കലിഗ്രഫി: ഉള്ളടക്കം, ആത്മീയത

Reading Time: 3 minutes

‘Islamic calligraphy is the visual embodiment of the crystallization of the spiritual reality is contained in the Islamic revolution’

-Hossein Nasr

അനന്തഭാവനയും അനിര്‍വചനീയ സര്‍ഗാത്മകതയും മേളിക്കുന്ന അറബിക് കലിഗ്രഫി ഇസ്‌ലാമിക സംസ്‌കൃതിയുടെ അതുല്യമായ അടയാളപ്പെടുത്തലാണ്. മുസ്‌ലിംപള്ളികളിലെ ആര്‍ക്കിടെക്ചര്‍ രംഗത്തെ പ്രധാന ഘടകമാണ് അറബിക് കലിഗ്രഫി. അക്ഷരാവലിയുടെ സൗന്ദര്യത്തിലേക്ക് കണ്ണും ഖല്‍ബും ഇറക്കി അക്ഷരങ്ങള്‍ക്ക് ജീവനും ആത്മാവുമേകുന്ന മഹാവിദ്യയായി ഇതിനെ വിലയിരുത്താനാവും. ഇസ്‌ലാമിക് കലിഗ്രാഫിയെക്കുറിച്ചറിഞ്ഞിരുന്നെങ്കില്‍ രചനയില്‍ നേരിട്ട പ്രതിസന്ധികളെ അതിവേഗം എനിക്ക് തരണം ചെയ്യാനാകുമായിരുന്നു എന്ന് ലോകപ്രശസ്ത ചിത്രകാരനും ശില്പിയുമായ പാബ്ലോ പികാസോ പറയുന്നുണ്ട്.
ഗ്രീക്ക് ഭാഷയിലെ കാലോസ്(എഴുത്ത്), ഗ്രാഫൈന്‍(മനോഹരം) എന്നിവയില്‍ നിന്ന് രൂപപ്പെട്ടതാണ് കലിഗ്രഫി എന്ന ശബ്ദം. എഴുത്തുകലയുടെ ഉദാത്തമായ ആവിഷ്‌കാരം എന്നതിനെ നിര്‍വചിക്കാം. കലിഗ്രാഫറുടെ വിരലറ്റവും മിടിപ്പും അടക്കവുമെല്ലാം അക്ഷരക്കൂട്ടുകളില്‍ ഒരുപോലെ ഫലിക്കുമ്പോള്‍ കലിഗ്രഫിയില്‍ ജീവനുദിക്കുന്ന പ്രതീതിയുണ്ടാകുന്നു. ആത്മഭാഷണങ്ങള്‍ക്ക് സാധ്യമാകുംവിധം അക്ഷരങ്ങളോരോന്നിനും ഓരോ വ്യക്തിത്വം രൂപപ്പെടുന്നു.
ഇസ്‌ലാമിക് കലിഗ്രഫി വിശാലമായൊരു പഠന മേഖലയാണ്. ആസ്വാദനം, ആവിഷ്‌കാരം എന്നതിലുപരി ക്ഷമ, അച്ചടക്കം, വിനയം തുടങ്ങിയ മാനുഷിക അവസ്ഥകളിലൂടെ അക്ഷരങ്ങള്‍ എങ്ങനെ ക്രമീകരിക്കണെമെന്ന് അഭ്യസിക്കുന്ന യാത്രയാണത്. അക്ഷരങ്ങളോരോന്നിനും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ രഹസ്യങ്ങളും പരോക്ഷ സന്ദേശങ്ങളും കാണാം. എഴുതപ്പെട്ടവയെല്ലാം വായിക്കാന്‍ സാധിക്കണമെന്നില്ല. പക്ഷേ അക്ഷരങ്ങളെ ആത്മാവുമായി ബന്ധിപ്പിക്കുന്ന അപാര സിദ്ധി ഇതിനുണ്ട്. കൊത്തിയെടുക്കുന്ന കല്‍ശില്‍പങ്ങള്‍ക്ക് തുല്യമാണ് ഓരോ എഴുത്തുകളും. പൂര്‍ണ ശ്രദ്ധയില്‍ ഒരെഴുത്ത് പൂര്‍ത്തീകരിക്കുന്നതോടെ എഴുത്തുകാരന്റെയും ആസ്വാദകരുടെയും നഗ്നനേത്രങ്ങൾ അത് കവിതയായും ആത്മാവിന് സംഗീതമായും അനുഭവിക്കുന്നു. ഈ മനോഹാരിതക്കപ്പുറത്തെ ആത്മീയമാനമാണ് കലിഗ്രഫിയെ വ്യതിരിക്തമാക്കുന്നത്.
എഴുതപ്പെടുന്നവയിലേറെയും ശ്രേഷ്ഠമായ ഖുര്‍ആനിക സൂക്തങ്ങളും പ്രവാചക വചനങ്ങളും ആയതുകൊണ്ട് തന്നെ എഴുത്തുരീതി, പശ്ചാത്തലം, സന്ദര്‍ഭം തുടങ്ങി എഴുത്തുപകരണങ്ങളുടെ നിര്‍മാണങ്ങളില്‍ വരെ മതകീയമായ മാനങ്ങള്‍ ഉള്‍ചേര്‍ക്കാന്‍ ഓരോ എഴുത്തുകാരനും ജാഗ്രതപ്പെടാറുണ്ട്. ലളിതമെന്നു തോന്നുമെങ്കിലും കലിഗ്രാഫര്‍ക്കിടയില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഖലം. അദൃശ്യജ്ഞാനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട് ഖലം. ഇപ്പേരിലാണ് വിശുദ്ധ ഖുര്‍ആനിലെ അറുപത്തിഎട്ടാമത്തെ അധ്യായമുള്ളത്. വിശുദ്ധ കാര്യങ്ങള്‍ കുറിക്കുന്നു എന്ന കാരണത്താല്‍ ഖലമില്‍ നിന്ന് നിര്‍മാണ സന്ദര്‍ഭങ്ങളിലും മറ്റുമായി ചെത്തിയെടുക്കുന്ന അവശിഷ്ടങ്ങള്‍ മുഴുവന്‍ ബഹുമാനത്തോടെ സൂക്ഷിക്കാറുണ്ട്.
എഴുത്തിന് ഉപയോഗിക്കുന്ന മഷിയും ചില കൗതുകങ്ങള്‍ നിറഞ്ഞതാണ്. ഓട്ടോമന്‍ കാലത്ത് നേരിട്ട് ലഭിക്കുന്ന മഴവെള്ളം മാത്രമാണ് ഉപയോഗിച്ചിരുന്നത്. ടാപ്പുകളില്‍ ഒഴുകുന്ന വെള്ളത്തിന്റെ പ്രഭവകേന്ദ്രത്തെയും ശുദ്ധിയെയുംകുറിച്ചുള്ള അവ്യക്തത അതില്‍ നിന്ന് മഷി ഉണ്ടാക്കുന്നത് അവരെ അകറ്റി നിര്‍ത്തി. മുന്‍കാല ഖത്താതുമാരുടെ (എഴുത്തുകാരുടെ) ഖബ്‌റ് സന്ദര്‍ശനവും മറ്റും കലിഗ്രാഫറെ സംബന്ധിച്ച് പ്രധാനമായിരുന്നു. സന്ദര്‍ശനവേളയില്‍ കൈ വരുന്ന ഭാഗം നോക്കി ഖലം വെക്കുന്ന പതിവുമുണ്ടായിരുന്നു. ഗുരുശിഷ്യ ബന്ധങ്ങളുടെ നൈര്‍മല്യത്തെയാണിത് സൂചിപ്പിക്കുന്നത്. കലിഗ്രാഫരുടെ നിലവാരം അവര്‍ അനുധാവനം ചെയ്യുന്ന ഗുരുക്കളുടെ കഴിവും മികവും അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഗുരു നിര്‍ദേശിക്കുന്നതനുസരിച്ച് അക്ഷരങ്ങള്‍ കുറിച്ച് പഠിക്കാനും ശീലിക്കാനും വര്‍ഷങ്ങളെടുക്കും. ഉയര്‍ന്ന പദവികളിലെത്തുമ്പോഴും ഗുരുബന്ധം വിച്ഛേദിച്ചിരുന്നില്ല.
കലിഗ്രഫി അധ്യാപനം ശ്രേഷ്ഠ സമ്മാനമായാണ് കണക്കാക്കപ്പെട്ടിരുന്നത്. പ്രതിഫലമന്ന്യേ പഠിച്ചെടുക്കുന്നവ ആ രീതിയില്‍ തന്നെ കൈമാറ്റം ചെയ്യപ്പെടണമെന്ന ബോധ്യമുണ്ടായിരുന്നു. എങ്ങനെ ഖലം പിടിക്കുന്നു, എവിടെ നിന്നാരംഭിക്കുന്നു, എങ്ങനെ അവസാനിക്കുന്നു എന്നിങ്ങനെ ഗുരുവിനെ പൂര്‍ണമായും അനുധാവനം ചെയ്യലാണ് അധ്യാപനത്തിലെ സവിശേഷത. എഴുതപ്പെട്ടവക്ക് താഴെ തന്റെയും പ്രധാന ഗുരുവിന്റെയും പേരെഴുതി പാപമോചനവും ദൈവപ്രീതിയും കാംക്ഷിക്കുന്ന ചെറു വാചകവും കാണാം. പതിനേഴാം നൂറ്റാണ്ടിലെ പ്രസിദ്ധ കലിഗ്രാഫര്‍ ഹാഫിസ് ഉസ്മാനില്‍ നിന്നാണ് ഇതാരംഭിക്കുന്നത്. ചെറുപ്രായത്തിലേ എഴുത്തില്‍ അഗാധ ശേഷി നേടിയ അദ്ദേഹം ഒരിക്കല്‍ തന്റെ കൈപ്പടയില്‍ തീര്‍ത്ത ഖുര്‍ആന്‍ പ്രതിയുമായി ഗുരുവിനെ സമീപിച്ചു. ഗുരു അത് സുല്‍ത്താനെ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഒട്ടോമന്‍ സുല്‍ത്താന്‍ നിര്‍മാതാവിനെ ആരാഞ്ഞപ്പോള്‍, “ഗുരു മുസ്തഫയുടെ വിനീത ശിഷ്യന്‍’ എന്നായിരുന്നു മറുപടി. ഇതിനെത്തുടര്‍ന്ന് കലിഗ്രാഫേര്‍സ് ഇതനുവര്‍ത്തിച്ചുപോരുന്നു.
നൂറ്റാണ്ടുകളായി കലിഗ്രഫിയുടെ പാരമ്പര്യം കാത്തുപോരുന്ന ദേശമാണ് ഇസ്‌ലാമിക പൈതൃകങ്ങളുടെയും വാസ്തുശില്പകലയുടെയും പ്രധാന ആസ്ഥാനമായ ഇസ്താംബുള്‍. ഖുര്‍ആന്‍ ക്രോഡീകരണം പശ്ചാത്തലമാക്കി വികസിച്ച എഴുത്തുകലയുടെ ഖുര്‍ആനുമായി ബന്ധിക്കുന്ന അനേകം ആത്മീയ മാനങ്ങള്‍ ഓട്ടോമന്‍ തുര്‍ക്കിക്കുണ്ട്. പ്രധാനമായും ആ കാലത്ത് എഴുത്തുമഷി നിര്‍മിച്ചിരുന്നത് വിളക്കുകളില്‍ നിന്നും തള്ളപ്പെടുന്ന കരി ഉപയോഗിച്ചായിരുന്നു. ഇവ ഉപയോഗിച്ച് ഖുര്‍ആന്‍ പ്രതികള്‍ തയാറാക്കി അവ പള്ളിയിലേക്ക് തന്നെ നല്‍കുകയും ചെയ്തു.
കലിഗ്രഫി ഉദ്ഭവം അറേബ്യന്‍ പെനിന്‍സുലയില്‍ നിന്നാണ്. ഇസ്‌ലാമിന്റെ ആവിര്‍ഭാവകാലം മുതലുള്ള വൈജ്ഞാനിക കൈമാറ്റങ്ങളിലൂടെ വികാസം വ്യാപിക്കുകയും സിറിയ, ഇറാഖ്, പേര്‍ഷ്യ തുടങ്ങി ഓട്ടോമന്‍ സാമ്രാജ്യങ്ങളിലേക്ക് അത് വ്യാപിക്കുകയും ചെയ്തു. രണ്ടു ഘട്ടങ്ങളിലായാണ് തുര്‍ക്കിയില്‍ ഇസ്‌ലാമിക് കലിഗ്രഫി വ്യാപിക്കുന്നത്. സെക്കുലര്‍ തുര്‍ക്കിക്ക് മുമ്പും ശേഷവും. നിലവില്‍ ഖത്തു സുലുസും നസ്ഖും മനോഹരമായി എഴുതി പ്രചരിപ്പിക്കുന്ന രാജ്യം കൂടിയാണ് തുര്‍ക്കി. കലിഗ്രഫി രംഗത്ത് പരമോന്നത അംഗീകാരപത്രമായ ഇജാസ നല്‍കപ്പെടുന്നത് തുര്‍ക്കിയിലാണ്. കലിഗ്രഫി പഠനങ്ങള്‍ക്കായി അനേകം പേര്‍ ഇന്നും തുര്‍ക്കിയെ ലക്ഷ്യം വെക്കുന്നുണ്ട്.
പുരാതനകാലം മുതലേ അറബി പ്രാദേശിക ഭാഷയായി സ്വീകരിച്ച പ്രദേശങ്ങള്‍ ഉണ്ടായിരുന്നു. ചൈനയില്‍ ഉദ്ഭവിച്ച ഖത്ത് സ്വീനി ഇതിനുദാഹരണമാണ്. അറബികളുടെ ദേശാടനങ്ങളില്‍ അവര്‍ എത്തിച്ചേരുന്ന പ്രദേശങ്ങളുടെ വ്യത്യസ്ത സംസ്‌കാരങ്ങളും ഭാഷാവൈവിധ്യങ്ങളും ഉള്‍ചേര്‍ത്ത് രൂപംകൊടുക്കുന്ന ലിപി സാധ്യതകള്‍ അറബിക് കലിഗ്രഫിയുടെ വേറിട്ട സവിശേഷതയാണ്. ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും വ്യതിരിക്ത അഭിരുചികള്‍ക്കൊത്ത് മനോഹരമായ വ്യത്യസ്ത ലിപികളിലേക്ക് അറബി കലിഗ്രഫി വികസിക്കുകയും ചെയ്തിട്ടുണ്ട്.
ഭാഷകളും അക്ഷരങ്ങളും മൊഴികളും പ്രചാരത്തിലെത്തുംമുന്നേ ഉപയോഗിക്കപ്പെട്ട അറബിക് മുസ്‌നദാണ് ആദ്യരചനാ മാതൃക. ബിസി അഞ്ഞൂറുകളില്‍ ദക്ഷിണ അറേബ്യന്‍ മേഖലയില്‍ ഉള്‍പ്പെട്ടിരുന്ന യമനില്‍ നിന്നുദ്ഭവിച്ച പ്രസ്തുത എഴുത്തുരീതി എഡി ആറുവരെ വ്യാപകമായി ഉപയോഗിച്ചുപോന്നു. പിന്നീടവ ഭിന്ന രൂപങ്ങളിലെത്തി. തുലുത്, കൂഫി, മഗ്‌രിബി, റുഖ, മുഹഖഖ്, റൈഹാനി, തവ്ഖി, നസ്ഖ് തുടങ്ങിയ ഖത്തുകള്‍ (എഴുത്തുകള്‍) ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രീതികളാണ്.
ഇറാഖിലെ കൂഫയില്‍ ഏഴാം നൂറ്റാണ്ടോടെ ഉദ്ഭവിച്ച കൂഫിക് എഴുത്തുരീതി പഴക്കം ചെന്ന അറബിലിപികളില്‍ ഒന്നാണ്. ഇത് പഴയ നബാത്തിയന്‍ രീതിയുടെ പരിഷ്‌കരിച്ച ലിപിയാണെന്നും പറയപ്പെടുന്നു. ആദ്യകാലത്തെ ഖുര്‍ആനിലും ഇസ്‌ലാമിക വാസ്തുവിദ്യയുടെ അവശേഷിക്കുന്ന ആദ്യ സ്മാരകമായ ഡോം ഓഫ് ദി റോക്കിലും ഇത് ഉപയോഗിക്കപ്പെട്ടതായി കാണാം. പത്താം നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ച പുതിയ രീതിക്ക് ഈ പേര് തന്നെ ഉപയോഗിക്കപ്പെട്ടു. ഈ രീതി പിന്നീട് ഫ്‌ളോറിയേറ്റഡ്, ഫോളിയേറ്റഡ് തുടങ്ങിയ വകഭേദങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി. പ്രസ്തുത സന്ദര്‍ഭത്തില്‍ മുസ്‌ലിം സ്‌പെയിനിനെയോ മൊറോക്കൊയെയോ അടിസ്ഥാനപ്പെടുത്തി പുതിയൊരു ലിപി വികസിക്കുകയും പടിഞ്ഞാറന്‍ മേഖലക്ക് അറബിയിലുള്ള മഗ്‌രിബ് എന്ന പ്രയോഗരീതിയെ നിദാനമാക്കി ഇതിന് ഖത്ത് മഗ്‌രിബി എന്ന് നാമകരണം നടത്തുകയും ചെയ്തു.
പതിമൂന്നാം നൂറ്റാണ്ടോടെ കിഴക്കന്‍ ഇസ്‌ലാമിക ലോകത്ത് കൂഫിയുടെ ഉപയോഗം നിലക്കുകയും പകരം ഇന്നുകാണുന്ന വൃത്താകൃതിയിലുള്ള എഴുത്തുരീതി രൂപപ്പെട്ടു തുടങ്ങുകയും ചെയ്തു. മറ്റൊരു പ്രധാന ലിപി ഇറാനില്‍ ഉദ്ഭവിച്ച “നസ്താലിഖ്’ ആണ്. പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടതിനാല്‍ ഉറുദു ലിപി എന്നും ഇതറിയപ്പെടുന്നു.
മലബാര്‍ പ്രദേശങ്ങളില്‍ നിന്നുമുദ്ഭവിച്ച ഖത്ത് ഫുന്നാനിയാണ് മറ്റൊന്ന്. അന്ന് പ്രചാരത്തിലുള്ള മറ്റനവധി ലിപികള്‍ നിലനില്‍ക്കെയാണ് ഇത് വരുന്നത്. യമനില്‍ നിന്ന് വന്ന സയ്യിദ് അലവി തങ്ങള്‍ (മമ്പുറം തങ്ങള്‍) കൊടൂരിനടുത്ത പെരിങ്ങോട്ടു പുലത്ത് താമസിക്കുന്ന കുഞ്ഞി മൊയ്തീന്‍ എന്നയാള്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ ഖുര്‍ആന്‍ കൈമാറിയതായി ചരിത്രരേഖയുണ്ട്. പ്രസ്തുത കോപ്പിയില്‍ ഉപയോഗിക്കപ്പെട്ടു കാണുന്നത് ഫുന്നാനി ലിപിയുമായി സാദൃശ്യമുള്ളതും അല്‍പം കനം കുറഞ്ഞതുമായ എഴുത്തു രീതിയാണ്. ഒരുപക്ഷേ ഇതില്‍നിന്നാകാം ഫുന്നാനി ലിപി രൂപപ്പെട്ടതെന്ന് കരുതുന്നു. ആ കൈപടക്ക് തുര്‍ക്കി ശൈലിയായ ഖത്ത് റൈഹാനിയോടും ഖത്ത് മുഹഖഖ്‌നോടും അതിലെ ചതുര കോണുകള്‍ക്ക് കൂഫിക് ശൈലിയുമായും വലിയ സാമ്യമുണ്ട്. ഈ മൂന്ന് ശൈലികളുടേയും സമ്മിശ്ര രൂപമാകാം ഇതെന്നും വാദമുണ്ട്. ഇസ്‌ലാമിക് കലിഗ്രഫി ലോകത്തെ കേരള മുസ്‌ലിംകളുടെ സംഭാവനയായി ഖത്ത് ഫുന്നാനി കരുതപ്പെടുന്നു. വലിയക്ഷരം എന്നും ഇതറിയപ്പെടുന്നു.
ഇന്ന് കാണുന്ന തരത്തില്‍ നിയമങ്ങള്‍ ക്രോഡീകരിച്ചത് ഇബ്‌ന് മുഖ്‌ലയാണ്. അബ്ബാസി പതന കാലത്ത് ബഗ്ദാദിലെ ഖലീഫമാരുടെ മന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രസ്തുത നിയമങ്ങളെ പ്രതിപാദിക്കുന്ന “രിസാലത്തുല്‍ വസീര്‍ ഇബ്‌നുമുഖ്‌ല ഫീ ഇല്‍മില്‍ ഖത്തി വല്‍ഖലം’ എന്ന പ്രസിദ്ധ രചന കലിഗ്രഫി രംഗത്തെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു ■

Share this article

About മുഹമ്മദ് ഖാസിം എ പി കുറ്റൂര്‍

View all posts by മുഹമ്മദ് ഖാസിം എ പി കുറ്റൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *