മലബാര്‍ സമരം; കണ്ണൂര്‍ സമ്പര്‍ക്കത്തിലെ വ്യക്തികള്‍

Reading Time: 2 minutes

കണ്ണൂരിലെ മലബാര്‍സമര സമ്പര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ചില വ്യക്തികളെ പരിചയപ്പെടാം. ഖിലാഫത്ത് പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തിലും സമരകാലത്ത് സജീവമായിരുന്ന കണ്ണൂര്‍സ്വദേശി പാലോട് മൂസക്കുട്ടി ഹാജിയെ പോലുള്ള പണ്ഡിതന്മാര്‍ നിരവധിയുണ്ട്.
അക്കാലത്തെ കുപ്രസിദ്ധനായ പോലീസ് സൂപ്രണ്ട് ആമു (ഇ വി അഹ് മദ്) കണ്ണൂര്‍ സിറ്റിയിലെ എളാട്ട് വലിയകത്ത് എന്ന പുരാതന മാപ്പിളതറവാട്ടിലെ അംഗമായിരുന്നു. അമ്മാവന്റെ മകനായിരുന്ന എം കെ കുഞ്ഞാമു കോളേജ് വിദ്യാഭ്യാസം ബഹിഷ്‌കരിക്കുകയും ഖിലാഫത്ത് കമ്മിറ്റി ഓഫീസില്‍ താമസിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ്.
മദിരാശി മുഹമ്മദന്‍ കോളേജിലെ പഠനകാലത്ത് ഖിലാഫത്ത്പ്രസ്ഥാനത്തോട് അനുഭാവം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നേതൃത്വം വഹിച്ച പില്‍ക്കാല മുസ്‌ലിംലീഗ് നേതാവ് കോട്ടാല്‍ ഉപ്പിസാഹിബ് മറ്റൊരാളാണ്. പിന്നീട് അദ്ദേഹം കോളേജ് പഠനം ബഹിഷ്‌കരിച്ച് സ്വദേശമായ തലശ്ശേരിയിലേക്ക് വരികയും ദേശീയപ്രസ്ഥാനത്തിന് നേതൃത്വം വഹിക്കുകയും ചെയ്തു. 1924 മാര്‍ച്ച് 14ന് മദ്രാസ് നിയമസഭയില്‍ മലബാര്‍സമരത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “മലബാറിലുള്ള മിക്കവാറും മാപ്പിളമാര്‍ (ആധുനിക) വിദ്യാഭ്യാസമില്ലാത്തവരും കൃഷിപ്രവൃത്തിയില്‍ ഉപജീവനം കഴിക്കുന്നവരുമാണ്. ബ്രിട്ടീഷുകാര്‍ മലബാറില്‍ വന്ന ഉടനെ അവിടെ മാപ്പിളലഹളയും ഒട്ടധികം അടുത്തടുത്തുണ്ടാവാന്‍ തുടങ്ങി. മലബാറിലെ ജന്മി -കുടിയാന്‍മാരെപ്പറ്റി അവര്‍ക്ക് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഇംഗ്ലീഷുകാരുടെ ജന്മി കുടിയായ്മ (ഫ്യൂഡലിസം) സമ്പ്രദായമാണ് അവര്‍ മലബാറില്‍ നടപ്പാക്കിയത്. അതിന്റെ ഫലമായി ജന്മികളും കുടിയാന്മാരുമായുള്ള ബന്ധം അകന്നകന്ന് വലിയ ലഹളയായി കലാശിച്ചു.
എന്നാല്‍ ഈ ലഹളയുടെ യഥാര്‍ഥകാരണങ്ങള്‍ അന്വേഷിച്ച് അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഗവര്‍മെന്റ് മാപ്പിള ഔട്ട്‌റേജ് ആക്ട് എന്നൊരു ദാരുണമായ നിയമം നടപ്പാക്കുകയാണ് ചെയ്തത്. ഈ ആക്ടിലെ വകുപ്പുകളിലൊന്ന് ലഹളയില്‍ പെട്ടിട്ടുള്ള മാപ്പിളയുടെ മൃതദേഹം മുസല്‍മാന്മാരുടെ മതാചാരത്തിന് വിപരീതമായ വിധത്തില്‍ തീവെച്ചു നശിപ്പിക്കണമെന്നുള്ളതാണ്. ലഹളക്കാരനായ ഏതെങ്കിലും ഒരു മാപ്പിള ഒരു അംശത്തില്‍ പോവുന്നപക്ഷം ആ അംശത്തില്‍ താമസിക്കുന്ന എല്ലാ മാപ്പിളമാരും അവരുടെ സ്വത്തില്‍ ഒരു ഭാഗം ഗവര്‍മെണ്ടിലേക്ക് കൊടുക്കണമെന്നാണ് ഈ ആക്ടിലെ മറ്റൊരു വകുപ്പ്. മാപ്പിളമാരുടെ മതസിദ്ധാന്തങ്ങളെ അടിച്ചുടച്ച് മാപ്പിള ലഹളകളെ അമര്‍ത്തുവാന്‍ നിര്‍മിച്ചതായ ഈ നിയമം അധികൃതര്‍ ഉദ്ദിഷ്ടകാര്യം നിറവേറ്റിയില്ലെന്നു മാത്രമല്ല, 1853ല്‍ ആ നിയമം പാസാക്കിയതിന്നു ശേഷം മാപ്പിള ലഹളകള്‍ അധികം അടുത്തടുത്തും കൂടുതല്‍ ഭയങ്കരവുമായ വിധത്തിലും ഉണ്ടാവുകയും ചെയ്തു. (മദിരാശി നിയമ സഭാ നടപടികള്‍, 1924 )
അന്തമാന്‍ സ്‌കീമിനെതിരെയുള്ള ഉപ്പി സാഹിബ് ശക്തമായി പ്രതികരിച്ചപ്പോള്‍ സര്‍ മന്ദത്ത് കൃഷ്ണന്‍നായരെ പോലെയുള്ള ജസ്റ്റിസ് പാര്‍ട്ടി നേതാക്കളും കെ സി റെഡ്ഡിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. ഉപ്പി സാഹിബിന്റെ റിലീഫ് പ്രവര്‍ത്തനങ്ങളെ കുറിച്ച് What Price For Freedom എന്ന ഗ്രന്ഥത്തില്‍ മുഹമ്മദ് റസാഖാന്‍ സൂചിപ്പിക്കുന്നുണ്ട്.
1921ലെ സമരപ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മദിരാശിയില്‍ “മാപ്പിള അമിലിയറേഷന്‍ കമ്മിറ്റി’ രൂപീകരികരിച്ച് അന്നത്തെ രണ്ടുലക്ഷത്തിലധികം സ്വരൂപിച്ച മുസ്‌ലിംലീഗ് നേതാവ് ബി പോക്കര്‍ സാഹിബ് തലശ്ശേരി സ്വദേശിയായിരുന്നു. ജെഡിറ്റി അനാഥാലയത്തിനും മറ്റും അറക്കല്‍ രാജവംശത്തിന്റെയടക്കമുള്ള സാമ്പത്തിക സഹായങ്ങളുമുണ്ടായിരുന്നു. എ കെ കുഞ്ഞിമായന്‍ ഹാജിയെ പോലെയുള്ളവര്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇടപെട്ടിരുന്നതായും കാണാം.

ഉപസംഹാരം
കോടതിരേഖകള്‍, ആര്‍ക്കൈവുകള്‍ മുതലായവ പരിശോധിക്കുന്നതിലൂടെ മേല്‍ പറഞ്ഞ കാര്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനും ചിലപ്പോള്‍ തിരുത്താനുമുള്ള ഉപാദാനാങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
അതൊടൊപ്പം എന്തുകൊണ്ട് കണ്ണൂരില്‍ മലബാര്‍സമരത്തിന്റെ അലയൊലികള്‍ ആപേക്ഷികമായി കുറഞ്ഞുവെന്നും ഒരു സായുധവിപ്ലവമായി രൂപാന്തരപ്പെട്ടില്ല എന്നു കൂടി വിശകലനം ചെയ്താണ് ഈ ലേഖനം ഉപസംഹരിക്കേണ്ടത് എന്ന് തോന്നുന്നു.
തെക്കന്‍ മലബാറിലെ സായുധവിപ്ലവത്തിന്റെ പശ്ചാത്തലങ്ങളില്‍ പ്രാദേശികമായ ചില സംഭവവികാസങ്ങളുടെ പങ്ക് വലുതാണ്. അതിന്റെ പ്രതിഫലനങ്ങള്‍ കോട്ടയം, ചിറക്കല്‍ താലൂക്കുകളിലുണ്ടായില്ല എന്നതാണ് ഒന്നാമത്തെ കാരണം.
സമരപ്രദേശങ്ങളായ തെക്കന്‍മലബാറിനെ ആപേക്ഷിച്ച് വടക്കന്‍മലബാറില്‍ വാണിജ്യഘടനയായിരുന്നു മാപ്പിളമാരുടെ മുഖ്യ ഉപജീവനമാര്‍ഗം. അന്നത്തെ പ്രമുഖതുറമുഖപട്ടണങ്ങളായിരുന്ന കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെ മാപ്പിളവ്യാപാരികള്‍ക്ക് സ്വഭാവികമായും സമുദ്രപാതകള്‍ നിയന്ത്രിക്കുന്ന ബ്രിട്ടീഷ് അധികാരത്തെ എതിര്‍ക്കുന്നതില്‍ പരിമിതികളുണ്ടായിരുന്നു. സമരബാധിതപ്രദേശങ്ങളെ അപേക്ഷിച്ച് കണ്ണൂരിലെ ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച മേല്‍സൂചിപ്പിച്ച പോലെ ശൈശവദശയിലായിരുന്നു എന്നതും ഇവിടെ ഓര്‍ക്കണം.
ഇനി ഉള്‍പ്രദേശങ്ങളില്‍ കൂടിയാന്മാരായി ഉണ്ടായേക്കാവുന്ന മാപ്പിളകര്‍ഷകര്‍ സംഘടിതരുമായിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ വടക്കന്‍മലബാറിലെ ഏകകര്‍ഷകസമരം അരങ്ങേറിയ മട്ടന്നൂരില്‍ പോലും കര്‍ഷകരെ സംഘടിപ്പിക്കുന്നതിലും മറ്റും പ്രദേശത്തെ മാപ്പിളപ്രമാണിമാരുടെ താത്പര്യങ്ങളുടെ പങ്ക് മേല്‍സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇന്നത്തെ കണ്ണൂര്‍ജില്ലയിലെ മലയോരപ്രദേശങ്ങളില്‍ മിക്കയിടത്തും മുസ്‌ലിംഅധിവാസം ആരംഭിക്കുന്നത് 1920കളില്‍ ആരംഭിക്കുന്ന തിരുവിതാംകൂര്‍ കുടിയേറ്റത്തോടെയാണ് എന്ന കാര്യവും ഇവിടെ കൂട്ടിവായിക്കണം. കൊയിലാണ്ടിയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ വ്യാപിക്കാതിരുന്നതിന്റെ കാരണം കര്‍ഷകപങ്കാളിത്തം ഇല്ലാത്തതിനാലായിരുന്നു എന്ന് കെകെഎന്‍ കുറുപ്പ് എഴുതുന്നുണ്ട്.
അതിനുമപ്പുറം, ഇരുപതാം നൂറ്റാണ്ടിന്റെ വേങ്ങയില്‍ നായനാര്‍ക്കെതിരെ ചെറുത്തുനിന്ന വണ്ണത്താന്‍രാമന്‍, കോടിലോന്‍ രാമന്‍ പോലോത്ത ഒറ്റപ്പെട്ട പ്രതിഷേധസ്വരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ വടക്കന്‍മലബാറിലെ കുടിയാന്മാരായ കര്‍ഷകര്‍ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നതായി കാണുന്നില്ല. മലബാറില്‍ ഉള്‍പ്പെട്ടതല്ലെങ്കിലും അന്നത്തെ ദക്ഷിണകാനറ പ്രവിശ്യയില്‍പ്പെട്ട ഭാഗങ്ങളില്‍ (ഇന്നത്തെ കാസറഗോഡ്)1810 -11, 1830-31 കാലഘട്ടങ്ങളിലെ പ്രാദേശിക ചെറുത്തുനില്‍പ്പുകളും 1837ലെ കല്യാണസ്വാമി മുന്നറ്റവും വലിയ അനുരണനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന് ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.
എന്നാല്‍, വടക്കന്‍മലബാറില്‍ കര്‍ഷകര്‍ സംഘടിതരാവുന്നത് 1930കളില്‍ പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനമായി മാറിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ വരവോടെയാണ്. അത്തരം മുന്നേറ്റങ്ങളില്‍ മാപ്പിളകര്‍ഷകരുടെ പ്രാതിനിധ്യം കാണാനുമുണ്ട്. മാവിച്ചേരി കര്‍ഷകസമരത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവുശിക്ഷ അനുഭവിച്ച കെ വി മൂസാന്‍കുട്ടി, മുനയന്‍കുന്ന്-കോറോം നെല്ലെടുപ്പുസമരത്തില്‍ ശിക്ഷിക്കപ്പെട്ട കെ അബ്ദുള്‍ഖാദര്‍, കയ്യൂര്‍(കാസര്‍ഗോഡ്)സമരത്തില്‍ തൂക്കിലേറ്റപ്പെട്ട അബൂബക്കര്‍ എന്നിവര്‍ ഉദാഹരണം.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, വിസി മായന്‍, മൊയാരത്ത് ശങ്കരന്‍ തുടങ്ങിയ നേതാക്കളുടെ ഇടപെടലുകള്‍ ഖിലാഫത്ത്-നിസഹകരണ പ്രസ്ഥാനങ്ങള്‍ക്ക് വേരുകളുണ്ടായിരുന്ന പ്രദേശങ്ങളില്‍ സമാധാനാവസ്ഥ നിലനിര്‍ത്തിയെന്നു കരുതണം. കണ്ണൂര്‍ ജില്ലയിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ ബാഹുല്യവും മറ്റൊരു കാരണമാണ്. നിലവിലുള്ള ഭരണത്തെ അട്ടിമറിക്കലും അവരോട് യുദ്ധം ചെയ്യലും മതവിരുദ്ധമാണെന്ന നിലപാടെടുത്ത അല്ലാമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരെ പോലുള്ള പണ്ഡിതമ്മാരുടെ വീക്ഷണങ്ങളും അറക്കല്‍ തറവാടിന്റെ നയവും കണ്ണൂര്‍മുസ്ലിംകളെ സ്വാധീനിച്ചിരിക്കാം ■

  • ജയില്‍ റിപ്പോര്‍ട്ട്
  • എഫ്‌ഐആര്‍ – കണ്ണൂര്‍ ജയില്‍
  • ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട്
  • മജിസ്‌ട്രേറ്റിനുള്ള ടെലഗ്രാം
  • ജയില്‍ റിപ്പോര്‍ട്ട്
  • ജയില്‍ റിപ്പോര്‍ട്ട്‌
Share this article

About മുഹമ്മദ് സിറാജ് റഹ്മാൻ

sirajrahmanknr@gmail.com

View all posts by മുഹമ്മദ് സിറാജ് റഹ്മാൻ →

Leave a Reply

Your email address will not be published. Required fields are marked *