ശൈഖ് ഹംദുല്ലയും ഒട്ടോമന്‍ കലിഗ്രഫിയും

Reading Time: 3 minutes

മഹത്തായ ജ്ഞാനികളുടെ കൈകളാല്‍ നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ട വിസ്മയിപ്പിക്കുന്ന കലാശാഖയാണ് ഇസ്‌ലാമിക് കലിഗ്രഫി. ഈറ്റ പേനയും മഷിയും ഉപയോഗിച്ച് എഴുതുന്ന ഇസ്‌ലാമിക് കലിഗ്രഫി, ഖുര്‍ആന്‍ മനോഹരമായി എഴുതാനുള്ള ശ്രമത്തില്‍ നിന്നാണ് പിറവിയെടുത്തത് എന്ന്് കരുതുന്നു. സൗന്ദര്യബോധത്തിന്റെയും മതപരവും കലാപരവുമായ ഭൂതകാലത്തിന്റെയും കൈമാറ്റമാണ് കലിഗ്രഫിയിലൂടെ സാധ്യമാകുന്ന ഒരു കാര്യം. നൂറ്റാണ്ടുകളായി ഇസ്‌ലാമിക വാസ്തുവിദ്യയെ അലങ്കരിക്കാന്‍ ഇസ്‌ലാമിക് കലിഗ്രഫി ഉപയോഗിച്ചിരുന്നു. വാതിലുകള്‍, ചുവരുകള്‍, മിഹ്‌റാബുകള്‍, മിന്‍ബറുകള്‍, താഴികക്കുടങ്ങള്‍ എന്നിവക്കായുള്ള ശ്രദ്ധേയമായ അലങ്കാരപ്പണിക്കായി അവ ഉപയോഗിക്കപ്പെട്ടു. പ്രിയത്തോടെ തന്നെ ആ സന്ദേശം വായിക്കാന്‍ ആസ്വാദകര്‍ക്ക് സാധിച്ചു.
1258ല്‍ ചരിത്രത്തില്‍ നിന്ന് അബ്ബാസി കാലഘട്ടം മാഞ്ഞതോടെ, കലിഗ്രഫി ടര്‍കിഷ്, ഇറാനിയന്‍ കലിഗ്രാഫര്‍മാര്‍ ഏറ്റെടുത്തു. ഇറാനിയന്‍ കലിഗ്രാഫര്‍മാര്‍ കലിഗ്രഫിയിലെ പൊതുവായ ആറു ശൈലികളും യാഖൂത്ത് ശൈലിയെ അംഗീകരിച്ചുകൊണ്ടായിരുന്നു എഴുതിയിരുന്നത്.
ഒട്ടോമന്‍ കലിഗ്രഫി വിശകലനം ചെയ്യുമ്പോള്‍ തന്നെ ഒട്ടോമന്‍ കലിഗ്രഫിയുടെ പിതാവായി ശൈഖ് ഹംദുല്ലയെ കാണാവുന്നതാണ്. ശൈഖ് ഹംദുല്ല ആദ്യഒട്ടോമന്‍ കലിഗ്രഫറാണെന്ന് പക്ഷേ എവിടെയും സൂചിപ്പിക്കുന്നില്ല. ഒട്ടോമന്‍ സാമ്രാജ്യം സ്ഥാപിതമായപ്പോഴേക്കും കലിഗ്രഫി വലിയ രീതിയില്‍ പുരോഗതി നേടിയിരുന്നു. വാസ്തവത്തില്‍, ഒട്ടോമന്‍മാര്‍ സല്‍ജൂഖ് അതിര്‍ത്തിയില്‍ ഒരു രാഷ്ട്രമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ തന്നെ ബഗ് ദാദ് കലിഗ്രഫിയുടെ സുവര്‍ണ ദിനങ്ങള്‍ ആസ്വദിക്കുകയായിരുന്നു. രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒട്ടോമന്‍ കലിഗ്രഫി പാഠശാല സ്ഥാപിച്ച ശൈഖ് ഹംദുല്ലയെ പോലെ തന്നെ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് യാഖൂത്ത് അല്‍ മുഅ്തസിം.
തുര്‍ക്കിയിലെ അമാസ്യയിലാണ് ജനനം. ചെറുപ്രായത്തില്‍ തന്നെ അടിമക്കച്ചവടക്കാര്‍ പിടികൂടിയ യാഖൂത്തിനെ ബാഗ് ദാദില്‍ അബ്ബാസി ഖലീഫ അല്‍ മുസ്തഅ്‌സിമിന് വിറ്റു. അല്‍ മുസ്തഅ്‌സിമിന്റെ കോടതിയില്‍ നിന്ന് പ്രത്യേകം വിദ്യാഭ്യാസം നേടിയ യാഖൂത്ത്, സംഗീതജ്ഞനായ സഫി അല്‍ദിന് അല്‍ ഉര്‍മവിക്ക് കീഴില്‍ പഠനം നടത്തിയിട്ടുണ്ട്. തുടര്‍ച്ചയായ പരിശീലന സംവിധാനമുള്ള മെസ്‌ക് എന്ന പഠനത്തിലൂടെയാണ് അദ്ദേഹം കലിഗ്രഫി പഠിച്ചത്. ഒരു നിശ്ചിത തലത്തില്‍ എത്തിക്കഴിഞ്ഞപ്പോള്‍, കലിഗ്രഫിയിലെ മഹാപണ്ഡിതരായ ഇബ്‌നു മുഖ്‌ലയുടെയും ഇബ്‌നുല്‍ ബവ്വാബിന്റെയും ശൈലികള്‍ യാഖൂത്ത് പരിശീലിച്ചു. തുടര്‍ന്ന് ആറുതരം കലിഗ്രഫിയിലും (അഖ് ലാമെ സിത്ത) അദ്ദേഹം തന്റെ സ്വന്തം ശൈലി വികസിപ്പിച്ചെടുത്തു. പ്രത്യേകിച്ച് മുഹഖഖ്, റയ്ഹാനി ശൈലികള്‍ വളരെ മനോഹരമായി പകര്‍ത്തിയെഴുതാന്‍ തുടങ്ങി. തുലുത്, നസ്ഖ് ശൈലികളിലും അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. അപ്പോഴും ഒട്ടോമന്‍ കലിഗ്രഫി പാഠശാല തുടങ്ങിയിരുന്നില്ല.
ശൈഖ് ഹംദുല്ല എപ്പോഴാണ് ജനിച്ചതെന്ന് കൃത്യമായ രേഖയില്ല. 1426നും 1436നും ഇടയിലെപ്പോഴെങ്കിലുമാവാം. ശൈഖ് ഹംദുല്ല അമാസ്യയിലെ ഒരു പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്നു(സാരികാദിസാദെ കുടുംബം). അദ്ദേഹത്തിന്റെ പിതാവോ പിതാമഹനോ ബുഖാറയില്‍ നിന്ന് അമാസ്യയിലേക്ക് കുടിയേറിയാതായി ഒരു റിപ്പോര്‍ട്ടുണ്ട്. പണ്ഡിതന്മാരും ജ്ഞാനികളുമടങ്ങുന്ന കുടുംബമായിരുന്നു സാരികാദിസാദെ കുടുംബം. അവര്‍ മക്കള്‍ക്ക് മാന്യമായ വിദ്യാഭ്യാസം നല്‍കിയിരുന്നു.
കലിഗ്രാഫര്‍ എന്ന രീതിയിലുള്ള ആദ്യ അംഗീകാരം അദ്ദേഹത്തിന് ലഭിക്കുന്നത് ഖൈറുദ്ദീന്‍ മറാസിയില്‍ നിന്നാണ്, കലിഗ്രഫിയുടെ അധ്യാപകന്‍ എന്ന രീതിയിലുള്ള അംഗീകാരം അദ്ദേഹത്തിന് ലഭിക്കുന്നത് പിതാവായ മുസ്തഫ ദെദെയില്‍ നിന്നാണ്. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തിന് വഴിത്തിരിവായത് ഒരു കൂടിക്കാഴ്ചയായിരുന്നു. ഒരിക്കല്‍ തന്റെ പിതാവിന്റെയടുത്ത് അന്നത്തെ അമാസ്യയുടെ ഗവര്‍ണറായിരുന്ന ബായസീദ് രണ്ടാമന്‍ വന്നു. പിതാവുമായി കുറേ സംവദിച്ചു. തന്റെ പിന്‍ഗാമിയെ കാത്തിരിക്കുകയായിരുന്നു ബായസീദ്. ഭക്തനും ജ്ഞാനിയുമായ ഷഹ്‌സാദിനൊപ്പം (രാജകുമാരന്‍) ഖുര്‍ആനും സാഹിത്യവും പഠിച്ചതിനാല്‍ കലിഗ്രഫി പരിശീലകനായി ശൈഖ് ഹംദുല്ലയെ ബായസീദ് നിയമിച്ചു. ഇതിനിടയില്‍ തന്നെ, മുഹമ്മദ് ഫാതിഹിന്റെ ലൈബ്രറിക്ക് വേണ്ടി ചില കൃതികള്‍ തന്റെ മനോഹരമായ ലിപിയില്‍ ഹംദുല്ല പുനര്‍നിര്‍മിച്ചുനര്‍കി. ബായസീദ് രണ്ടാമനുമായി അദ്ദേഹത്തിന് നല്ല സൗഹൃദമുണ്ടായിരുന്നു. ഹംദുല്ല ബായസീദിന് വേണ്ടി കലിഗ്രഫി ചെയ്തിരുന്നു. തന്റെ അമ്മാവനും കലിഗ്രാഫറുമായ ജമാലുദ്ദീന്‍ അമാസ്യയുടെ മകളെയായിരുന്നു വിവാഹം കഴിച്ചത്. അതില്‍ രണ്ട് മക്കള്‍ പിറന്നു. മകന്‍ മുസ്തഫ പിതാവിനെ പോലെ കലിഗ്രാഫറായി.
കായികതാരം കൂടിയായിരുന്നു ശൈഖ്. മികച്ച വില്ലാളി. ആയിരത്തിലധികം അടി അകലെ നിന്ന് അമ്പ് എറിഞ്ഞുവീഴ്ത്തിയ ഒരു കഥയുണ്ട്. ഒക്‌മെയ്ദാനിലെ ഒരു കല്ലില്‍ ഇതിനെ അനുസ്മരിക്കുന്ന ഒരു കൊത്തുപണിയുണ്ട്. അമ്പെയ് ത്തിലെ വൈദഗ്ധ്യം കാരണം ബായസീദ് രണ്ടാമന്‍ ശൈഖ് ഹംദുല്ലയെ ഒക്കുലാര്‍ ടെക്കേസിയുടെ (അമ്പെയ്ത്തുക്കാരുടെ ആസ്ഥാനം) ശൈഖായി നിയമിച്ചു. നീന്തല്‍, തയ്യല്‍ എന്നിവയിലും ഹംദുല്ല നിപുണനായിരുന്നു.
ബായസീദ് രണ്ടാമന്‍ തന്റെ പിതാവായ മുഹമ്മദ് രണ്ടാമനെ പിന്തുടര്‍ന്ന് ഒട്ടോമന്‍ സിംഹാസനത്തില്‍ പ്രവേശിച്ചതിനു ശേഷം അദ്ദേഹം തന്റെ ഉസ്താദും സുഹൃത്തുമായ ഹംദുല്ലയെ ഇസ്താംബൂളിലേക്ക് കൊണ്ടുവന്നു. കൊട്ടാരത്തിലെ എഴുത്തുകാര്‍ക്കും സേവകര്‍ക്കും പരിശീലകനായി അദ്ദേഹത്തെ നിയമിച്ചു. അതേസമയം, ഇസ്താംബൂളിലെയും എഡ്രിയാനയിലെയും കോടതികളില്‍ അദ്ദേഹത്തിന് താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന ഒരു ജോലിസ്ഥലവും താമസസ്ഥലവും ക്രമീകരിച്ചു. കൂടാതെ, ഉസ്‌കുദറിലെ രണ്ടു ഗ്രാമങ്ങളിലെ വരുമാനം അദ്ദേഹത്തിന് നല്‍കിയിരുന്നു. ഇത്ര അധികം സൗകര്യം ലഭിച്ചിട്ടും ശൈഖ് ഹംദുല്ല ഒരു ദര്‍വീഷിന്റെ മനോഭാവം സ്വീകരിച്ചുവെന്നത് ശ്രദ്ധേയമാണ്. കലിഗ്രഫി എഴുതുന്നവര്‍ ദര്‍വേഷിന്റെ മനോഭാവം അണിയുക സ്വാഭാവികമാണ്. (ഇത് എന്തുകൊണ്ടാണെന്നത് കൗതുകമുള്ള ആലോചനയാകും.) എല്ലാ പിന്തുണയും ഒട്ടോമന്‍ ഭരണകൂടം അദ്ദേഹത്തിന് ല്‍കിയിരുന്നു. തന്റെ സുഹൃത്ത് സുല്‍ത്താന്‍ ബായസീദ് രണ്ടാമന്റെ ഉപദേശപ്രകാരം, അദ്ദേഹം അബ്ബാസി ശൈലി സൂക്ഷ്മമായി പരിശോധിക്കുകയും ഒട്ടോമന്‍ ശൈലിയെ പുനപരിശോധിക്കുകയും ചെയ്തു. ശൈഖ് ഹംദുല്ലയുടെ കാലം മുതല്‍ അച്ചടി കണ്ടുപിടിക്കുന്നത് വരെ, ഖുര്‍ആന്‍ നസ്ഖ് കലിഗ്രഫിയിലും സുലുസ് കലിഗ്രഫിയിലും തയാറാക്കിയിരുന്നു.
ശൈഖ് ഹംദുല്ലയുടെ രചനാരീതിയെ ശൈഖ് ശൈലി എന്ന് വിളിക്കുന്നു, അത് യാഖൂത്തിനെക്കാള്‍ മികച്ചതായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ജീവിചരിത്രക്കാരനായ മുസ്തകിംസാദെയുടെ വിവരണമനുസരിച്ച്, സുല്‍ത്താന്‍ ബായസീദ് ശൈഖ് ഹംദുല്ലയെ വിളിച്ച് യാഖൂത്ത് അല്‍ മുസ്തഅ്‌സിമിന്റെ കലിഗ്രഫിയില്‍ ആശ്രയിക്കാതെ പുതിയ രീതി കണ്ടെത്താന്‍ ആവശ്യപ്പെട്ടു. മാത്രമല്ല, സുല്‍ത്താന്‍ പുതിയ മാതൃകകള്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. ശൈഖിന്റെ പല ഗ്രന്ഥങ്ങളും വായിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് രണ്ടു കാലഘട്ടങ്ങള്‍ ഉണ്ടായിരുന്നു എന്ന് മനസിലാക്കാവുന്നതണ്. അദ്ദേഹം യാഖൂത്തിന്റെ സ്വാധീനത്തിലായിരുന്ന അമാസ്യ കാലഘട്ടവും തന്റേതായ ശൈലിയില്‍ തിളങ്ങിയ ഇസ്താംബൂള്‍ കാലഘട്ടവും.
ശൈഖിന് പിന്നീടുണ്ടായിരുന്നത് കഠിനാധ്വാനത്തിന്റെ കാലമായിരുന്നു. മുസ്തകിംസാദെ രേഖപ്പെടുത്തിയത് അനുസരിച്ച്, ശൈഖ് ഹംദുല്ല പ്രധാനപ്പെട്ട ശൈലികളെയും യാഖൂത്ത് ശൈലിയെയും സംബന്ധിച്ച് പഠനം നടത്തി. എഴുത്തിന്റെ സൗന്ദര്യശാസ്ത്രത്തില്‍ മറ്റുള്ളവര്‍ പരാജയപ്പെടുന്നതിന്റെ സാഹചര്യങ്ങള്‍ ഒഴിവാക്കി. തന്റെ മനസില്‍ കൊത്തിവെച്ച മനോഹരമായ രൂപങ്ങളും ഇണക്കങ്ങളും കാൻവാസിൽ പകർത്താന്‍ അദ്ദേഹം പാടുപ്പെട്ടു. അദ്ദേഹത്തിന്റെ എഴുത്തില്‍ പലപ്പോഴും നിസഹായത അനുഭവപ്പെട്ടു. ഒടുവില്‍ തന്റെ സ്വപ്‌നങ്ങളില്‍ നെയ്‌തെടുത്ത രചനാശൈലി കൈവരിച്ചു. അല്ലാഹുവില്‍ നിന്നുള്ള അദ്ഭുതകരമായ സമ്മാനം പോല ആ എഴുത്തിനെ അവര്‍ കടലാസില്‍ പതിപ്പിച്ചു. യാഖൂത്തിനെ അപേക്ഷിച്ച് ശൈഖിന്റെ ശൈലി വിശാലവും കലര്‍പില്ലാത്തതുമായിരുന്നു. യാഖൂത്ത് ശൈലിയിലുണ്ടായിരുന്ന സങ്കീര്‍ണതകള്‍ നസ്ഖ് കലിഗ്രഫി ഉപയോഗപ്പെടുത്തി ശൈഖ് പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് കലിഗ്രഫിയില്‍ യാഖൂത്ത് ശൈലി ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ടു, ശൈഖിന്റെ ശൈലി മുസ്‌ലിം ലോകത്തെമ്പാടും അംഗീകരിക്കപ്പെട്ടു.
ബായസീദ് രണ്ടാമന് ശേഷം യാവുസ് സലീമിന്റെ കാലത്തില്‍ ഏകാന്തതയിലേക്ക് പിന്‍വാങ്ങിയ ശൈഖ് ഹംദുല്ല സുലൈമാന്‍ ഒന്നാമന്‍ (മാഗ്‌നിഫിഷ്യന്റ്) സിംഹാസനത്തില്‍ കയറിയ അതേ വര്‍ഷം മരണപ്പെട്ടു. തനിക്ക് വേണ്ടി ഒരു മുസ്ഹഫ് പുനര്‍നിര്‍മിക്കാന്‍ സുലൈമാന്‍ ശൈഖിനോട് ആവശ്യപ്പെട്ടതായും, അതിന് മറുപടിയായി, തന്റെ വാര്‍ധക്യം ഉദ്ധരിച്ച് ശൈഖ് ചെറുപ്പക്കാരനായ ഒരു കലിഗ്രഫരായ മുഹ് യിദ്ദീന്‍ അമാസ്യയെ നിയമിച്ചുവെന്നും മറുപടിയായി സുലൈമാന്‍ ശൈഖിന് സമ്മാനമായി സാബിള്‍ രോമങ്ങള്‍ നല്‍കിയന്നും പറയപ്പെടുന്നു.
നാല്‍പത്തിഴേയ് മുസ്ഹഫ് ചുരുളുകളും ശ്ലോകങ്ങളും മുറാഖ ചിത്രഫലകങ്ങളും അല്‍ അന്‍ആം, അല്‍ കഹ്ഫ്, അന്‍ബഅ് സൂറത്തുകളുടെ എഴുത്തുകളും കലിഗ്രഫിയിലെ ആയിരത്തോളം ഉദാഹരണങ്ങളും ഒരു ദിക്‌റും ശൈഖ് ഹംദുല്ലയുടേതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ഗണ്യമായ പല ശേഷിപ്പുകളും തുര്‍ക്കിയിലെ വിവിധ മ്യൂസിയങ്ങളിലും ലൈബ്രറികളിലും സൂക്ഷിച്ചിട്ടുണ്ട്.
ശൈഖ് ഹംദുല്ലയുടെ നസ്ഖ് കലിഗ്രഫിയില്‍ ആലേഖനം ചെയ്ത “ലൈല മജ്‌നൂന്‍’ കവിതയുടെ പകര്‍പ്പ് അടുത്തിടെയായി ജര്‍മനിയില്‍ അനാച്ഛാദനം ചെയ്തു. ശൈഖ് ഹംദുല്ല തന്റെ കലിഗ്രഫിയുടെ തനതായ ശൈലിയുടെ പേരില്‍ “ഖിബ്‌ലത്തുല്‍ കുത്താബ്'(ലിപി എഴുത്തുക്കാരുടെ ഖിബ്‌ല) എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. അദ്ദേഹത്തെ സമകാലികര്‍ അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും വളരെ കുറച്ച് പേര്‍ക്ക് മാത്രമാണത് കഴിഞ്ഞത്.
അദ്ദേഹത്തിന്റെ പേരില്‍ ഒരു കലിഗ്രഫി മ്യൂസിയം 2018ല്‍ അമാസ്യ നഗരത്തില്‍ ആരംഭിച്ചു. ലോകത്തിലെ ആദ്യത്തെയും ഒരേയൊരു കലിഗ്രഫി മ്യൂസിയമായ ഇതിന്റെ പേര് ശൈഖ് ഹംദുല്ല സ്‌ക്രപ്ചര്‍ ഹിസ്റ്ററി ആന്‍ഡ് ഇസ്‌ലാമിക് കലിഗ്രഫി മ്യൂസിയം എന്നാണ് ■

Share this article

About സ്വാദിഖ് ചുഴലി

swadiquechuzhali@gmail.com

View all posts by സ്വാദിഖ് ചുഴലി →

Leave a Reply

Your email address will not be published. Required fields are marked *