിന്തക്കനുസൃതമായ വായനയും അനിവാര്യമാണ്. ലളിതമായ ഭാഷ, ദൃഢവും വ്യക്തവുമായ ശബ്ദം, യുക്തിഭദ്രമായ ശൈലി ഇവയെല്ലാം പ്രസംഗത്തെ മനോഹരമാക്കും. നോട്ടം, മുഖഭാവം, അംഗവിക്ഷേപം, പദവിന്യാസം, വിഷയ ക്രമീകരണം, കാല്പനികം തുടങ്ങിയവയെല്ലാം ഹൃദ്യമാകണം. ശ്രദ്ധ, നിരന്തര അഭ്യാസം, സര്‍ഗാത്മകത പ്രഭാഷകനെ രാകി മിനുക്കുന്ന ഘടകങ്ങളാണ്. പ്രഭാഷകന് മികച്ച സിദ്ധിയും സാധനയും അനിവാര്യമാണ്. ശ്രോതാവില്‍ അറിവിനുള്ള തൃഷ്ണ വര്‍ധിപ്പിക്കാനുതകുന്നതാകണം വാക്കുകള്‍. സമസ്ത വിജ്ഞാന നിധിയായിരിക്കണം പ്രഭാഷകനെന്നാണ് സിസറോയുടെ അഭിപ്രായം.
വികാരം, വിജ്ഞാനം എന്നിവയോടൊപ്പം നില്‍ക്കേണ്ടതാണ് വിചാരം. ചിന്താശീലവും യുക്തികുശലതയും പ്രസംഗകന്റെ മാറ്റിനിര്‍ത്താനാകാത്ത ഗുണങ്ങളാണ്. വിചാര ഗുണങ്ങളില്ലാത്ത പ്രസംഗം അധിക പ്രസംഗമായിത്തീരും. സംസാരിക്കുന്നതിന് മുമ്പും സംസാരിക്കുമ്പോഴും ശേഷവും എന്തൊക്കെയാണെന്ന വ്യക്തമായ ബോധം വേണം. സൂക്ഷ് മബോധമുള്ള മനസ് പ്രഭാഷകനുണ്ടായിരിക്കണം. സമയവും സന്ദര്‍ഭവും ഉള്‍ക്കൊള്ളാത്ത പ്രസംഗങ്ങള്‍ ഒരുതരം അപസ്മാര പ്രകടനങ്ങളുടെ പ്രതീതിയാണുണ്ടാക്കുകയെന്ന് കെഇഎന്‍ പറഞ്ഞതോര്‍മയുണ്ട്.
മുഖവുര, വിഷയം, ഉപസംഹാരം പ്രസംഗത്തെ ഇങ്ങനെ മൂന്ന് ഭാഗമായി വര്‍ഗീകരിക്കാം. മുഖവുര തന്നെ ആകര്‍ഷകമാണം. ആദ്യ വാചകം പോലും ലളിതവും വശ്യവുമാകണം. മുഖവുരയെ തുടര്‍ന്ന് വിഷയത്തിലേക്ക് പ്രവേശിക്കണം. അഗാധമായ അറിവും ആത്മവിശ്വാസവും ആത്മാര്‍ഥതയും ഉടനീളം തുടിച്ചുനില്‍ക്കണം. തത്വചിന്താശകലങ്ങള്‍, ഉപമകള്‍, ഫലിതം, കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍ എല്ലാം ചേര്‍ത്താലേ കേള്‍വിക്കാരെ വിജ്ഞരാക്കാനാകൂ. നാടകീയമായ ഉപസംഹാരം ആവേശജനകമായിരിക്കും.
വിമര്‍ശനങ്ങളിലും പ്രശംസയിലും മിതത്വം പാലിക്കണം. സമചിത്തത കൈവെടിയാതെ സൂക്ഷി ക്കണം. പ്രസംഗം പ്രബോധ നപരമായ ഒരു ഉത്തരവാദിത്തം കൂടിയാണ്. സത്യസന്ധതയും നീതിബോധവും ഉള്‍ക്കൊള്ളുമ്പോഴാണ് വാക്കുകള്‍ ഹൃദയഗന്ധിയായി മാറുന്നത് ■

Share this article

About സികെഎം ഫാറൂഖ് പള്ളിക്കല്‍

View all posts by സികെഎം ഫാറൂഖ് പള്ളിക്കല്‍ →

Leave a Reply

Your email address will not be published. Required fields are marked *