ചിലവ് കൂടുന്ന കൊഴമ്പ്‌

Reading Time: < 1 minutes

ദൈവം മനുഷ്യനു നല്‍കിയ വിശേഷപ്പെട്ട വരമാണ് ഭാഷ എന്ന വിശ്വാസം പല സംസ്‌കാരങ്ങളും പങ്കുവെക്കുന്നുണ്ട്. ആ നിലയില്‍ ശരിയായ ഭാഷാരൂപം ഉപയോഗിക്കുകയാണ് വേണ്ടത് എന്നതും സമൂഹത്തില്‍ പ്രബലമായ ഒരു ചിന്തയാണ്. എങ്ങനെയാണ് ശരിയായ ഭാഷാരൂപങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ കണ്ടെത്തുക എന്നത് സാധാരണ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‌നം തന്നെയാണ്. ഇന്ന ഭാഷാ പ്രയോഗമാണ് ശരിയെന്ന് ഭാഷാപണ്ഡിതന്‍മാര്‍ പറയുന്നത് വിശ്വസിക്കുക എന്നതിൽകവിഞ്ഞ് അവരെ സംബന്ധിച്ച് മറ്റു കാര്യങ്ങളൊന്നും സംഗതമല്ല. തെറ്റായി ഉച്ചരിച്ചാലും എഴുതിയാലും കാര്യം മനസിലായല്ലോ? ഭാഷ ആശയവിനിമയത്തിനുള്ളതാണല്ലോ? എന്ന അഭിപ്രായമാണ് പൊതുവേ ആളുകള്‍ പുലര്‍ത്തുന്നത്. ഭാഷ വെറും ആശയ വിനിമയത്തിനുള്ളതല്ലെന്ന കാര്യം അധികമാരും മനസിലാക്കാറില്ല. അത് വേറെ കാര്യം. ഇവിടെ അതിന് പ്രസക്തിയില്ല.
ശബ്ദമാണ് ഭാഷയുടെ അടിസ്ഥാനം, ലിഖിതം രണ്ടാമതായാണ് വരുന്നത്. അതുകൊണ്ട് ഉച്ചരിക്കുന്നതാണ് ഭാഷ എന്ന ഒരു സമീപനമാണ് ആധുനിക ഭാഷാശാസ്ത്രജ്ഞര്‍ പൊതുവേ പങ്കുവെക്കുന്നത്. എന്നാല്‍ ആദ്യ കാല ഭാഷാശാസ്ത്രജ്ഞര്‍ ലിഖിതത്തെ ഒന്നാമതായി എണ്ണുന്ന സമീപനമാണ് പുലര്‍ത്തിയിരുന്നത്. അവരെ സംബന്ധിച്ച് വരമൊഴിയുടെ ദുഷിച്ച രൂപമാണ് വാമൊഴി.
ഭാഷയുടെ ശുദ്ധിവാദത്തെ പിന്‍പറ്റുകയല്ല ഇവിടെ ചെയ്യുന്നത്. അർഥരഹിതമായി വാക്കുകള്‍ ഉപയോഗിക്കുമ്പോഴുണ്ടാക്കുന്ന അനർഥങ്ങളെ സൂചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആ നിലയില്‍ എഴുത്തും ഉച്ചാരണവും ശരിയായി വരേണ്ടതുണ്ട്. തെറ്റായി ഉച്ചരിക്കുകയും ശരിയായി എഴുതുകയും ചെയ്യുന്നവരുണ്ട്.
ചേര എന്ന് എഴുതി ചോര എന്ന് വായിക്കുന്നവരുണ്ട്. വായ എന്നെഴുതി വാഴ എന്ന് പറയുന്നവരുണ്ട്. ഭൂമിയെ പലരും ഫൂമിയാക്കുന്നു. തിരിച്ചും ഉണ്ടാവാം. ഇവിടെ പരിശോധിക്കുന്നത് തെറ്റായി ഉച്ചരിക്കുകയും എഴുതുകയും ചെയ്യുന്ന പദങ്ങളെയും വാക്യഘടനകളെയുമാണ്. എന്താണ് അവയുടെയൊക്കെ ശരിയായ ശബ്ദവും രൂപവും എന്ന് അന്വേഷിക്കുകയും ചെയ്യുന്നു.
അച്ചടി മാധ്യമങ്ങളില്‍ പോലും തെറ്റായി ഉപയോഗിച്ചു വരുന്നതാണ് ചെലവും വരവും. ബഡ്ജറ്റ് അവതരണ ഘട്ടത്തിലാണ് ഇത് സാധാരണ കണ്ടുവരാറുളളത്. “സര്‍ക്കാറിന്റെ ചിലവ് കൂടി’ “ഒരു കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു’ -ഈ വിധമുള്ള തലക്കെട്ടുകള്‍ പത്രമാധ്യമങ്ങളില്‍ പതിവാണ്. ഇതില്‍ ഏതാണ് ശരിയായ പ്രയോഗം? ചിലവാണോ , ചെലവാണോ? എങ്ങനെയാണ് ശരിയായ പദം തിരിച്ചറിയുന്നത്?
പണത്തിന്റെ വിനിയോഗത്തെയാണല്ലോ വരവും ചെലവുമായി കണക്കാക്കുന്നത്. പണം വരുന്നതാണ് വരവ് എന്നതുകൊണ്ട് അർഥമാക്കുന്നത്. അങ്ങനെയാവുമ്പോള്‍ പണം അങ്ങോട്ട് പോകുന്നതാവണം അല്ലെങ്കില്‍ ചെല്ലുന്നതാവണം ചെലവ്. വരുന്നത് വരവും ചെല്ലുന്നത് ചെലവും (ചെല്ലുന്നത് ഒരിക്കലും ചിലവ് ആകില്ല എന്ന് ഉറപ്പല്ലേ). ശബ്ദതാരാവലി ഇങ്ങനെ പറയുന്നു: ചെല്ലുന്നത് എന്ന അർഥമാകയാല്‍ ചെലവ് എന്ന പാഠം നന്ന്. അപ്പോള്‍ ഇനി എന്താ പറയുക? വരവും ചെലവും. ശരിയായി പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശരിയായ അർഥങ്ങളും വരും. അർഥങ്ങളുടെ വരവിന് പദങ്ങളുടെ ശരിയായ പ്രയോഗം വേണം എന്ന് അർഥം.
ഇങ്ങനെ കൊഴമ്പ്, കുഴമ്പ് എന്നീ പദങ്ങളില്‍ ഏതാണ് ശരിയായ രൂപം എന്ന സംശയവും ഉണ്ടാകാറുണ്ട്. കൊഴങ്ങനെയുള്ളതുകൊണ്ട് കൊഴമ്പാണ് യഥാർഥ അർഥയുക്തമായ പദം എന്നൊരു അഭിപ്രായം കേള്‍ക്കുകയുണ്ടായി. കൊഴുത്ത പദാർഥം എന്ന അർഥത്തിലും കൊഴമ്പ് എന്നത് ശരിയായ രൂപമാണെന്ന് കരുതിപ്പോരുന്നുണ്ട്. എന്നാല്‍ കുഴച്ചുണ്ടാക്കിയത് എന്ന അർഥത്തില്‍ കുഴമ്പാണ് ശരി. പല തരത്തിലുള്ള എണ്ണകളും പച്ചമരുന്നും കുഴച്ചുണ്ടാക്കുന്നതാണല്ലോ കുഴമ്പ്. ആ അർഥത്തില്‍ കൊഴമ്പിനേക്കാള്‍ കുഴമ്പാണ് ശരിയായ രൂപം ■

Share this article

About ദേവേശന്‍ പേരൂര്‍

devesanperur@gmail.com

View all posts by ദേവേശന്‍ പേരൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *