പിന്തുടരുന്ന വാക്കുകള്‍

Reading Time: 3 minutes

1988ലാണ് കോഴിക്കോടുമായി അടുത്ത് ബന്ധപ്പെടുന്നത്. അന്ന് കോഴിക്കോട്ടിറങ്ങി ഒന്ന് കറങ്ങിയും ക്ഷീണം മാറ്റിയുമാണ് ബാലുശേരിക്കടുത്തുള്ള മത കലാലയത്തിലേക്ക് പോകുന്നത്. രണ്ടുവര്‍ഷം ആ നിലയില്‍ കോഴിക്കോട് ഇടത്താവളമാണ്. അതുകഴിഞ്ഞ് രണ്ടുവര്‍ഷം കോഴിക്കോട്ട് വരാതിരുന്നിട്ടില്ല. പ്രസ്ഥാനത്തിനകത്ത് അത് പുനഃസംഘാടന കാലമായിരുന്നു. പ്രധാനപ്പെട്ട പല സംഗമങ്ങളും അന്ന് കോഴിക്കോട്ടായിരുന്നു. അതിനുവേണ്ടി കോഴിക്കോട്ട് വരും. റാലികളില്‍ മുദ്രാവാക്യം വിളിച്ചു കൊടുക്കാന്‍ പ്രത്യേക താല്പര്യമായിരുന്നു. റാലിയുണ്ടാകുമ്പോള്‍ നേരത്തെയെത്തി മുദ്രാവാക്യത്തിന്റെ പകര്‍പ്പ് കൈവശപ്പെടുത്തി വിളിച്ചു കൊടുക്കും. അത് കഴിഞ്ഞ് മര്‍കസില്‍ ഉപരിപഠനം. അക്കാലത്താണ് കോഴിക്കോട് ഒന്നു കൂടി ശ്രദ്ധ കവരുന്നത്. 1992 ലാണ് മര്‍കസില്‍ വരുന്നത്. ബിരുദപഠനം കഴിഞ്ഞ് മര്‍കസില്‍ അധ്യാപനം ചെയ്യുന്ന കാലത്താണ് മര്‍കസ് ഐ ടി സിയിലേക്ക് കോഴിക്കോട്ടെ സ്റ്റുഡന്റ്‌സ് സെന്ററില്‍ നിന്ന് വിളി വരുന്നത്, പിറ്റേന്ന് രാവിലെ 10ന് സ്റ്റുഡന്റ്‌സ് സെന്ററില്‍ എത്താന്‍. ഒരു സൂചനയും ഇല്ലായിരുന്നു, എന്തിനായിരിക്കും വിളിച്ചത്? രിസാല മുഖ്യപത്രാധിപരായിരുന്ന വെള്ളില മുഹമ്മദ് ഫൈസിയാണ് വിളിച്ചതെന്ന് മര്‍കസ് ഐ ടി സിയിലെ സൂപ്രണ്ട് വള്ളിയാട് മുഹമ്മദലി സഖാഫി പറഞ്ഞു. പുലര്‍ന്നത് മുതല്‍ രാത്രിയോളം നീളുന്ന പല സ്ഥാപനങ്ങളിലെ അധ്യാപനം അക്കാലത്ത് മടുത്തിരുന്നു. മര്‍കസ് ഐ ടി സിയിലെ ധര്‍മശാസ്ത്രാധ്യാപനവും അക്കൂട്ടത്തില്‍ എനിക്കിണങ്ങുന്ന സേവനമായിരുന്നില്ല. വൈകുന്നേരം അവിടെ നിന്നിറങ്ങി നിരത്തുവക്കിലേക്ക് കയറിയാല്‍ മാനം നോക്കി രിസാലയിലെ പത്രാധിപസ്ഥാനം മനസില്‍ കാണും, ആരും അറിയാതെ നെഞ്ചിലൂടെ ഒരു പ്രാർഥനാ വാചകം ചാല് കീറിപ്പോകും; “ലോകനാഥാ, രിസാലയില്‍ ഒരു പത്രാധിപപ്പണി കിട്ടിയാല്‍..’ അങ്ങനെയിരിക്കെയാണ് വെള്ളില ഫൈസിയുടെ വിളി.
പിറ്റേന്ന് നേരം തെറ്റാതെ സ്റ്റുഡന്റ്‌സ് സെന്ററില്‍ ചെന്ന് കേറി. പുറത്തെ റൂമില്‍ ഇരിക്കുന്ന തൊപ്പി ധരിച്ച യുവാവിനോട് സലാം പറഞ്ഞ് വെള്ളില ഫൈസിയെ ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: “ഇരിക്കൂ, ഫൈസി മുകളിലുണ്ട്, നമുക്കങ്ങോട്ട് കയറാം.’ ഇദ്ദേഹമാണ് സലീം അണ്ടോണ. സ്റ്റുഡന്റ്‌സ് സെന്ററിന്റെ അന്നത്തെയും ഇന്നത്തെയും പ്രധാന ചുമതലക്കാരന്‍. അദ്ദേഹവും ഞാനും കൂടി കൊച്ചുവര്‍ത്തമാനങ്ങള്‍ തുടങ്ങി. സലീംക്ക അങ്ങനെയാണ്; നേരെ ചൊവ്വെ കാര്യങ്ങള്‍ ചോദിച്ചറിയുന്ന വഴിവിട്ട് കൊച്ചുവര്‍ത്തമാനങ്ങളില്‍ നമ്മെ പിടിച്ചിട്ട് ഒന്ന് സ്‌കാന്‍ ചെയ്യും. ഈ സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരമായിരിക്കും പിന്നീടുള്ള കാര്യങ്ങളുടെ നീക്കുപോക്ക്.
1997-ലാണിത്. ആഗസ്റ്റ് മാസത്തിലാണ് രിസാലപ്രവേശം. മുകളില്‍ കയറിച്ചെന്നപ്പോള്‍ അവിടെ വെള്ളില ഫൈസി, മുഹമ്മദ് പുല്ലാളൂര്‍ തുടങ്ങി എസ് എസ് എഫിന്റെയും രിസാലയുടെയും പ്രതിനിധികള്‍. വെള്ളില സംസാരിച്ചു തുടങ്ങി: “രിസാലയെ പരിചയപ്പെടുത്തേണ്ട. പത്രാധിപ സമിതിയിലേക്ക് ഒരാളെകൂടി വേണം. താങ്കളെ അതിന് കൊള്ളുമെന്ന് തോന്നുന്നു. അന്വേഷണത്തില്‍ താങ്കള്‍ക്കാണ് നറുക്ക്. താങ്കള്‍ പലയിടങ്ങളിലായി എഴുതിയത് പരിശോധിച്ചു. അങ്ങനെയാണ് വിളിച്ചത്. ഇനി രിസാലയില്‍ ഇരുന്ന് കൂടുതല്‍ യോഗ്യനാകുക. താങ്കളെ സഹായിക്കാന്‍ ഇരുത്തംവന്ന ആളുകള്‍ തന്നെ ഇവിടെയുണ്ട്. പത്രലോകത്ത് രിസാലയുടെ പേര് മുന്‍നിരയില്‍ വരാന്‍ നിങ്ങളെല്ലാവരും ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കുക. ഇവിടെ രിസാല പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ച്ചതാഴ്ചകളില്ല, എല്ലാവരും രിസാലയുടെ സ്വന്തക്കാര്‍.’ പിന്നെ ശമ്പളക്കാര്യം പറഞ്ഞു: “ഞങ്ങളൊരു ശമ്പളം പറയുന്നു, വിയോജിപ്പുണ്ടെങ്കില്‍ പറയാം, പുനഃപരിശോധിക്കും, പെട്ടെന്നല്ല, സാവധാനം..’ ആലോചിക്കുമ്പോള്‍ ആരും സ്തബ്ധരാകും. അത്ര ചെറിയ പ്രതിഫലമായിരുന്നു. പക്ഷേ രിസാലയില്‍ ഒരിടം എന്നതായിരുന്നല്ലൊ അന്നത്തെ വലിയ മോഹം.
ഉസ്താദ് പറഞ്ഞുനിര്‍ത്തിയേടത്തു നിന്ന് ഞാന്‍ തുടങ്ങി: “അങ്ങ് പറഞ്ഞ ശമ്പളം ഞാന്‍ തൃപ്തിപ്പെടുന്നു. അങ്ങ് ഞങ്ങളുടെ കൂടെത്തന്നെ ഉണ്ടാകുമല്ലൊ.’
“ഞാന്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ കൂടെ കാണില്ല. ഇന്‍ശാ അല്ലാഹ്, വ്യാഴാഴ്ചകളില്‍ ഞാന്‍ വരാന്‍ നോക്കാം. അന്ന് നമുക്ക് പിന്നിട്ട ആഴ്ചയെ അവലോകനം ചെയ്യാം, വരാനിരിക്കുന്ന ആഴ്ചയെ കുറിച്ച് ആലോചിക്കാം.’ വെള്ളില ഉസ്താദ് സംസാരം നിര്‍ത്തി എഴുന്നേറ്റു. അദ്ദേഹത്തെ അടുത്തു കിട്ടിയതോടെ എനിക്കും നിര്‍വൃതിയായി.
വ്യാഴാഴ്ചകളില്‍ പതിവ് തെറ്റാതെ വെള്ളില വരും. തൂവെള്ളയില്‍ മിനുങ്ങുന്ന വസ്ത്രവിധാനം.അരോചകമാകാത്ത നടപ്പും എടുപ്പും. സദാ മുഖത്ത് പ്രസാദാത്മകത. സംസാരത്തിലെപ്പോഴും മര്യാദയുടെ കരുതല്‍. ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ പോന്ന തമാശകള്‍. വന്നാല്‍ പോയ ലക്കത്തിലെ പോരായ്മകള്‍ ചൂണ്ടും. ഗുണദോഷിക്കും. ഇങ്ങനെയായിരുന്നെങ്കില്‍, അത് നന്നായി, ആ എഴുത്തിനെ അഭിനന്ദിക്കണം.. പ്രോത്സാഹനവും ശാസനയും അഭിനന്ദനവും എല്ലാം അടങ്ങിയ സംസാരം. പത്രത്തിന്റെ കടമയും ശക്തിയും സ്വാധീനവും ഓര്‍മിപ്പിച്ചുകൊണ്ടാവും വലിയൊരു സമയം ചെലവിടുക.
വെള്ളില വരുന്ന ദിവസം ഓഫീസില്‍ സന്തോഷമാണ്. നഗരത്തില്‍ മാവൂര്‍ റോഡില്‍ സഹര്‍ ഹോട്ടലുണ്ടായിരുന്നു. പുതിയറക്കാരായിരുന്നു നടത്തിപ്പുകാര്‍. നല്ല ഭക്ഷണം. അവിടെ നിന്ന് എല്ലാ സ്റ്റാഫിനും ബിരിയാണിയുണ്ടാകും. അവിടെ കൂട്ടത്തോടെ പോയിക്കഴിക്കും. മറക്കാനാവാത്ത ആതിഥ്യവും തുറന്ന പ്രകൃതവും ആര്‍ക്ക് മറക്കാനാവും.
മറക്കാന്‍ പാടില്ലാത്ത ഒരുപദേശം എപ്പോഴും പറയും: “ഒരു വാക്ക് പ്രയോഗിക്കുമ്പോള്‍ അത് റസൂലും അവരെ പിന്തുടര്‍ന്നവരും ജീവിതം നല്‍കി പടുത്ത പ്രസ്ഥാനത്തിന് കരുത്താകണം. നാം പ്രയോഗിക്കുന്ന ഒരു വാക്ക് കൊണ്ട് പോലും നമ്മുടെ പ്രസ്ഥാനത്തിന്റെ അന്തസിന് കളങ്കം വരരുത്. വാക്കുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇത് ഞാന്‍ എന്നെത്തന്നെ ഓര്‍മപ്പെടുത്താറുള്ളതാണ്. നിങ്ങളും ഓര്‍മയില്‍ വെക്കണം.’ ഇപ്പോഴും ഓഫീസിലെത്തി പേന കൈയിലെടുക്കുമ്പോള്‍ ആ വാക്കുകള്‍ ഓര്‍മയില്‍ വരും.
പത്രാധിപര്‍ ബ്യൂട്ടീഷ്യനാണെന്ന് ആദ്യം കേട്ടത് വെള്ളിലയില്‍ നിന്നാണ്. അതിനൊരു കാരണമുണ്ടായി. രിസാലയില്‍ വന്ന് ആദ്യ ദിവസം പണിയൊന്നും തന്നില്ല. രണ്ടാം ദിനം നല്ല പണി കിട്ടി; മാനം കെടുത്തുന്ന മാപ്പിളപ്പാട്ടുകളെപ്പറ്റി കവര്‍ സ്‌റ്റോറി തയാറാക്കണം! ഞാനേറ്റു. എഴുതി. പക്ഷേ തൃപ്തിയായില്ല. മൂന്നോ നാലോ തവണ അടിമുടി പരിഷ്‌കരിച്ചു. ശരിയായില്ല. ഒടുക്കം കൈയിലുള്ളത് കൊടുത്തു. അന്നങ്ങനെ വൈകുന്നേരമായി. ഓഫീസില്‍ നിന്ന് പോന്നു. ലേഖനം മോശമായി വിലയിരുത്തപ്പെടും എന്ന് എനിക്കുറപ്പ്. എന്തു സംഭവിക്കും, കസേര തെറിക്കുമോ?
പിറ്റേന്ന് ഓഫീസിലെത്തി നോക്കുമ്പോള്‍ ഇന്നലെ കൊടുത്ത ലേഖനത്തിന്റെ പ്രിന്റ് മേശപ്പുറത്ത്. അടിമുടി മാറിയിരിക്കുന്നു! ബൈലൈന്‍ എന്റേതുതന്നെ. ഞാനത് മാറ്റാന്‍ പോയിട്ടില്ല. അതേകുറിച്ച് ഒന്നും ആരോടും വിശദീകരിക്കാന്‍ എനിക്കന്ന് സാധിക്കുമായിരുന്നില്ല. ആരായാലും ഈ മാറ്റിയെഴുത്ത് അസാധാരണം, അത്യുജ്വലം എന്നേ പറയാനാകൂ. ആരാണത് മാറ്റിയെഴുതിയത് എന്നത് ഇന്നും അജ്ഞാതം. ഞാനന്വേഷിക്കാന്‍ നിന്നിട്ടില്ല. ആരും അവകാശപ്പെട്ട് വന്നിട്ടുമില്ല. ഓഫീസിലെ ഒരുമയാണിത്. ഒരാളും വേറെ ഒരാളെ ചെറുതാക്കി കാണിക്കാറില്ല. ഒരേ മനസാണ് എല്ലാവര്‍ക്കും. ആ എഴുത്തിന്റെ കരുത്തില്ലായ്മ ചൂണ്ടിക്കാട്ടി എന്നെ അന്നേ മാറ്റിനിര്‍ത്താമായിരുന്നു. അതുണ്ടായില്ല. അടുത്ത വ്യാഴാഴ്ച വെള്ളില വന്നപ്പോള്‍ ആ എഴുത്തിന്റെ കാര്യം പറഞ്ഞ് എന്നെ അഭിനന്ദിച്ചു. ഞാനദ്ദേഹത്തോട് ഉള്ള കാര്യം തുറന്ന് പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ വെള്ളില ഉസ്താദ് പറഞ്ഞു: “അത് മാറ്റിയെഴുത്തല്ല. നല്ല എഡിറ്റിങ് ആണ്. എഡിറ്റര്‍ നല്ല ബ്യൂട്ടീഷ്യനാണ്. അക്ഷരത്തെറ്റുകള്‍ തിരുത്തുക മാത്രമല്ല, വായനക്കാരനെ മുന്നില്‍ കണ്ട് ആശയഗ്രാഹ്യത വരുത്തുന്നതും ആശയഭംഗി ഉണ്ടാക്കുന്നതുമൊക്കെ എഡിറ്ററുടെ വലിയ ചുമതലയാണ്. താങ്കള്‍ എഴുതിയതും പ്രസിദ്ധീകരിച്ചു വന്നതും നോക്കി ധാരാളം കാര്യങ്ങള്‍ പഠിക്കാം.’ ആ ഉണര്‍ത്തുവാക്കുകള്‍ പിന്നീടൊരിക്കലും കൈവിട്ടു പോയിട്ടില്ല.
പി എം കെ ഫൈസിയുടെയും എം പി മുസ്തഫല്‍ ഫൈസിയുടെയും നിരയിലായിരുന്നു അന്ന് വെള്ളില ഉസ്താദ്. അളന്നുമുറിച്ച നയനിലപാടുകള്‍ കൊണ്ട് രിസാലയുടെ പത്രാധിപക്കോളം സമൃദ്ധമാക്കിയ മുഖ്യപത്രാധിപര്‍. കവര്‍ സ്‌റ്റോറികള്‍ മിക്കപ്പോഴും വെള്ളിലയായിരുന്നു അക്കാലത്ത്. പുറമെ വിവിധ തൂലികാനാമങ്ങളില്‍ വേറെയും വിഭവങ്ങള്‍. ഖുര്‍ആന്‍, ഹദീസ് പംക്തികള്‍ വേറെയും. നിലപാട് നിര്‍ണയിച്ച് നിവര്‍ന്നു നില്‍ക്കേണ്ട കാലമായിരുന്നു അത്. വലിപ്പച്ചെറുപ്പമില്ലാതെ നിലപാടുകള്‍ കര്‍ശനമാക്കുമ്പോഴും വെള്ളില എഴുത്തുകള്‍ ആദരവ് കൈവിട്ടില്ല. കല്ലായിപ്പാലത്തിന് അപ്പുറവും ഇപ്പുറവുമുള്ളവര്‍ ഞങ്ങള്‍ക്ക് മതപണ്ഡിതന്മാരാണെന്ന് സമസ്തയിലെ പുനഃസംഘാടന കാലത്ത് വെള്ളില പത്രാധിപക്കുറിപ്പിലൂടെ ഇടക്കിടെ ഓര്‍മിപ്പിച്ചു.
ഈയൊരു സൂക്ഷ്മതയാണ് അന്നും ഇന്നും രിസാലയെ സുന്നി പത്രലോകത്തെ മാതൃകയാക്കിയത്. രിസാല പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെ ഭേദ്യം ചെയ്യുന്ന എഴുത്തുകള്‍ നിരന്തരമായി പ്രതിപക്ഷ പത്രങ്ങളില്‍ വന്നപ്പോഴും ആയൊരു നിലവാരത്തകര്‍ച്ചയിലേക്ക് രിസാല ഒരു ഘട്ടത്തിലും കടന്നില്ല. വിശ്വാസികള്‍ അന്യോന്യം പാലിക്കേണ്ട ആദരവ് രിസാല സഹോദര പ്രസിദ്ധീകരണങ്ങളോടും കാണിച്ചു. രിസാലക്ക് നിര്‍ണയിച്ചു വെച്ച വഴിയുണ്ടായിരുന്നു. സുന്നി സമൂഹത്തിന്റെ അന്തസ്, അഭിമാനം, പൈതൃകം ഇവയായിരുന്നു ലക്ഷ്യം. ഇത് തിരിച്ചുപിടിക്കുമെന്നായിരുന്നു പ്രതിജ്ഞ. ആ ലക്ഷ്യത്തിലേക്ക് കരുതലോടെ കരുക്കള്‍ നീക്കാന്‍ വെള്ളില ഫൈസിയുടെ പിന്തുണയും സമര്‍പ്പണവും അക്കാലത്ത് നല്ലപോലെ കിട്ടി.
ഇസ്‌ലാമിക വായനയിലും എഴുത്തിലും പ്രത്യേകിച്ചൊരു നയം പ്രതിഫലിപ്പിക്കുന്ന രീതി അന്ന് ചുരുക്കം ചില എഴുത്തുകാര്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
(അവസാനിക്കുന്നില്ല)

Share this article

About ടി കെ അലി അശ്‌റഫ്

aliasraftk@gmail.com

View all posts by ടി കെ അലി അശ്‌റഫ് →

Leave a Reply

Your email address will not be published. Required fields are marked *