ആത്മീയ ജീവിതത്തിന്റെ കലാസൗന്ദര്യം

Reading Time: 4 minutes

അതിദീര്‍ഘമായ ജീവലോക ചരിത്രത്തിലെ മനുഷ്യോല്‍പത്തി യുഗം മുതല്‍ ലോകത്ത് ദൂരവ്യാപകമായി പ്രചാരത്തിലുള്ള ആശയ വിനിമയ ഉപാധിയാണ് കല. പ്രസ്തുത കാലഘട്ടം മുതല്‍ നാളിതുവരെയുള്ള മനുഷ്യന്റെ സാംസ്‌കാരിക ജീവിതത്തിന്റെ വളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. ഭാഷകള്‍ക്കും മാനവികതയെ ഏകോപിപ്പിക്കുന്ന ദേശീയബോധത്തിനും സംസ്‌കാരങ്ങള്‍ക്കും അതീതമായി മനുഷ്യ മനസിനെ സ്വാധീനിക്കുവാന്‍ എക്കാലവും കലാസൃഷ്ടികള്‍ക്ക് സാധിക്കും. കലയെ, അതിന്റെ സര്‍വതലങ്ങളെയും ഉള്‍വഹിച്ച് കൊണ്ട് നിര്‍വചിക്കുക ഏറെക്കുറെ അസാധ്യമാണ്. വെബ്‌സ്റ്റേഴ്‌സ് നയന്‍ത് കൊളീജിയേറ്റ് നിഘണ്ടുവില്‍ ‘മനോഹരമായ വസ്തുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യത്തിന്റെയും സര്‍ഗാത്മക ഭാവനയുടെയും ബോധപൂര്‍വകമായ ഉപയോഗമാണ് കല’ എന്ന് കാണാം. ആത്യന്തികമായി ഒരു കലാകാരന് അസാമാന്യ നിപുണതയും സര്‍ഗാത്മക ഭാവനയുമാണ് ആവശ്യമെന്ന് ഈ നിര്‍വചനം പരോക്ഷമായി പ്രഖ്യാപിക്കുന്നു. ഒരു കലാകാരന്‍ ഈ രണ്ട് അഭിരുചികളും പ്രായോഗിക തലത്തില്‍ പതിപ്പിക്കുമ്പോഴാണ് കാഴ്ചക്കാരന് ആനന്ദമോ ആകര്‍ഷണീയതയോ ജനിപ്പിക്കുന്ന ഒരു കലാരൂപം പിറവിയെടുക്കുന്നത്.
യഥാര്‍ഥത്തില്‍ മനുഷ്യനിലെ ആന്തരിക സമ്പന്നതയുടെ ദിവ്യപ്രകാശനമാണ് അവനിലൂടെ അവതീര്‍ണമാകുന്ന കല. അത് ഭാവനയാകാം, സംഗീതമാകാം, താളാത്മക ചുവട് വെയ്പുകളാകാം, അംഗലാവണ്യം തുളുമ്പുന്ന, ജീവസ്സുറ്റ ശില്‍പമാകാം, മരണമില്ലാത്ത മറ്റൊരു മൊണാലിസയാകാം.. അങ്ങനെ കലയുടെ എണ്ണിയാലൊടുങ്ങാത്ത പരിവേഷങ്ങളില്‍ ഏതുമാകാം. ഒരു ചിത്രം വാക്കുകളില്ലാത്ത കവിതയാണന്ന് റോമന്‍ കവി ഹോറസ് എഴുതിയിട്ടുണ്ട്.
സാംസ്‌കാരിക പുനസ്ഥാപനത്തിന് പ്രാമുഖ്യം നല്‍കുന്ന ചരിത്രാന്വേഷക-വൈജ്ഞാനിക ആവിഷ്‌കാരങ്ങളും വിനോദങ്ങളുമാണ് നമുക്ക് പരിചിതമായ കലാ ലോകത്ത് ദര്‍ശിക്കാനാവുക. ആഗോളതലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന അറിയപ്പെട്ട ആര്‍ട്ട് ഫെസ്റ്റിവലുകളിലെല്ലാം തന്നെ സിനിമയും സാഹിത്യവുമാണ് കൂടുതലും വ്യവഹരിക്കപ്പെടുന്നത്. ആനുകാലിങ്ങളില്‍ എഴുതപ്പെട്ട അല്ലെങ്കില്‍ ചിത്രീകരിക്കപ്പെട്ട കലാസൃഷ്ടികളുടെ ഉള്ളും പുറവും പരിശോധിക്കുക എന്നതിനപ്പുറം അത്തരം പരിപാടികള്‍ കാലഹരണപ്പെട്ടുപോയ കലാ-സാംസ്‌കാരിക അടിത്തറകളിലേക്ക് കടന്നു ചെല്ലാറില്ല. കാലോചിതമായ അറിവും അനിവാര്യതയും അനുദിനം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കാം.
ആധുനിക കലാസൃഷ്ടികളെ അപേക്ഷിച്ച് വിശ്വാസത്തിന്റെയും ദാര്‍ശനികതയുടെയും ആദര്‍ശങ്ങളായിരുന്നു പുരാതന കലാ, സാഹിത്യ സൃഷ്ടികളിലെ പ്രമേയം.
പുരാതന ഗ്രീസിലെ കൊത്തുപണിക്കാര്‍ കലാ വൈഭവത്തിന്റെ മകുടോദാഹരണമായി മനുഷ്യരൂപത്തെ കണ്ടിരുന്നു. ഫിലോസഫിയും ദൈവികതയുമാണ് അത്തരം മനോഭാവങ്ങള്‍ക്ക് ആധാരമായത്. ഈ കാലയളവില്‍ ദൈവിക പശ്ചാത്തലമുള്ള കലാ സൃഷ്ടികള്‍ വ്യാപകമായി ഉയര്‍ന്നുവന്നു. ഒരുപക്ഷേ ഫിലോസഫിക്കല്‍ സൃഷ്ടികളെക്കാള്‍ വളരെ കൂടുതല്‍.! യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളില്‍ ഉള്‍പ്പെടുന്ന നിരവധി ആരാധനാ മന്ദിരങ്ങളും ഗോപുരങ്ങളും സ്മാരക-ശില്പങ്ങളുമെല്ലാം ഈ ഗണത്തില്‍ പെടും. അവയില്‍ മിക്കതിനും ഇസ്‌ലാം മതത്തിന്റെയോ ക്രൈസ്തവ മതത്തിന്റെയോ വിലാസമാണുള്ളത്. ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രണ്ട് മതങ്ങളാണിവ.
തുര്‍ക്കിയിലെ പ്രാചീന ദേവാലയമായ അയാ സോഫിയ ബൈസന്റയ്ന്‍ വാസ്തുവിദ്യയുടെ ഏറ്റവും മഹത്തായ മാതൃകകളിലൊന്നാണ്. ബ്ലൂമോസ്‌ക് ഇസ്‌ലാമിക് ഒട്ടോമന്‍ വാസ്തുവിദ്യയില്‍ നിര്‍മിക്കപ്പെട്ടതാണ്.
മധ്യകാല പടിഞ്ഞാറിലെ ക്രൈസ്തവര്‍ ഏറ്റവും പ്രിയപ്പെട്ട വിനോദമായി അഭിലഷിച്ചിരുന്നത് അവരുടെ മതകലകളെ ആയിരുന്നു. തന്ത്രപ്രധാനമായി കല ഏറ്റവും നല്ല പ്രചാരകോപാധി കൂടിയാണ്. ബൃഹത്തായ ഒരു വിശ്വാസി സമൂഹത്തെ സൃഷ്ടിക്കുന്നതിന് കലകളുടെ ജനകീയവത്കരണം സമൂലമായി വര്‍ത്തിച്ചിരുന്നു.

കലകളുടെ മതാസ്തിത്വത്തില്‍ നിന്ന്
മതങ്ങള്‍ മനുഷ്യന്റെ ആത്മീയ മണ്ഡലം സംസ്‌കരിച്ചെടുക്കുമ്പോള്‍ കലകള്‍ അവന് ദിവ്യാനുഭൂതി പ്രദാനം ചെയ്യുന്നു. മതങ്ങളിലെ ആചാരാനുഷ്ഠാനളോ അനുകരണങ്ങളോ ആണ് ലോകത്ത് കലാരൂപങ്ങളായി മാറുന്നത്. ഹിന്ദു മതത്തില്‍ നിന്നും ഉയര്‍ന്നു വന്ന അനവധി ക്ഷേത്ര കലകള്‍ ഇന്ന് ദേശീയ വിനോദങ്ങളാണ്. അവക്ക് വിശ്വാസത്തിന്റെ ബന്ധം നഷ്ടപ്പെടുന്നതായായി അനുഭവപ്പെട്ടേക്കാം. ഒപ്പന, കോല്‍ക്കളി, അറബന തുടങ്ങിയവ പൊതുവേ മുസ്‌ലിം ലേബലില്‍ പ്രഘോഷിക്കപ്പെടുന്ന കലകളാണ്. കേരളത്തില്‍ മാര്‍ഗംകളി മാത്രമാണ് ക്രൈസ്തവ കലാരൂപമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഏഴാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ ക്രൈസ്തവ കലകള്‍ പ്രചാരത്തിലുണ്ടെങ്കിലും മതപരമായി ശ്രദ്ധയാര്‍ജിച്ച കലകള്‍ തുലോം കുറവാണ്. കേരളത്തിലും ഇന്ത്യയിലെ ചുരുക്കം ചില പ്രദേശങ്ങളിലും ഇനിയും നിറംകെടാതെ നിലനില്‍ക്കുന്ന കലാ സമ്പ്രദായങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ആഗോള ഇസ്‌ലാമിക്, ക്രൈസ്തവ കലാ സൗന്ദര്യത്തെക്കുറിച്ച് ഇപ്പോഴും ചിലരെങ്കിലും അജ്ഞരാണ്. പരമ്പരാഗത വിശ്വാസം എന്നതിലുപരി മതാസ്ഥിത്വത്തെക്കുറിച്ചുള്ള ആധികാരിക പഠനങ്ങളുടെ അഭാവത്തില്‍ നിന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉദിക്കുന്നത്.
കേരളീയ വിശ്വാസികള്‍ ദൈവപ്രീതി കാംക്ഷിച്ച് ഏര്‍പ്പെടുന്ന പല അനുഷ്ഠാനങ്ങളും യഥാര്‍ഥത്തില്‍ മതാവിര്‍ഭാവത്തോടൊപ്പം രൂപപ്പെട്ടതല്ല. മതത്തോടും വിശ്വാസത്തോടുമുള്ള ആദ്യകാല വിശ്വാസികള്‍ക്കുണ്ടായിരുന്ന സമീപനത്തിന്റെ തുടര്‍ച്ചാ മാതൃകകളാണവ. ലോകത്തെ വിവിധ രാഷ്ട്രങ്ങളിലെ സംസ്‌കാരങ്ങളനുസരിച്ച് ഈ സമ്പ്രദായത്തോട് വിശ്വാസികള്‍ക്ക് വ്യത്യസ്തമായ സമീപനങ്ങളാണുള്ളത്.
മുസ്‌ലിംകള്‍ക്കിടയില്‍ കാണപ്പെടുന്ന കലാസമ്പ്രദായങ്ങള്‍ പലതും കര്‍മശാസ്ത്ര വിരുദ്ധമാണെന്നാണ് പണ്ഡിതപക്ഷം. ഒപ്പന, കോല്‍ക്കളി, സംഗീതം തുടങ്ങിയ വിനോദങ്ങളോട് ഇസ്‌ലാമിന് കൃത്യമായ കാഴ്ചപ്പാടുകളുണ്ട്. കേരളത്തിലെ മലബാര്‍ മുസ്‌ലിം ജീവിതത്തില്‍ നിന്നാണ് ഒപ്പന എന്ന കലാരൂപം പ്രാചാരം നേടിയത്. അബ്ബന എന്ന അറബി പദത്തില്‍ നിന്നാണ് ‘ഒപ്പന’യുടെ ഉദ്ഭവം. മദീനയിലേക്ക് ഹിജ്‌റ പുറപ്പെട്ട തിരുനബി (സ്വ) ലക്ഷ്യസ്ഥാനത്ത് ആഗതനായപ്പോള്‍ തിരുനബി(സ്വ)യെ സ്വാഗതം ചെയ്ത് കൊണ്ട് ബനൂ നജ്ജാര്‍ ഗോത്രക്കാരായ പെണ്‍കിടാങ്ങള്‍ പാട്ട് പാടി കൈകൊട്ടിയാടി എന്നതാണ് ഒപ്പനയുടെ പറയപ്പെടുന്ന ചരിത്രവശം. പക്ഷേ കര്‍മശാസ്ത്രപരമായി നൃത്തകല കണിശമായി നിരോധിക്കപ്പെട്ടതാണ്. ആസ്വാദനം പ്രദാനിക്കുന്ന പരപുരുഷ സന്നിധിയിലെ സ്ത്രീകളുടെ നൃത്തത്തെ ഇസ്‌ലാമികവത്കരിക്കാന്‍ ശ്രമിക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. വിശുദ്ധ ഖുര്‍ആന്‍ ഒപ്പനയെയും ചൂളം വിളിയെയും എതിര്‍ക്കുന്നു (8/35).
തുഹ്ഫ(2/149), ബിഗ്‌യ (284) എന്നീ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കൈകൊട്ടിക്കളിയുടെ ഇസ്‌ലാമിക വീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്.
കോല്‍ക്കളിയും ദഫ്മുട്ടും അറബനയും മലബാറിലെ ജനകീയ മുസ്‌ലിം കലാരൂപങ്ങളാണ്. കളരിപ്പയറ്റിനെ അനുസ്മരിക്കുംവിധം താളാത്മകമായി വടികള്‍ തമ്മിലടിച്ച് കൊണ്ടാണ് ഇതിന്റെ അവതരണം. അപകടം പിണയാത്തവണ്ണം പരിചയ സമ്പന്നരായവര്‍ക്ക് കോല്‍ക്കളി അനുവദിനീയമാണെന്ന് ശര്‍വാനിയില്‍ (9/398) പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ വാദ്യോപകരണങ്ങളില്‍ കോല്‍ കൊണ്ടടിച്ച് അമിതാഹ്ലാദം സൃഷ്ടിക്കുന്ന ശബ്ദമുണ്ടാക്കുന്നത് നിഷിദ്ധമാണ്. കോല്‍ക്കളിയില്‍ നിന്നും ഒപ്പനയില്‍ നിന്നുമെല്ലാം തികച്ചും വ്യത്യസ്തമാണ് ദഫ്മുട്ടിനോടുള്ള ഇസ്‌ലാമിക വീക്ഷണം. ചേലാകര്‍മം, വിവാഹം തുടങ്ങി ആനന്ദ നിമിഷങ്ങളില്‍ ദഫ് മുട്ടുന്നത് അനുവദിനീയമാണ്. അത് സ്രഷ്ടാവ് നല്‍കിയ ആനന്ദത്തില്‍ കടപ്പെട്ട് വിളംബരം ചെയ്യുന്നതിനുള്ള പ്രതീകമാണ്. അലി(റ), ഫാതിമ ബീവിയെ(റ) വേളി ചെയ്യുന്ന സന്ദര്‍ഭത്തില്‍ പെണ്‍കുട്ടികള്‍ ദഫ് മുട്ടിയപ്പോള്‍ റസൂല്‍ (സ്വ) അതിന് മൗനാനുമതി നല്‍കിയിട്ടുണ്ടെന്ന് ഇമാം നവവി (റ)വില്‍ നിന്ന് ഇബ്‌നുഹജര്‍ (റ) ഉദ്ധരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിവാഹം, ചേലാകര്‍മം ഉള്‍പ്പെടെ ആനന്ദ വേളകളില്‍ ദഫ് മുട്ട് അനുവദിനീയമാണന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളില്ല. യുദ്ധം കഴിഞ്ഞ് മടങ്ങിയെത്തിയ തിരുനബി(സ്വ) യോട് അവിടുത്തെ സവിധത്തില്‍ തിരുദൂതരെ സുരക്ഷിതനായി തിരികെയെത്തിച്ച സ്രഷ്ടാവിന് നന്ദി സൂചകമായി ദഫ് മുട്ടട്ടെയെന്ന് ഒരു ബാലിക അനുമതി തേടി. തിരുനബിയെ പൂര്‍വ സൗഖ്യത്തില്‍ അല്ലാഹു മടക്കി നല്‍കുമെങ്കില്‍ അവിടുത്തെ മുന്നില്‍ ദഫ് കളിക്കുവാന്‍ പെണ്‍കുട്ടി നേര്‍ച്ചയാക്കിയിരുന്നു.
അഭ്യര്‍ഥന മാനിച്ച് തിരുനബി (സ്വ) ദഫ് മുട്ടുവാന്‍ അനുവാദം നല്‍കിയതായി ഇബ്‌നുഹിബ്ബാന്‍ (റ), ഇമാം തുര്‍മുദി തുടങ്ങി പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്വീകാര്യമായ മറ്റൊരു ഹദീസില്‍ ഇസ്‌ലാമിക വിവാഹവും അനിസ്‌ലാമിക വിവാഹവും തമ്മിലുള്ള അന്തരം ദഫ്മുട്ടാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വിവാഹം നിങ്ങള്‍ പള്ളികളില്‍ വച്ച് നിര്‍വഹിക്കുകയും വിളംബരം ചെയ്യുകയും ദഫ് മുട്ടുകയും ചെയ്യണമെന്ന തിരുനബി(സ്വ)യുടെ നിര്‍ദേശം മേല്‍ പറഞ്ഞ ഹദീസിനെയും ദഫ്മുട്ടിന്റെ അനുവദിനീയതയെയും സാധൂകരിക്കുന്നതാണ്.
എങ്കിലും, ഹറാമോ കറാഹത്തോ ആയ ശബ്ദങ്ങള്‍ ദഫിനോട് ഇമ്പം ചേരുമ്പോള്‍ അത് അനുവദനീയമാകില്ല. നബിദിനം, പെരുന്നാള്‍ തുടങ്ങി പുണ്യ ദിവസങ്ങളില്‍ ആഘോഷാര്‍ഥം ദഫ്മുട്ടുകയും ആത്മനിര്‍വൃതി കൊള്ളുകയും ചെയ്യുന്ന പതിവ് നമ്മുടെ നാടുകളിലുണ്ട്. ഇത്തരം സമ്പ്രദായങ്ങള്‍ക്ക് ആധുനിക പരിവേഷം നല്‍കി ഹറാമായ വിധത്തില്‍ അവതരിപ്പിക്കുന്ന പ്രവണതയും സമീപകാലത്തെ കാഴ്ചയാണ്.
മേല്‍ പറഞ്ഞ ഇസ്‌ലാമിക കലാരൂപങ്ങള്‍ മിക്കതും കേരളീയ, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്നും ഉടലെടുത്തവയാണ്. ഐക്യബോധത്തെ സൂചിപ്പിക്കുന്ന നമ്മുടെ സംസ്‌കാരമാണ് അവയിലൂടെ പ്രകടമാകുന്നത്. ഒരുപക്ഷേ കേരളത്തിലുള്ളതിനേക്കാള്‍ ഇസ്‌ലാമിക വിനോദങ്ങള്‍ ലക്ഷദ്വീപ് പോലുള്ള മുസ്‌ലിം ഭൂരിപക്ഷ ദേശങ്ങളില്‍ കണ്ടേക്കാം.
പക്ഷേ ഈ കലാരൂപങ്ങളൊന്നും തന്നെ ആഗോള ഇസ്‌ലാമിക് കലാശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നതല്ല. ആഗോള മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ മാപ്പിള കലകള്‍ അവര്‍ക്ക് അപരിചിതവും കര്‍മശാസ്ത്ര വിധി വിലക്കുകള്‍ക്ക് അതീതവുമാണ്.
കാലിഗ്രാഫി, വാസ്തുവിദ്യ, ഛായാഗ്രഹണം, എംബ്രോയ്ഡറി തുടങ്ങിയവയാണ് പരമ്പരാഗത ഇസ്‌ലാമിക് ആര്‍ട്ടിന്റെ സുപ്രധാന സംഭാവനകള്‍. ഉമയ്യദ്, അബ്ബാസിദ് കാലഘട്ടം മുതല്‍ ഒട്ടോമന്‍, മുഗള്‍ സാമ്രാജ്യങ്ങളുടെ പതനം വരെയുള്ള നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക കലകള്‍ വികാസം പ്രാപിക്കുകയും ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.
എ.ഡി 691-92 ല്‍ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിക വാസ്തുവിദ്യയുടെ അതിപുരാതനമായ ശേഷിപ്പാണ് ജറുസലേമിലെ ഡോം ഓഫ് ദി റോക്ക് എന്ന വിശുദ്ധ ഗേഹം. അതിന്റെ സൗന്ദര്യം ഇന്നും അമ്പരപ്പുളവാക്കുന്നതാണ്. കാലിഗ്രാഫിക് ചിത്രാലങ്കാരങ്ങളും ദീപാലങ്കാരങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പ്രാചീന ദേവാലയം. ഇസ്‌ലാമിക കാലിഗ്രാഫിക് രചനകള്‍ അതിന്റെ ഉദ്ഭവ കാലം മുതലേ പ്രസിദ്ധമാണ്.
ലിപിയില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ഥവ്യാപ്തിയും സൗന്ദര്യവുമാണ് ഈ രചനയുടെ അന്തസത്ത. പുരാതന കാലത്തെ ചരിത്ര പ്രധാനമായ മുസ്‌ലിം ആരാധനാ കേന്ദ്രങ്ങളിലൊക്കെയും കാലിഗ്രാഫിക് വിസ്മയത്തിന്റെ വിവിധ രൂപങ്ങള്‍ കാണാം. ചുവരുകളില്‍ കോറിയിട്ട ജാമിതീയ, അമൂര്‍ത്ത പുഷ്പ പാറ്റേണുകളുടെ വിപുലമായ ഉപയോഗമാണ് അതിന്റെ സവിശേഷത. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ അഭിവൃദ്ധി കാലത്ത് കരകൗശല വസ്തു നിര്‍മാണ രംഗം മുസ്‌ലിം നാമധേയത്തില്‍ പ്രചാരം നേടി. തുര്‍ക്കിയില്‍ നെയ്‌തെടുത്ത പരവതാനികള്‍ക്കും കാര്‍പറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലോകത്തുണ്ടായത്. മുസ്‌ലിംകള്‍ അവതരിപ്പിച്ച പെയിന്റിങ് ചെയ്ത മണ്‍പാത്രങ്ങളും കരകൗശല വസ്തുക്കളും ഇതര മതസ്ഥരെ പോലും സ്വാധീനിച്ചിരുന്നു.
മുഗള്‍ സാമ്രാജ്യത്തിലെ ചരിത്രകാരനായിരുന്ന അബുല്‍ ഫസല്‍ മുഗളര്‍ക്കിടയിലെ കലാബോധത്തെ പരാമര്‍ശിക്കുന്നുണ്ട്. അക്കാലത്തെ രാജസദസുകള്‍ ആഡംബര കലകള്‍ കൊണ്ട് വിസ്മയിപ്പിച്ചിരുന്നു. പേര്‍ഷ്യന്‍ ചിത്രങ്ങള്‍ക്കും കരകൗശല, ആലങ്കാരിക വസ്തുക്കള്‍ക്കും വിലമതിക്കാനാകാത്ത ഒരു കാലഘട്ടത്തില്‍ നിന്ന് കൊണ്ട് തന്നെ അതിനെക്കാള്‍ മികച്ച ഛായാചിത്രങ്ങള്‍ മുഗള്‍ കലയിലൂടെ വികസിപ്പിച്ചെടുത്ത് അവതരിപ്പിക്കുവാന്‍ മുഗളര്‍ക്ക് സാധിച്ചു.
ഇന്ത്യയിലെ പ്രാദേശിക ഹിന്ദുക്കളെയും സിഖുകാരെയും പില്‍ക്കാല ഭരണകര്‍ത്താക്കളെയെല്ലാം മുഗള്‍ കലകള്‍ സ്വാധീനിക്കുകയും അവയില്‍ നിന്ന് പ്രചോദിതരാവുകയും ചെയ്തിരുന്നത്രേ. പള്ളികള്‍ അലങ്കരിക്കുവാന്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടതും മുസ്‌ലിം കരകൗശല ഭാവനയില്‍ നിന്ന് രൂപം കൊണ്ട വിളക്കുകളായിരുന്നു. അവകളിലെ ചിത്ര സമാനമായ വരകള്‍ ഇലാഹീ ചിന്തയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ പ്രാപ്തമായിരുന്നു.
ആത്മീയാഘോഷരാവുകളില്‍ സ്ത്രീകള്‍ അണിയുന്ന മെഹന്തി കാലിഗ്രാഫിക് രേഖകള്‍ വരക്കുന്നതിനുള്ള മുസ്‌ലിം പരമ്പരാഗത വൈദഗ്ധ്യത്തെയാണ് സൂചിപ്പിക്കുന്നത്.
എങ്കിലും ഈ കലകള്‍ ഒന്നും തന്നെ പ്രത്യക്ഷമായും പരോക്ഷമായും ഇസ്‌ലാമിക് ആവിഷ്‌കാരങ്ങളല്ല. മുസ്‌ലിം ജീവിത ശൈലിയുടെ പ്രതിഫലനങ്ങള്‍ മാത്രമാണവ. ഏറ്റവും സൗന്ദര്യാത്മക, വൈരുധ്യാത്മക വസ്തുക്കളെല്ലാം തന്നെ ഈ സംസ്‌കാരത്തിന്റെ ഉപോല്‍പന്നങ്ങളാണ്. പക്ഷേ ദിനേന വളരുന്ന അവയുടെ ആകര്‍ഷണീയതയും വിപണന മൂല്യവും ഇസ്‌ലാമിക കലാവിപ്ലവത്തിനെന്നോണം ഹേതുവായിട്ടുണ്ട് എന്നതാണ് സത്യം.
സാഹിത്യത്തിലും സാങ്കേതിക ശാസ്ത്രത്തിലുമുള്ള ഇസ്‌ലാമിക സംഭാവനകള്‍ വലുതാണ്. ഇമാം നവവി (റ) ജീവിതത്തെ സര്‍ഗാത്മകമായി ചെലവഴിച്ച അതുല്യപ്രതിഭയായിരുന്നു.
ഇമാം ശാഫിഈ, ഇമാം ഹന്‍ബലി തുടങ്ങി മദ്ഹബ് പണ്ഡിതരുടെ ഗവേഷണ, നിരീക്ഷണ പാടവം വിളിച്ചോതുവാന്‍ അവരുടെ അസംഖ്യം ഗ്രന്ഥങ്ങള്‍ തന്നെ ധാരാളം. കര്‍മശാസ്ത്രം, ഗണിതശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ വിഭാഗങ്ങളില്‍ ഇസ്‌ലാമിക പണ്ഡിതരുടെ വിപുലമായ പഠനങ്ങളുണ്ട്.
ഇന്ത്യയിലേക്ക് ഇസ്‌ലാമിക പ്രചാരണാര്‍ഥം കടന്നു വന്ന സൂഫീ പണ്ഡിതരിലെ ചിശ്തി പാരമ്പര്യത്തില്‍ നിലനിന്നിരുന്ന ഖവ്വാലി, സൂഫീ സംഗീതം, നൃത്തം തുടങ്ങിയവയാണ് ഇസ്‌ലാമിലെ മറ്റൊരു കലാശാസ്ത്ര മേഖലയായി കണക്കാക്കപ്പെടുന്നത്.
സൂഫീ നൃത്തശൈലി പ്രവാചക സഹചാരികള്‍ക്കിടയിലുണ്ടായ ഒരു സംഭവത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ടതാണ്. എങ്കിലും വ്യാപകമായ ഉപയോഗമുണ്ടായിട്ടില്ല.
ഖവ്വാലി സംഘ ആലാപനം ഇന്ത്യയിലെ വിശ്വാസികള്‍ക്കിടയില്‍ തനത് രൂപത്തിന് കൈമോശം വരാത്ത വിധം ഇന്നും നിലനില്‍ക്കുന്നുണ്ട്. ചിശ്തി പരമ്പരയുടെ ആസ്ഥാനമായ അജ്മീറില്‍ നിന്നാണ് ഖവ്വാലി ഇന്ത്യയില്‍ ദൂരവ്യാപകമായത്.
ഇസ്‌ലാം വിഭാവനം ചെയ്യുന്ന വിശ്വാസിയുടെ ജീവിതത്തില്‍ കലാ വിനോദങ്ങളുടെ അംശമില്ല. പക്ഷേ അവന്‍ പ്രത്യക്ഷത്തില്‍ ലോകത്തെ മുഴുവന്‍ കലാരൂപങ്ങളിലൂടെയും കടന്നു പോകുന്നു. സ്രഷ്ടാവിനോടുള്ള അവന്റെ സംഭാഷണത്തിന്റെ, ആരാധനയുടെ, നന്ദി പ്രകടനത്തിന്റെ സൗന്ദര്യമാണ് കലാരൂപമായി വ്യാഖ്യാനിക്കപ്പെടുന്നത്.
റാത്തീബുകളിലും ആലാപന സംഗമങ്ങളിലുമെല്ലാം തന്നെ സ്രഷ്ടാവിലേക്കുള്ള ആത്മസമര്‍പ്പണമാണ് സംഭവിക്കുന്നത്. അതാണങ്കിലോ വിശാസിയുടെ ഹൃദയത്തിലും. പിന്നെയെങ്ങനെയാണവ കേവല കലാരൂപങ്ങളാകുന്നത്?

Share this article

About അന്‍ഷാദ് സെയ്ന്‍ കാഞ്ഞിരപ്പുഴ

anshedzain.mkd@gmail.com

View all posts by അന്‍ഷാദ് സെയ്ന്‍ കാഞ്ഞിരപ്പുഴ →

Leave a Reply

Your email address will not be published. Required fields are marked *