ഇസ്‌ലാമും ഇക്‌ണോമിക്‌സും

Reading Time: 2 minutes

ഇസ്‌ലാം മനുഷ്യന്റെ വൈയക്തിക, സാമൂഹിക, ആത്മീയ, സാമ്പത്തിക വ്യവഹാരങ്ങളെ സമഗ്രമായി അഭിസംബോധന ചെയ്യുന്നുണ്ട്. ഇസ്‌ലാമിക നിയമ വ്യവസ്ഥിതിയില്‍ സമൂഹത്തിന്റെ സമ്പദ്ഘടനയും അതിന്റെ സംരക്ഷണവും വികസനവും പ്രധാനപ്പെട്ടതാണ്. സമ്പത്ത് ആരാധനയില്‍ നിന്ന് വേര്‍തിരിക്കാനാകാത്തതാണെന്ന സന്ദേശമാണ് സകാത് ഒരു ആരാധനയായി ഗണിക്കുന്നതിലൂടെ ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.
സാമ്പത്തിക ശാസ്ത്രം, മനഃശാസ്ത്രം എന്നിവ സംയോജിപ്പിച്ച പെരുമാറ്റ സാമ്പത്തിക ശാസ്ത്രം (Behavioural Economics) എന്ന ശാസ്ത്രീയ സംഹിതക്ക് വളരെ മുമ്പ് തന്നെ സാമൂഹികക്ഷേമവും മനഃശാസ്ത്ര പൂര്‍ണവുമായ സാമ്പത്തിക സംവിധാനം ഇസ്‌ലാം രൂപപ്പെടുത്തിയിട്ടുണ്ട്. ഇഹലോക ജീവിത സംതൃപ്തിയെ പരമാവധി ഉപയോഗപ്പെടുത്തുന്ന സാമ്പത്തിക ജീവിയായി (Homo Economicus) മാറാന്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്, ഇസ്‌ലാമികാഹ്വാനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ഹോമോ ഇസ്‌ലാമികസ് (Homo Islamicus) രീതിയാണ് എല്ലാ മേഖലയിലും പ്രത്യേകിച്ച് സാമ്പത്തിക മേഖലയില്‍ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്.
സമ്പത്തിനോടുള്ള ആര്‍ത്തിയില്‍ നിന്ന് നമ്മുടെ ചിന്തകളെ വേര്‍പ്പെടുത്താനും ഹൃദയങ്ങളെ ശുദ്ധീകരിക്കാനും സാമൂഹിക വികാസത്തെ മെച്ചപ്പെടുത്താനുമുള്ള ജീവകാരുണ്യ നിക്ഷേപങ്ങളെ പ്രചോദിപ്പിക്കുക എന്നതായിരുന്നു പ്രവാചകരുടെ സാമ്പത്തിക വിനിമയ സന്ദേശങ്ങളുടെ അടിസ്ഥാനം. സാമ്പ്രദായിക സാമ്പത്തിക രീതികളെയും വ്യവസ്ഥിതികളെയും പുനഃക്രമീകരിക്കുന്നതിലൂടെ തിരുനബി സാമ്പത്തിക കാഴ്ചപ്പാടില്‍ ഒരു പുതുയുഗം തന്നെ സൃഷ്ടിക്കുകയുണ്ടായി.
സാമ്പത്തിക വിനിമയം എങ്ങനെയാവണം, ഏതെല്ലാം മാര്‍ഗങ്ങള്‍ അനുവദനീയവും നിഷിദ്ധവുമാണെന്ന തിരുനബിയുടെയും അനുചരരുടെയും അധ്യാപനങ്ങള്‍ ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിലെ സാമ്പത്തിക നിലപാടുകള്‍ സാമൂഹിക മനഃശാസ്ത്രത്തിന് മുന്‍ഗണന നല്‍കുന്ന പക്ഷപാതിത്വങ്ങളില്ലാത്ത സംവിധാനമാണ് മുന്നോട്ടുവെക്കുന്നത്. പുതിയ കാലത്ത് നമ്മുടെ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന സാമ്പത്തിക സംസ്‌കാരത്തില്‍ ഇത്തരം സാമൂഹിക പരിഗണന അവഗണിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തികരംഗത്ത് അനീതിയും വിവേചനങ്ങളും സൃഷ്ടിക്കുന്നതിനു ഇത് കാരണമായിത്തീരുന്നു.

ഇസ്‌ലാമും ഇക് ണോമിക്‌സും
പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തോടെ ആഗോളതലത്തില്‍ വ്യാപകമായ സാമ്പത്തിക വീക്ഷണമാണ് നിയോക്ലാസിക്കല്‍ ഇക്ണോമിക്‌സ്. ആധുനിക മുതലാളിത്തത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്ന ഈ സംവിധാനം ഉത്പാദനം, വിലനിര്‍ണയം, ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗം എന്നിവക്ക് പകരം വിതരണവും ഡിമാന്‍ഡുമാണ് പ്രാഥമിക ഘടകങ്ങളായി പരിഗണിക്കുന്നത്.
നിയോക്ലാസിക്കല്‍ ഇക്ണോമിക്‌സ് പ്രാഥമികമായി വ്യക്തിപരവും സ്വാര്‍ഥതാത്പര്യങ്ങളെ പരിഗണിക്കുകയും മറ്റുള്ളവരുടെ താത്പര്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന ഒന്നാണ്. സ്വത്തിന്റെ ഉടമസ്ഥാവകാശം സ്വന്തത്തിന്റെ ഉടമസ്ഥതയിലാണെന്നും ഒരാളുടെ അധ്വാനത്തിന്റെ ഫലം അയാള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അത് പരമാവധി ആസ്വദിക്കാന്‍ അവരെ അനുവദിക്കണമെന്നുമാണ് ജോണ്‍ ലോക്ക്, ആഡം സ്മിത്ത് തുടങ്ങിയ സാമ്പത്തിക തത്വചിന്തകര്‍ അവകാശപ്പെടുന്നത്.
നിയോ ക്ലാസിക്കല്‍ ഇക്ണോമിക്‌സ് അടിവരയിടുന്ന കാതലായ ആശയം ഹെഡോനിക് സൈക്കോളജിയാണ്. “സന്തോഷവും സങ്കടങ്ങളും സാമ്പത്തികശാസ്ത്രത്തിന്റെ ആത്യന്തിക ഘടകങ്ങളാണ്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തന്നെ നമ്മുടെ ആഗ്രഹങ്ങളെ പരമാവധി തൃപ്തിപ്പെടുത്തുക, അതായത് ആനന്ദം പരമാവധി ആസ്വദിക്കുക എന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനമാണെ’ന്ന് പ്രശസ്ത നിയോക്ലാസിക് ഇക്ണോമിസ്റ്റ് ചിന്തകനായ വില്യം സ്റ്റാന്‍ലി ജെവോണ്‍സ് അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം വീക്ഷണങ്ങളെ പരിഗണിക്കുമ്പോള്‍ നിയോ ക്ലാസികല്‍ ഘടനയില്‍ പ്രശ്‌നങ്ങളുണ്ടോ എന്നും ഇത് ഇസ്‌ലാമിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതുമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
നിയോ ക്ലാസിക്കല്‍ ഇക്ണോമിക്‌സ് പ്രധാനമായും അതിരുകളില്ലാത്ത യുക്തി, അടങ്ങാത്ത സ്വാര്‍ഥത, പരിധിയില്ലാത്ത ഇച്ഛാശക്തി എന്നീ മൂന്ന് അപ്രായോഗിക അനുമാനങ്ങളില്‍ അധിഷ്ഠിതമാണ്. ഈ അടിസ്ഥാന ആശയങ്ങള്‍ ഇസ്‌ലാമിക് സൈക്കോ ഇക്ണോമിക്‌സില്‍ (Islamic Psychoeconomics) നിന്ന് വളരെ വ്യത്യസ്തവും വിരുദ്ധവുമാണ്. ഒരു മുസ്‌ലിമിന്റെ സാമ്പത്തിക ചിന്താഗതിക്ക് അടിവരയിടുന്ന സൈക്കോ സ്പിരിച്വല്‍ ഗൈഡന്‍സിനു ഊന്നല്‍ നല്‍കുക എന്നതാണ് “സൈക്കോഇക്ണോമിക്‌സ്’ എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്.
ഇസ്‌ലാമിക മനഃസാമ്പത്തിക (psycho-economics) വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ പ്രാഥമികമായി, ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമുള്ള അമിത പരിഗണനക്കും അമിതമായ സുഖലോലുപതക്കും അടിസ്ഥാനപരമായി പ്രാധാന്യം നല്‍കുന്നില്ല. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആനന്ദവും ആസ്വാദനങ്ങളും സ്രഷ്ടാവിന്റെ നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമാണ്.
രണ്ടാമതായി, സ്വത്തിന്റെ ഉടമസ്ഥാവകാശങ്ങളെക്കുറിച്ചുള്ള ഇസ്‌ലാമിക സങ്കല്പം തികച്ചും വ്യത്യസ്തമാണ്. സൂറത്തു തൗബയില്‍ അല്ലാഹു പറയുന്നു: തീര്‍ച്ചയായും അല്ലാഹു വിശ്വാസികളില്‍ നിന്ന് അവരുടെ ജീവനും സ്വത്തുക്കളും (പകരം) സ്വര്‍ഗത്തിനായി വാങ്ങിയിരിക്കുന്നു. മൂന്നാമതായി, ഇക്ണോമിക് ഇന്റിവിജ്വലിസം (Economic Individualism) പൊതുക്ഷേമത്തിന്റെയും സാമുദായിക അവകാശങ്ങളുടെയും ഇസ്‌ലാമിക സങ്കല്പങ്ങളില്‍ നിന്ന് വളരെ അകലെയാണിത്. നമ്മുടെ സമ്പത്തിന്റെ നിശ്ചിത ഭാഗം മറ്റുള്ളവരുടെ അവകാശമായി കണക്കാക്കുന്ന സകാത് സമ്പ്രദായവും ഇത്തരം ദാനധർമങ്ങള്‍ തടഞ്ഞു വെക്കല്‍ ശിക്ഷാര്‍ഹമാണെന്നുമുള്ള ഇസ്‌ലാമികാധ്യാപനം ഇക്ണോമിക് ഇന്റിവിജ്വലിസവും ഇസ്‌ലാമിക് ഇക്ണോമിക്‌സും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നുണ്ട്.
ഇത്തരത്തില്‍ ഖുര്‍ആനും സുന്നത്തും അടയാളപ്പെടുത്തുന്ന സാമ്പത്തിക കാഴ്ചപ്പാടുകളുടെ ആത്മീയ അടിത്തറ വ്യക്തമാണ്. സാമ്പത്തികരംഗത്ത് മനഃശാസ്ത്രപരവും ആരോഗ്യകരവുമായ ഒരു മാനസികാവസ്ഥ വളര്‍ത്തിയെടുക്കുന്ന തത്വങ്ങളാണ് ഇസ്‌ലാമിക് ഇക്ണോമിക്‌സ് മുന്നോട്ടുവെക്കുന്നത്. ആത്മസംതൃപ്തി വളര്‍ത്താനും പരോപകാര സ്വഭാവത്തെ പ്രചോദിപ്പിക്കാനും ദൈവബോധത്തിലേക്ക് നയിക്കാനുമാണ് ഈ തത്വങ്ങള്‍ ലക്ഷ്യമാക്കുന്നത്. നിയോക്ലാസിക്കല്‍ ഇക്ണോമിക്‌സ് മുതലാളിത്തത്തെയും സ്വാര്‍ഥതയെയും പ്രോത്സാഹിപ്പിക്കുമ്പോള്‍ സ്രഷ്ടാവിന്റെ നിയന്ത്രണങ്ങള്‍ക്കധീനമായ, സാമൂഹിക വികസനത്തിന് പരിഗണന നല്‍കുന്ന സമഗ്രമായ സാമ്പത്തിക വീക്ഷണമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്.
ഇസ്‌ലാമിക സാമ്പത്തിക ക്രമത്തിന്റെ പ്രതിഫലനങ്ങള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ജനകീയത, സാമൂഹികക്ഷേമം, വികസനം, മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയില്‍ നിര്‍ണായക ഘടകങ്ങളാണ്. സ്വാർഥതക്കും ലാഭേഛക്കും വേണ്ടി മാത്രം സാമ്പത്തികരംഗം പ്രവര്‍ത്തിക്കുന്ന ഇക്കാലത്ത് മനഃശാസ്ത്രപരവും ആത്മീയപിന്‍ബലമുള്ള തത്വങ്ങളാണ് ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്നത്. ദുനിയാവില്‍ ആയാസകരമായ ജീവിതം നയിക്കുന്നതോടൊപ്പം മരണാനന്തര ജീവിതത്തിലേക്കുള്ള നിക്ഷേപങ്ങളായി നമ്മുടെ സാമ്പത്തിക വിനിമയങ്ങള്‍ മാറേണ്ടതുണ്ട്. “ഉദാരമനസ്‌കന്‍ അല്ലാഹുവിന്റെയും സ്വര്‍ഗത്തിന്റെയും ജനങ്ങളുടെയും സാമീപ്യം കാംക്ഷിച്ചവനാണ്, പിശുക്കന്‍ എന്നിവയില്‍ നിന്നെല്ലാം അകന്നവനും നരകാഗ്‌നിയോട് അടുത്തവനുമാണ്, ഉദാരമനസ്‌കനായ ഒരു സാധാരണ വ്യക്തി പിശുക്കനായ പണ്ഡിതനെക്കാള്‍ സ്രഷ്ടാവിന് പ്രിയപ്പെട്ടവനാണ്’ എന്ന നബിവചനം നല്‍കുന്ന സന്ദേശം മഹത്തരമാണ്.
ഇത്തരത്തിലുള്ള ഇസ്‌ലാമിന്റെ സാമ്പത്തിക ലോകവീക്ഷണങ്ങളിലേക്ക് മുസ്‌ലിം സമൂഹത്തെ പുനഃക്രമീകരിക്കുന്നത് വ്യക്തിപരവും സാമൂഹികവുമായ ക്ഷേമത്തിനും വളര്‍ച്ചക്കും അനിവാര്യമാണ് ■
കടപ്പാട്: yaqeeninstitute.org

Share this article

About മുജ്തബ സി ടി കുമരംപുത്തൂര്‍

ctmujthabamkd@gmail.com

View all posts by മുജ്തബ സി ടി കുമരംപുത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *