മതനിയമങ്ങള്‍: മൂല്യങ്ങളുടെ സാമൂഹിക രേഖ

Reading Time: 3 minutes

“ചിന്താശേഷിയുള്ളവരേ, പ്രതിക്രിയയില്‍(ഖിസാസ്) നിങ്ങള്‍ക്ക് ജീവതമുണ്ട്’ എന്ന ഖുര്‍ആനിക വചനത്തെ വിശദീകരിച്ച് പണ്ഡിതര്‍ പറയുന്നത്, പരസ്പരം രക്തം മോഹിക്കുന്നതിനെതിരെയുള്ള മൂര്‍ച്ചയുള്ള പ്രതിരോധവും പ്രബോധനവുമാണിത്. ഇരക്ക് വരുത്തിയ അതേ അളവില്‍ പ്രതിയെ ശിക്ഷിക്കാം എന്നു വരുമ്പോള്‍ തനിക്കേല്‍ക്കേണ്ടി വരുന്ന നഷ്ടത്തെ ഓര്‍ത്ത് പ്രതി സ്വമേധയാ മാറിനില്‍ക്കുന്നു. അക്രമമില്ലാത്ത മുറക്ക് ഇരയുടെ ജീവനും അവശേഷിക്കുന്നു. മൂല്യങ്ങളെ സാമൂഹികവത്കരിക്കല്‍ ഇസ്‌ലാമിക നിയമങ്ങളുടെ പൊതുസ്വഭാവമാണ്. ഒരു ലക്ഷ്യാധിഷ്ഠിത ജീവിത പദ്ധതിയായി ഇസ്‌ലാമിനെ അനുഭവിക്കാവുന്ന മുറക്ക് അവയുടെ സാംഗത്യത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് പ്രസക്തിയുണ്ട്. പ്രധാനമായും ഇസ്‌ലാമിക നിയമ സംഹിതയുടെ (ശരീഅത്) മാനദണ്ഡങ്ങളെയും ആത്യന്തിക ലക്ഷ്യങ്ങളെയുമാണ് ഈ ആലോചന അന്വര്‍ഥമാക്കുന്നത്.
ദൈവികമാണ് ഇസ്‌ലാമിക നിയമങ്ങള്‍ (ഹുക്മ്). മുകല്ലഫ് എന്ന നിലയില്‍ വാചികം, ശാരീരികം, വര്‍ജിക്കലുമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെടുന്ന ദൈവിക സംബോധനയാണ് അഹ്കാമ് എന്ന് ഇമാം താജുദ്ദീന്‍ സുബ്കി(റ) വിവക്ഷിക്കുന്നു. അത് കാലാതീതമായി (അസലിയ്) നിലനില്‍ക്കുമ്പോഴും പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള (മുകല്ലഫ്) മനുഷ്യര്‍ക്കേ ഇവ ബാധകമാകുന്നുള്ളൂ. അതും വ്യക്തിയുടെ സമയം, സന്ദര്‍ഭം, സാഹചര്യം എന്നിവക്കനുസരിച്ച് നിയമങ്ങള്‍ക്കും മാറ്റം വരും. വാജിബ്, സുന്നത്ത്, മുബാഹ്, ഹറാം, കറാഹത് എന്നിങ്ങനെയാണ് നിയമങ്ങള്‍. ഇവകള്‍ ചില മാനദണങ്ങളിലും ലക്ഷ്യങ്ങളിലും അധിഷ്ഠിതമാണ്.
ചലന നിശ്ചലനങ്ങളാണ് മനുഷ്യന്റെ ജൈവികത. അവയുടെ നടപ്പുരീതികളെയാണ് നിയമങ്ങള്‍ തുറന്നുവെക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ സാക്ഷാത്കാരമാണ് പ്രതിഫലങ്ങളായി അവനു ബാക്കിയാവുന്നത്. നന്മയെങ്കില്‍ ഗുണവും(സവാബ്) തിന്മയെങ്കില്‍ ശിക്ഷയും(ഇഖാബ്) അല്ലാഹുവിന്റെ തെരഞ്ഞെടുപ്പനുസരിച്ച് അടിമക്ക് ലഭിക്കും. അതില്‍ വ്യക്തിയുടേതായി പ്രതീക്ഷക്കപ്പുറം ഒരു പ്രതിഫലനങ്ങളുമില്ല. അതുകൊണ്ട് ഒന്നിനെയും മനുഷ്യപ്രകൃതിയോട് യോജിച്ചതുകൊണ്ട് നന്മയെന്നോ, വിയോജിച്ചതുകൊണ്ട് തിന്മയെന്നോ വിവഛേദിക്കാന്‍ കഴിയില്ല. കാരണം മനുഷ്യയുക്തിയുടെ പരിമിതിക്കകത്ത് നിന്ന് ഒന്നില്‍ പൂര്‍ണ തീര്‍പ്പുപറയല്‍ അസാധ്യമാണ്. എങ്കിലും മതം (ശറഅ്) വിവക്ഷിക്കുന്നതിനോട്- ഭൗതിക ലോകത്ത് അഭിനന്ദനമോ ആക്ഷേപമോ ആയി ഗണിക്കപ്പെടുന്നതും പാരത്രിക ജീവിതത്തില്‍ കൂലിയും കുറ്റവും ഏല്‍ക്കേണ്ടിവരുന്നതമായ പ്രവര്‍ത്തനങ്ങള്‍- അവന്റെ ആലോചന ഒത്തുവരാം. അങ്ങനെ മനസിലാകുന്നതും (മഅ്ഖൂലുല്‍ മഅനാ) തീര്‍ത്തും ദൈവികവുമായ (തഅബുദിയ്യ്) എല്ലാ കാര്യങ്ങള്‍ക്കും മുറ പോലെ വിധേയപ്പെടാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. കാരണം ശറഅ് നിചപ്പെടുത്തുന്ന മേന്മ, തിന്മകളാണ് (ഹുസ്‌ന്, ഖുബ്ഹ്) മനുഷ്യ വിജയത്തിന്റെയാകെ നിദാനമാകുന്നത്.
ഇസ്‌ലാമിക നിയമങ്ങള്‍ നന്മയുടെ സാക്ഷാത്കാരമോ തിന്മയുടെ പ്രതിരോധമോ ആയിരിക്കുമെന്ന് ഇമാം ഇസ്സുദ്ദീന്‍ ബ്‌നു അബ്ദുസ്സലാം (റ)പറയുന്നു. അതോടൊപ്പം നിര്‍മാണത്മകവും (നഫ്ഇയ്യ്) പ്രതിരോധാത്മകവുമായ (ദഫ്ഇയ്യ്) ഈ നിയമങ്ങള്‍ ചില അടിസ്ഥാന തത്വങ്ങളില്‍ അധിഷ്ഠിതവുമാണ്. ശാഫിഈ മദ്ഹബ് നാലു അടിസ്ഥാന തത്വങ്ങളില്‍ കേന്ദ്രീകൃതമാണെന്ന് ഇമാം ഖാളി ഹുസൈന്‍ (റ) അഭിപ്രായപ്പെട്ടു. ഇമാം സുബ്കി (റ) അടക്കമുള്ളവര്‍ തദ്വിഷയകമായ പര്യാലോചനക്കു ശേഷം അഞ്ചു പൊതുതത്വങ്ങളില്‍ ശാഫിഈ കര്‍മശാസ്ത്രത്തെ ക്ലിപ്തപ്പെടുത്തി.

  1. ലക്ഷ്യം മുഖേനെയാണ് കാര്യങ്ങള്‍ വിലയിരുത്തപ്പെടുക.1
  2. ഉറപ്പുള്ള കാര്യം സംശയത്താല്‍ അസാധു ആവില്ല.2
  3. പ്രതിസന്ധികളില്‍ ഇളവുകള്‍ പ്രയോചനപ്പെടുത്താം.3
  4. ബുദ്ധിമുട്ട് നിലനില്‍ക്കില്ല.4
  5. നാട്ടുവഴക്കം (ഉര്‍ഫ്, ആദത്) വിധി പ്രസ്താവത്തെ നിര്‍ണയിക്കും.5
    ആരാധനകള്‍, ഇടപാടുകള്‍, വൈവാഹികം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കര്‍മശാസത്രം ഇടപെടുന്ന എല്ലാത്തിന്റെയും അടിസ്ഥാനം ഈ തത്വങ്ങളാണ്. വ്യക്തിപരമോ സാമൂഹികമോ ആയ ഏതൊരു വിഷയത്തേയും ഫിഖ്ഹ് വിലയിരുത്തുന്നത് ഈ പൊതുതത്വങ്ങള്‍ മുന്‍നിര്‍ത്തിയാണ്. നടപ്പുകാല വ്യവഹാരങ്ങളുടെ തുടര്‍ച്ചയിലുണ്ടാകുന്ന മാറ്റങ്ങളാണ് പുതിയ കാലത്തെ നിര്‍മിക്കുന്നത്. അതിലെ സാമ്യതകളും അസാമ്യതകളും (ജംഅ്, ഫര്‍ഖ്)മനനം ചെയ്ത് ചതുര്‍പ്രമാണങ്ങള്‍ക്കനുസൃതമായി (ഖുര്‍ആന്‍, സുന്നത്, ഇജ്മാഅ്, ഖിയാസ്) നിയമനിര്‍മാണം നടത്താന്‍ സാധിക്കും. അവ അനുസരിച്ച് ജീവിക്കലാണ് വിശ്വാസിക്ക് ബാധ്യതയായിട്ടുള്ളത്. കാരണം ഭൗതിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും മതം സുതാര്യമായി വഴികാട്ടുന്നുണ്ട്. ഭൗതിക മാത്ര നിയമങ്ങള്‍ക്കും മനുഷ്യനിര്‍മിത വ്യവസ്ഥിതികള്‍ക്കും ഒരു താത്കാലിക കീഴ്‌പ്പെടലിന്റെയോ നിര്‍ബന്ധിത (Impose) വിധേയപ്പെടലിന്റെയോ ഭാഗമായിട്ടാണ് പൊതുവേ അനുശ്വാസിക്കുന്നത്. മത നിയമങ്ങളാകട്ടെ അനുകര്‍ത്താവാകുന്നത് സ്വയം സന്നദ്ധതയുടെ (Dedication) ഭാഗമായിട്ടുമാണ്. കാരണം അതു നിര്‍വഹിക്കുന്നത് ഭൗതിക പരിരക്ഷയും പാരത്രിക മോക്ഷവുമാണ്. മതം ലക്ഷ്യം വെക്കുന്ന മാനുഷിക നേട്ടങ്ങളെ ഇമാം ഗസ്സാലി (റ) നിരീക്ഷിക്കുന്നുണ്ട്.
  6. വിശ്വാസ സംരക്ഷണം 6
  7. ശാരീരിക സുരക്ഷ 7
  8. ബൗദ്ധിക പരിരക്ഷ 8
  9. സന്താന സംരക്ഷണം 9
  10. സാമ്പത്തിക ഭദ്രത 10
    മഖാസിദുശ്ശരീഅയുടെ ഈ പഞ്ച ലക്ഷ്യത്തിലുള്‍പ്പെടുന്ന ഏതൊരു കര്‍മവും നിഷ്‌കര്‍മവും (ഫിഅ്ല്‍, തര്‍ക്ക്) നന്മയാണ്. അതിനു പുറത്തുള്ളവ പ്രവര്‍ത്തിക്കല്‍ തിന്മയും ഉപേക്ഷിക്കല്‍ നന്മയുമാണെന്നും മഹാന്‍ അപഗ്രഥിക്കുന്നു. ഈ മസ്‌ലഹത്തുകള്‍ പരിഗണിക്കുന്നതിനു മൂന്ന് തലങ്ങളുമുണ്ട്. അനിവാര്യം (ളറൂരിയ്യാത്), ആവശ്യം (ഹാജിയ്യാത്), ആലങ്കാരികം (തഹ്‌സീനിയ്യാത്, തസ് യീനയ്യാത്) എന്നിങ്ങനെ സന്ദര്‍ഭോചിതമായി അനുവര്‍ത്തിക്കാനുള്ള പ്രത്യയശാസ്ത്ര വിശാലതയുമാണ് മനുഷ്യ വിമോചനത്തിനുള്ള മാര്‍ഗദര്‍ശനമായി ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. മനുഷ്യ ചിന്തക്കനുസൃതമായി രൂപപ്പെടുത്തിയ വ്യവഹാര മാതൃകകളെക്കാള്‍ മൂല്യത്തോടെ ശറഹ് ഭൗതിക ജീവിതത്തെയും പരിരക്ഷിക്കുന്നതുകൊണ്ടാണ് ഇവ്വിധം മാനവികതയെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നത്.
    മതപരവും ഭൗതികവുമായ ദൈവികാനുഗ്രഹങ്ങള്‍ പ്രവിശാലമാണ്. അതില്‍ മതപരമായ അനുഗ്രഹങ്ങള്‍ക്കാണല്ലോ വിശ്വാസി കൂടുതല്‍ പരിഗണന നല്‍കുന്നത്. അതിനാല്‍ കര്‍മങ്ങളുടെ രീതിശാസ്ത്രത്തെയും ലക്ഷ്യങ്ങളെയും കഴിവനുസരിച്ച് മനസിലാക്കിയിരിക്കണം. കര്‍മങ്ങളെക്കുറിച്ചുള്ള അറിവ് ദൈവിക സാമീപ്യത്തിലേക്കുള്ള വഴികള്‍ തുറക്കുന്നു. “ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഉള്‍വിചാരങ്ങള്‍ ഭക്തിയും ആത്മബലവും നേടിത്തരുന്നു. ഈ ഹൃദയശുദ്ധി മുഖേന കര്‍മങ്ങളെ യഥാവിധി നിര്‍വഹിക്കാനുള്ള അവസരവുമൊരുക്കുന്നു’. ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ടെന്നും അതിന്റെ ഗതിവ്യതിയനുസരിച്ച് കര്‍മങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാകുമെന്നുമുള്ള പ്രവാചക അധ്യാപനത്തെ മുന്‍നിര്‍ത്തി ശാഹ് വലിയുല്ലാഹ് അദ്ദഹ്‌ലവി(റ) ഇങ്ങനെ നിരീക്ഷിക്കുന്നു. മതമൂല്യങ്ങളെ മുന്‍നിര്‍ത്തി മനുഷ്യന്‍ അല്ലാഹുവിന് വിധേയപ്പെടേണ്ടതിന്റെ അനിവാര്യതയെയും അവയുടെ യുക്തിയെയും മഹാന്‍ വ്യക്തമാക്കുന്നുണ്ട്.
    ബൗദ്ധിക വിവേകത്തിനനുസരിച്ച് സ്വയം സന്നദ്ധമാവലാണ് തക്‌ലീഫ്. അല്ലാതെ കേവല അടിച്ചേല്‍പ്പിക്കലല്ല. പ്രാപഞ്ചികാവസ്ഥയില്‍ സാധ്യമാവുന്ന ഉന്നതമായ വ്യവസ്ഥിതിയുടെ നിര്‍വഹണമാണ് തക്‌ലീഫ് ഉള്‍വഹിക്കുന്നത്. പ്രപഞ്ചത്തിന്റെ സവിശേഷതയില്‍ പെട്ടതാണ് വ്യത്യസ്ത പ്രകൃതക്കാരായ മനുഷ്യരും മനുഷ്യേതരജീവികളും. പക്ഷേ ഇതര ജീവികളില്‍ നിന്നു വ്യത്യസ്തമായി ബൗദ്ധിക വികാസത്തിലൂടെയാണ് മനുഷ്യന് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നത്. അതിനു ശരിതെറ്റുകളെ വേര്‍തിരിച്ച് ബോധ്യപ്പെടുത്താന്‍ നിയമ വ്യവസ്ഥ അനിവാര്യമാണ്. അതുപോലെ ദൈവമാര്‍ഗത്തില്‍ ജീവിച്ചവനെയും വഴിപിഴച്ചവനെയും തരംതിരിക്കാനുമാവും. വ്യക്തിയുടെ ഹിതത്തിനനുസരിച്ച് തന്റെ വഴി തിരഞ്ഞെടുക്കുന്നു. അതു വഴി സഞ്ചരിക്കാന്‍ സ്രഷ്ടാവ് കഴിവു നല്‍കുന്നു. ബുദ്ധിയാണ് തക്‌ലീഫിന്റെ അടിസ്ഥാനം എന്നിരിക്കെ ബുദ്ധിഭ്രമം ബാധിച്ചവനോ ഭ്രാന്തനോ ബലാൽകാരം ചെയ്യപ്പെട്ടവനോ കുട്ടിക്കോ തദവസരത്തില്‍ നിയമങ്ങള്‍ ബാധകമാവുന്നില്ല. എത്ര സൂക്ഷ്മമാണ് ഈ നിയമ വ്യവസ്ഥിതി!
    ആത്മാവും ജഡവും ചേര്‍ന്നതാണ് മനുഷ്യന്‍. മനുഷ്യന് മാത്രമാണ് ജൈവികവും (ഖുവ്വത് ഹയവാനിയ്യ്) മാലാഖികവുമായ (ഖുവ്വത് മലകൂതിയ്യ്) ശേഷിയുള്ളത്. ഭൗതികതയാണ് ജൈവികതയുടെ സവിശേഷത, ആത്മീയ പ്രൗഢിയാണ് മലകൂതിയ്യ സൗന്ദര്യം. ഇവ ഓരോന്നിനും വ്യത്യസ്ത താത്പര്യങ്ങളും ആനന്ദങ്ങളുമാണുള്ളത്. വ്യക്തി ജീവിതത്തിന്റെ ഗുണ ദോഷ വളര്‍ച്ചക്കനുസൃതമായി രണ്ടു ശേഷിയും വികസിക്കും. കൂടുതല്‍ മികവുള്ളത് അവന്റെ പ്രകൃതമായി മാറും. തന്മൂലം അതിലേക്ക് പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കപ്പെടും. ഒടുക്കം പരലോകത്ത് ചെയ്തു തീര്‍ത്ത ഏറ്റവും നേര്‍ത്ത നന്മ അവന്‍ കാണും, ഏറ്റവും ചെറിയ തിന്മയും അവന്‍ കാണും. അതിലൂടെ അവന്റെ ജയപരാജയങ്ങള്‍ വിലയിരുത്തപ്പെടും.

കുറിപ്പുകൾ

  1. തെളിവ്: നിശ്ചയം കര്‍മങ്ങള്‍ വിലയിരുത്തുക ഉദ്ദേശ ശുദ്ധിമുഖേനയാണ്. ഈ തത്വത്തിനു കീഴിലായി ഏകദേശ ഇസ്‌ലാമിക നിയമങ്ങളും വരും. 70 അധ്യായത്തില്‍ ഈ തത്വം പരിഗണനീയമാണെന്ന് ഇമാം ശാഫിഈ (റ) പറയുന്നു.
  2. പ്രമാണം: ഇമാം അബൂദാവൂദ്(റ) റിപോര്‍ട്ട് ചെയ്തത്. നിശ്ചയം നിങ്ങള്‍ നിസ്‌കരിക്കവെ പിശാച് കടന്നുവരും, അവന്‍ പറയും. നീ അശുദ്ധിക്കാരനാണോ? ഒരു ശബ്ദമോ ഗന്ധമോ എത്താതെ നിസ്‌കാരം ഉപേക്ഷിക്കരുത്. കർമശാസ്ത്രത്തിന്റെ നാലില്‍ മൂന്ന് ഭാഗവും ഈ അടിസ്ഥാന തത്വത്തിനു കീഴില്‍ വരും.
  3. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പത്തെയാണ് (യുസ് ർ) ലക്ഷ്യമാക്കുന്നത്. പ്രയാസത്തെ (ഉസ് ർ) അല്ലാഹു ലക്ഷ്യമാക്കുന്നില്ല എന്ന ഖുര്‍ആനിക വചനമാണ് ഈ തത്വത്തിന്റെ ആധാരം. ശരീഅത് അനുവദിക്കുന്ന ഇളവുകളുടെ (യാത്ര, രോഗം, ബലാല്‍കാരം, മറവി, അജ്ഞത, പ്രശ്‌നങ്ങളുടെ സാമൂഹിക വ്യാപനം, ജൈവിക ന്യൂനത) അടിസ്ഥാനമാണ് ഈ തത്വം.
  4. ഇടപാടിലെ സുതാര്യതക്ക് അനിവാര്യമാണ് ഈ തത്വം. ഉദാ: കേടുപാടു വന്ന വസ്തു ഇടപാടു നടത്തിയാല്‍ തിരിച്ചുനല്‍കാം.
  5. ഇമാം അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്ത മുസ്‌ലിംകള്‍ ഒരു വിഷയത്തില്‍ നന്മയെന്ന് വിധിച്ചത് അല്ലാഹുവിങ്കലും നന്മയാണെന്ന ഹദീസാണിതിനു പ്രമാണം. പ്രാദേശിക വ്യവഹാരങ്ങളെ ശറഹ് പരിഗണിക്കുന്നതിനുള്ള മാനദണ്ഡമാണിത്.
  6. ഉദാ: അക്രമകാരിയായ അവിശ്വാസിയെ വധിക്കാനും, തന്റെ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന മുബ്തദിഇനെ ശിക്ഷിക്കാനും കല്‍പിക്കുന്നു. അവര്‍ ജനങ്ങളുടെ വിശ്വാസത്തെ കളങ്കപ്പെടുത്തും.
  7. പ്രതിക്രിയ നടപ്പില്‍ വരുത്തുന്നതിലൂടെ ശാരീരിക സംരക്ഷണം ഉറപ്പുവരുത്തുന്നു.
  8. ബുദ്ധിയെ തകര്‍ക്കുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വിലക്കുന്നു. ഇതിലൂടെ ബൗദ്ധിക പരിരക്ഷ ലഭ്യമാകുന്നു.
  9. വ്യഭിചാരത്തിനു ശിക്ഷ നടപ്പാക്കുന്നതിലൂടെ കുടുംബപരവും സന്താനപരവുമായ സുരക്ഷിതത്വം ലഭിക്കുന്നു.
  10. പിടിച്ചുപറി, മോഷണം എന്നിവക്ക് ശിക്ഷ നടപ്പാക്കുന്നതിലൂടെ സാമ്പത്തിക ഭദ്രത ലഭിക്കുന്നു ■

റഫറന്‍സ്

  1. അല്‍അശ്ബാഹു വന്നളാഇര്‍ – ഇമാം സുയൂത്വി (റ)
  2. അല്‍മുസ്തസ്ഫ – ഇമാം ഗസ്സാലി (റ)
  3. ഹുജ്ജതുല്ലാഹി അല്‍ ബാലിഗ- ശാഹ് വലിയുല്ലാഹി അദ്ദഹ് ലവി
  4. തഫ്‌സീറുല്‍കബീര്‍ – ഇമാം റാസി(റ)
  5. തുഹ്ഫതുല്‍മുഹ്താജ് – ഇമാം ഇബ്‌നു ഹജര്‍ അല്‍ ഹൈതമി(റ)
  6. മഖാസിദുശ്ശരീഅ – ജാബിര്‍ ഹുദവി പടിഞ്ഞാറ്റു മുറി.
Share this article

About അബ്ദുറഊഫ് ഒടമല

odmlraoof@gmail.com

View all posts by അബ്ദുറഊഫ് ഒടമല →

Leave a Reply

Your email address will not be published. Required fields are marked *