100 രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ മീം വെര്‍ച്വല്‍ അക്കാദമി

Reading Time: 4 minutes

ഓണ്‍ലൈന്‍ ഇസ്‌ലാമിക വിദ്യാഭ്യാസ സേവനം നൂറു രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്ന എഡ്‌ടെക് കമ്പനിയാണിന്ന് മീം വെര്‍ച്വല്‍ അക്കാദമി. സ്ഥാപകനും സിഇഒയുമായ ഡോ. അബ്ദുര്‍റഊഫ് മീമിനെക്കുറിച്ച് സംസാരിക്കുന്നു.

മീം അക്കാദമി
ഓണ്‍ലൈന്‍ മദ്‌റസാ വിദ്യാഭ്യാസത്തില്‍ തുടങ്ങി ഇസ്‌ലാം, ഖുര്‍ആന്‍, പൊതുവിജ്ഞാന രംഗങ്ങളില്‍ രാജ്യാന്തരതലത്തില്‍ സേവനം വ്യാപിപ്പിച്ച് മുന്നേറുകയാണ് മര്‍കസ് നോളജ് സിറ്റി ആഭിമുഖ്യത്തിലുള്ള മീം വെര്‍ച്വല്‍ അക്കാദമി. ഇസ്‌ലാമിക വിദ്യാഭ്യാസത്തിനൊപ്പം പൊതു വിജ്ഞാനവും ലോകോത്തര യൂനിവേഴ്‌സിറ്റികളില്‍നിന്നുള്ള ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്ന മീം അക്കാദമി വെര്‍ച്വല്‍ സ്‌പെയ്‌സിന്റെ സാധ്യതകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു എഡ്‌ടെക് കമ്പനിയാണിന്ന്. ഓഫീസ് സംവിധാനങ്ങളൊന്നും ഇല്ലാതെ ആയിരത്തിലധികം ജീവനക്കാരെയും അധ്യാപകരെയും നിയന്ത്രിച്ചു സേവനം ലഭ്യമാക്കുന്ന ലോകത്തു തന്നെ അപൂര്‍വതകളുള്ള ഒരു വിദ്യാഭ്യാസ സംരംഭം.

ആരംഭം
ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കളുടെ മക്കള്‍ക്ക്, വേണ്ടവിധം മദ്‌റസാ പഠനത്തിനുള്ള സൗകര്യങ്ങളില്ല എന്ന ആശങ്ക പങ്കു വെക്കുമായിരുന്നു. അതിനുള്ള പരിഹാര ആലോചനകള്‍ 2016ല്‍ മനസില്‍ രൂപപ്പെട്ടു. പക്ഷേ നെറ്റ്‌വർക് കണക്ടിവിറ്റി തടസങ്ങള്‍ മൂലം മുന്നോട്ടു പോയില്ല. 2019ല്‍ യുഎസില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് നൗഫലിന്റെ സംസാരം വെര്‍ച്വലല്‍ മതപഠനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. നൗഫലിന്റെ സൗഹൃദ വലയത്തിലെ മിക്കപേരും ഇതേ വെല്ലുവിളി നേരിടുന്നുണ്ടായിരുന്നു. ഇതോടെ പ്രവര്‍ത്തനങ്ങളിലേക്കു കടക്കാന്‍ നിശ്ചയിക്കുകയായിരുന്നു. 2019 ഡിസംബര്‍ ആദ്യ വാരത്തില്‍ അന്ന് ബംഗളൂരുവില്‍ ഉണ്ടായിരുന്ന ചില മുതഅല്ലിമുകളെ ഉപയോഗപ്പെടുത്തി പദ്ധതി ആരംഭിച്ചു. ഇസ്മാഈല്‍ ഖാദിരി എന്ന വിദ്യാര്‍ഥിയാണ് ആദ്യകാലത്ത് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. വിപുലമായ സാധ്യതകളുള്ള ഓണ്‍ലൈന്‍ മദ്‌റസ എന്ന ആശയം കേരളത്തിലെ ഇന്റഗ്രേറ്റഡ് പ്രൊഫഷനല്‍ ഫോറത്തില്‍ (ഐപിഎഫ്) അവതരിപ്പിക്കുകയും സംഘടനയുടെ നേതൃത്വത്തില്‍ പേരും ഘടനയും രൂപപ്പെടുത്തി മുന്നോട്ടു പോവുകയായിരുന്നു. മീം എന്ന പേരും അക്കാദിമിക്-അഡ്മിന്‍ ഘടനയുമൊക്കെ രൂപപ്പെടുന്നത് ഐപിഎഫില്‍ നടക്കുന്ന ആലോചനകളിലൂടെയാണ്. എം മുഹമ്മദ് സാദിഖ് വെളിമുക്ക് ഉള്‍പെടെയുള്ളവരുടെ പിന്തുണയും പങ്കാളിത്തവും ആശയം മുന്നോട്ടു നിയിക്കാന്‍ സഹായിച്ചു.
മീം അക്കാദമിയുടെ പഠനരീതികള്‍ അറിഞ്ഞും അനുഭവിച്ചും കൂടുതല്‍ പേര്‍ പഠിക്കാനെത്തി. ആവശ്യമായ അധ്യാപകരെ പരിശീലിപ്പിച്ചു നിയോഗിച്ചു. മദ്‌റസ സിലബസ് പ്രകാരമുള്ള പുസ്തകങ്ങള്‍ അടിസ്ഥാനമാക്കി തന്നെയായിരുന്നു ആദ്യകാല ക്ലാസുകള്‍. പിന്നീട് ഇത് ഫോളോ ചെയ്യുന്നതില്‍ ചില പ്രയാസങ്ങള്‍ നേരിട്ടു. ഒന്നാം ക്ലാസില്‍ തന്നെ വ്യത്യസ്ത പ്രായക്കാരുണ്ടാകും. അലിഫും ബാഉം അടക്കം ബേസിക് അറിയാത്ത പതിനഞ്ച് വയസുകാരും ഇരുപതു വയസുകാരുമൊക്കെ വന്നു തുടങ്ങി. അങ്ങനെ ഓരോ കുട്ടിക്കും ഓരോ കരിക്കുലം എന്ന രൂപത്തിലേക്ക് മാറുകയായിരുന്നു. അഥവാ ഓരോ വിദ്യാര്‍ഥിക്കും ഓരോ അധ്യാപകന്‍ എന്ന സ്വഭാവം. പഠിതാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത കൈവന്നതോടെ മീം അക്കാദമിയുടെ സാധ്യതാ ആലോചനകളും ബലപ്പെട്ടു. ഈഘട്ടത്തിലാണ് വെര്‍ച്വല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആലോചനകളുമായി മുന്നോട്ടു പോയിരുന്ന മര്‍കസ് മാനേജ്‌മെന്റിന്റെകൂടി താത്പര്യപ്രകാരം മീം മര്‍കസ് നോളജ് സിറ്റിയുടെ ഭാഗമായി മാറുന്നത്.

പ്രവര്‍ത്തന രീതി
പഠിതാവിനെ മൂല്യനിര്‍ണയം നടത്തുകയാണ് ആദ്യപടി. തുടര്‍ന്ന് ഒരു Individual Education Plan (IEP) തയാറാക്കി വിദ്യാര്‍ഥിക്കും രക്ഷിതാവിനും നല്‍കും. അവര്‍ക്കിത് റിവ്യൂ ചെയ്യാനും കൂട്ടിച്ചേര്‍ക്കലുകലും ഒഴിവാക്കലുകളും നിര്‍ദേശിക്കാനുമെല്ലാം അവസരമുണ്ടാകും. അവര്‍ക്കാവശ്യമായ സിലബസ് അവര്‍ക്ക് തന്നെ ഡിസൈന്‍ ചെയ്യാം എന്നതാണ് സവിശേഷത. മുതിര്‍ന്നവരാണെങ്കില്‍ വിദ്യാര്‍ഥികള്‍ തന്നെയും ചെറിയ കുട്ടികളാണെങ്കില്‍ രക്ഷിതാക്കളുമായുമാണ് ഇത്തരം ഇടപെടലുകള്‍ നടത്തുക. IEP മീമിന്റെ വളരെ യുനീക് ആയ ഒരു പ്രത്യേകതകൂടിയാണ്. ആദ്യ ഒരു മാസം ഇതനുസരിച്ച് ക്ലാസുകള്‍ നല്‍കും. തുടര്‍ന്ന് ആറു മാസത്തേക്ക് വിശാലമായ പ്ലാന്‍ ഉണ്ടാക്കും. 90% ക്ലാസുകളും ഇപ്പോഴും ഒരു വിദ്യാര്‍ഥിക്ക് ഒരു അധ്യാപകന്‍ (One to One) എന്ന രീതിയിലാണ്.

കോവിഡ് വഴിത്തിരിവ്
കോവിഡ് വലിയ ഒരു വഴിത്തിരിവായിരുന്നു. യു എസ് അടച്ചിട്ട നാളുകളില്‍ ഒരു സുഹൃത്ത് ചോദിച്ചു. കുട്ടികളൊക്കെ നിഷ്‌ക്രിയരായി ഇരിക്കുകയാണ്. അവരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? അങ്ങനെയാണ് ഒരു വെര്‍ച്വല്‍ സമ്മര്‍ ക്യാംപ് ആലോചിക്കുന്നത്. ഒരുപക്ഷേ ലോകത്തെ തന്നെ ആദ്യ ഇസ്‌ലാമിക വെര്‍ച്വല്‍ സമ്മര്‍ ക്യാംപ് ആയിരിക്കുമത്. കുറച്ചു കുട്ടികളെയേ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാല്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളി മുസ്‌ലിംസ് അസോസിയേഷന്‍ (നന്മ) എന്ന കൂട്ടായ്മ വഴി 250 ഓളം രജിസ്‌ട്രേഷന്‍ വന്നു. അത് വലിയൊരു ഷോക്കായി. ഓണ്‍ലൈന്‍ സംവിധാനം അത്ര ജനകീയമാമാകാത്ത സമയമാണ്. പാന്‍ഡമിക്കിന്റെ തുടക്കമായതിനാല്‍ വളരെ ചുരുക്കം പേര്‍ക്കേ സൂം, ഗൂഗിള്‍ മീറ്റ്, ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയൊന്നും പലര്‍ക്കും കേട്ടറിവ് പോലുമില്ല. പക്ഷേ ടാസ്‌ക് ഏറ്റെടുത്തു. വിദ്യാര്‍ഥികളെ 22 ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ദിവസവും 3 മണിക്കൂര്‍ പ്രോഗ്രാം നല്‍കണം. ട്രെയിനേഴ്‌സിനെ സജ്ജമാക്കലും വെല്ലുവിളിയായിരുന്നു.
ഓരോ സെഷനും ലീഡ് ചെയ്യാന്‍ ഒരു ട്രൈനര്‍, അദ്ദേഹത്തിന് ഒരു അസിസ്റ്റന്റ്, നെറ്റ്‌വര്‍ക്ക് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടാല്‍ അത് ബാക്ക് അപ് ചെയ്യാന്‍ വേറെ ഒരാള്‍ ഇങ്ങനെ 3 പേരെ ഒരു സെഷന്‍ നയിക്കാന്‍ നിയോഗിച്ചു. രണ്ടുമാസം വളരെ വിജയകരമായി ഇത് നടത്തി. ഒരു മാസം കഴിഞ്ഞപ്പോഴേക്ക് തന്നെ വലിയ ആത്മവിശ്വാസം ലഭിച്ചു. ഏകദേശം 2400 മണിക്കൂര്‍ ക്ലാസ് ഡെലിവര്‍ ചെയ്തു. ഇസ്‌ലാമിക്‌സ്, ടാലന്റ്, ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ്, കലിഗ്രഫി തുടങ്ങി വ്യത്യസ്ത സെഷനുകള്‍ ഉണ്ടായിരുന്നു.
പിന്നീട് യുകെയിലെ അല്‍ ഇഹ്‌സാന്‍ എന്ന ഒരു എന്‍ജിഒയും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടു. അവര്‍ക്കും പിന്നീട് ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്കായി രിസാല സ്റ്റഡി സര്‍ക്കിളിനു വേണ്ടിയും ക്യാംപ് നടത്തി. അങ്ങനെ 9 രാഷ്ട്രങ്ങളില്‍ ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. ഇത് മീമിന്റെ എനര്‍ജി ലെവല്‍ വളരെയധികം ഉയര്‍ത്തി. ഓണ്‍ലൈനില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള ആത്മവിശ്വാസം കൈവന്നു. ലോകത്ത് എവിടെ നിന്നും മതം പഠിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പരിഹാരം എന്ന ആലോചന മീം എഡ്ടെക് എന്ന കമ്പനിരൂപവത്കരണത്തിലെത്തിച്ചത്. സമ്മര്‍ ക്യാംപില്‍ പങ്കെടുത്തവരില്‍ 75% പേരും മദ്‌റസ വിദ്യാഭ്യാസം ലഭിക്കാത്തവരായിരുന്നു. ഇവരെല്ലാം നമ്മുടെ മദ്റസയില്‍ ജോയിന്‍ ചെയ്തു. അവരിലൂടെ കേട്ടറിഞ്ഞ് വേറെയും ഒരുപാട് ആളുകളെത്തി. തുടക്കകാലത്ത് മാസത്തില്‍ 24 ക്ലാസ് നല്‍കിയത്, പിന്നീട് ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഏതു സമയത്തും ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാവുന്ന 24×7 സിസ്റ്റത്തിലേക്ക് മാറി. മാസം 8, 12, 16, 20, 24 എന്നിങ്ങനെ ഇഷ്ടമുള്ള എണ്ണം സ്‌ലോട്ടുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും വെച്ചു. നാല്പതു മിനിറ്റാണ് ഒരു സ്‌ലോട്ട്. ഖുര്‍ആനിക് സ്‌പെല്ലിങ് ബീ എന്ന എന്നതും മീം നടത്തിയ വ്യത്യസ്തമായ ഒരു പദ്ധതിയാണ്. കഴിഞ്ഞ റമളാനില്‍ ആയിരുന്നുവത്. ആദ്യം നോര്‍ത്ത് അമേരിക്കയിലും പിന്നീട് മറ്റു രാജ്യങ്ങളിലും വിജയകരമായി ഇത് നടത്തുകയും വലിയ പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ വര്‍ഷവും അത് നടത്താന്‍ പ്ലാനിടുന്നു.

മറ്റു പദ്ധതികള്‍
കേരളത്തിലെ പള്ളി ദര്‍സ് സമ്പ്രദായം പ്രഫഷനലുകള്‍ക്ക് വേണ്ടി ഓണ്‍ലൈനില്‍ ലഭ്യമാക്കണം എന്നൊരു ആശയം ഉണ്ടായിരുന്നു. തിരക്കുകള്‍ക്കിടയില്‍ മതം പഠിക്കാന്‍ അവസരം കിട്ടാതെ പോയവര്‍ക്ക് Continuous Islamic Education എന്ന പേരില്‍ ദര്‍സ് തുടങ്ങി. ജീവിതകാലം മുഴുവന്‍ അറിവുമായി ബന്ധപ്പെട്ട് കഴിയുക എന്ന കോണ്‍സെപ്റ്റിനെ പുനര്‍ജീവിപ്പിക്കുകയായിരുന്നു. ഈ പദ്ധതി അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ അഞ്ഞൂറില്‍പരം അപേക്ഷകള്‍ വന്നു.
ഇതിനകം ആയിരത്തിലധികം ട്യൂട്ടര്‍മാരെ ട്രെയിന്‍ ചെയ്തിരുന്നു. അഞ്ഞൂറിലധികം പേര്‍ ഇപ്പോഴും ക്ലാസുകള്‍ എടുക്കുകയും ദഅ്വത്തായും ജീവന മാര്‍ഗമായും കാണുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് വലിയ അവസരമാണ് മീം തുറന്നത്. 80% ട്യൂട്ടര്‍മാരും സ്ത്രീകളാണ്. വലിയ സ്ത്രീ ശാക്തീകരണ പദ്ധതി എന്ന നിലയില്‍ പദ്ധതിക്ക് അഭിനന്ദനങ്ങള്‍ ലഭിച്ചു. ഈ വര്‍ഷത്തോടെ ട്യൂട്ടര്‍മാര്‍ അയ്യായിരത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 180 മണിക്കൂറിന്റെ ഇനിഷ്യല്‍ ട്രെയിനിങ് കഴിഞ്ഞ ശേഷമാണ് ഓരോ വനിതകളും മീമിന്റെ ട്യൂട്ടര്‍ ആയി മാറുന്നത്.

വൈപുല്യങ്ങള്‍/സ്‌കോളര്‍ഷിപ്പ്
മീമിനു സ്‌കോളര്‍ഷിപ്പ് സംവിധാനങ്ങളും ഉണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് കൂടുതല്‍ ഫോക്കസ് ചെയ്യുന്നത്. ചിലി, മെക്‌സിക്കോ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ അവരുടെ മുഖ്യ ഭാഷയായ സ്പാനിഷില്‍ ക്ലാസുകള്‍ നല്‍കാന്‍ ആലോചിക്കുന്നു. മലയാളം, അറബിക്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങി വിവിധ ഭാഷകളില്‍ ട്രെയിനിങ് നല്‍കുന്ന ഭാഷാ കൂട്ടായ്മകളും ഇപ്പോള്‍ മീമിന് ഉണ്ട്. ഇസ്‌ലാമിക വിദ്യാഭ്യാസം ഫോക്കസ് ചെയ്തു പ്രവര്‍ത്തിക്കുന്ന മീം അക്കാഡമിയ, അക്കാഡമിക് ട്യൂഷനുകള്‍ നല്‍കുന്ന മീം എജ്യുടെക്, ഹയര്‍ എജുക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മീം വ്യൂ, അമ്പതോളം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യ സംരക്ഷണ പാഠങ്ങള്‍ സമൂഹത്തിന് നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള മീം വെല്‍നസ്, ധാര്‍മിക വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചക്കായി സ്വയം സന്നദ്ധരായി മുന്നോട്ട് വന്നു പ്രവര്‍ത്തിക്കാന്‍ മീം ഷീ സോണ്‍ എന്ന പേരില്‍ 17 രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ ഒരു മോറല്‍ നെറ്റ് വർക് തുടങ്ങി അഞ്ചു പ്രോജക്ടുകള്‍ ഇപ്പോഴുണ്ട്. 35 രാജ്യങ്ങളിലായി പതിനായിരത്തിലധികം ഉപയോക്താക്കള്‍ മീമിന് നിലവിലുണ്ട്. അവരില്‍ മൂന്നര വയസ് മുതല്‍ അറുപതുകാര്‍ വരെയുണ്ട്.

Gig economy സംരംഭം
മീമിന്റെ പ്രത്യേകതകളിലൊന്ന് അതൊരു Gig economy കമ്പനി ആണ് എന്നതാണ്. ഇവിടെ മുഴുസമയ ജീവനക്കാര്‍ കുറവായിരിക്കും. ട്രെയിനിങ് പൂര്‍ത്തിയാക്കുന്ന ആര്‍ക്കും ജോയിന്‍ ചെയ്യുകയുമാവാം. മീമിന് ആയിരത്തോളം സ്റ്റാഫുകള്‍ ഉണ്ടെങ്കിലും ഒരു ഓഫീസ് പോലും ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഓഫീസോ മറ്റു പരമ്പരാഗത സംവിധാനങ്ങളോ ഇല്ലാതെ ഡിജിറ്റല്‍ ആയി ഒരു വലിയ കമ്പനിയും നെറ്റ് വര്‍ക്കും എങ്ങനെ സൃഷ്ടിക്കാം എന്നുള്ള ഒരു പരീക്ഷണമായികൂടി മീമിനെ കാണാം. ഇത്തരം ശ്രമങ്ങള്‍ ലോകത്തെമ്പാടും ഇന്ന് നടന്നുവരുന്നുണ്ട്. മറ്റൊന്ന്, വിദ്യാര്‍ഥികള്‍ മാത്രമല്ല, അവരുടെ രക്ഷിതാക്കളും മീം ഫാമിലിയുടെ ഭാഗമാണ്. അവര്‍ക്കും വ്യത്യസ്ത ട്രെയിനിങുകള്‍ നല്‍കുന്നു. meemians എന്ന പേരിലുള്ള ഈ മീം കുടുംബവും വിശാലമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. മീമിന്റെ സേവനം ഒരിക്കല്‍ നേടിയവര്‍ നല്ല അഭിപ്രായങ്ങളാണ് നല്‍കുന്നത്. അവരിലൂടെയാണ് കൂടുതല്‍ ആളുകള്‍ എത്തുന്നതും. 60 വയസുള്ള ഒരു ഉമ്മ ഖുര്‍ആന്‍ പഠിക്കാനായി മീം പ്രോഗ്രാമില്‍ ജോയിന്‍ ചെയ്തിരുന്നു. അവരുടെ ഫീഡ്ബാക് ഹൃദയം നിറക്കുന്നതായിരുന്നു. മരിച്ചു പോകുന്നതിന് മുമ്പ് ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല, എന്നാല്‍ നിങ്ങളിലൂടെ എന്റെ ആ ആഗ്രഹം സാധിച്ചു കിട്ടി എന്നായിരുന്നു അത്. നമുക്ക് ഇത് വലിയ ഊജമാണ് നല്‍കിയത്.

പുതിയ പദ്ധതികള്‍
ഒരു അധ്യാപകന്‍ നാലു വിദ്യാര്‍ഥികള്‍ക്ക് പല സമയങ്ങളിലായി ക്ലാസുകള്‍ നല്‍കിയാല്‍ തന്നെ ഒരു ലക്ഷം പേര്‍ക്ക് 25000 ഫാകല്‍റ്റികള്‍ വേണം. അതിന് വേണ്ട ശ്രമങ്ങളാണ് നടന്നു വരുന്നത്. കെജി മുതല്‍ പിജി വരെ ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം അക്കാഡമിക് എജുക്കേഷന്‍ കൂടി നല്‍കാന്‍ നമുക്ക് പദ്ധതികളുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പല യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ചു ചെയ്യാനാണ് ആലോചിക്കുന്നത്. നിലവില്‍ നാല് യൂനിവേഴ്‌സിറ്റികളുമായി ടൈ അപ്പ് ചെയ്തിട്ടുമുണ്ട്. അഡ്മിഷന്‍ പ്രക്രിയകളും ആരംഭിക്കുന്നു. വിആര്‍, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ മികവിലേക്ക് എത്തണം എന്നാണ് ലക്ഷ്യം. അടുത്ത ഒരു വര്‍ഷം കൊണ്ട് നൂറു രാജ്യങ്ങളിലേക്ക് എത്തുക എന്നതാണ് മറ്റൊരു സ്വപ്‌നം. വെര്‍ച്വല്‍ ഹോം സ്‌കൂളിങ് തുടങ്ങുക എന്നതും ഭാവി പദ്ധതികളില്‍ ഒന്നാണ്. 2030 ആകുമ്പോഴേക്ക് ലോകത്തിലെ ഏറ്റവും വലിയ മോറല്‍ എഡ് ടെക് കമ്പനിയായി മാറാനാണ് മീം ലക്ഷ്യമിടുന്നത്. അത് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് തന്നെയാണ് വിശ്വാസവും. കൂടുതല്‍ വിവരങ്ങള്‍ക്ക് info@meemedtech.com, +91 8592899911.
തയാറാക്കിയത്:
മുഹമ്മദ് എ ത്വാഹിർ

ഡോ. അബ്ദുര്‍റഊഫ് : കംപ്യൂട്ടര്‍ എന്‍ജിനീറും കംപ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റുമുള്ള അബ്ദുര്‍റഊഫ് ഐബിഎം, നോവല്‍ തുടങ്ങിയ വന്‍കിട കമ്പനികളിലെ 22 വര്‍ഷത്തെ സേവന പരിചയത്തില്‍നിന്നാണ് എഡ്‌ടെക് മേഖലയിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഐപിഎഫ് എക്‌സിക്യുട്ടീവ് ഡയറക്ടറാണ്. ഇന്ത്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് മൂല്യാധിഷ്ഠിത ഹോസ്റ്റല്‍ നെറ്റ് വർകിന് വിസ്ഡം ഹോംസ് എന്ന പേരില്‍ തുടക്കം കുറിച്ചത് റഊഫ് ആയിരുന്നു. ഇപ്പോള്‍ മീം അക്കാദമി സിഇഒ ചുമതലക്കൊപ്പം മര്‍കസ് നോളജ് സിറ്റി പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ്-അക്കാദമിക് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു ■

Share this article

Leave a Reply

Your email address will not be published. Required fields are marked *