മലബാര്‍ സമരത്തിന്റെ കണ്ണൂര്‍ സമ്പര്‍ക്കങ്ങള്‍

Reading Time: 4 minutes

മലബാര്‍സമരത്തിന് ഈ വര്‍ഷം ഒരു നൂറ്റാണ്ട് തികയുകയാണ്. സമരത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഏറെക്കുറെ വിശകലനവിധേയമായിട്ടുണ്ട്. ഈ ചര്‍ച്ചകള്‍ ഏറെക്കുറെ പ്രതിപാദിച്ചിരുന്ന ചരിത്രങ്ങളുടെ ഇടവും പശ്ചാത്തലവും സമരം അരങ്ങേറിയ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളെ കേന്ദ്രീകരിച്ചായിരുന്നു എന്നും കാണാം. ആന്തമാന്‍ സ്‌കീം, സമരങ്ങളുടെ ദേശീയ-അന്താരാഷ്ട്ര സ്വാധീന്യങ്ങള്‍, സമരനേതാക്കളുടെയും മറ്റും ഗ്രന്ഥങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും നമ്മുടെയിടയില്‍ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. എന്നാല്‍, സമരപശ്ചാത്തലങ്ങളുടെ രൂപപ്പെടലില്‍ സമാനത പ്രകടിപ്പിക്കുന്ന മലബാറിലെ തന്നെ ഇതരപ്രദേശങ്ങളുടെ പ്രതികരണവും ബന്ധങ്ങളും എത്രത്തോളം ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് ഒരു ചോദ്യമാണ്. അത്തരത്തില്‍, 1800കള്‍ മുതല്‍ക്കെയുള്ള നിലവിലെ കണ്ണൂര്‍ ജില്ലയുടെ മലബാര്‍ സമരവുമായുള്ള ചില സമ്പര്‍ക്കങ്ങള്‍ രേഖപ്പെടുത്താനാണ് ഈ ലേഖനം ശ്രമിക്കുന്നത്.


മട്ടന്നൂര്‍ കര്‍ഷകസമരവും അറക്കല്‍ രാജവംശത്തിന്റെ രാഷ്ട്രീയപശ്ചാത്തലവും
വളപട്ടണം പുഴയുടെ കൈവഴിയായ ഇരിക്കൂര്‍ പുഴയുടെ തീരത്താണ് പഴയ കോട്ടയം താലൂക്കില്‍ ഉള്‍പ്പെടുന്നു മട്ടന്നൂരും പാലോട്ടുപള്ളിയും. തലശ്ശേരിയിലെ ഓടത്തില്‍ പള്ളി സ്ഥാപിച്ച തദ്ദേശവ്യാപാരി ചൊവ്വക്കാരന്‍ മൂസക്കേയി വയനാടിന് പുറമെ ഈ പ്രദേശങ്ങളില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ വിശേഷിച്ചും കുരുമുളക് ശേഖരിക്കാറുണ്ടായിരുന്നത്രെ. പഴശ്ശി രാജാവും മൂസക്കേയിയും തമ്മില്‍ നിലനിന്നിരുന്ന ഊഷ്മളബന്ധം പ്രദേശത്തെ മാപ്പിള പ്രാമാണിമാരും പഴശ്ശിരാജാവും തമ്മിലുമുണ്ടായിരുന്നു. ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഈ പ്രമാണിമാര്‍ പഴശ്ശിരാജാവിനെയും അദ്ദേഹത്തെ പിന്തുണച്ചിരുന്ന കല്യാട്ട് ജന്മിയെയും സഹായിച്ചിരുന്നതായി വില്യം ലോഗന്‍ രേഖപ്പെടുത്തുന്നതായും കാണാം.
മൂന്നാം ആംഗ്ലോ -മൈസൂര്‍ യുദ്ധാവസാനം മലബാറിലെ മൈസൂര്‍ ഭരണത്തിന് അന്ത്യം കുറിക്കപ്പെടുകയും തുടര്‍ന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധികാരത്തിന് കീഴില്‍ വരികയും ചെയ്യുന്നത് 1792ലെ ശ്രീരംഗപട്ടണം സന്ധിപ്രകാരമാണല്ലോ. തുടര്‍ന്ന് അതുവരെ കണ്ണൂരില്‍ വാണിജ്യകുത്തക അവകാശപ്പെട്ടിരുന്ന കമ്പനി മലബാറിന്റെ തന്നെ രാഷ്ട്രീയാധികാരം കൈക്കലാക്കി. പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്ത പഴശ്ശിരാജയുടെ കീഴിലെ പോരാട്ടങ്ങള്‍ 1805ലെ അദ്ദേഹത്തിന്റെ മരണത്തോടെ ഛിന്നഭിന്നമായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആദിവാസി വിഭാഗമായ കുറിച്യര്‍ നടത്തിയ ചെറുത്തുനില്‍പ്പും അടിച്ചമര്‍ത്തപ്പെട്ടു. ഈസ്റ്റിന്ത്യാ കമ്പനി മലബാറില്‍ പ്രയോഗവത്കരിച്ച ഫ്യൂഡല്‍ വ്യവസ്ഥിതിയിലെ ജന്മി-കുടിയാന്‍ ബന്ധങ്ങള്‍ മറ്റിടങ്ങളിലെ പോലെ കണ്ണൂരിലെ ബ്രിട്ടീഷ് അധീനപ്രദേശങ്ങളിലും പെട്ടെന്ന് തന്നെ ഉലയാന്‍ തുടങ്ങിയിരുന്നു. അതിന്റെ അനുരണനങ്ങള്‍ മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും സ്വാഭാവികമായിരുന്നു.
1832ല്‍ കാര്‍ഷികവിളകള്‍ക്ക് വന്‍വിലവര്‍ധനവുണ്ടായതോടെ ഈസ്റ്റിന്ത്യാ കമ്പനിയും ജന്മിമാരും കര്‍ഷകരായ കുടിയാന്മാരെ ചൂഷണവിധേയമാക്കുകയും കോടതിയുടെ സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ ശക്തമാവുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന്, മട്ടന്നൂര്‍-പാലോട്ടുപള്ളി പ്രദേശത്തെ അധികാരികളായിരുന്ന കളത്തില്‍ കേശവന്‍-കല്യാട് ജന്മിമാര്‍ക്ക് കീഴിലെ അസംതൃപ്തരായ മുപ്പതോളം മാപ്പിളകര്‍ഷകര്‍ സംഘടിക്കുകയും ഇവരില്‍ ഒമ്പത് പേര്‍ 1851 നവംബറില്‍ 90 മൈല്‍ അകലെയുള്ള മമ്പുറത്തേക്ക് പോവുകയും ഫള്ൽ പൂക്കോയ തങ്ങളെ സന്ദര്‍ശിച്ച് ആശീര്‍വാദം സ്വീകരിക്കുകയുമായിരുന്നെന്ന് കാണാം.
ഗ്രാമത്തിലെ വസ്തുക്കളുടെമേല്‍ ജന്മി നിയന്ത്രണം സ്ഥാപിച്ചിരുന്നത് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമായി കണ്ടിരുന്ന ധനിക മാപ്പിളമാരുടെ, പ്രത്യേകിച്ചും കൊറ്റാലെ കുടുംബത്തിന്റെ പിന്തുണ സമരക്കാര്‍ക്ക് ലഭിച്ചിരുന്നു. പ്രദേശത്ത് ഭൂസ്വത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കൊറ്റാലെ കുടുംബത്തിനെ പലയവസരങ്ങളിലും നിയമനടപടികള്‍വഴി ജന്മി തടഞ്ഞിരുന്നു. അതിനാല്‍ തന്നെ, കര്‍ഷകരുടെ അസംതൃപ്തി ഉപയോഗപ്പെടുത്തി നിയമനടപടികളിലൂടെ തങ്ങള്‍ക്ക് നേടാന്‍ കഴിയാത്തതിനെ സ്വായത്താമാക്കാമെന്ന് കൊറ്റാല കുടുംബവും കരുതിക്കാണും. കല്ലാറ്റില്‍ ജന്മിയുടെ കുടിയാന്മാരെ ഒരു ഏറ്റുമുട്ടലിലേക്ക് തയാറാക്കുന്നതില്‍ ജന്മിയോട് എതിര്‍ത്തുനില്‍ക്കാനും അവരോട് വിരുദ്ധമായി പോരാടാന്‍ ധനശേഷിയുള്ളവരുമായ കൊറ്റാല കുടുംബത്തിന്റെ പിന്തുണക്ക് നിര്‍ണായകമായ സ്ഥാനമുണ്ടുതാനും. തങ്ങളുടെ മര്‍ദകരായ ജന്മിമാരെ കടിഞ്ഞാണിടുന്നതിനുള്ള ഒരു സഹായകേന്ദ്രമായി മാപ്പിള കുടിയാന്മാര്‍ വിശ്വസിച്ചത് കൊറ്റാലക്കാര്‍ക്ക് മാപ്പിളകുടിയാന്മാരുടെ ഇടയില്‍ നല്ല സ്വാധീനം ഉണ്ടാക്കികൊടുത്തുവെന്നും മനസിലാക്കാം. സമരക്കാരുടെ മമ്പുറം സന്ദര്‍ശത്തിനുള്ള ചെലവ് വഹിച്ചതും കൊറ്റാല കുടുംബമായിരുന്നത്രെ.
1852 ജനുവരി നാലിന് സമരക്കാര്‍ വലോട് പള്ളിയില്‍ ചെന്ന് പ്രാര്‍ഥനകളും മൗലീദും നടത്തി അടുത്ത ദിവസം രാവിലെ ജന്മിമാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ മുഴുവന്‍ സമരക്കാരായ കര്‍ഷകരും ജന്മികുടുംബങ്ങളും കൊല്ലപ്പെടുകയുണ്ടായി. തുടക്കത്തില്‍ സമരക്കാര്‍ ഒന്‍പത് പേര്‍ (പതിനഞ്ചെന്നും കാണുന്നു ) മാത്രമായിരുന്നു സമരമുഖത്തെങ്കിലും ജന്മിയുടെ മതില്‍ക്കെട്ടു തകര്‍ത്ത് വീടാക്രമിച്ചപ്പോള്‍ ഇരുനൂറു പേരുണ്ടായിരുന്നു.
തുടക്കത്തില്‍ ആസൂത്രണം ചെയ്തത് കല്ലാറ്റില്‍ ജന്മിയെ കൊല്ലുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പുതിയ അംഗങ്ങളുടെ കടന്നുവരവ് പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടവരുത്തിയെന്നും കാണാം. കൊല്ലപ്പെട്ട സമരക്കാരുടെ സ്മരണാര്‍ഥം കൂടാളി എന്നയിടത്ത് രക്ഷസാക്ഷിസ്തൂപം പണിതിരുന്നെന്നും അത് ബ്രിട്ടീഷ് സൈന്യം തകര്‍ത്തെന്നും അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടത്തിന്റെ ഉടമയായിരുന്ന മഡോക്ക് ബ്രൗണ്‍ എഴുതിയ ഒരു കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ വടക്കന്‍മലബാറില്‍ അരങ്ങേറിയ ഏകകര്‍ഷകസമരമായ മട്ടന്നൂര്‍സമരം 1921 വരെയുള്ള കാലഘട്ടത്തിലെ മലബാറിലെ കര്‍ഷകസമരങ്ങളില്‍ മമ്പറമെന്ന ഇടത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ട് ഇത്തരം സമരങ്ങളില്‍ അറക്കല്‍ രാജവംശം നിസംഗമായി നില്‍ക്കേണ്ടി വന്നു എന്ന ചോദ്യവും ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്. അതിനുള്ള ഉത്തരം അക്കാലയളവിലെ അറക്കല്‍ രാജവംശത്തിന്റെ രാഷ്ട്രീയസ്ഥിതി പരിശോധിക്കുമ്പോള്‍ വ്യക്തമാവും.
പോര്‍ച്ചുഗീസ് അധിനിവേശകാലത്ത് വലിയ ഹസനെ പോലെയുള്ളവരുടെയും മമ്മാലിമാരുടെയും നേതൃത്വത്തില്‍ നേരിട്ട് ഏറ്റുമുട്ടുകയും വടക്കെ മലബാറിലെ തദ്ദേശീയ അധിനിവേശവിരുദ്ധ പോരാട്ടങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്ന കാലങ്ങളില്‍ മലബാറിലെ വാണിജ്യകുത്തകകളില്‍ ഒന്നായിരുന്നു അറക്കല്‍ രാജവംശം. എന്നാല്‍, പതിനേഴാം നൂറ്റാണ്ടോടെയുള്ള യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളായ ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും മത്സരങ്ങളുടെ സമയമാവുമ്പോഴേക്കും ഇരുവരോടും ആഭ്യന്തരരാഷ്ട്രീയത്തിനും വാണിജ്യത്തിനും അനുഗുണമാവുന്ന രീതിയില്‍ ഇണങ്ങിയും പിണങ്ങിയുമാണ് രാജവംശം മുന്നോട്ടുനീങ്ങിയത്. ഇതില്‍ അറക്കല്‍-ചിറക്കല്‍ രാഷ്ട്രീയത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നുതാനും. പിന്നീട് ഹൈദരാലിയുടെ മലബാറിലേക്കുള്ള വരവിലൂടെ മേഖലയുടെ മുഴുവന്‍ മേല്‍കോയ്മയും അധികാരവും നേടിയെടുക്കാന്‍ അറക്കല്‍ രാജവംശം ശ്രമിച്ചത് സ്വഭാവികമായും മൈസൂരുമായി ഏറ്റുമുട്ടിയിരുന്ന ഈസ്റ്റിന്ത്യാ കമ്പനിയില്‍ ശത്രുതയും അതൃപ്തിയും രൂപപ്പെടുത്തിയിട്ടുണ്ടാവണം. പിന്നീട് ഇംഗ്ലീഷ്-ഫ്രഞ്ച് ഏറ്റുമുട്ടലുകളില്‍ മൈസൂര്‍ ഫ്രാന്‍സിന്റെ പക്ഷം ചേര്‍ന്നതോടെ അറക്കല്‍ രാജവംശവും അവരെ പിന്തുണക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. ഈ കാലയളവില്‍ തുര്‍ക്കിയിലെ ഖലീഫയുടെ മുമ്പാകെ ഒരു പ്രതിനിധിസംഘത്തെ അയച്ച് തങ്ങളുമായി ഇംഗ്ലീഷുകാരോട് നല്ല രീതിയില്‍ വര്‍ത്തിക്കാന്‍ ആവശ്യപ്പെടാന്‍ അഭ്യര്‍ഥിച്ചെങ്കിലും അത് എത്രത്തോളം ഫലപ്രദമായിത്തീര്‍ന്നു എന്നത് സംശയകരമാണ്.
1783ല്‍ “സുപ്പര്‍ബ്’ എന്ന ഇംഗ്ലീഷ് കപ്പലിലെ നൂറോളം പേരെ അറക്കല്‍ബീവി തടവിലാക്കിയതിനാല്‍ കീഴടക്കപ്പെട്ട കണ്ണൂര്‍ പിന്നീട് ടിപ്പുസുല്‍ത്താന്റെയും മറ്റും രാഷ്ട്രീയഉടമ്പടികളുടെ ഫലമെന്നോണം ചില നിബന്ധനകളോടെ തിരികെ നല്‍കിയിരുന്നു. എന്നാല്‍, ഏറെ വൈകാതെ മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിന്റെ ഭാഗമായി അറക്കല്‍ഭരണത്തിലുള്ള കണ്ണൂര്‍ വീണ്ടും ബ്രിട്ടീഷ് അധീനതയിലാവുകയും 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടിയോടെ ഭൂഭാഗത്തിന്റെ രാഷ്ട്രീയഅധികാരം നാമമാത്രമാവുകയും ചെയ്തു. തുടര്‍ന്ന് അറക്കലിന്റെ പ്രധാനവരുമാനമാര്‍ഗമായ ലക്ഷദ്വീപിന്മേലുണ്ടായിരുന്ന പരമാധികാരം അര്‍ധകോയ്മാവകാശമായി ചുരുങ്ങി. പിന്നീട് ഒരു ബ്രിട്ടീഷ് രേഖയില്‍ പരാമര്‍ശിക്കുന്ന പോലെ “കരയിലും കരാര്‍ അതിര്‍ത്തിയിലും സാധാരണഭൂവുടമയുടെ പദവി’ മാത്രം അലങ്കരിച്ചിരുന്ന അറക്കല്‍ രാജവംശത്തിന്റെ നിഴല്‍മേല്‍ക്കോയ്മാധികാരം 1908 നവംബര്‍ 15ന് ഇമ്പിച്ചിബീവി ആദിരാജ ബ്രിട്ടീഷ്ഭരണത്തിന് വിട്ടുകൊടുത്തു.
മലബാറിന്റെ രാഷ്ട്രീയാധികാരം ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചതോടെ ലക്ഷദ്വീപിലെ അര്‍ധകോയ്മാധികാരത്തില്‍ നീക്കുപോക്കുകളുമായി ഏറെക്കുറെ അപ്രസക്തമായിരുന്നു അറക്കല്‍ രാജവംശം. ഇത്തരമൊരു പരിതസ്ഥിതിയില്‍ തങ്ങളുടെ നാമമാത്രമായെങ്കിലുമുള്ള നിലനില്‍പ്പും അവര്‍ ചിന്തിച്ചിട്ടുണ്ടാവും. ഒരുപക്ഷേ ഇതിന്റെ ഭാഗമായിരിക്കും 1921ലെ മലബാര്‍സമരത്തില്‍ നിന്ന് സമരപ്രദേശങ്ങളിലെ മാപ്പിളമാര്‍ പിന്തിരിയണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് അറക്കല്‍കുടുംബം പുറത്തിറക്കിയ ലഘുലേഖകള്‍. അന്നത്തെ കണ്ണൂര്‍ നഗരത്തിലെ മുസ്‌ലിംകളിലുള്ള അറക്കല്‍രാജവംശത്തിന്റെ നേതൃസ്ഥാനത്തെയും ഈ പ്രവൃത്തി അടയാളപ്പെടുത്തുന്നുണ്ട്. 1934ല്‍ കണ്ണൂരിലുണ്ടായ മാപ്പിള-തീയ്യ സംഘട്ടനത്തെ ശാന്തമാക്കാന്‍ ഇടപെട്ടതും പ്രസ്തുത നേതൃസ്ഥാനത്തെയാണല്ലോ അടയാളപ്പെടുത്തുന്നത്.

ഗാന്ധിയുടെ ഒന്നാം കണ്ണൂര്‍ സന്ദര്‍ശനവും പ്രതികരണവും
ഖിലാഫത്ത്-നിസഹകരണപ്രസ്ഥാനങ്ങളുടെ പ്രചാരണാര്‍ഥം മഹാത്മാഗാന്ധിയും മൗലാനാ ഷൗക്കത്തലിയും നടത്തിയ രാജ്യപര്യടനത്തിന്റെ ഭാഗമായി 1920 ഓഗസ്റ്റ് 19ന് കണ്ണൂരിലെത്തിയിരുന്നു.
മംഗലാപുരത്തേക്കുള്ള അവരുടെ യാത്രക്കിടയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ചെറിയൊരു വരവേല്‍പ് നല്‍കുകയും സ്വരാജ്യഫണ്ടിലേക്ക് സമാഹരിച്ച നാലായിരം രൂപ കൈമാറുകയും ചെയ്തിരുന്നു.
ഇതിന് നേതൃത്വം വഹിച്ചിരുന്നത് കണ്ണൂരിലെ വ്യാപാരി-വ്യവസായികളായിരുന്ന ആരോണ്‍, മകന്‍ ആരോണ്‍ സാമുവല്‍, ഗോവര്‍ധന്‍ദാസ് കിംജി, പുരുഷോത്തം ഗോകുല്‍ദാസ്, ജമുനാദാസ് സേട്ടു, എം.ദാസപ്പ കമ്മത്ത്, അലവിലെ വെള്ളോന്‍വീട്ടില്‍ കുഞ്ഞൊണക്കന്‍ എന്നിവരായിരുന്നു. കൂടിനിന്നവര്‍ക്ക് ഗാന്ധിജിയെ കാണാനുള്ള സൗകര്യത്തിനായി മൗലാനാ ഷൗക്കത്തലി ഗാന്ധിജിയെ തോളിലേറ്റിയതായി ഈ സംഭവത്തെക്കുറിച്ച് സാമുവല്‍ ആറോണ്‍ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.
മലബാറിലെ ദേശീയപ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ അക്കാലത്തെ ജനകീയത ഇവിടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 1903ല്‍ കോഴിക്കോട് കോണ്‍ഗ്രസ് സമ്മേളനം ചേരുന്നുണ്ട്. പക്ഷേ വളരെ കുറച്ച് ആളുകളാണ് പങ്കെടുത്തത്. 1908ല്‍ മലബാര്‍ ജില്ലാ കോണ്‍ഗ്രസ് രൂപീകരിക്കപ്പെടുന്നുണ്ടെങ്കിലും അത് ശ്രദ്ധിക്കപ്പെടുന്നത് ഒന്നാം ലോകയുദ്ധ കാലഘട്ടത്തില്‍ മാത്രമായിരുന്നു. 1916ല്‍ പാലക്കാട് ചേര്‍ന്ന പ്രഥമ (മലബാര്‍) ജില്ലാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ അധികംപേരും നാട്ടുരാജാക്കന്മാര്‍, ജന്മിമാര്‍, വക്കീല്‍മാര്‍, കച്ചവടക്കാര്‍ എന്നിവരായിരുന്നു. കര്‍ഷകര്‍, കൂലിവേലക്കാര്‍, സാധാരണക്കാരായ മാപ്പിളമാര്‍ എന്നിവര്‍ക്ക് സമ്മേളനത്തില്‍ സ്ഥാനമില്ലായിരുന്നു. അധഃകൃത വര്‍ഗക്കാരെ സമ്മേളന പന്തലില്‍ പ്രവേശിപ്പിച്ചിരുന്നില്ല എന്ന് ഒന്നാം മലബാര്‍ സമ്മേളനത്തിന്റെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്.
അതേസമയം ആനി ബസന്റിന്റെ നേതൃത്വത്തിലുള്ള ഹോംറൂള്‍ പ്രസ്ഥാനത്തിന് തലശ്ശേരിയില്‍ ശാഖയുണ്ടായിക്കഴിഞ്ഞിരുന്നുവെങ്കിലും 1920ലും കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം നാമമാത്രമായിരുന്നു. ചിറക്കല്‍ വലിയരാജയുടെ നേതൃത്വത്തില്‍ 1918ല്‍ മലബാര്‍ ജില്ലാ കോണ്‍ഗ്രസ് സമ്മേളനം തലശ്ശേരിയില്‍ നടന്നതും ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി വി.കെ കൃഷ്ണമേനോന്‍ തലശ്ശേരിയില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയതും വേണമെങ്കില്‍ എടുത്തു സൂചിപ്പിക്കാം. എങ്കിലും കോണ്‍ഗ്രസ് തുടര്‍ച്ചയായ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല എന്ന് തന്നെ പറയേണ്ട ആ ഘട്ടത്തിലായിരുന്നു ഗാന്ധി കണ്ണൂരിലെത്തുന്നത്. അറക്കല്‍ കുടുംബത്തിന്റെ നയം കാരണമാലും ദേശീയപ്രസ്ഥാനമെന്ന ആശയം എത്തിച്ചേരാത്തതിനാലുമാവും കണ്ണൂരിലെ മാപ്പിളവ്യാപാരിമാരുടെ സാന്നിധ്യം ഇവിടെ കാണാനാവാത്തത് എന്ന് മനസിലാക്കാം.
റെയില്‍വേ സ്റ്റേഷനില്‍ വണ്ടിനിര്‍ത്തിയിട്ട ആ അല്‍പസമയം ഗാന്ധിജിയെ സ്വീകരിക്കാനെത്തിയവരായിരുന്നു പിന്നീട് കണ്ണൂരിലെ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാലപ്രവര്‍ത്തകരായത് എന്ന് കാണാവുന്നതാണ്. 1927ല്‍ ഗാന്ധിജി കണ്ണൂരിലൂടെ കടന്നുപോയപ്പോഴും 1934ല്‍ കണ്ണൂരിലും തലശ്ശേരിയിലും പയ്യന്നൂരിലും ഹരിജന്‍ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പ്രസംഗപര്യടനം നടത്തിയപ്പോഴും സ്വീകരണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനികള്‍ ഈ വ്യാപാരിസംഘത്തിലെ സാമുവല്‍ ആറോണും ഭാര്യ ഗ്രേസി ആറോണുമായിരുന്നു.
ഇതേ ദിവസം തലശ്ശേരി റെയില്‍വേ സ്റ്റേഷനിലും ഗാന്ധിക്കും മൗലാനാ ഷൗക്കത്തലിക്കും സ്വീകരണമൊരുക്കിയിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചതില്‍ പ്രധാനിയായ പ്രദേശത്തെ പ്രഥമ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ വയ്യപ്രത്ത് കുന്നത്ത് കുഞ്ഞിമായനെ (കാഫിര്‍ മായന്‍) ഗാന്ധിജി പേരെടുത്ത് വിളിച്ച് അന്വേഷിച്ചിരുന്നുവത്രെ.
തലശ്ശേരിയിലെ സ്വീകരണത്തെക്കുറിച്ച് മൊയ്യാരത്ത് ശങ്കരന്‍ തന്റെ ആത്മകഥയില്‍ എഴുതുന്നത് ഇങ്ങനെയാണ്: “രണ്ടു പേരും അഞ്ച് മിനുട്ട് പ്ലാറ്റ്ഫോമില്‍ കൂടിയ ജനക്കൂട്ടത്തോട് വണ്ടിയുടെ വാതില്‍ക്കല്‍ നിന്നുകൊണ്ട് പ്രസംഗിച്ചു. ഗാന്ധിജിയുടെ ഹൃദയം തുറക്കുന്ന മധുരവാക്കും, പ്രസന്നവും പ്രശാന്തസുന്ദരവുമായ മുഖഭാവവും, അതിനെതിരായി ഷൗക്കത്തലിയുടെ അസാധാരണഭീമാകാരവും കനത്ത ഒച്ചയും ആത്മാര്‍ഥത തുളുമ്പുന്ന അഭ്യര്‍ത്ഥനയും സകലരെയും ആകര്‍ഷിച്ചു ■

Share this article

About മുഹമ്മദ് സിറാജ് റഹ് മാൻ

sirajrahmanknr@gmail.com

View all posts by മുഹമ്മദ് സിറാജ് റഹ് മാൻ →

Leave a Reply

Your email address will not be published. Required fields are marked *