നോമ്പും ഖദ്‌റിന്റെ രാത്രിയും: വിശ്വാസത്തിന്റെ പെരുന്നാള്‍

Reading Time: 2 minutes

വിശുദ്ധ റമളാനിലാണ് നമ്മള്‍. അധിക പുണ്യങ്ങളുടെ ദിനരാത്രങ്ങളാണിനി. പാപമോചനത്തിന്റെയും അനുഗ്രഹത്തിന്റെയും നല്ല നാളുകള്‍. പ്രപഞ്ച നാഥനിലേക്ക് കൈകളുയര്‍ത്തേണ്ട നേരങ്ങള്‍. നമുക്ക് ഒന്നും നഷ്ടമാകരുത്. ആയിരം മാസത്തെക്കാള്‍ പുണ്യങ്ങള്‍ പ്രതീക്ഷിക്കുന്ന രാവില്‍ അലിഞ്ഞുകൂടണം. ഫിത്വ് ര്‍ സകാത്തിന്റെയും പെരുന്നാളിന്റെയും ആനന്ദത്തില്‍ ലയിച്ചുചേരണം.

ലൈലതുല്‍ ഖദ്ർ
ആയിരം മാസത്തെക്കാള്‍ പുണ്യമുള്ള രാവെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ലൈലതുല്‍ഖദ്ർ, റമളാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലൊരു രാവ്. പ്രതിഫലങ്ങളുടെയും പാപമോചനത്തിന്റെയും രാവ്. ലൈലതുല്‍ ഖദ്‌റിനെ പരാമാര്‍ശിക്കുന്ന ഒരധ്യായം തന്നെ ഖുര്‍ആനിലുണ്ട്. മലക്കുകള്‍ ധാരാളമായി ഭൂമിയിലേക്ക് ഇറങ്ങുന്ന രാവാണത്. ഭൗതികാഗ്രഹങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും സമയമെത്രയും ചെലവഴിക്കാന്‍ മടിക്കാത്ത നമ്മൾ പരലോക വിജയത്തിനുള്ളവ അനുശീലിക്കാന്‍ അലസത കാണിക്കരുത്.
പൂര്‍വകാല സമുദായത്തിന്റെ ആയുര്‍ദൈര്‍ഘ്യവും തിരുനബിയുടെ ഉമ്മത്തിന്റെ പ്രായപരിധിയും തമ്മിലുള്ള അന്തരം പരിഹരിക്കാനും മറികടക്കാനും ലൈലതുല്‍ഖദ്‌റിന്റെ ഒറ്റരാത്രി വഴി കഴിയുമെന്ന് പണ്ഡിതര്‍ നിരീക്ഷിക്കുന്നുണ്ട്.
സല്‍മാന്‍ (റ) നിവേദനം ചെയ്യുന്ന ഹദീസ്: ശഅ്ബാന്‍ അവസാനത്തില്‍ നബി (സ്വ) ഉദ്ബോധനം നടത്തി: “ജനങ്ങളെ, നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ ഒരു മാസം വന്നണഞ്ഞിരിക്കുന്നു. ആ മാസത്തില്‍ ഒരു രാവുണ്ട്. ആയിരം മാസത്തെക്കാള്‍ നന്മ നിറഞ്ഞതാണത്.’ ലൈലതുല്‍ഖദ്‌റിലെ സല്‍പ്രവൃത്തികള്‍ക്കെല്ലാം ആയിരം മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യം പ്രതിഫലമുണ്ട് എന്നര്‍ഥം. റമളാന്‍ മാസത്തില്‍ ഹലാലായ ഭക്ഷണം കൊണ്ട് ഒരാളെ നോമ്പ് തുറപ്പിച്ചാല്‍ റമളാന്‍ രാവുകള്‍ മുഴുവന്‍ മാലാഖമാര്‍ അനുഗ്രഹ പ്രാര്‍ഥന നടത്തുമെന്നും അവന്റെ കരം ജിബ് രീല്‍ (അ) ചുംബിക്കുമെന്നും ഹദീസിലുണ്ട്.
റമളാന്‍ അവസാനത്തോടടുക്കുമ്പോള്‍ മഹത്വങ്ങളും പ്രതിഫലങ്ങളും വര്‍ധിക്കുകയാണല്ലോ. ചെയ്തുപോയ പാപങ്ങള്‍ക്ക് പശ്ചാതപിക്കാനുള്ള നല്ല സമയങ്ങളാണ് ഇത്തരം രാവുകള്‍. ഖുര്‍ആന്‍ ധാരാളമായി പാരായണം ചെയ്തും ദാനധര്‍മങ്ങൾ അധികരിപ്പിച്ചും പരിശുദ്ധ റമളാനിനെ മികച്ച രീതിയില്‍ യാത്രയാക്കാന്‍ നമുക്കാവണം.

ഫിത്വ് ര്‍ സകാത്ത്
റമളാന്‍ വിട പറയുന്നതോടെ വിശ്വാസികള്‍ക്ക് പെരുന്നാളിന്റെ സന്തോഷങ്ങൾക്കൊപ്പം നിറവേറ്റേണ്ട പ്രഥമ ബാധ്യതയാണ് ഫിത്വ് ര്‍ സകാത്ത്. ഈദുല്‍ ഫിത്വ് ര്‍ പേരു സൂചിപ്പിക്കും പോലെ ഫിത്വ് ര്‍ സകാത്തിന്റെയും പെരുന്നാളാണ്. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന മാര്‍ഗരേഖകളില്‍ ഒന്നാണിത്.
ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ റമളാന്‍ ഒടുവിലാണ് ഫിത്വ് ര്‍ സകാത്ത് നിര്‍ബന്ധമായത്. പെരുന്നാള്‍ സുദിനത്തില്‍ നിര്‍ബന്ധമുള്ള കര്‍മമാണ് ഫിത്വ് ര്‍ സകാത്ത്. അവകാശികള്‍ക്ക് കൃത്യസമയത്ത് അത് കൊടുത്തുവീട്ടണം. സാമ്പത്തിക സ്ഥിതിയല്ല, പെരുന്നാളിന്റെ രാവും പകലും നിര്‍ബന്ധ ചെലവിനാവിശ്യമായത് കിഴിച്ച് ബാക്കി സമ്പാദ്യമുള്ളവര്‍ സകാത്ത് നല്‍കണം. നോമ്പിന്റെ ന്യൂനതകള്‍ക്കുള്ള പരിഹാര ക്രിയയാണിത്. നിസ്‌കാരത്തിന് സഹ്‌വിന്റെ സുജൂദ് പോലെ റമളാനിലെ ന്യൂനതകള്‍ ഫിത്വ് ര്‍ സകാത്ത് പരിഹരിക്കുമെന്ന് ഫത്ഹുല്‍ മുഈനിലുണ്ട്. നോമ്പിന്റെ മഹത്തായ പ്രതിഫലം സകാത്ത് നല്‍കലിലൂടെയാണ് ലഭിക്കുന്നത്. നോമ്പിന്റെ പ്രതിഫലം ആകാശ ഭൂമിക്കിടയില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഫിത്വ് ര്‍ സകാത്ത് വഴിയാണ് അല്ലാഹു നോമ്പ് സ്വീകരിക്കുകയുള്ളൂ എന്ന് നബി(സ്വ) പറയുന്നു. ചെലവ് നല്‍കാന്‍ ബാധ്യതപ്പെട്ടവന്‍ തന്റെ ആശ്രിതരുടെ കൂടി സകാത്ത് നല്‍കണം.
ശവ്വാല്‍ പിറവിയോടെയാണത് നിര്‍ബന്ധമാകുന്നത്. എന്നാല്‍ റമളാന്‍ പിറന്നതു മുതല്‍ ഫിത്വര്‍ സകാത്ത് നല്‍കല്‍ അനുവദനീയമാണ്. അതിനു മുമ്പ് കൊടുത്താല്‍ വീടുകയുമില്ല. ശവ്വാല്‍ പിറവി മുതല്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടുന്നത് വരെയാണ് ഉത്തമ സമയം. അതിനു ശേഷം പിന്തിക്കല്‍ കുറ്റകരമാണ്. ബന്ധുക്കളെയും അയല്‍വാസികളെയും പരിഗണിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. ഓരോരുത്തരുടെയും പേരില്‍ ഓരോ സ്വാഅ് വീതമാണ് നല്‍കേണ്ടത്. 3.200 ലിറ്ററാണ് ഒരു സ്വാഅ്. അരിയുടെ തൂക്കത്തില്‍ അളവ് വ്യത്യാസപ്പെടാം. നാട്ടില്‍ മുഖ്യാഹാര വസ്തുക്കളാണ് നല്‍കേണ്ടത്. നമ്മുടെ നാട്ടില്‍ അരി. വേവിച്ചതോ പൊടിച്ചതോ പറ്റില്ല. ധാന്യമായി തന്നെ നല്‍കാനാണ് കല്‍പന. നിയ്യത്ത്, അവകാശികള്‍ക്ക് നല്‍കല്‍ എന്നിവ നിബന്ധനകളാണ്. തന്റെയും ആശ്രിതരുടെയും ഫിത്വര്‍ സകാത്ത് താന്‍ നല്‍കുമെന്ന് കരുതിയാല്‍ മതി. അവകാശികള്‍ക്ക് തന്നെ കൊടുക്കണം. വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് ഫിത്വ് ര്‍ സകാത്ത് നല്‍കേണ്ടത്.

പെരുന്നാള്‍ ആഘോഷങ്ങൾ
റമളാന്‍ വ്രതാനുഷ്ഠാനം സാധ്യമായ സന്തോഷത്തിലേക്ക് കടക്കുന്ന വിശ്വാസിക്ക് അല്ലാഹു നിശ്ചയിച്ച പെരുന്നാള്‍ ആഘോഷത്തെ അര്‍ഹിക്കുംവിധം പരിഗണിക്കണം. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സുദിനമാണ് പെരുന്നാള്‍. വിശ്വാസികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് ആഘോഷങ്ങളുണ്ട്. ചെറിയ പെരുന്നാളും ബലി പെരുന്നാളും. കഴിഞ്ഞ രണ്ടര വര്‍ഷങ്ങള്‍ നോമ്പും പെരുന്നാളും കോവിഡിന്റെ പിടിയില്‍പ്പെട്ട് ആഘോഷങ്ങള്‍ക്ക് നിറം മങ്ങിയിരുന്നല്ലോ. വീട്ടില്‍ വെച്ച് പെരുന്നാളും നോമ്പും കൊണ്ടാടിയ ദിനങ്ങള്‍. കോവിഡ് ബാധിക്കാത്ത പെരുന്നാളിന് നാം കാത്തിരുന്നത് രണ്ടര വര്‍ഷം. ആഘോങ്ങളില്ല, ആശംസകള്‍ മാത്രം എന്ന നിരാശയുടെ സന്ദേശങ്ങള്‍ പ്രളയത്തിനു ശേഷം കോവിഡ് കാലത്തും നമ്മള്‍ കണ്ടു. ഈ ദിനവും കടന്നുപോകുമെന്ന ഒറ്റ വിശ്വാസത്തില്‍ നമ്മള്‍ അതിജീവിതത്തിന് തുഴയെറിഞ്ഞു. അല്ലാഹു അനുഗ്രഹിച്ചപ്പോള്‍ പള്ളിയും പെരുന്നാളും തുറന്നുകിട്ടിയ സന്തോഷത്തിലേക്കാണ് ഈ പെരുന്നാള്‍ വിരുന്നെത്തുന്നത്.
കരിഞ്ഞുണങ്ങിയ കൃഷി പാടങ്ങളില്‍ വസന്തം വന്നണഞ്ഞത് പോലെ ചിരിമാഞ്ഞ മുഖങ്ങളില്‍, പ്രതീക്ഷകള്‍ അസ്തമിച്ച ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെയും ആഹ്ലാദത്തിന്റെയും വസന്തമായാണ് ഈ പെരുന്നാള്‍ വരുന്നത്.
സ്‌നേഹത്തിന്റെ പെരുന്നാള്‍ സുദിനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് അത്യാഹ്ലാദങ്ങളുടെ സമയമായിരിക്കും. പുതിയ ചെരുപ്പും ഉടുപ്പും ധരിച്ച് ആഹ്ലാദ നിമഗ്‌നരാകുന്ന കുട്ടികളുടെ കാഴ് ച എത്ര മനോഹരം. വിരുന്നു പോകാനും വിനോദ യാത്രകള്‍ പോകാനും നല്ല സമയമാണിത്. പാഠശാലക്ക് അവധിയാണല്ലോ.
കുട്ടികളുടെ സന്തോഷങ്ങളില്‍ നമ്മളും പങ്കാളികളാവുക. അവര്‍ക്ക് പെരുന്നാള്‍ എന്നാല്‍ പുത്തനുടുപ്പും കളിപ്പാട്ടങ്ങളും വിരുന്നു പോകലും ഒക്കെ ആണല്ലോ. കുടുംബ ബന്ധങ്ങള്‍ പുലര്‍ത്തുന്നത് ഇസ്‌ലാമില്‍ വലിയ പ്രതിഫലാര്‍ഹമാണ്. പെരുന്നാള്‍ ദിനങ്ങളില്‍ അതിന് പുണ്യമേറെയുണ്ട്. അറ്റുപോയ ബന്ധങ്ങളെ ചേര്‍ത്തുനിര്‍ത്താനും ഈ സുദിനങ്ങള്‍ അവസരമാകട്ടെ.

പെരുന്നാള്‍ നിസ്‌കാരം
പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം സുന്നത്തുള്ളതാണ് രണ്ട് റക്അത്ത് നിസ്‌കാരം. സ്ത്രീകള്‍ക്കും പെരുന്നാള്‍ നിസ്‌കാരം സുന്നത്തുണ്ട്. ഇമാം നവവി (റ) പറയുന്നു: സുന്നത്ത് നിസ്‌കാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ബലി പെരുന്നാള്‍ നിസ്‌കാരവും ചെറിയ പെരുന്നാള്‍ നിസ്‌കാരവും ആണ്. ഇതില്‍ ജമാഅത്ത് സുന്നത്താണ്. പെരുന്നാള്‍ ദിനം സൂരോദ്യയം മുതല്‍ ളുഹ് റ് നിസ്‌കാര സമയം തുടങ്ങുന്നതു വരെയാണ് പെരുന്നാള്‍ നിസ്‌കാര സമയം. നിസ്‌കാരം സമയത്ത് നിര്‍വഹിക്കാത്തവര്‍ക്ക് പിന്നീട് ഖളാആയി നിസ്‌കരിക്കല്‍ സുന്നത്താണ്. ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് അന്നപാനീയങ്ങള്‍ കഴിക്കലും ബലി പെരുന്നാള്‍ നിസ്‌കാരത്തിന് പോകുമ്പോള്‍ അവ ഉപേക്ഷിക്കലുമാണ് സുന്നത്ത്. പോകുമ്പോള്‍ ഒരു വഴിയിലൂടെയും തിരിച്ചുവരുമ്പോള്‍ മറ്റൊരു വഴിയിലൂടെയും സഞ്ചരിക്കലാണ് ഉത്തമം ■

Share this article

About ഹാഫിള് അബ്ദുറഹീം അദനി ഊരകം

raheemoorakam313@gmail.com

View all posts by ഹാഫിള് അബ്ദുറഹീം അദനി ഊരകം →

Leave a Reply

Your email address will not be published. Required fields are marked *