‘ബലഗല്‍ ഉലാ ബി കമാലിഹി..’ മിഅ്‌റാജിന്റെ സൗന്ദര്യശാസ്ത്രം

Reading Time: 3 minutes

വിശ്വാസത്തിന്റെ ആദ്യപടികളില്‍ തന്നെ അഭൗതിക കാര്യങ്ങള്‍ പരിചയപ്പെടുത്തുന്നത് കൊണ്ടും അദൃശ്യതയുടെ കഴിവിനെ മുന്‍നിര്‍ത്തിയുള്ള കര്‍മങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് കൊണ്ടും ഇസ്‌ലാമിന്റെ മിക്ക കാര്യങ്ങളിലും വിമര്‍ശകര്‍ക്ക് പഴുതുകളുണ്ട്. അതിലൊന്നാണ് “ഇസ്‌റാഅ് മിഅ്‌റാജ്’ അഥവാ പ്രവാചകര്‍ മുഹമ്മദ് (സ്വ)യുടെ രാപ്രയാണവും ആകാശാരോഹണവും. ധാരാളം ചര്‍ച്ചകളും വിമര്‍ശനങ്ങളും ഇവ്വിഷയകമായി നടന്നിട്ടുണ്ട്. കേവലം പ്രവാചക ജീവിതത്തിലെ മാത്രമല്ല, മാനവരാശിയുടെ തന്നെ ചരിത്രത്തിലെ നാഴികക്കല്ലായാണ് ഈ യാത്രയെ പഠനവിധേയമാക്കുമ്പോള്‍ വ്യക്തമാകുന്നത്. തത്വചിന്തകര്‍, കവികള്‍, പണ്ഡിതര്‍, സൂഫികള്‍ തുടങ്ങി പലരും ഇതേപ്രതി സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്.
ബുറാഖ് എന്ന വാഹനത്തില്‍ നബി (സ്വ) മക്കാപള്ളിയില്‍ നിന്ന് ജറുസലമിലെ അഖ്‌സാപള്ളിയിലേക്കും തുടര്‍ന്ന് അല്ലാഹുവിന്റെ സന്നിധിയിലേക്കും ചെല്ലുകയും അവിടെ വെച്ച് പ്രപഞ്ചനാഥനുമായി അഭിസംബോധന നടത്തി തിരിച്ചുവരികയും ചെയ്തു. ഇതാണ് ഈ മഹാപ്രയാണം. വിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് ഇസ്‌റാഇന്റെ ആദ്യ ആയത്തിലിത് കാണാം. രാത്രിയിലെ അല്‍പസമയം മാത്രമുപയോഗിച്ച് തന്റെ പ്രിയ ദാസനെ മസ്ജിദുല്‍ ഹറാമില്‍ നിന്നും മസ്ജിദുല്‍ അഖ്‌സയിലേക്ക് രാപ്രയാണം നടത്തിച്ച നാഥനെത്ര പരിശുദ്ധന്‍ എന്നാണ് ആ വചനത്തിന്റെ ആശയം.
സാങ്കേതികവിദ്യാ മുന്നേറ്റങ്ങളൊന്നും കരുതപ്പെടാത്ത ഒരു കാലഘട്ടത്തില്‍ ചിന്തയില്‍ പോലും അസാധ്യമായ ഒരു ലോകത്തേക്ക് എങ്ങനെ യാത്ര നടത്തി എന്ന ചോദ്യം അന്നും ഇന്നുമുണ്ട്. ഇവയോടു ചേര്‍ന്ന് ഏറെ ചര്‍ച്ചകളും സംവാദങ്ങളും നടന്നു. സകല വാദങ്ങളെയും മറികടക്കുന്ന കവിതകളും ഖവാലികളും എഴുത്തുകളും ഇവ്വിഷയകമായി വന്നു. തീര്‍ച്ചയായും അവ വായിക്കപ്പെടേണ്ടതുണ്ട്. കേവലം ഭൗതിക വ്യവഹാരങ്ങള്‍ക്കപ്പുറം പ്രണയത്തിന്റെയും പൂര്‍ണതയുടെയും പ്രതീകമായി മിഅ്‌റാജിനെ ആഘോഷിക്കുകയാണ് ഇവ ചെയ്യുന്നത്.
അല്ലാമ ഇഖ്ബാലിന്റെ ജാവിദ് നാമയും മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ മസ്‌നവിയും ശൈഖ് സഅദി ശീറാസിയുടെ ബലഗല്‍ഉലാ ബി കമാലിഹിയും ഇത്തരം സാഹിത്യങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു. മിഅ്‌റാജിനെ വരച്ചിടുമ്പോള്‍ ഇവരുടെ വരികള്‍ ആശയങ്ങളുടെയും സൗകുമാര്യതയുടെയും ആഴങ്ങള്‍ തൊടുന്നു. ഭൗതികവാദ ചോദ്യങ്ങളെ നേരെ അഭിസംബോധന ചെയ്യുന്നില്ലെങ്കില്‍ പോലും എല്ലാ സംശയങ്ങള്‍ക്കും അറുതിവരുത്താന്‍ പ്രാപ്തമായത്ര വലിയ ആശയലോകമാണ് നമുക്ക് മുന്നിലിവ തുറന്നുവെക്കുന്നത്.
മൗലാന ജലാലുദ്ദീന്‍ റൂമിയെ നോക്കൂ, നബിയുടെ സ്വര്‍ഗീയാരോഹണത്തെ കോറിയിടാന്‍ അദ്ദേഹത്തിന് ഒരുവരി മാത്രം മതിയാകുന്നു.
“പ്രണയാധിക്യത്താല്‍ ഭൗമശരീരം-
സ്വര്‍ഗത്തിലേക്കുയരുന്നു..’
റൂമിയുടെ ഭാഷയില്‍ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വര്‍ധിച്ചപ്പോള്‍, ഇഷ്ടദാസനെ തന്റെ സന്നിധിയിലേക്ക് ആനയിച്ചതാണ് മിഅ്‌റാജ്. പ്രണയം എന്ന ഒരു ആശയം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ ആകാശയാത്ര സംഭവിക്കില്ലായിരുന്നു എന്ന് വരെ തോന്നിപ്പിക്കുംവിധത്തിലാണ് ഈ കവിത പുരോഗമിക്കുന്നത്. ഒടുവില്‍ പിരിയുമ്പോള്‍ ആത്മീയമായ പ്രണയത്തെ ലോകാവസാനം വരെ സ്മരിക്കാനെന്നോണം അഞ്ച് നേരത്തെ നിസ്‌കാരവും നബിക്ക് സമ്മാനിച്ചാണ് അല്ലാഹു തിരിച്ചയക്കുന്നതും. ഇത്രമേല്‍ പ്രണയഭരിതമായ ഒന്നാണ് റൂമിക്ക് മിഅ്‌റാജ്. അവയെ നമ്മിലേക്ക് പകര്‍ന്നുതരുന്നതിലും എപ്പോഴത്തെയുംപോലെ റൂമി വിജയിക്കുകയും ചെയ്യുന്നു.
ശൈഖ് സഅദിയും തിരുപ്രയാണത്തെ അടയാളപ്പെടുത്തിയ കവികളില്‍ പ്രധാനിയാണ്. അദ്ദേഹം “റൂബാഇ’ (ചതുഷ്പദി) രൂപത്തില്‍ കവിത അവതരിപ്പിക്കാനാണ് ശ്രമിച്ചത്. പക്ഷേ അവസാന വരി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതേയില്ല. ഉറക്കിലേക്ക് വഴുതിവീണ അദ്ദേഹം കാണുന്നത് പ്രവാചകര്‍ (സ്വ)യെയാണ്. സ്വപ്‌നത്തില്‍ ശീറാസിയെ വിഷണ്ണനായി കണ്ടപ്പോള്‍ നബി (സ്വ) കാര്യം തിരക്കി. എഴുതിയ വരികളെ ചൊല്ലി കേള്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശേഷം റസൂലുല്ലാഹി തന്നെ ഒരുവരി ചേര്‍ത്ത് കവിത പൂര്‍ത്തീകരിച്ചു.
“ബലഗല്‍ ഉലാ ബി കമാലിഹി
കശഫദ്ദുജാ ബി ജമാലിഹി
ഹസുനത് ജമീഉ ഖിസാലിഹി
സല്ലൂ അലൈഹി വ ആലിഹി’

മിഅ്‌റാജിന് പിന്നില്‍ നബിയുടെ (സ്വ) ജീവിത, സ്വഭാവ സവിശേഷതകളാണെന്ന് പറഞ്ഞുകൊണ്ടാണ് ശൈഖ് സഅദി കവിത തുടങ്ങുന്നത്. മിഅ്‌റാജ് ദിനത്തില്‍ നബിതങ്ങള്‍ എത്തിച്ചേര്‍ന്ന സ്ഥാനം അവിടത്തെ പരിപൂര്‍ണതക്കുള്ള അംഗീകാരമായി കിട്ടിയതാണ് എന്നും സഅദി അഭിപ്രായപ്പെടുന്നു. അത്തരത്തില്‍ ഉന്നതമായ ഒരു സ്ഥാനമാകട്ടെ, അന്ത്യപ്രവാചകര്‍ക്ക് മാത്രമുള്ളതുമായിരുന്നു.
ഇദ്ദേഹത്തിന്റെ വരികള്‍ പില്‍ക്കാലത്ത് വന്ന പല ജനപ്രിയ ഖവാലികള്‍ക്കും ഈരടികളായിട്ടുണ്ട്. ഹസ്രത്ത് അക്ബറലി വര്‍സി എഴുതിയ “സരെ ലാ മകാന്‍’ എന്ന ഖവാലി അത്തരത്തില്‍ രചിക്കപ്പെട്ട ഒന്നാണ്. സഅദി പറഞ്ഞുവെച്ച ആശയത്തിന് വിശദീകരണങ്ങളേറെ ഉര്‍ദുവില്‍ നിരത്തുന്നുണ്ട് വര്‍സി. ഉര്‍ദുവും പേര്‍ഷ്യനും കലര്‍ന്ന ഈരടികള്‍ ചേര്‍ത്താണ് സഅദിയുടെ അറബി വരികളെ അദ്ദേഹം തന്റെ ഖവാലിയില്‍ ക്രമീകരിച്ചത്.
“സരെ ലാ മകാന്‍സെ തലബ് ഹുയി
സുഏ മുന്‍തഹാ വോ
ചലേ നബി
കോയിഹദ് ന ഉന്‍കി
ഉറൂജ് കീ
ബലഗല്‍ ഉലാ ബി കമാലിഹി..’

അദ്ഭുതയാത്രയെ കുറിച്ച് വര്‍സി പറയുന്നത് ഇങ്ങനെയാണ്, ദൈവ സന്നിധിയില്‍ നിന്നും സ്വര്‍ഗാരോഹണത്തിനുള്ള മഹത്തായ സന്ദേശം വന്നു. “ലാ മകാന്‍’ എന്നാണ് കവി ദൈവിക സന്നിധിയെ കുറിച്ചു പറയാന്‍ ഉപയോഗിക്കുന്ന വാക്ക്. സ്ഥലാതീതം (Placelessness) സ്രഷ്ടാവിനെ കുറിച്ചുള്ള ഇസ്‌ലാമിക ദൈവശാസ്ത്ര വ്യവഹാരങ്ങളിലെല്ലാം ഏറെ കാണപ്പെടുന്ന ഒന്നാണ്. ഈ പ്രയോഗത്തിലൂടെ ഫിലോസഫിക്കല്‍ മാനങ്ങള്‍ കൂടി കവിതക്ക് ലഭിക്കുന്നു. വിളി കേട്ട നബി (സ്വ) സിദ്‌റത്തുല്‍ മുന്‍തഹ വരെ യാത്ര ചെയ്തതിനെ കുറിച്ചാണ് അടുത്ത വരി. സര്‍വ ചക്രവാളങ്ങളും ചുറ്റിക്കറങ്ങി നബി എന്നാണ് വര്‍സി പാടുന്നത്. സ്ഥലമില്ലായ്മയില്‍ നിന്നും ലഭിച്ച ക്ഷണത്തില്‍ എല്ലാ സ്ഥലങ്ങളും കണ്ട നബി എന്ന ഒരു ആശയത്തെ എത്ര മനോഹരമായാണ് വര്‍സി ഏതാനും വരികളില്‍ കൊത്തിവെക്കുന്നത്! ദൈവത്തോട് ഏറ്റവും അടുത്ത മാലാഖക്ക് പോലും അനുവാദമില്ലാത്ത പരിധിയും കടന്നുള്ള രാപ്രയാണത്തില്‍ നബിക്ക് (സ്വ) യാതൊരുവിധ പരിധികളോ മറ്റോ ഉണ്ടായിരുന്നില്ലല്ലോ. പടച്ചവന്റെ യഥാർഥ സത്തയിലേക്ക് തനിച്ചാണ് നബി(സ്വ) പോയത്. സഅദി പറഞ്ഞുവെച്ച “പരിപൂര്‍ണതയെന്ന’ (കമാല്‍)വാക്യം ഈ മഹാ സമാഗമത്തെ കുറിച്ചാണ്. ശേഷം വര്‍സി നബിതങ്ങളുടെ സൗന്ദര്യത്തെ പറയുന്നു. മിഅ്‌റാജിന്റെ രാത്രിയില്‍ കത്തിജ്വലിച്ച പ്രകാശം റബ്ബിന്റെ പ്രകാശത്തില്‍ നിന്നും വേര്‍പിരിഞ്ഞുണ്ടായതാണ്. അത് ഇരുട്ടില്‍ സകല ചരാചരങ്ങള്‍ക്കും മേലെ വീശിക്കൊണ്ടിരുന്നു. എന്നെല്ലാം ഇവിടെ വര്‍സി പാടുന്നു. വര്‍സി പറഞ്ഞ ആ പ്രകാശം തന്നെയാവണം കാണാദൂരത്തേക്ക് അപ്പുറത്തുള്ള മഹാദ്ഭുതങ്ങളിലേക്ക് വെളിച്ചമായതും.
ശാസ്ത്രത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം ഒരു പ്രകാശവര്‍ഷം അനേകായിരം കിലോമീറ്ററുകള്‍ അടങ്ങിയതാണ്. മാത്രവുമല്ല ഒരു വസ്തു പ്രകാശവര്‍ഷ വേഗതയില്‍ സഞ്ചരിച്ചാല്‍ പിന്നെ അതിന്റെ രൂപം നിലനില്‍ക്കില്ല. മറിച്ച് ഊർജമായി പരിവര്‍ത്തനം ചെയ്യപ്പെടും എന്നൊക്കെയാണ്. ഇവിടെയാണ് പ്രവാചകരും ജിബ്‌രീലും ഒറ്റ രാത്രിയില്‍ എണ്ണിത്തിട്ടപ്പെടുത്താനാവുന്നതിനും അപ്പുറത്തുള്ള പ്രകാശവര്‍ഷങ്ങള്‍ താണ്ടി ദൈവസന്നിധിയില്‍ ചെന്ന് വെളുക്കും മുമ്പേ തിരികെ എത്തിയത്. അതുകൊണ്ടാണ് വസ്തു-പ്രകാശം എന്നരീതിയില്‍ സൂഫിയാക്കളുടെ ഭാഷ്യത്തില്‍ “നൂറു മുഹമ്മദ്’ എന്ന ആശയം വലിയ സ്ഥാനം പിടിച്ചതും, “മുഹമ്മദീയ പ്രകാശത്തില്‍ നിന്നും ഉലകം തുടിച്ചു’ എന്ന് നമ്മുടെ ഭാഷയില്‍ തന്നെ വരികളുള്ളത് അറിയാമല്ലോ. ഈയൊരു ആശയത്തെ വര്‍ണിക്കുകയാണ് വര്‍സി തന്റെ കവിതയിലൂടെ;
“റൂഖ് മുസ്തഫകേ
യേ റോഷ്‌നി
യേ തജല്ലിയോം കി ഹമാഹമി’

നബി(സ്വ) പോകുന്നിടത്തെല്ലാം പ്രകാശമായിരുന്നു. ഈ പ്രകാശത്തെ വഴികാട്ടിയായും (ഹിദായത്ത്) ദൃശ്യപ്രകാശമായും പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. അഥവാ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്ന പ്രവാചകര്‍ അല്ലെങ്കില്‍ ശരീരം പ്രകാശിച്ചവര്‍ എന്ന് രണ്ടര്‍ഥവും കാണാം എന്നു സാരം. ഈ പറഞ്ഞതിന്റെ തുടര്‍വായന എന്നോണം ചരിത്രത്തില്‍ കാണാം, “പ്രവാചകര്‍ ആകാശ യാത്രയില്‍ ഏറ്റവും പ്രകാശമുള്ള അര്‍ഷില്‍ ചെന്നപ്പോള്‍ നബിയുടെ പ്രകാശത്താല്‍ അര്‍ഷ് തിളങ്ങുന്നു.’ ശേഷം ഇതിനു തുടര്‍ച്ചയായി മൂന്നാമത്തെ വരി വര്‍സി കൊണ്ടുവരുന്നു. ”കശഫദ്ദുജാ ബി ജമാലിഹി, നബിയുടെ സൗന്ദര്യം കൊണ്ട് മിഅ്‌റാജിന്റെ രാത്രി പ്രകാശപൂരിതമായി എന്നാണ് ഇതിനര്‍തഥം. സര്‍വ അന്ധകാരങ്ങളുടെയും വെളിച്ചമാണല്ലോ പ്രവാചകര്‍ (സ്വ).
തന്റെ കവിതയില്‍ ഉടനീളം നബിതങ്ങളുടെ സൗന്ദര്യത്തെ കുറിച്ച് വര്‍ണിക്കുന്ന ഭാഗങ്ങള്‍ വര്‍സി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരിടത്ത്, നബിതിരുമേനിയുടെ മുഖം കണ്ണാടി പോലെയാണെന്ന് വിശേഷിപ്പിക്കുന്നു. കണ്ണാടിയാണ് എല്ലാത്തിനെയും പ്രതിഫലിപ്പിക്കുന്നത്. നബി(സ്വ) തന്റെ സമൂഹത്തെ സദാസമയം നോക്കിക്കാണുന്നു. അത്തരത്തില്‍ ഒരു ദര്‍പണമായി വിശ്വാസിയെ നയിക്കുന്നതിനുള്ള നബിയുടെ പ്രത്യേകതയാണ് കവിതയുടെ ഈ ഭാഗം കൈകാര്യം ചെയ്യുന്നത്.
ശൈഖ് സഅദി ശീറാസിയുടെ മനോഹരവും അര്‍ഥഗര്‍ഭവുമായ ചതുഷ്പദിക്ക് അക്ബര്‍ അലി വര്‍സി എഴുതിയ വ്യാഖ്യാനമായും ഈ കവിതയെ നമുക്ക് വായിക്കാവുന്നതാണ്. അറബി ഭാഷയിലെ തഖ്മീസ് (കവിതയിലെ ഒരു വരിക്ക് അഞ്ചു വരികള്‍ കൊണ്ടു കാവ്യവിശദീകരണം നല്‍കുന്ന രീതി) പോലെയുള്ള പാരമ്പര്യങ്ങളോടും ഇതിന് സാമ്യമുണ്ട്. വായനക്കാരന്റെയും ശ്രോതാവിന്റെയും ഉള്ളില്‍ മിഅ്‌റാജിന്റെ സൗന്ദര്യാത്മകത അനുഭവിപ്പിക്കുന്നതില്‍ വര്‍സി വിജയിച്ചിട്ടുണ്ട്. ഖവാലിയുടെ സാബ്രി സഹോദരങ്ങള്‍ പാടിയ പതിപ്പ് എക്കാലത്തും ജനകീയമാണ്. ഇത്തരം കാവ്യ സാഹിത്യങ്ങളില്‍ കൂടി മിഅ്‌റാജ് സ്മരിക്കപ്പെടുന്നുണ്ട്. അതു കൂടി പഠന, ആസ്വാദന വിധേയമാക്കുകയാണ് ഓരോ മിഅ്‌റാജിലും ■

Share this article

About സിറാജുല്‍ അന്‍വർ

muhammedsirajulanwar@gmail.com

View all posts by സിറാജുല്‍ അന്‍വർ →

Leave a Reply

Your email address will not be published. Required fields are marked *