മതിലുകള്‍ പൊളിഞ്ഞുവീണ ബഷീറിന്റെ എഴുത്തുദേശങ്ങള്‍

Reading Time: 4 minutes

അതിരുകള്‍ മായ്ച്ചുകളഞ്ഞ ജീവിതാനുഭവങ്ങളുടെ ആറ്റിക്കുറുക്കിയ കഷായമാണ് ബഷീറിന്റെ ഓരോ കൃതിയും. എഴുത്തിന്റെ ഏതു ദേശമാണ് ബേപ്പൂര്‍ സുല്‍ത്താന്‍ സ്വീകരിച്ചതെന്ന ചോദ്യത്തിന്, അതിരുകളില്ലാത്ത, മതിലുകളില്ലാത്ത, അന്ധമായ ദേശ, മത, വര്‍ഗ, ജാതി ബാധയേല്‍ക്കാത്ത മനുഷ്യരുടെ ദേശമാണെന്ന് കൃത്യമായി പറയാന്‍ കഴിയും.
സമൂഹത്തിലെ കുറെ പുറമ്പോക്കു ജീവിതങ്ങള്‍ക്ക് മലയാളത്തിന്റെ തങ്കഭാഷയില്‍ നിറം ചാര്‍ത്തുകയാണ് ബഷീര്‍ മുഖ്യമായും ചെയ്തത്. വിശപ്പ്, സ്‌നേഹം, വെറുപ്പ്, വൈരാഗ്യം, കുറ്റം, ശിക്ഷ, ആഗ്രഹം, ആര്‍ത്തി, ഒറ്റപ്പെടല്‍ തുടങ്ങി ഒരുപാടു വികാരങ്ങളും അവയുടെ പ്രതിഫലനങ്ങളും പച്ചയായ ജീവിതങ്ങളില്‍ ഉള്‍ച്ചേര്‍ത്തു.
കേശവന്‍ നായര്‍ സാറാമ്മയെയാണോ സാറാമ്മ കേശവന്‍ നായരെയാണോ കൂടുതല്‍ പ്രേമിക്കുന്നതെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ് “പ്രേമലേഖന’ത്തില്‍. “ഞാനാകുന്നു പ്രേമലേഖനം! യുവതിയാകുന്നു, യുവാവാകുന്നു പ്രേമലേഖനം!’ ഇരുളടഞ്ഞ തുറുങ്കു ജീവിതത്തില്‍നിന്ന് അനന്തതയുടെ വിഹായസിലേക്ക് ചൂളം വിളിച്ചോടുന്ന മനുഷ്യന്റെ ത്വര മധുരോദാരമായി ചിത്രീകരിച്ചിരിക്കുന്നു. “സ്ത്രീകളുടെ തലക്കുള്ളില്‍ നിലാവെളിച്ച’മാണെന്ന് പറയുന്ന കേശവന്‍ നായര്‍ അയാളിലാകെ നിലാവെളിച്ചം പരക്കുന്നത് സ്വയം അനുഭവിച്ചറിയുന്നു. പെണ്‍ ബുദ്ധിയും ആണ്‍ബുദ്ധിയും പ്രേമ പരിസരത്ത് ചുരുങ്ങി ചുരുണ്ട് ഒരു പോലെയാകുന്നു. പ്രേമത്തിന്റെ സെന്റ് കുപ്പി രണ്ടാളിലും ഒരേ ബ്രാന്റാണ്. വിദ്യാഭ്യാസം എടുത്തു ചാട്ടത്തില്‍ നിന്ന് സാറാമ്മയെ നിയന്ത്രിക്കുന്നു. അഭ്യസ്തവിദ്യയായ സാറാമ്മക്ക് ജോലി വേണം. ജോലി തരാം എന്ന വാക്ക് കൊടുത്ത കേശവന്‍നായര്‍ നിലാവെളിച്ചം ഖല്‍ബില്‍ കടന്നവനെ പോലെ തുറന്നു പറയാന്‍ മടിക്കുന്നു. “പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ സ്‌നേഹിക്കുക എന്നല്ലാതെ പിന്നെ എന്തൊരു ജോലിയാണ്? സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടാനുമായിട്ടാണ് സ്ത്രീകളെ ഈശ്വരന്‍ സൃഷ്ടിച്ചത്’ എന്ന തത്വം മുന്നോട്ടുവെക്കുന്നു വെങ്കിലും മാസപ്പടി കൃത്യമായി കൊടുക്കുന്ന അതികഠിനമായ ജോലി കേശവന്‍നായര്‍ സാറാമ്മയെ ഏൽപിക്കുന്നു. പണം കൊടുത്തു പ്രേമം നിലനിര്‍ത്താനാണോ കേശവന്‍ നായരുടെ ശ്രമമെന്ന് തോന്നുമ്പോഴാണ് കൊടുത്ത അത്രയും തുക കവറിലിട്ട് പ്രേമലേഖനമായി സാറാമ്മ കേശവന്‍ നായര്‍ക്ക് തന്നെ തിരിച്ചുനല്‍കുന്നത്.
ഒരു ഭാഗത്ത് സ്ത്രീ സമുദായത്തിന്റെ മിടുക്കും കൗശലവും മാനവും ഉയര്‍ത്തിക്കാണിക്കുമ്പോഴും അവരുടേതായ ചില ചാപല്യങ്ങളെ തുറന്നു പറയുന്നുമുണ്ട്. “അവര്‍ക്ക് ഉടുത്തൊരുങ്ങാനും പൗഡറിടാനും സ്‌പ്രേ പൂശാനും ചുണ്ട് ചെമപ്പിക്കാനും മുടി ഒരു 165 തരത്തില്‍ കെട്ടിവെക്കാനും അറിയാം! കണ്ണാടിയുടെ മുമ്പില്‍ അഖണ്ഡ തപസിരിക്കാനും അറിയാം. അങ്ങനെ ഉടുത്തൊരുങ്ങി ഒരു ഡുങ്കുഡു തഞ്ചിയുമായി….!’ പക്ഷേ, ഇത്തരം ഉപരിപ്ലവ ഭംഗി ഘടകങ്ങളെ അതിജയിക്കാന്‍ കഴിയുന്ന സ്ത്രീത്വത്തിന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും സമയം ഏറെയുണ്ട് കഥയില്‍. വിട്ടുവീഴ്ചയുടെയും പങ്കുവെപ്പിന്റെയും ലോകമാണ് വിവാഹജീവിതമെന്ന് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീയെ കേള്‍ക്കുന്ന കേശവന്‍നായരുണ്ട്. പരിഹാരം പറയുന്ന കേശവന്‍നായരുമുണ്ട്. വിമര്‍ശിക്കുന്ന സാറാമ്മ. വിമര്‍ശനം കേള്‍ക്കുന്ന കേശവന്‍ നായര്‍! ചിറ്റപ്പന്റെയും അപ്പച്ചന്റെയും കൂടെയുള്ള ജീവിതത്തില്‍ സാറാമ്മ അനുഭവിച്ച തീക്ഷ്ണമായ യഥാര്‍ഥ്യങ്ങള്‍ കേശവന്‍നായര്‍ കേള്‍ക്കുന്നു. “സ്ത്രീധനം കൊടുക്കാതെ ഞങ്ങളുടെ സമുദായത്തില്‍നിന്ന് എന്നെ ആരും കെട്ടിക്കൊണ്ടുപോകുകയില്ല!’
“തൊട്ടതിനൊക്കെ എനിക്കാണ് കുറ്റം! ഈ നാട്ടില്‍ മഴ പെയ്തില്ലെങ്കില്‍- അതിനു കുറ്റം എനിക്കാണ്.
സ്ത്രീധനത്തെ ഒരു നിലക്കും അനുകൂലിക്കാത്ത കേശവന്‍നായര്‍ സമുദായത്തിന്റെ ഹൃദയം പിളര്‍ത്തി ആ സത്യം വിളിച്ചു പറയുന്നു. “പെണ്ണിനെ സൂക്ഷിക്കാന്‍ ആണിന് കൊടുക്കുന്ന കൈക്കൂലി.’
കഠിനതരമായ ജോലിക്കിടയില്‍ രണ്ടു പേരും പരസ്പരം അംഗീകരിക്കുന്നു. തീവണ്ടിയില്‍നിന്ന് രണ്ടു ചായക്ക് കേശവന്‍നായര്‍ ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ രണ്ടു കാപ്പി എന്ന് സാറാമ്മയും പറയുന്നു. അവസാനം ഒരു കാപ്പി ഒരു ചായ പരിഹാരം ട്രെയിന്‍ യാത്ര സുന്ദരമാക്കുന്നു. സമകാലിക ഇന്ത്യയുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന മനോഹരമായ വാര്‍പ്പുകളില്‍ ഒരേടാണ് “പ്രേമലേഖനം.’
സ്‌നേഹിച്ചു തീരാത്ത രണ്ടു ജീവിതങ്ങളെ അപൂര്‍ണരാക്കി കഥ അവസാനിക്കുമ്പോള്‍ സമൂഹത്തിലെ സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥ അനാവൃതമാകുന്നുണ്ട്, ദുരന്ത പര്യവസായിയായ “ബാല്യകാലസഖി’യില്‍. അടക്കക്കച്ചവടക്കാരന്റെ മകളും തടിക്കച്ചവടക്കാരന്റെ മകനും എന്ന വേര്‍തിരിവിന്റെ വരമ്പിലൂടെ സാഹസം നിറഞ്ഞ നടത്തമാണ് തുടക്കത്തില്‍ ഈ കഥയിലുള്ളത്. ജീവിതത്തിന്റെ ഓരങ്ങളില്‍ എപ്പോഴും ഒരു നീറ്റലുണ്ട്.
നിഷ്‌കളങ്കതയുടെ പച്ചപ്പതിപ്പാണ് ബാല്യകാല പ്രണയത്തിന്റെ തുടക്കം. അങ്ങിങ്ങ് തങ്ങിനില്‍ക്കുന്ന മാടമ്പി തറവാട് മുറ്റത്തെ ഗര്‍വിന്റെ വെറ്റിലപ്പശ മെല്ലെ മെല്ലെ വൃത്തിയാക്കുന്ന സാമുദായിക ശുദ്ധീകരണമുണ്ട്. മജീദിന്റെ കൊച്ചു മനസില്‍ കടന്നുകൂടിയ ദുരഭിമാനത്തിന്റെ പതയും നുരയും ക്രമേണ മാഞ്ഞുപോകുന്ന കാഴ്ചയുമുണ്ട്. “വീടുതോറും നടന്നു അടയ്ക്ക വാങ്ങി ചാക്കില്‍ ചുമന്നു കൊണ്ടുവന്നു വില്‍ക്കുന്ന വെറുമൊരു അടക്കാ കച്ചവടക്കാരന്റെ മകള്‍. അവള്‍ എന്തുകൊണ്ട് പണക്കാരനായ തടി കച്ചവടക്കാരന്റെ മകനെ ഭയപ്പെടുന്നില്ല?’ മറ്റൊരിടത്ത് മജീദ് സുഹറയോട് പറയുന്നു, “എന്റെ വീട് ഓടിട്ടതാണല്ലോ.’
മാമ്പഴവും മിശറും പല്ലു കോക്രിച്ചുകാട്ടലും പിന്നെ ഉമ്മിണി വല്യ ഒന്നുമെല്ലാം രണ്ടു ധ്രുവങ്ങള്‍ക്കിടയില്‍ പാലം പണിതു. ഉപരിപഠനത്തിന് സുഹറക്കും അവസരമൊരുക്കണമെന്ന ചിന്ത വരെയെത്തി. സുഹറയുടെ കാതുകുത്തിന്റെ അന്ന് മജീദിന്റെ മാര്‍ക്കക്കല്യാണത്തിന് ഉണ്ടായിരുന്ന പോലെ ആളുകളോ ആഘോഷമോ ഇല്ലായിരുന്നു. ഇതുകണ്ട് മജീദ് വിചാരപെട്ടു; “അവിടെ വലിയ ആഘോഷമോ ആള്‍ക്കൂട്ടമോ ഒന്നും കണ്ടില്ല. അത് അവര്‍ പണക്കാരല്ലാഞ്ഞിട്ടാണെന്ന് മജീദ് വിചാരിച്ചു. പണക്കാരായിരുന്നെങ്കില്‍ കൊട്ടും വെടിക്കെട്ടും സദ്യയും ആരവവും ഒക്കെ ഉണ്ടാകുമായിരുന്നു.’
വെളിച്ചം തേടിയുള്ള പരദേശ യാത്രക്കൊരുങ്ങുന്ന മജീദിന്റെ മനസിലും ചുറ്റിലും മുഴങ്ങിയ “പോ!’ ശബ്ദം ബഷീറിയന്‍ സാഹിത്യത്തിന്റെ ഗർജനമായി മാറി. നാലുകെട്ടിന്റെ പുറത്തുള്ള ഇത്തിരിവട്ടത്തില്‍ നിന്നും ദൂരേയ്ക്കു പോകുവാനുള്ള സാഹിത്യദര്‍ശനമാണത്!
“പോ!’ ആ ശബ്ദം ലോകത്തിന്റെ അറ്റംവരെ മജീദിനെ ഓടിക്കുവാന്‍ പര്യാപ്തമായിരുന്നു. മജീദിന്റെ അനുസരണക്കേടിന് ബാപ്പ കൊടുത്ത ഈ ശാസന വിശാലമായ ലോകത്തേക്കുള്ള പലായന ഉത്തരവായിമാറി. പിന്നീടങ്ങോട്ട് ഗതിമാറ്റമാണ്. വിശാലമായ ലോകത്തില്‍ തനിച്ച്! വീടും നാടും ഉപേക്ഷിച്ചു പോകാന്‍ മജീദ് തീരുമാനിച്ചു. സുഹറയുടെ പിതാവിന്റെ ഉപദേശവും മജീദിന് യാത്ര പോകാന്‍ പ്രേരകമായി. സുഹറയുടെ ബാപ്പ മജീദിനോട് പറഞ്ഞു; “വെളിയിലാണ് യഥാര്‍ഥ മുസല്‍മാന്‍മാരുള്ളത്. ആ ഗ്രാമത്തിലുള്ളവരോ അന്ധവിശ്വാസികള്‍! ഹൃദയകാഠിന്യ മുള്ളവരും. നല്ലവരെ കാണണമെങ്കില്‍ വെളിയില്‍ പോകണം.’
പുരാതനീയ സമ്പദ് സമൃദ്ധി തകര്‍ന്നു തുടങ്ങിയ കുടുംബത്തിന്റെ അവസാനത്തെ അത്താണിയായി അന്നവും അറിവും തേടി മജീദ് അകലങ്ങളിലേക്ക് യാത്ര പോയി. ആശയറ്റ് പ്രവാസ പേടകത്തില്‍ ചേക്കേറിയ ഒരു കൂട്ടം പ്രവാസികളുടെ മനസില്‍ കോറിയിടുന്ന ഈ വാക്കുകള്‍ കൂട്ടിവായിക്കാം: “അജ്ഞാതമായ ഭാവിയിലേക്ക് മജീദ് ഇറങ്ങി. ആഗ്രഹങ്ങള്‍, കടമകള്‍, മജീദിനെ ധീരതയോടെ മുന്നോട്ട് നയിച്ചു.’
അറിവും തിരിച്ചറിവും മാല കോര്‍ത്തെന്നവണ്ണം സഞ്ചാരത്തെ ധന്യമാക്കി. നഗരങ്ങളിലും തെരുവുകളിലും ഗ്രാമങ്ങളിലും ആള്‍ക്കൂട്ടങ്ങളിലൊരാളായി മനുഷ്യ പ്രപഞ്ചത്തെ പഠിച്ചു. “മനുഷ്യര്‍ എവിടെയും ഒരുപോലെ. ഭാഷക്കും വേഷത്തിനും മാത്രം വ്യത്യാസം. എല്ലാം സ്ത്രീപുരുഷന്മാര്‍.. ജനിച്ച് വളര്‍ന്ന് ഇണചേര്‍ന്നു പെരുപ്പിക്കുന്നു. പിന്നെ മരണം. അത്രതന്നെ. ജനന മരണങ്ങളുടെ ഇടയിലുള്ള കഠിനയാതന എവിടെയുമുണ്ട്.
വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു ചോദ്യം മനസില്‍ അങ്കുരിച്ചിരുന്നു. “മരണത്തോടെ എല്ലാം കഴിയുമോ?’ അങ്ങനെ വിഷാദത്തോടെ മജീദ് നാട്ടിലേക്ക് തിരിച്ചപ്പോള്‍ മനസിനെ കൊളുത്തു പൊട്ടിച്ച ചോദ്യം; അവനെന്തിനു വരാമ്പോയി?’ കാരണം അവന്‍ പാപ്പരായിരുന്നു.
അതിസമ്പന്നതയുടെ മടിത്തട്ടില്‍ നിന്ന് കടുത്ത ദാരിദ്ര്യത്തിന്റെ കുഴിമാടത്തിലേക്ക് തള്ളപ്പെട്ടപ്പോഴുണ്ടായ ഭയങ്കര ശങ്ക തെണ്ടിനടന്ന് ജോലി നേടാന്‍ മജീദിനെ പ്രേരിപ്പിച്ചു. “ദാരിദ്ര്യം ഭയങ്കര വ്യാധിയാണ്. അത് ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചുകളയുന്നു. അങ്ങനെ ശരീരവും ഹൃദയവും ആത്മാവും നശിച്ച നാനാജാതികളിലായി ലക്ഷോപലക്ഷം സ്ത്രീ പുരുഷന്മാര്‍.’
നടന്നു നടന്നു കിട്ടിയ ജോലിക്കിടയില്‍ സൈക്കിളില്‍ നിന്ന് തെറിച്ച് വീണു ഒരു കാലും പോയി. വീണുകിട്ടിയ പരിക്ക് ജോലിക്കുള്ള അയോഗ്യതയായതിനാല്‍ സഹിച്ചും ക്ഷമിച്ചും കാലം കഴിച്ചു. “മജീദിന്റെ വടി നാലിഞ്ച് തേഞ്ഞു. കൈവെള്ളകളില്‍ കാലിഞ്ച് കനത്തില്‍ തഴമ്പുപൊന്തി.’ അവസാനം എച്ചില്‍പാത്രങ്ങള്‍ കഴുകുന്ന ജോലി കിട്ടി. സുഹറയുടെ കല്യാണം ഇറച്ചിവെട്ടുകാരന്റെ കുടിയില്‍ ആഘോഷിച്ചു. ഉരുകി ഉരുകി മെലിഞ്ഞ സുഹറ കാത്തിരിപ്പിനിടയില്‍ മരിക്കുന്നു. ഓര്‍മകളുടെ ഭൂതകാലത്തേക്ക് മജീദ് ഊളിയിട്ടിറങ്ങുമ്പോള്‍ മജീദ് അനുഭവിക്കുന്ന മാനസികാവസ്ഥ കഥകള്‍ക്കപ്പുറമുള്ള എന്നത്തെയും മനോവ്യഥയായി സാഹിത്യ മനസില്‍ അവശേഷിക്കുന്നു.
ആത്മകഥാംശം നിറഞ്ഞ “ബാല്യകാലസഖി’ ഒരു സമുദായത്തിന്റെ ഉള്ളില്‍ നോവായി മാറുമ്പോഴും അപ്പുറത്തുള്ള ജാതീയമായ വേര്‍തിരിവുകളെ അത് നിഷ്പ്രഭമാക്കുന്നില്ല. മൗനം തളം കെട്ടി നിന്ന അയല്‍പക്കത്തെ കുടിലുകളിലും പേര് പറയാന്‍ കഴിയാത്ത ദുഃഖം മാത്രമേ ഈ കഥ അവശേഷിപ്പിക്കുന്നുള്ളൂ.
മഴയും വെയിലും ഇരുളും വെളിച്ചവും പ്രതാപവും വറുതിയും ഇടകലര്‍ന്നങ്ങനെ ജീവിതത്തിന് നിറങ്ങള്‍ പകരുന്ന കാഴ്ചയാണ് “ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന്’. കഴിഞ്ഞ കാലത്തെ മധുരമായ ഐശ്വര്യ വര്‍ഷം മെതിയടി ശബ്ദത്തിലും കാതുകളിലെ സ്വര്‍ണാഭരണങ്ങള്‍ തമ്മില്‍ മുട്ടിയ ശബ്ദത്തിലും എണ്ണകാച്ചിക്കുളിയുടെ ഗ്‌ള ഗ്‌ള ഗ്‌ള ശബ്ദത്തിലും കൃത്യതയോടെ പുറം വിരിച്ചുനിന്നു. ആനമക്കാരുടെ പുന്നാര മോളുടെ പുന്നാരമോള്‍ കുഞ്ഞുപാത്തുമ്മ കണ്ടും കേട്ടും എന്നാല്‍ കഥയില്ലാതെയും പ്രകൃതി പാഠങ്ങളിലൂടെ അതിജീവിച്ചു. ഓരോ നിമിഷവും കുഞ്ഞുപാത്തുമ്മയുടെ ഒരോ അണുവും പുതിയത് പഠിച്ചു. അനുഭവിച്ചറിഞ്ഞു. നല്ല മനസുള്ളവര്‍ തരുന്ന ചെറിയ ചെറിയ സേവനങ്ങള്‍ മറ്റുള്ളവരുടെ മനസിലും അരികിലും വര്‍ഷിക്കുന്ന നിറങ്ങളുടെ മഴത്തുള്ളികളായി. കുഞ്ഞിപ്പാത്തുമ്മ മിന്നാമിനുങ്ങിനെ പോലെ ഇരുട്ടിലും മിന്നി. “അവളാകെ ജ്വലിച്ചു. കറുത്ത മറുകു മിന്നി. ആ അദ്ഭുത കാഴ്ച കാണാന്‍ വഴിയില്‍ ഒരുപാട് പിള്ളേര് കൂടിയിരുന്നു.’ മോഹങ്ങളിലേക്ക് ചാരിവെച്ച ജീവിത കോണിയിലൂടെ കയറി നിലവറകളില്‍ അടയിരുന്ന മാടമ്പിത്തരം, ജീവിത ചുറ്റുപാടുകളില്‍ പക പോക്കലിന്റെ ശ്വാസം കഴിക്കാനാകാതെ, ചാരിവെച്ച അതേ കോണിയിലൂടെ താഴേക്കിറങ്ങി വട്ടനടിമയിലെ “അടിമ’യുടെ അര്‍ഥം കൂടി പഠിപ്പിച്ചു.’ പളളിക്കൈത്താനക്കേസിലും അനന്തിര വിഹിതം വെപ്പ് കേസിലും വട്ടനടിമക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. ഉള്ളതെല്ലാം പെറുക്കി വിറ്റ് പുതിയ ഭൂമിയും പുതിയ ആകാശവും തേടി വന്നതാണ് ജീവിതത്തിലെ വഴിത്തിരിവായത്. അനുഭവങ്ങളുടെ ആയിരം രസങ്ങള്‍ രുചിക്കാന്‍ പാകത്തില്‍ മണ്ണുപാത്രങ്ങളും ആമ്പല്‍ പൊയ്കയും അട്ടയും നീര്‍ക്കോലിയും പരല്‍മീനും ബിരാലും ആമയും കുരുവിയും വെളി കക്കൂസുമുണ്ടായിരുന്നു, കുഞ്ഞിപ്പാത്തുമ്മക്ക്. ജിന്നും ഇബിലീസും ഇഫ്രീതും അദൃശ്യ ലോകത്തില്‍ ഒരു സമ്പര്‍ക്ക ജീവിതം സൃഷ്ടിച്ചപ്പോള്‍ ജീവിത മൊഴിമാറ്റം വികസിക്കുന്നുണ്ട്, ഈ കഥയില്‍. കൊമ്പനാനയില്‍ നിന്നുള്ള ഇറങ്ങി വരവ് അകത്തും പുറത്തും കാടുവെട്ടിത്തെളിച്ച് വെളിച്ചം വീണു പ്രശോഭിതമായതു പോലെയായി മാറി. “അദ്ദേഹം ജനല്‍ തുറന്നു. കാറ്റും വെളിച്ചവും അകത്തു കടക്കുകയാണ്: വെളിച്ചത്തിന് എന്തൊരു വെളിച്ചം!’ അറിവിന്റെ അടരുകള്‍ ഓരോന്നും തെളിഞ്ഞു വന്നതോടെ പുതിയ പ്രഭാതം കുഴിയാനയുടെ ഇത്തിരി കുഴിയുടെ അടുത്തുനിന്ന് തുടങ്ങും. “കുഞ്ഞിത്താച്ചുമ്മാക്ക് സഹിക്കാന്‍ കഴിയുമോ? മഹാ പ്രതാപത്തിന്റെ ചരിത്ര സൗധം തകര്‍ന്നിരിക്കുന്നു. ശൂരപരാക്രമി ആയിരുന്ന സാക്ഷാല്‍ ആനമക്കാര്‍ സാഹിബിന്റെ ഉഗ്രനും നാലു കാഫ്രീങ്ങളെ കൊന്നവനുമായ ആ വലിയ കൊമ്പനാന മുറ്റത്തെ ചെറിയ കുഴിയാന ആയിരുന്നുവെന്ന്.’
ലോകം ചുറ്റി വന്ന വലിയൊരു മനുഷ്യന്റെ കുടുംബത്തിലെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ജീവിത സഞ്ചലനമാണ് “പാത്തുമ്മയുടെ ആട്.’
കൂട്ടുകുടുംബത്തിന്റെ കൊടുക്കല്‍ വാങ്ങലുകളും കുശുമ്പും വക്കാണവും സ്‌നേഹവും ദയാവായ്പും കൈപ്പും മധുരവും ഉള്‍ചേര്‍ന്ന ആത്മാംശം കലര്‍ന്ന കഥ നിസാരങ്ങളായ കാര്യങ്ങളെ സരസമായി അവതരിപ്പിക്കുന്നു. ഠ വട്ടത്തിലെ കുടുംബ വര്‍ത്തമാനങ്ങള്‍ സങ്കുചിതത്വത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ തട്ടി ഒച്ചയുണ്ടാക്കുമ്പോള്‍ ആ വിശാലമാനസന്‍ അവയെ നര്‍മഭാവങ്ങളാക്കി മാറ്റാനാണ് എപ്പോഴും ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വെളിച്ചം തട്ടാത്ത കുടുംബിനികളുടെ ഇടയിലുള്ള ചെറിയ കുറുമ്പുകള്‍ പെണ്‍ബുദ്ധിയുടെ വിവിധ തലങ്ങള്‍ മൂര്‍ച്ചകൂട്ടി എടുക്കുന്നുണ്ട്. പാത്തുമ്മയുടെ ആട് കഥയുടെ ചരടാണ്. അതിനപ്പുറവുമിപ്പുറവുമാണ് കുടുംബ കഥ നടക്കുന്നത്. ആട് വീട്ടില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം കുടുംബാംഗങ്ങളില്‍ പലരും അനുഭവിക്കുന്നില്ല എന്ന യാഥാര്‍ഥ്യം കൂടിയുണ്ട്. ബഷീറിന്റെ സ്വന്തം റൂമില്‍ കയറി ബാല്യകാലസഖിയും ശബ്ദങ്ങളും തിന്നു തീര്‍ത്ത ഉടനെ പുതപ്പു കൂടി തിന്നാന്‍ ഒരുങ്ങുമ്പോള്‍ ബഷീര്‍ പറയുന്നു; “ഹേ അജ സുന്ദരീ, ഭവതി ആ പുതപ്പു തിന്നരുത്. അതിന് 100 രൂപ വിലയുണ്ട്. അതിന്റെ കോപ്പി വേറെയില്ല. എന്റെ പുസ്തകങ്ങള്‍ ഇനി വേറെയും ഉണ്ട്. സൗജന്യമായി തരാം.’
ഒരുപാടു ജീവിതങ്ങളും ദേശങ്ങളും കണ്ട വല്യക്കാക്കയുടെ മടങ്ങിവരവില്‍ പലര്‍ക്കും ഒരു ആശ്വാസമുണ്ട്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ വഹിക്കുന്നവര്‍ക്കിടയിലേക്ക് കുടുംബത്തിന്റെ അത്താണിയായ ഒരാള്‍ പ്രവാസം കഴിഞ്ഞു തിരിച്ചു വരുന്ന പോലെ. കുറേ അംഗങ്ങളുള്ള ഒരു കുടുംബത്തിലേക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞെത്തുന്ന പ്രവാസി താന്‍ കൊണ്ടുവന്ന പെട്ടി പൊളിച്ചു സാധനങ്ങള്‍ വിഹിതം വെക്കുന്ന പോലെ ഒരനുഭവം. എല്ലാം വീതിച്ചു കൊടുത്താലും പരാതികള്‍ ബാക്കിയായിരിക്കും ഒരു പ്രവാസിക്ക്. “എന്റെ പക്കല്‍ ഒറ്റ കാശ് പോലുമില്ല. ഉണ്ടായിരുന്നത് എല്ലാവര്‍ക്കും വീതിച്ചു കൊടുത്തു. വീതിച്ചു കൊടുത്തു എന്നു പറഞ്ഞാല്‍ ഒരു മര്യാദയാണ്. നേരു പറഞ്ഞാല്‍ എല്ലാവരും പിടിച്ചു പറിച്ചു. എന്നിട്ട് അങ്ങനെ ഇട്ടിരിക്കയാണ്.’
കഷ്ടപ്പാടിന്റെ ജീവിത വലയത്തിനുള്ളിൽ എത്ര മനോഹരമായാണ് ഒരു കൂട്ടുകുടുംബം ജീവിക്കുന്നതെന്ന് “പാത്തുമ്മയുടെ ആട്’ പറഞ്ഞുതരും. പിണക്കവും ഇണക്കവും കുസൃതിയുംചിരിയും കളിയും കരച്ചിലും കലമ്പലുമെല്ലാമുളള കുടുംബ ജീവിതം. മണ്ണും മനുഷ്യനും മൃഗങ്ങളും പ്രകൃതിയും താളാത്മകമായി സംവദിക്കുന്ന “പാത്തുമ്മയുടെ ആട്’ വായിച്ചുതീരുമ്പോള്‍ നമ്മുടെ അടുത്തൊന്നും എത്തിപ്പിടിക്കാനാവാത്ത ഒരു കുടുംബജീവിതം നമ്മള്‍ സ്വപ്‌നം കാണും ■

Share this article

About ടി ടി ഇര്‍ഫാനി വാക്കാലൂര്‍

ttirfani@gmail.com

View all posts by ടി ടി ഇര്‍ഫാനി വാക്കാലൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *