മാല്‍കം എക്‌സ് ആത്മകഥയും ആത്മീയതയും

Reading Time: 4 minutes

യു.എസിലെ മുതിര്‍ന്ന ഇസ്‌ലാമിക പണ്ഡിതനായ ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ലയുടെ 2011ലെ ഇന്ത്യാസന്ദര്‍ശനത്തിനിടെ യങ് മുസ്‌ലിം ഡൈജസ്റ്റ് ലേഖകന്‍ ബിജു അബ്ദുല്‍ഖാദിര്‍ നടത്തിയ അഭിമുഖം.


• 1970ല്‍ ഇരുപത്തിരണ്ടാം വയസിലാണ് താങ്കള്‍ ഇസ്‌ലാമിലേക്ക് വരുന്നത്. ഇസ്‌ലാം ആശ്ലേഷണത്തിന് പ്രധാന കാരണം മാല്‍ക്കം എക്‌സിന്റെ ആത്മകഥയായിരുന്നല്ലോ, യുഗങ്ങളോളം നിങ്ങളെ സ്വാധീനിക്കാന്‍ മാത്രം എന്താണ് അതില്‍ പ്രത്യേകമായി ഉണ്ടായിരുന്നത്?
മാല്‍ക്കം എക്‌സിന്റെ ആത്മകഥയാണ് ഞാന്‍ വായിച്ചതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ പുസ്തകം. കേവല വായന എന്നതിനപ്പുറം ഞാനത് പഠിക്കുക കൂടിയായിരുന്നു. ഞാന്‍ സ്വന്തത്തോട് തന്നെ ചോദിച്ചിട്ടുണ്ട്, നീ എന്താണ് മാല്‍കം എക്‌സിന്റെ പുസ്തകത്തില്‍ നിന്ന് പഠിച്ചത്? എന്റെ ഹൃദയം പറഞ്ഞത് രണ്ട് കാര്യങ്ങളാണ്; ഒന്ന്, അല്ലാഹുവാണ് സർവതിനേയും പടച്ചവന്‍. അത് എന്നെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു അറിവായിരുന്നു. അല്ലെങ്കില്‍ അല്ലാഹുവും ദൈവവും ഒന്ന് തന്നെയാണെന്ന് ഞാന്‍ അറിയുമായിരുന്നില്ല. മുസ്‌ലിംകളുടെ അല്ലാഹു വേറെ തന്നെ ഒരു ദൈവം ആണെന്നാണ് ഞാനടക്കമുള്ള എല്ലാ പ്രൊട്ടസ്റ്റന്റ ക്രിസ്ത്യാനികളും വിശ്വസിക്കുന്നത്.
ഈ തത്വം ആഴത്തില്‍ രൂഢമൂലമായതുകൊണ്ടുതന്നെ അല്ലാഹു ദൈവമാണെന്ന് കാര്യം വിശ്വസിക്കല്‍ വളരെ ബുദ്ധിമുട്ടുള്ളതായിരിക്കുമല്ലോ. രണ്ടാമതായി, മാല്‍കം എക്‌സിന്റെ ശക്തമായ വിശ്വാസമായിരുന്നു. ബൗദ്ധികമായി മാത്രമല്ല, വ്യക്തിജീവിതത്തിലും വിശ്വാസം അദ്ദേഹത്തില്‍ ആഴത്തില്‍ വേരൂന്നിയിരുന്നു. ഞാന്‍ മനസിലാക്കുന്നത് ഈ രണ്ട് കാര്യമാണ് പുസ്തകത്തില്‍ ഏറെ സ്വാധീനശക്തിയുള്ളത് എന്നാണ്. പിന്നീട് ഇസ്‌ലാം സ്വീകരിക്കാന്‍ എനിക്ക് കൂടുതല്‍ ആലോചിക്കേണ്ടിയിരുന്നില്ല.
ഈ ആത്മകഥ വായിക്കുന്നതിനു മുന്‍പ് തന്നെ എനിക്ക് ഇസ്‌ലാമിനെ അറിയാമായിരുന്നു. പക്ഷേ ബൗദ്ധികമായി മാത്രം. ഞാന്‍ ചരിത്രവും സാഹിത്യവുമെല്ലാം മുമ്പ് പഠിച്ചിരുന്നു. അതിലൂടെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രവും പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവിടങ്ങളിലെ (അന്തലൂസിയ) ഇസ്‌ലാമിക ചരിത്രവുമെല്ലാം പരിചയമുണ്ട്. അന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മുസ്‌ലിംകളുടെ ഇസ്‌ലാമിക വഴികളെപ്പറ്റി ഒരു പ്രബന്ധം രചിക്കുക വരെ ചെയ്തിട്ടുണ്ട്. അമേരിക്കയിലേക്ക് കടത്തിക്കൊണ്ടുപോയ ആഫ്രിക്കന്‍ അടിമകള്‍ എല്ലാം തന്നെ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണെന്ന തിരിച്ചറിവാണ് എന്നെ ആ രചനയിലേക്ക് നയിച്ചത്. അങ്ങനെ അതെന്റെ ഗവേഷണ വിഷയങ്ങളിലൊന്നായി തീരുകയും ചെയ്തു. സമാനമായി, ഇസ്‌ലാം പുല്‍കുന്നതിന് രണ്ടുവര്‍ഷം മുമ്പ് ആഫ്രിക്കയിലെ മാലി രാജാക്കന്‍മാരെ പറ്റിയും മറ്റു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജാക്കന്മാരെ പറ്റിയുള്ള ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇസ്‌ലാമിന്റെ ശക്തിയും ഉയര്‍ച്ചയും ഒരു നാഗരികത എന്ന നിലക്കുള്ള അതിന്റെ വളര്‍ച്ചയുമെല്ലാം അതിലൂടെ ഞാന്‍ കണ്ടു. ഇതൊക്കെ പക്ഷേ എനിക്ക് യുക്തിപരം മാത്രമായിരുന്നു. മാല്‍കം എക്‌സിനാകട്ടെ, ഇതൊക്കെ വൈയക്തികവും കൂടെ വൈകാരികവും ആയിരുന്നു.
പൊതുവില്‍, ആരുടെയും ഇസ്‌ലാമിലേക്കുള്ള വരവിന് പ്രത്യക്ഷമായോ പരോക്ഷമായോ ഒരു മഹദ് വ്യക്തിയുമായി ബന്ധമുണ്ടായിരിക്കും. അതായിരിക്കും പിന്നീടുള്ള എല്ലാ മാറ്റങ്ങള്‍ക്കും ഹേതുകം. എന്റെ കാര്യത്തില്‍ ആ വ്യക്തി മാല്‍ക്കം എക്‌സ് ആയിരുന്നു. അദ്ദേഹം എന്റെ ആത്മീയ പിതാവായി മാറുകയായിരുന്നു. ഞാനിപ്പോഴും വിശ്വസിക്കുന്നത് അമേരിക്കയില്‍ ജീവിച്ചതില്‍ വെച്ച് ഏറ്റവും വലിയ, മഹാനായ മനുഷ്യന്‍ മാല്‍കം എക്‌സ് ആണെന്നാണ്.

• മുഹമ്മദലിയെ പോലെ തന്നെ മാല്‍ക്കം എക്‌സും തുടക്കകാലത്ത് നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ പ്രവര്‍ത്തകനായിരുന്നു. പക്ഷേ രണ്ടു പേരും പിന്നീട് വ്യത്യസ്ത കാഴ്ചപ്പാടിലേക്ക് എത്തുകയുണ്ടായി. നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍?
കൊല്ലപ്പെടുന്നതിന് ഒരുവര്‍ഷം മുമ്പുവരെ മാല്‍കം എക്‌സ് നാഷന്‍ ഓഫ് ഇസ്‌ലാമില്‍ അംഗമായിരുന്നു. അതില്‍ നിന്നും രാജിവച്ച ശേഷം സൂഫി ഇസ്‌ലാമിലേക്ക് വന്നു. അതേ വര്‍ഷം അദ്ദേഹം ഹജ്ജ് കര്‍മം ചെയ്തു. മുഹമ്മദ് അലിയിലും മാല്‍കം എക്‌സ് വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. മുഹമ്മദ് അലി മുസ്‌ലിം ആയതിനു അല്പ കാലശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നു. ഫിലാഡല്‍ഫിയയിലായിരുന്നു ആ കൂടിക്കാഴ്ച്ച. ഞാന്‍ ഓടി ചെല്ലുകയും സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തോട് ഞാന്‍ ഉപദേശിച്ചത് മാല്‍കം എക്‌സിനെ പോലെ സുന്നി ഇസ്‌ലാം പിന്‍പറ്റണം എന്നാണ്. പക്ഷേ 1975ല്‍ നാഷന്‍ ഓഫ് ഇസ്‌ലാം സ്ഥാപകനായ എലിജാ മുഹമ്മദിന്റെ മരണശേഷം മാത്രമാണ് മുഹമ്മദ് അലി സുന്നി ഇസ്‌ലാം പിന്തുടരുന്നത്. വാരിസുദ്ദീന്‍ മുഹമ്മദ് നേതൃത്വത്തില്‍ വരികയും സംഘടനയെ മൊത്തത്തില്‍ സുന്നി ഇസ്‌ലാമിന്റെ പിന്‍ഗാമികള്‍ ആക്കി മാറ്റുകയും ചെയ്തു. അങ്ങനെ ഇസ്‌ലാമിന് വേണ്ടി പ്രവര്‍ത്തിച്ച ആഫ്രിക്കന്‍ അമേരിക്കക്കാരില്‍ ഭൂരിഭാഗം ആളുകളും 1975 നു ശേഷം സുന്നി ഇസ്‌ലാമിലേക്ക് മാറി. ഇതൊരു വിപ്ലവകരമായ മാറ്റമായിരുന്നു.

• 1970ല്‍ നിങ്ങള്‍ ഇസ്‌ലാമിലേക്ക് വന്ന ഉടന്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ഡോക്ടറേറ്റ് പഠനം ഉപേക്ഷിക്കുകയും ഡോ. ഫസലുര്‍റഹ്മാന്‍ കീഴില്‍ അറബി ഭാഷാ പഠനത്തിനും ഇസ്‌ലാമിക പഠനത്തിനുമായി ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ കീഴില്‍ പഠനം കേന്ദ്രീകരിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് എന്തായിരുന്നു?
വിയറ്റ്‌നാം യുദ്ധം നടക്കുന്ന സമയത്താണ് ഞാന്‍ ഇസ്‌ലാമിലേക്ക് വരുന്നത്. 1960ലെ യുദ്ധ വിരുദ്ധ സമരത്തില്‍ ഞാന്‍ പങ്കാളിയായിരുന്നു. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയുടെ ഇടപെടലിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. യുദ്ധത്തിന് നിര്‍ബന്ധ സൈനിക സേവനത്തിനായി പലര്‍ക്കും കത്ത് വന്ന കൂട്ടത്തില്‍ എനിക്കും വന്നു. എന്റെ ഇസ്‌ലാമിക വിശ്വാസം എന്നെ യുദ്ധത്തിന് പോകാന്‍ സമ്മതിച്ചില്ല. ഞാന്‍ വ്യക്തമായി തന്നെ കാരണസഹിതം മറുപടി എഴുതി യുദ്ധത്തിന് താത്പര്യമില്ലായ്മ അറിയിച്ചു. ഇക്കാരണത്താല്‍ രണ്ടു വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടിയും വന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ജയില്‍ മോചിതനാവുകയായിരുന്നു.
പിന്നീടാണ് ഞാന്‍ ചിക്കാഗോ സര്‍വകലാശാലയില്‍ എത്തിയത്. എല്ലാവിധ സ്‌കോളര്‍ഷിപ്പും നേടിയായിരുന്നു അവിടുത്തെ പഠനം. അവിടെ വെച്ചാണ് ഞാന്‍ ഡോ. ഫസലുര്‍റഹ്മാനെ കണ്ടുമുട്ടുന്നതും അദ്ദേഹത്തിന്റെ പുസ്തകം വായിക്കുന്നതുമെല്ലാം. ഇസ്‌ലാമിനെ സംബന്ധിച്ച് അന്നു വായിച്ചതില്‍ ഏറ്റവും നല്ല പുസ്തകമായിരുന്നു അത്. എന്നാലും ചില വിഷയങ്ങളില്‍ അദ്ദേഹത്തോട് ഒരിക്കലും അംഗീകരിക്കാന്‍ എനിക്ക് കഴിഞ്ഞതുമില്ല. ഉദാഹരണത്തിന്, ഹദീസ് കൈമാറ്റ സനദുകളുടെ (Transmission chains) വിശ്വാസ്യതയുടെ കാര്യത്തില്‍ അദ്ദേഹത്തിന് സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അതിന്റെ പൂര്‍ണ സത്യസന്ധതയില്‍ വിശ്വസിക്കുന്നയാളുമാണ്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വേറെയും ഒരുപാട് പ്രതിഭകള്‍ ഉണ്ടായിരുന്നു. അവിടെയുള്ള നാബിയ ആബിദ് എന്ന പ്രൊഫസര്‍ ഹദീസ് കൈമാറ്റങ്ങളുടെ വിശ്വാസ്യതക്ക് നേരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്ന മികച്ച ഒരു ഗ്രന്ഥം രചിച്ചിരുന്നു. അക്കാലത്തു തന്നെയാണ് തുര്‍ക്കിഷ് പണ്ഡിതനായ ഫുആദ് സെസ്ഗിനും ഇവ്വിഷയകമായി പുസ്തകം എഴുതുന്നത്. ഈ മേഖലയില്‍ ഒരുപാട് സംഭാവനകള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്.
നല്ല ബുദ്ധിമാന്‍ ആയിരുന്നു ഡോ. ഫസലുര്‍റഹ്മാന്‍. എപ്പോഴും എന്നെ സ്‌നേഹിക്കുകയും എനിക്ക് വേണ്ടി ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്തു. അറബിയിലും പേര്‍ഷ്യനിലും ഒരുപോലെ നൈപുണ്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹായം കൊണ്ടാണ് ഞാന്‍ പല കൃതികളും വായിച്ചതും പഠിച്ചതും. കര്‍മശാസ്ത്ര പഠനങ്ങളിലേക്ക് എന്നെ വഴിതിരിച്ചുവിട്ടതും അദ്ദേഹമായിരുന്നു. കര്‍മശാസ്ത്രത്തിന്റെ പ്രാരംഭത്തെക്കുറിച്ചും കര്‍മശാസ്ത്രത്തിന് എതിരെയുള്ള ഓറിയന്റലിസ്റ്റ് വാദങ്ങളെ ഖണ്ഡിച്ചും വിശാലമായ ഗവേഷണപ്രബന്ധം തന്നെ എഴുതാന്‍ സാധിച്ചു. ഇതിലെല്ലാം അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്.

• മാലികി മദ്ഹബിലെ വിഷയത്തില്‍ നിങ്ങള്‍ പ്രബന്ധം അവതരിപ്പിച്ചു പിഎച്ച്ഡി നേടിയിട്ടുണ്ട്. ഇപ്പോഴും ആ കൃതിയുടെ വിപുലീകരണം നടത്തുന്നു. ആ പ്രബന്ധത്തിന്റെ സംക്ഷിപ്തം ചുരുക്കി അവതരിപ്പിക്കാന്‍ പറ്റുമോ?
ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം കഴിഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അടുത്തവര്‍ഷത്തോടെ പുറത്തിറങ്ങാന്‍ പോവുന്നു. ബ്രില്‍ അക്കാഡമിക് പബ്ലിക്കേഷന്‍സ് ആണ് അതിന്റെ പ്രസിദ്ധീകരണം. Imam Malik at madina Islamic legal reasoning in the formative period എന്നാണ് പുസ്തകത്തിന്റെ പേര്.
ഞാന്‍ ഈ പ്രബന്ധത്തില്‍ പിഎച്ച്ഡി നേടുന്നത് 1978ലാണ്. ശേഷം 32 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ഇത് പുസ്തകമാക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിക്കാത്ത ഒരുപാട് സ്രോതസുകള്‍ ഈ കാലയളവില്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ പടിഞ്ഞാറ് ഓറിയന്റലിസ്റ്റുകളെ നല്ലപോലെ വായിക്കാനും മനസിലാക്കാനും അതിനെല്ലാം മറുപടി എഴുതാനും പുസ്തകത്തില്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഈ പുസ്തകം എന്നെ സന്തോഷിപ്പിക്കുന്നു.
ഇമാം മാലികി(റ) ന്റെ മദ്ഹബ് ഏറെക്കുറെ മദീനക്കാരുടെ ശീലങ്ങളെ കേന്ദ്രീകരിച്ച് ഉള്ളവയാണെങ്കിലും, ഇമാം അബൂഹനീഫ(റ), ഇമാം ശാഫിഈ(റ), ഇമാം അഹ്മദ് ബിന്‍ ഹന്‍ബല്‍(റ) എന്നിവരുടെ മദ്ഹബുകളുമായി മാലികി ധാരക്കുള്ള അടുപ്പങ്ങളെയും സാമ്യങ്ങളെയും ഈ പഠനം കൈകാര്യം ചെയ്യുന്നു. വ്യത്യസ്ത രീതിശാസ്ത്രങ്ങളെക്കുറിച്ചുള്ള വിശകലനങ്ങളോടൊപ്പം ഇനിയും ഒരുപാട് മേഖലകള്‍ പുസ്തകം സ്പര്‍ശിക്കുന്നുണ്ട്. വ്യത്യസ്ത മദ്ഹബുകളെ വ്യത്യസ്ത രീതിശാസ്ത്രങ്ങള്‍ എന്ന നിലയിലുള്ള സമീപനം ഇത് സാധ്യമാക്കുന്നു.

• എഴുപതുകളുടെ അവസാനത്തില്‍ ടെമ്പിള്‍ യൂനിവേഴ്‌സിറ്റിയില്‍ താങ്കള്‍ പഠിപ്പിച്ചിരുന്നു. ഈ കാലയളവില്‍ തന്നെ അവിടെ ഉണ്ടായിരുന്ന ഡോ. ഇസ്മാഈല്‍ റാജി അല്‍ ഫാറൂഖിയുമായി താങ്കള്‍ ബന്ധത്തില്‍ ആയിട്ടുണ്ടാകുമെന്ന് അനുമാനിക്കുന്നു. അദ്ദേഹത്തിന്റെ ജീവിത, പ്രവര്‍ത്തന മേഖലകളെ പറ്റി, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ Islamization of Knowledge എന്ന ആശയത്തെ പറ്റി എന്തൊക്കെയാണ് നിങ്ങളുടെ വീക്ഷണം?
നല്ല അടുപ്പത്തിലും സ്‌നേഹത്തിലും ബഹുമാനത്തിലുമെല്ലാം എന്നോട് പെരുമാറിയ ഒരു വ്യക്തിത്വമാണ് ഡോ. ഫാറൂഖി. അദ്ദേഹത്തിന്റെ കുടുംബവുമായി പോലും എനിക്ക് വലിയ ബന്ധമുണ്ട്. 1979ല്‍ ഒരു വര്‍ഷം മാത്രമേ ഞാന്‍ ടെമ്പിള്‍ സര്‍വകലാശാലയില്‍ ഉണ്ടായിട്ടുള്ളൂ. പിന്നീട് നല്ലൊരു അവസരം ലഭിച്ചപ്പോള്‍ മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയിലേക്ക് മാറി. 1978 മുതല്‍ 1982 വരെ ഞാന്‍ അവിടെയാണ്. എങ്കിലും അദ്ദേഹവും കുടുംബവുമായുള്ള ബന്ധം തുടര്‍ന്നുകൊണ്ടേയിരുന്നു. നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ 1986ലാണ് അദ്ദേഹം ക്രൂരമായി കൊല്ലപ്പെടുന്നത്. വലിയ ആഘാതമാണ് അത് എന്നിലുണ്ടാക്കിയത്.
ഫാറൂഖിയുടെയും ഫസലുര്‍റഹ്മാന്റെയും ജീവിതങ്ങള്‍ പല നിലക്കും സാമ്യതയുള്ള ഒന്നായിരുന്നു. രണ്ടുപേരും ലിബറല്‍ വിദ്യാഭ്യാസത്തില്‍ തത്പരരായിരുന്നു. രണ്ടുപേരുടെയും ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനവും വളരെ വലുതായിരുന്നു. ഓരോ പദങ്ങളും അവയുടെ യഥാസ്ഥാനങ്ങളില്‍ മാത്രം കൃത്യമായി ഉപയോഗിക്കുക എന്നത് അവരുടെ വലിയ കഴിവ് തന്നെയായി ഞാന്‍ മനസിലാക്കുന്നു. അമേരിക്കയില്‍ വളരെ ശക്തിപ്രാപിച്ച ഇസ്‌ലാമിക വിരുദ്ധരായ സയണിസ്റ്റുകളെക്കാളും ശക്തരാണ് ഇവര്‍ രണ്ടുപേരുമെന്ന് തോന്നിയിട്ടുണ്ട്.
വ്യത്യസ്തമായ രീതികളിലൂടെയാണ് അദ്ദേഹം മറ്റുള്ളവരുടെ മുന്നില്‍ ഇസ്‌ലാമിനെ പ്രതിരോധിച്ചു നിര്‍ത്തിയത്. മുമ്പൊക്കെ മതസൗഹൃദ വേദികളില്‍ പങ്കെടുക്കുന്ന മറ്റു മതസ്ഥര്‍ അത്ര നല്ല സ്വഭാവമല്ല കാണിക്കാറുള്ളത്. ജൂതരും ക്രൈസ്തവരുമെല്ലാം മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥയെ പറ്റിയും മുസ്‌ലിം രാജ്യങ്ങളിലെ സാഹചര്യങ്ങളെ പറ്റിയും ഇത്തരം സദസ്സുകളില്‍ വളരെ മോശമായി സംസാരിക്കുമായിരുന്നു. ഇതിനെല്ലാം ചുണ്ടില്‍ പുഞ്ചിരി വിടര്‍ത്തി സ്വതസിദ്ധമായ ശൈലിയില്‍ പ്രതിയോഗികളെ അംഗീകരിച്ചാവും ഇദ്ദേഹം മറുപടി പറഞ്ഞുതുടങ്ങുക. ശേഷം, എതിരാളികളെ തന്നിലേക്ക് ആകര്‍ഷിക്കുന്ന രൂപത്തിലുള്ള ആശയങ്ങള്‍ വികസിപ്പിക്കും. ഇത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്.

• ഡോ. ഫാറൂഖിയുടെ മരണം ആസൂത്രിതമാണ് എന്നാണ് നിങ്ങള്‍ വാദിക്കുന്നത്?
തീര്‍ച്ചയായും. ഞാന്‍ അങ്ങനെ തന്നെയാണ് അതിനെ നോക്കിക്കാണുന്നത്. മാല്‍കം എക്‌സിനെ പോലെ, ആരാണ് അവരെ കൊന്നത് എന്ന് നമുക്കറിയാം. ഫാറൂഖിയെയും അദ്ദേഹത്തിന്റെ ഭാര്യാകുടുംബത്തില്‍നിന്ന് പലരെയും കത്തി കൊണ്ട് കൊലപ്പെടുത്തിയത് ഇതേ ആളുകള്‍ തന്നെയാണ്. മാല്‍കമിനേയും ഫാറൂഖിയേയും പോലുള്ള ആളുകള്‍ ഇല്ലാതാകണമെന്നത് ചിലരുടെ ആവശ്യമാണ്. ഇത്തരം മഹാന്മാര്‍ക്കെല്ലാം എല്ലാ കാലത്തും ശക്തരായ എതിരാളികള്‍ ഉണ്ടായിട്ടുണ്ട്. ഫാറൂഖിയും അദ്ദേഹത്തിന്റെ ഭാര്യയുമെല്ലാം വളരെ നല്ല ആളുകളായിരുന്നു. എന്നെയും കുടുംബത്തെയും അവരുടെ വീട്ടില്‍ ഒരുപാട് തവണ സത്കരിച്ചിട്ടുണ്ട്. വളരെ നല്ല ആതിഥ്യമര്യാദയില്‍ ആയിരുന്നു എല്ലാം. വ്യത്യസ്ത മതങ്ങളില്‍ പെട്ട ആളുകളെ ഒരുമിച്ച് കൂട്ടി അദ്ദേഹത്തിന്റെ വീട്ടില്‍ നടന്നിരുന്ന ഇഫ്താറുകളാണ് എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്.

• Islamization of Knowledge എന്ന പദ്ധതി ഇന്നും നില നില്‍ക്കുന്നുണ്ടോ?
പൊടുന്നനെ പറഞ്ഞുതീര്‍ക്കാന്‍ ആവാത്ത വിഷയമാണത്. ഇക്കാര്യത്തിലും ഞാനും അദ്ദേഹവും തമ്മില്‍ അഭിപ്രായന്തരങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് തോന്നിയിട്ടുള്ളത് നമ്മള്‍ മുസ്‌ലിംകള്‍ക്ക് Rooting Knowledge അഥവാ പിടിപ്പിച്ചു വളര്‍ത്തുകയും അതിനെ പടര്‍ന്നു പന്തലിക്കാന്‍ വേണ്ടത് ചെയ്യുകയും ചെയ്യുക എന്നതാണ് പ്രധാനം എന്നാണ്. ഇതും Islamization of Knowledgeഉം തമ്മില്‍ വ്യത്യാസമുണ്ട്. Rooting Knowledge എന്നത് അതിവിശാലവും സങ്കീര്‍ണവുമായ ഒരു സംഗതിയാണ്.

• നിങ്ങള്‍ കുറച്ചു കാലം സ്‌പെയിനില്‍ അറബി ഭാഷ പഠിപ്പിച്ചിരുന്നല്ലോ, അവിടത്തെ ഇന്നത്തെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചുറ്റുപാടുകളെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?
രണ്ട് വര്‍ഷമാണ് ഞാന്‍ സ്‌പെയിനില്‍ ഉണ്ടായിരുന്നത്. എന്റെ ജീവിതത്തിലെ നല്ല സമയങ്ങളായി ഞാന്‍ അവയെ കാണുന്നു. ആ സമയത്ത് അവിടെ നല്ല യോഗ്യരായ, മികവുറ്റ മുസ്‌ലിംകള്‍ ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. പോര്‍ച്ചുഗലിലും സ്‌പെയിനിലുമെല്ലാം മുസ്‌ലിം പ്രഭവകാലത്തിന്റെ തിരിച്ചുവരവിനു വലിയ സാധ്യതയുണ്ടായിരുന്നു അന്ന്. പക്ഷേ, 1982 ഓടെ എല്ലാം കൂടുതല്‍ വഷളാവുന്ന തരത്തിലെത്തുകയായിരുന്നു. എങ്കിലും ഇന്ന് നമ്മള്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തരത്തിലുള്ള തിരിച്ചുവരവിനുള്ള സാധ്യതകളാണ് കാണപ്പെടുന്നത്. ഇതെല്ലാം വലിയ പ്രതീക്ഷകളാണ് ■

Share this article

About ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ല, വിവർത്തനം: മുഹമ്മദ് എ ത്വാഹിർ

View all posts by ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ല, വിവർത്തനം: മുഹമ്മദ് എ ത്വാഹിർ →

Leave a Reply

Your email address will not be published. Required fields are marked *