ഹാഫിസ് ഉസ്മാന്‍: കലിഗ്രഫിയുടെ ഉസ്താദ്‌

Reading Time: 2 minutes

ഇസ്‌ലാമിക കലിഗ്രഫിയുടെ വികാസം ഖുര്‍ആനും ഇതര വചനങ്ങളും എഴുതുന്നതിലൂടെയും നിര്‍മിക്കുന്നതിലൂടെയുമാണ് സംഭവിച്ചത്. ആദ്യകാലങ്ങളില്‍ ഇസ്‌ലാമിന് അധീനപ്പെടുന്ന ദേശങ്ങളിലെ പള്ളികളിലും മറ്റു നിര്‍മാണങ്ങളിലും കലിഗ്രഫികള്‍ വ്യാപകമായി ചെയ്തിരുന്നു. ഉമവി, അബ്ബാസി രാജവംശങ്ങളുടെ കീഴില്‍ ഇസ്‌ലാമിക സാമ്രാജ്യത്തോട് ചേര്‍ന്ന പല പ്രദേശങ്ങളിലും അറബി ഔദ്യോഗിക ഭാഷയായിരുന്നല്ലോ. പുതുതായി രൂപപ്പെടുന്ന മുസ്‌ലിം കേന്ദ്രങ്ങളില്‍ കഴിവുറ്റ കലിഗ്രഫര്‍ താത്പര്യപൂര്‍വം വര്‍ക്ക് ചെയ്യാനെത്തിയിരുന്നു.
ഇസ്‌ലാമിക കലിഗ്രഫി രേഖീയമായ രീതിയിലല്ല വികസിച്ചത്. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ പ്രദേശങ്ങള്‍ കൂടുതല്‍ വിശാലമാക്കിയപ്പോള്‍, കൂടുതല്‍ കലാകാരന്മാര്‍ ഇസ്‌ലാമിക കലിഗ്രഫിയില്‍ സംഭാവന ചെയ്യാന്‍ തുടങ്ങി. ആദ്യകാല അറബ് രാജവംശങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന കൂഫ, ബാഗ് ദാദ്, കൈറോ എന്നീ നഗരങ്ങളില്‍ കലിഗ്രഫി സ്‌കൂളുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അറിയപ്പെടുന്ന കൂഫിക്, സുലുസ്, നസ്ഖ്, മുഹഖഖ്, റിഖ്അ, തൗകി എന്നീ ആറ് ലിപിയുടെ ശൈലിയെ സംബന്ധിച്ച് കലിഗ്രഫി സ്‌കൂളുകളില്‍ പഠനങ്ങള്‍ നടന്നിരുന്നു.
ആറ് ലിപികളും കാലത്തെ അതിജീവിച്ചു. കലിഗ്രഫി വിദഗ്ധര്‍ ഇപ്പോഴും ഈ എഴുത്തുരീതികള്‍ ഉപയോഗിച്ച് മനോഹരമായ കലാസൃഷ്ടികള്‍ നിര്‍മിക്കുന്നു. കിഴക്ക്, പടിഞ്ഞാറ് കലിഗ്രഫി സ്‌കൂളുകള്‍ കലിഗ്രഫി കലയുടെ വികാസത്തില്‍ അവരുടേതായ സേവനങ്ങള്‍ ചെയ്യുകയായിരുന്നു. ഉദാഹരണത്തിന്, നീലചായം പൂശിയ കടലാസില്‍ വെള്ളി, സ്വര്‍ണ മഷികള്‍ കൊണ്ട് കൂഫി ശൈലിയില്‍ എഴുതിയ പടിഞ്ഞാറിലെ പ്രസിദ്ധ മുസ്ഹഫുല്‍ അസ്റാഖ് (നീല ഖുര്‍ആന്‍) ടുണീഷ്യ, മുസ്‌ലിം ഐബീരിയ എന്നിവിടങ്ങളില്‍ നിന്ന് രൂപപ്പെട്ടതെന്ന് ചില പണ്ഡിതര്‍ നിരീക്ഷിക്കുന്നു. ഇറാനിയന്‍ ഇസ്‌ലാമിക് കലിഗ്രഫി സ്‌ക്രിപ്റ്റുകള്‍ ഉപയോഗിച്ച് കൂടുതല്‍ അലങ്കാര ചിത്രങ്ങള്‍ വന്നിരുന്നു. ചൈനയില്‍ നിന്നുള്ള കലിഗ്രഫി അവിടത്തെ പശ്ചാത്തലം പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ഇസ്‌ലാമിക കലിഗ്രഫി ചരിത്രത്തിലെ സുപ്രധാന വികാസം ശൈഖ് ഹംദുല്ല 15,16 നൂറ്റാണ്ടുകളിലായി സ്ഥാപിച്ച ഓട്ടോമന്‍ കലിഗ്രഫി സ്‌കൂളാണ്. ഹാഫിസ് ഉസ്മാന്‍ പതിനേഴാം നൂറ്റാണ്ടില്‍ അത് സമ്പന്നമാക്കി. മംഗോളിയന്‍ അധിനിവേശംമൂലമുണ്ടായ ബഗ് ദാദ് കലിഗ്രഫി മാതൃകകളുടെ പതനത്തിന്റെ നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഓട്ടോമന്‍സ് ഈ കലയെ പുനരുജ്ജീവിപ്പിച്ചത്. 1689 മുതല്‍ 1691 വരെ ഓട്ടോമന്‍ സുല്‍ത്താന്‍ സുലൈമാന്‍ രണ്ടാമന്റെ മന്ത്രിയായിരുന്ന ഫസല്‍ മുസ്തഫ പാഷയുടെ കൊട്ടാരത്തിലെ വിദ്യാഭ്യാസകാലത്ത് ഹാഫിസ് ഉസ്മാന്‍ കലിഗ്രഫി കലയില്‍ ആകര്‍ഷിക്കപ്പെട്ടു. ഇസ്താംബൂളില്‍ ഹസേക്കി സുല്‍ത്താന്‍ പള്ളിയിലെ അലി എഫന്തിയുടെ മകനായ ഹാഫിസ് ഉസ്മാന്‍ വളരെ ചെറുപ്രായത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു.
ദര്‍വീഷ് അലി, സുയോല്‍ക്കുസാദെ മുസ്തഫ അയ്യൂബി എന്നിവരില്‍ നിന്നാണ് ഹാഫിസ് ഉസ്മാന്‍ കലിഗ്രഫി പഠിച്ചത്. ശൈഖ് ഹംദുല്ലയുടെ ശൈലി പഠിക്കാന്‍ കലിഗ്രഫി അധ്യാപകനായ നഫ്‌സാദെ സയ്യിദ് ഇസ്മായില്‍ എഫന്തിയുടെ മേല്‍നോട്ടത്തില്‍ പഠനം തുടരുന്നതിന് മുമ്പുതന്നെ കലിഗ്രഫിയില്‍ കൂടുതല്‍ അവഗാഹം നേടിയിരുന്നു ഉസ്മാന്‍. ശൈഖ് ഹംദുല്ല എഴുതിയ വിശുദ്ധ ഖുര്‍ആന്‍ പകര്‍ത്തിയെഴുതുകയും ചെയ്തു അദ്ദേഹം. കൈറോ, മക്ക, മദീന, ബുര്‍സ, എഡ്രിയാന തുടങ്ങി നിരവധി നഗരങ്ങള്‍ സന്ദര്‍ശിച്ച്, കൈയെഴുത്തുപ്രതികളും കലിഗ്രഫിയുടെ ചുമര്‍ചിത്രങ്ങളും തിരഞ്ഞുപിടിക്കുമായിരുന്നു. ചരിത്രകാരന്മാര്‍ക്ക് സഹായകമാകുംവിധത്തില്‍ തീയതിയും സ്ഥലവും ഹാഫിസ് ഉസ്മാന്‍ തന്റെ സൃഷ്ടികളില്‍ രേഖപ്പെടുത്തുമായിരുന്നു.
1695ല്‍ സുല്‍ത്താന്‍ മുസ്തഫ രണ്ടാമനെ കലിഗ്രഫി പഠിപ്പിക്കാന്‍ ഹാഫിസ് ഉസ്മാന്‍ നിയോഗിക്കപ്പെട്ടു. അതേ വര്‍ഷം തന്നെ സുല്‍ത്താന്‍ മുസ്തഫ അധികാര സ്ഥാനത്തെത്തി. സുല്‍ത്താന്‍ മുസ്തഫ രണ്ടാമന്റെ സഹോദരന്‍ അഹ് മദ് മൂന്നാമനെ കലിഗ്രഫി അഭ്യസിപ്പിച്ച ഹാഫിസ് ഉസ്മാന്‍ സുന്‍ബുലിയ്യ ത്വരീഖത്തിലെ ഒരു സൂഫിയായിരുന്നു. ഓട്ടോമന്‍ രാജവംശവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അദ്ദേഹം സൗമ്യനായി ജീവിച്ചു. ശൈഖ് ഹംദുല്ലയുടെ തുടർച്ചക്കാരനായിട്ടാണ് ഹാഫിസ് ഉസ്മാന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 1670കളുടെ അവസാനം വരെ അദ്ദേഹം കലിഗ്രഫിയിലെ ആറ് എഴുത്തുശൈലികളിലും മികച്ചുനിന്നു. അദ്ദേഹത്തിന്റെ ശൈലി കൂടുതല്‍ മൗലികവും സവിശേഷവുമായിരുന്നു. അതാണദ്ദേഹത്തെ വ്യതരിക്തനാക്കുന്നത്.
ഹാഫിസ് എഴുതിയ അക്ഷരങ്ങള്‍ കൂടുതല്‍ ലളിതമായിരുന്നു. 1680കളുടെ അവസാനത്തില്‍ അദ്ദേഹം നസ്ഖ് അക്ഷരങ്ങളെ ചുരുക്കി. ഹിജാസിലെ പുണ്യഭൂമികളിലേക്കുള്ള യാത്രയില്‍ പോലും അദ്ദേഹം പേന മറന്നില്ല. അദ്ദേഹത്തിന്റ ചില ഖുര്‍ആന്‍ കലിഗ്രഫികള്‍ ഇപ്പോഴും തുര്‍ക്കി ദേശീയ മ്യൂസിയങ്ങളിലുണ്ട്.
വിശുദ്ധ ഖുര്‍ആന്റെ നിരവധി പകര്‍പ്പുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഹില്യ ഫലകങ്ങളുടെ മേല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ഓട്ടോമന്‍ ടര്‍ക്കിഷ് ഭാഷയില്‍ ഹിലിയെ ശെരീഫ് എന്നാണ് പറയുന്നത്. പ്രവാചകർ മുഹമ്മദ് നബിയുടെ രൂപസവിശേഷതകള്‍ വിവരിക്കുന്ന ഒരു രചനയും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു കലിഗ്രഫി ഫലകങ്ങളില്‍ കവിതയുടെ ചെറു വാക്യങ്ങളോ ഖുര്‍ആനില്‍ നിന്നുള്ള ഉദ്ധരണികളോ കാണാവുന്നതാണ്. കലിഗ്രഫിയില്‍ മാത്രം അമ്പതിലധികം തുടര്‍ച്ചക്കാരുള്ള അദ്ദേഹം ഓട്ടോമന്‍ കലിഗ്രഫിയില്‍ വലിയ സ്വാധീനം ചെലുത്തി. പിന്നീടുണ്ടായ കലിഗ്രഫി ഹാഫിസ് ഉസ്മാന്റെ ശൈലിയില്‍ നിന്നുള്ള വികാസമാണ്. സുലുസ്, നസ്ഖ്, റിഖ്അ എന്നീ ശൈലികളിലായിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് വര്‍ക്കുകള്‍. 1698 ഡിസംബര്‍ 3ന് അദ്ദേഹം മരണപ്പെട്ടു. ഇസ്താംബൂളിലെ സുന്‍ബിലിയ്യ ത്വരീഖത്തിന്റെ സ്വകാര്യ ഖബ്‌റിടത്തിലാണ് അന്ത്യവിശ്രമം ■

റഫറൻസ്
Osborn, J.R., Letters of Light: Arabic Script in Calligraphy, Print, and Digital Design, Harvard University Press.
M. Ugur Derman, ‘The Art of Calligraphy in the Ottoman Regime, in: Ekmeleddin Ihsanoglu (ed.), History of Ottoman State and Civilisation, II, Istanbul 2003.
Kemal Cipek, Ercument Kuran, Nejat Gounip, lber Ortayl, The Great Ottoman-Turkish Civilisation, Volume 3, Yeni Türkiye, 2000.
http://calligraphyqalam.com/people/hafiz-osman.html
https://web.archive.org/web/20090520044707/http://calligrapher.blogsome.com/2006/04/20/osman-effendi-hafiz-osman-1642-1698/

Share this article

About സ്വാദിഖ് ചുഴലി

swadiquechuzhali@gmail.com

View all posts by സ്വാദിഖ് ചുഴലി →

Leave a Reply

Your email address will not be published. Required fields are marked *