നിങ്ങള്‍ തലവേദനിക്കാത്ത നിരുത്തരവാദികളാണോ?

Reading Time: 2 minutes

തലവേദനയോളം സന്ദർഭത്തോട് യോജിക്കുന്നതും അനുഭവം ബോധിപ്പിക്കുന്നതുമായ പദം നമ്മൾ വേറെ ശീലിച്ചിട്ടുണ്ടാകില്ല. തലവേദന എന്ന ശബ്ദത്തിന്റെ അനേകം ഞരമ്പുകളിലൂടെ..

രാഷ്ട്രത്തലവന്മാര്‍ക്ക് പനിയ്ക്കും. എന്നാല്‍, രാജ്യങ്ങള്‍ക്ക് തലവേദനിയ്ക്കുമോ? പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും തല പെരുക്കുമോ? ഉണ്ട്, അങ്ങിനെ ഉണ്ടാകുന്നുണ്ട് എന്നല്ലേ. രാഷ്ട്രങ്ങള്‍ക്ക് മാത്രമല്ല ഐക്യരാഷ്ട്രസഭക്കു വരെ തലവേദന ഉണ്ടാകാറുണ്ട്. തീരാ തലവേദനയും പെരും തലവേദനയുമൊക്കെ ഉണ്ട്. തലവേദനകളിലൂടെ കയറിയിറങ്ങി പൊയ്‌കൊണ്ടേയിരിക്കുന്നതാണ് നമ്മുടെ ലോകവും രാഷ്ട്രീയവും സമൂഹവും കുടുംബവുമൊക്കെ. അതിലുപരി ഈ തലവേദന ദശലക്ഷക്കണക്കിനു മനുഷ്യര്‍ നേരിട്ട് അനുഭവിക്കുന്നുമുണ്ട്.
തലവേദന എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന ഒരുപാട് ഉത്തരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ആരോഗ്യവുമായും മാനസികാവസ്ഥയുമായും ബന്ധപ്പെട്ട തലവേദനകളാണ് അവയില്‍ സിംഹഭാഗവും. തലവേദന രോഗത്തെ മെഡിക്കല്‍ സയന്‍സ് പല ശ്രേണികളായി തരംതിരിച്ച് നിരീക്ഷിക്കുകയും ചികിത്സകള്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. തലവേദന എന്ന രോഗാവസ്ഥ ലോകവ്യാപകമായ ഒരു പ്രശ്‌നം തന്നെയാണ്. തലവേദനക്ക് ചികിത്സിക്കാനായി അതിന്റെ വകഭേദങ്ങള്‍ക്കനുസരിച്ച് പ്രത്യേക ക്ലിനിക്കുകളും ആശുപത്രികളുമൊക്കെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. തലവേദനക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമൊക്കെയായി അന്താരാഷ്ട്ര തലത്തില്‍ ഹെഡ് ഏയ്ക് സൊസൈറ്റി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ലോകത്ത് ആര്‍ക്കും അംഗത്വമെടുത്ത് പങ്കു ചേരാവുന്നതാണ് സൊസൈറ്റിയുടെ ഘടന. വിവിധ രാജ്യങ്ങളിലും തലവേദന സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
എന്നാല്‍, രോഗം എന്നു വിളിക്കാനാകാത്ത മനുഷ്യരുടെയും സമൂഹത്തിന്റെയും വ്യവഹാര മണ്ഡലങ്ങളോട് ചേര്‍ന്ന് രൂപപ്പെടുന്നതും തുടരുന്നതുമായ തലവേദനയെ പ്രതിയാണ് ഈ കുറിപ്പ്.
ക്യൂബ എന്ന കൊച്ചു രാജ്യം അമേരിക്കക്ക് ഒരു നിത്യ തലവേദന ആകുന്നത് എങ്ങനെയാണ്? അഫ്ഗാനിസ്ഥാനും ഇറാനും യു എസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. റഷ്യ ഉക്രൈനും ഇസ്രയേല്‍ ഫലസ്തീനും പാകിസ്ഥാന്‍ ഇന്ത്യക്കും മിക്കപ്പോഴും തലവേദനയാണല്ലോ. ലോകരാജ്യങ്ങളുടെ ചില രാഷ്ട്രീയ ഇടപെടലുകള്‍ ഐക്യരാഷ്ട്രസഭക്ക് തീരാതലവേദന ആകാറുണ്ട്. അഥവാ രാഷ്ട്രീയമായ, അന്താരാഷ്ട്രീയവും ദേശീയവും പ്രാദേശികവുമൊക്കെയായ തലവേദനകളാണ് നിത്യവും നമുക്കു മുന്നിലെത്തുന്ന വാര്‍ത്തകളില്‍ കാണുക.
പാര്‍ട്ടികളും സ്ഥാപനങ്ങളും സര്‍ക്കാറുകളുമെല്ലാം നിരന്തരവും ഭിന്ന രൂപങ്ങളിലും തലവേദനകളുടെ ഇരകളായോ ഉത്പാദകരായോ ഉണ്ട്. മാതാപിതാക്കള്‍ക്ക് മക്കളും മക്കള്‍ക്ക് രക്ഷാകര്‍ത്താക്കളും അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളും കോളജ് മാനേജ്‌മെന്റിന് അധ്യാപകരും തലവേദനകള്‍ സൃഷ്ടിക്കുന്നു. ജീവനക്കാര്‍ ഉണ്ടാക്കുന്ന തലവേദനയില്‍നിന്നും മുക്തി നേടാന്‍ മിക്കപ്പോഴും സര്‍ക്കാറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാധിക്കില്ല. പോലീസ് ഉൾപ്പെടെയുള്ള അധികാരങ്ങള്‍ പൊതുജനങ്ങള്‍ക്ക് തുടര്‍ച്ചയായ തലവേദന സമ്മാനിക്കാറുണ്ട്. തിരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണങ്ങള്‍ക്ക് നിരന്തരം തലവേദന ഉണ്ടാക്കുന്ന പൗരന്മാരും ഉണ്ട്. നാട്ടിലും സമൂഹത്തിലും തലവേദന ഉണ്ടാക്കുന്നവരില്ലേ? കുടുംബാംഗങ്ങളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം തലവേദന അനുഭവിക്കുന്നതിലും ഉണ്ടാക്കുന്നതിലും ഒരുപോലെ ഇടപെടാറുണ്ട്. മനുഷ്യര്‍ മാത്രമല്ല, വൃക്ഷലതാദികളും മൃഗങ്ങളും വാഹനങ്ങളും റോഡുകളും പാലങ്ങളുമെല്ലാം തലവേദനകള്‍ രൂപപ്പെടുത്തും. അങ്ങനെയാണ് നാട്ടിലിറങ്ങിയ കൊമ്പന്‍, പോലിസിനും വനപാലകര്‍ക്കും തലവേദനയാകുന്നത്. പഞ്ചായത്തിലെ തെരുവുനായ്ക്കള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നതും. റോഡിലെ കുണ്ടുംകുഴിയും ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുചാലും പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും തലവേദന ഉണ്ടാക്കാറുണ്ടല്ലോ. ചിലപ്പോള്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഒരു മരമാണ് അധികൃതര്‍ക്കും നാട്ടുകാര്‍ക്കും തലവേദനയാവുക. വിമതരും വിമര്‍ശകരും ഉണ്ടാക്കുന്ന തലവേദനകള്‍ പാര്‍ട്ടികളെയും പ്രസ്ഥാനങ്ങളെയും നിരന്തരം വേട്ടയാടാറുണ്ട്. സര്‍ക്കാറുകള്‍ക്ക് നിത്യമായ തലവേദന പ്രതിപക്ഷം തന്നെയാണ്. സ്വന്തം എംഎല്‍എമാരും എംപിമാരും ചിലപ്പോഴെങ്കിലും മുന്നണിക്കും പാര്‍ട്ടികള്‍ക്കും തലവേദനയായി മാറും. മന്ത്രിസഭയിലെ ചില അംഗങ്ങള്‍ സൃഷ്ടിക്കുന്ന വിവാദം സര്‍ക്കാറുകള്‍ക്ക് തലവേദനയായി മാറിയ സംഭവങ്ങള്‍ നിരവധിയുണ്ടല്ലോ. കുടുംബങ്ങളിലും അയല്‍പക്കങ്ങളിലുമൊക്കെ തലവേദനകളുടെ നീണ്ട കഥകള്‍ തന്നെയുണ്ട്. ഇങ്ങനെ സാമൂഹികവും രാഷ്ട്രീയവുമായ അവസ്ഥകള്‍ക്കും അസ്വസ്ഥതകള്‍ക്കും എളുപ്പം മനസിലാകാവുന്ന ഒരു അതിവിശിഷ്ട നാമകരണമാണ് തലവേദന. ഒറ്റ പ്രയോഗത്തിലൂടെ ആശയത്തിന്റെയും അനുഭവത്തിന്റെയും തീക്ഷ്ണത കൈമാറ്റം ചെയ്യപ്പെടുന്നു.
നയങ്ങളിലും നിലപാടുകളിലും ഉണ്ടാകുന്ന മാറ്റങ്ങളോ ദുര്‍ബലതകളോ ആണ് അസ്വസ്ഥതകളും സങ്കീര്‍ണതകളുമായി വികസിക്കുക. സന്ദര്‍ഭം ഏതായാലും തലവേദന എന്ന പറച്ചിലിലൂടെയും എഴുത്തിലൂടെയും ഒരു കുഴപ്പത്തെ അതിന്റെ ആഴത്തില്‍ വിനിമയം ചെയ്യാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തലവേദന സര്‍വവ്യാപിയായി ഉപയോഗിക്കപ്പെടുന്നു. അസ്വസ്ഥത, സങ്കീര്‍ണത, വിഷമം, ടെന്‍ഷന്‍ തുടങ്ങിയ വിവിധ പ്രയോഗങ്ങള്‍ ഉണ്ടെങ്കിലും തലവേദനയോളം സന്ദര്‍ഭത്തോട് യോജിക്കുന്നതും അനുഭവം ബോധിപ്പിക്കുന്നതുമായ പദം മലയാളികള്‍ ശീലിച്ചിട്ടില്ല. അങ്ങനെയാകണം പത്രമാധ്യമങ്ങള്‍ ഏറ്റവുമധികം തലക്കെട്ടായി ഉപയോഗിക്കുന്ന വാക്കും പ്രയോഗവും തലവേദനയായത്.
മനുഷ്യശരീരത്തിലെ മറ്റൊരു അസുഖം ഇത്രമേല്‍ പ്രാധാന്യത്തോടെ രാഷ്ട്രീയത്തിലും സമൂഹത്തിലും ജീവിതത്തിലും ഉപയോഗിക്കുന്നില്ല. ശല്യവും അസ്വസ്ഥതയും പിന്തുടര്‍ച്ചകള്‍ ആവശ്യമുള്ളതും നഷ്ടവും പ്രശ്‌നവും ഒക്കെ ആകാന്‍ സാധ്യതയുള്ള ചെറുതും വലുതുമായ സന്ദര്‍ഭങ്ങളെയാണ് തലവേദന എന്ന ഒറ്റപ്പേരില്‍ വിളിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നം അല്ലെങ്കില്‍ കൂടി ഒരു മനുഷ്യന്റെ നിത്യജീവിതത്തിന്റെ താളം തെറ്റിക്കാനും നിഷ്‌ക്രിയത്വവും മാനസിക അസ്വസ്ഥതകളും സൃഷ്ടിക്കാനും സാധിക്കുന്ന ശാരീരികാവസ്ഥയാണ് തലവേദന. ചെറിയ കാരണങ്ങള്‍ കൊണ്ടും വന്നുചേരുന്നു എന്ന പ്രത്യേകതയും തലവേദനക്കുണ്ട്. കൂടുതല്‍ ഉറങ്ങിയാലും ഉറങ്ങാതിരുന്നാലും പുസ്തകം വായിച്ചാലും യാത്ര ചെയ്താലും മൊബൈലിലോ കംപ്യൂട്ടറിലോ നോക്കിയിരുന്നാലും പലര്‍ക്കും തലവേദന ഉണ്ടാകുന്നു. ജലദോഷം പിടിച്ചാലും രക്തസമ്മര്‍ദം കൂടിയാലും കുറഞ്ഞാലും തലവേദനിക്കാം. മൈഗ്രേയ്ന്‍ പോലെ സ്ഥിര പ്രശ്‌നമാകുന്ന തലവേദനകളുമുണ്ട്. കണ്ണുകള്‍ക്ക് കൂടുതല്‍ അധ്വാനിക്കേണ്ടി വരുമ്പോള്‍ തലവേദനിക്കും. ഇങ്ങനെ തലവേദന അനുഭവിക്കാത്ത മനുഷ്യരുണ്ടാകില്ല. ഈ അവസ്ഥകളെയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് രാഷ്ട്രീയവും സാമൂഹികവും കുടുംബപരവും സ്ഥാപനപരവുമായ സന്ദര്‍ഭങ്ങളിലേക്ക് തലവേദന കടന്നുവന്നിട്ടുണ്ടാകുക. തലവേദനയവസ്ഥക്ക് വരുംഭാവിയിലും വലിയ മാറ്റം ഉണ്ടാകാന്‍ ഇടയില്ല. അതുകൊണ്ടു തന്നെ പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഒരേ സമയം തലവേദനിക്കാം. ഇതേസമയം യു കെയിലും ഉക്രൈനിലും സിറിയയിലും തലവേദനകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. വ്യവസായികളും സെലിബ്രിറ്റികളും കലാകാരന്മാരും മാധ്യമങ്ങളും എല്ലാം തലവേദനകള്‍ അനുഭവിച്ചുകൊണ്ടേയിരിക്കും.
ആളുകളും സമൂഹവും രാജ്യങ്ങളുമെല്ലാം മുന്നോട്ടു പോകുന്നതും വികസിക്കുന്നതും വിഭിന്നമാകുന്നതും സത്യത്തില്‍ തലവേദനിക്കാന്‍ സന്നദ്ധമാകുന്നവരിലൂടെയോ തലവേദനകളിലൂടെ തന്നെയോ ആണ്. തലയില്‍ വെക്കുക എന്നൊരു പ്രയോഗമുണ്ട്. ഏതെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കുകയും നിര്‍വഹിക്കുകയും ചെയ്യുന്നതിനെയാണ് പൊതുവേ തലയില്‍ വെക്കുക എന്നു പറയുക. ഈ തലകള്‍ക്കാണ് പിന്നീട് വേദനിക്കേണ്ടി വരുന്നത്. അപ്പോള്‍ ഈ തലവേദന ഒരു ഉത്തരവാദിത്വംമുള്ള സാമൂഹിക പ്രവര്‍ത്തനമോ രാഷ്ട്രീയ പ്രവര്‍ത്തനമോ ആയി മാറുന്നുണ്ട്. തലവേദനിക്കാത്തവര്‍ സ്വതന്ത്രരോ നിരുത്തരവാദികളോ ആയിരിക്കും ■

Share this article

About അലി അക്ബർ

taaliakbar@gmail.com

View all posts by അലി അക്ബർ →

Leave a Reply

Your email address will not be published. Required fields are marked *