വരൂ, നമുക്കിനി സൈക്കിളില്‍ സഞ്ചരിക്കാം

Reading Time: 2 minutes

പ്രവാസികള്‍ക്ക് സൈക്കിള്‍ സവാരിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കോടിയെത്തുന്നത് നാടും മധുരമൂറുന്ന ഓർമകളുള്ള കുട്ടിക്കാലവുമൊക്കെയായിരിക്കും. കൂട്ടുകാരുമൊത്ത് വാടകക്കെടുത്ത അരവണ്ടിയിലും ചെറുവണ്ടിയിലും സൈക്കിളോടിക്കാന്‍ പഠിച്ചതും പലതവണ വീണതും കാലുപൊട്ടി ചോരയൊലിച്ചതും വീട്ടില്‍ നിന്നും തല്ല് കിട്ടിതിരിക്കാന്‍ ഒളിച്ചുനടന്നതും പിന്നെപ്പിന്നെ പല പല ദിക്കുകളിലേക്ക് സൈക്കിളോടിച്ചു പോയതുമൊക്കെയായി നൂറായിരം രസകരമായ കഥകള്‍ പറയാനുണ്ടാവും.
ഓര്‍മകളുടെ ചെപ്പ് തുറക്കുമ്പോള്‍ ചിലപ്പോഴൊക്കെയും അതൊരു നൊമ്പരമായ് മാറുകയും മനസില്‍ കനംവെക്കുകയും ചെയ്യും. നഷ്ടപ്പെട്ട ആ ദിനങ്ങളൊക്കെയും തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ത് രസമായിരിക്കുമല്ലേ.
കൊറോണക്കാലത്ത് നമ്മുടെ നാട്ടില്‍ സംഭവിച്ച വലിയ മാറ്റങ്ങളിലൊന്ന് സൈക്കിള്‍ സവാരി എല്ലാവര്‍ക്കും പ്രിയപ്പെട്ടൊരു വിനോദമായി വീണ്ടും മാറി എന്നതായിരുന്നു.
മഞ്ഞു പെയ്യുന്ന വെളുപ്പാന്‍ കാലത്ത് വഴിയോരങ്ങളിലൂടെ നിര നിരയായിപോകുന്ന സൈക്കിള്‍ സവാരിക്കാര്‍ നിത്യകാഴ്ചയായി. മുക്കിന് മുക്കിനു സൈക്കിള്‍ ക്ലബ്ബുകളും സൈക്കിള്‍ കടകളും വന്നു. സാധാരണ സൈക്കിള്‍ മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള സൈക്കിളുകള്‍ വരെ മലയാളികള്‍ സവാരിക്കായി സ്വന്തമാക്കി.
സൈക്കിള്‍ സവാരികള്‍ കേവലം ചെറുയാത്രകള്‍ എന്നതിലപ്പുറം വിനോദത്തിനും വ്യായാമത്തിനുമുപകാരപ്പെടുത്താവുന്ന ലളിതവും മികച്ചതുമായ ഒരു സംഗതിയായി പരക്കെ അംഗീകരിക്കപ്പെട്ടു.
നാട്ടിലുള്ളവര്‍ക്ക് മാത്രമല്ല, ഗള്‍ഫ് പ്രവാസികള്‍ക്കുമുണ്ടാകും കൊറോണക്കാലത്തെ സൈക്കിള്‍ സവാരിക്കഥകള്‍ പങ്കുവെക്കാന്‍. ഒരുകാലത്ത് ഗ്രോസറി ഡെലിവെറി ബോയികളും പിന്നെ പ്രൊഫഷനല്‍ കായിക താരങ്ങളും മാത്രമായിരുന്നു സൈക്കിള്‍ സവാരി ചെയ്തിരുന്നതെങ്കില്‍ കൊവിഡ് കാലമായതോടെ നാട്ടിലേതിന് സമാനമായി സാധാരണക്കാരും സൈക്കിള്‍ സവാരിയില്‍ ആകൃഷ്ടരായി. നാട്ടിലെ സൈക്കിള്‍ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കപ്പെടുന്നത് പ്രവാസികളെ നന്നായി സ്വാധീനിച്ചു എന്നും വിലയിരുത്താം.
ഗള്‍ഫ് അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹനവും സഹകരണവും കൂടിയായതോടെ പ്രവാസികള്‍ക്കിടയില്‍ സൈക്കിള്‍ സവാരി സര്‍വ സാധാരണയായി മാറുകയായിരുന്നു. മഹാമാരിക്കാലത്തിനു മുമ്പുതന്നെ ഗള്‍ഫില്‍ പലയിടങ്ങളിലും സൈക്കിള്‍ സവാരിക്ക് പ്രത്യേകമായ പാതകളും സൗകര്യങ്ങളും ലഭ്യമായിരുന്നു. അന്താരാഷ്ട്ര സംഘടനകള്‍ നേതൃത്വം നല്‍കുന്ന വ്യത്യസ്തങ്ങളായ സൈക്കിള്‍ മത്സരങ്ങള്‍ ഗള്‍ഫില്‍ പലയിടങ്ങളും നടന്നിരുന്നു. ഒട്ടുമിക്ക മത്സരങ്ങളിലും മലയാളികളുടെ ശ്രദ്ധേയമായ സാന്നിധ്യം എടുത്തുപറയേണ്ടതാണ്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ തുടക്കം കുറിച്ച പദ്ധതിയായ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിലെ പ്രധാനപ്പെട്ട ഒരു ഇനം ശൈഖ് സായിദ് ഹൈവേയിലൂടെയുള്ള സൈക്കിള്‍ സവാരി പ്രദര്‍ശന മത്സരമായിരുന്നു. പതിനായിരക്കണക്കിന് സൈക്കിള്‍ സവാരിക്കാര്‍ പങ്കെടുത്ത മത്സരത്തില്‍ മലയാളി സൈക്കിള്‍ ക്ലബ്ബുകളുടെ സാന്നിധ്യം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഉത്സവ പ്രതീതി ജനിപ്പിക്കുന്ന രീതിയിയിലുള്ള പ്രകടനമായിരുന്നു മലയാളികളുടേത്.
ഏകദേശം ഇതേസമയത്തു തന്നെയാണ് ഇന്റര്‍നാഷനല്‍ സൈക്ലിങ് യൂനിയന്‍ അഥവാ യുസിഐ എന്ന സംഘടന യുഎഇയുടെ തലസ്ഥാനമായ അബുദാബിയെ “ബൈക്ക് സിറ്റി’ അഥവാ “സൈക്കിള്‍ നഗരം’ ആയി പ്രഖ്യാപിക്കുന്നത്. ഇങ്ങനെയൊരു ബഹുമതി കിട്ടണമെങ്കില്‍ സൈക്കിള്‍ സവാരിക്ക് വേണ്ടി ഒരുപാട് സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളുടെ കഠിനമായ പ്രയത്‌നങ്ങളിലൂടെയാണ് അബുദാബി ഈ നേട്ടം കൈവരിച്ചത്.
നഗരത്തിലെവിടെയും സൈക്കിള്‍ സവാരി ചെയ്യാനുള്ള നിലവിലെ സൗകര്യങ്ങള്‍ക്കുപുറമെ പുതിയ പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കി. സൈക്കിള്‍ സവാരിക്ക് വേണ്ടി പ്രത്യേകം റോഡുകളും ട്രാക്കുകളും സജ്ജീകരിച്ചു. ഈ ബഹുമതി ലഭിക്കുന്ന ഏഷ്യയിലെ ആദ്യത്തെ നഗരമാണ് അബുദാബി. ഇതിനുമുമ്പ് പൗരസ്ത്യ രാജ്യങ്ങള്‍ മാത്രമാണ് ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളത്.
എമിറേറ്റിലെ സൈക്കിള്‍ തലസ്ഥാനനഗരം അബുദാബിയാണെങ്കിലും സൈക്കിള്‍ ഉത്സവങ്ങള്‍ നടക്കുന്നത് ദുബൈയിലാണ്. ദുബൈയില്‍ സൈക്കിള്‍ സവാരിക്കാരുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട ട്രാക്കുകളില്‍ ഒന്ന് സജ്ജീകരിച്ചിരിക്കുന്നത് മനുഷ്യ നിര്‍മിത തടാകങ്ങളാല്‍ സമൃദ്ധവും ദേശാടനപക്ഷികളുടെ സങ്കേതവുമായ അല്‍ഖുദ്‌റയിലാണ്. വിനോദ സഞ്ചാരികളുടെ ഇഷ്ടയിടം കൂടിയാണ് അല്‍ഖുദ്‌റ. ഏകദേശം നൂറ്റമ്പത് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഈ ട്രാക്കുകള്‍ പ്രകൃതിമനോഹരമായ മരുഭൂമിയിലൂടെയാണ്. ഒറിക്‌സ്, ഗസല്ലെ തുടങ്ങി ധാരാളം വന്യ ജീവികള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചകളാണ്. ചിലപ്പോഴെല്ലാം അവയ്ക്ക് കടന്നുപോകാന്‍ വേണ്ടി സൈക്കിള്‍ നിറുത്തി കാത്തുനില്‍ക്കേണ്ടി വരാറുണ്ട്. വാഹനങ്ങളില്‍ സൈക്കിള്‍ കയറ്റിയാണ് മിക്കവാറും യാത്രക്കാര്‍ ഇവിടെ സൈക്കിള്‍ സവാരിക്കെത്തുന്നത്.
പള്ളി, പെട്രോള്‍ പമ്പ്, റെസ്റ്റോറന്റുകള്‍, ടോയിലറ്റ്, സൈക്കിള്‍ വാടകക്കുലഭിക്കുന്ന ഷോപ്പുകള്‍ തുടങ്ങി വലിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തടിയന്‍ ടയറുകളുള്ള മൗണ്ടൈന്‍ സൈക്കിളുകള്‍ ഉപയോഗിച്ച് ലവ് ലേക്ക്, ഫ്‌ളമിങ്ങോ ലേക്ക്, എക്‌സ്‌പോ ലേക്ക് തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങിലേക്കും സൈക്കിള്‍ സവാരി ചെയ്യാവുന്നതാണ്.
ജബല്‍ അലി ഡിസ്ട്രിക്ടിലെ അല്‍ബാറാറി റെസിഡന്‍സില്‍ തുടങ്ങി, ഗ്ലോബല്‍ വില്ലേജ്, മോട്ടോര്‍ സിറ്റി വഴി ദുബൈ ലാന്‍ഡില്‍ എത്തുന്ന ഏകദേശം അമ്പത് കിലോമീറ്റര്‍ വരുന്ന സൈക്കിള്‍ പാത അല്‍ഖുദ്‌റ സൈക്കിള്‍ ട്രാക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
2022 മെയ് മാസത്തിലാണ് പതിനാറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജുമൈറയിലെ സൈക്കിള്‍ ട്രാക്കുകള്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഈ പാതകള്‍ ദുബൈ കനാല്‍ വഴി നാദല്‍ ഷിബയിലെ DXBIKE സൈക്കിള്‍ ഫെസിലിറ്റിയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ദുബൈയിലെ സൈക്കിള്‍ പ്രൊഫഷനലുകളുടെ പ്രധാന പരിശീലന കേദ്രങ്ങളില്‍ ഒന്നാണ് DXBIKE സൈക്കിളിങ് കേന്ദ്രം.
പാര്‍ക്കുകളിലും മറ്റുമായി ദുബൈയില്‍ മാത്രം ഏകദേശം 450 കിലോ മീറ്റര്‍ സൈക്കിള്‍ പാതകളുണ്ട്. 2026 ആവുമ്പോഴേക്കും ഇത് 750 കി.മീ. ആയി ഉയര്‍ത്താനുള്ള പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതൊന്നും കൂടാതെ ഷാര്‍ജയില്‍ യൂനിവേഴ്‌സിറ്റി സിറ്റിയിലെ പാലസ് റോഡും അജ്മാന്‍ അല്‍സോറ ബീച്ചും റാസല്‍ ഖൈമ ജബല്‍ ജൈസുമെല്ലാം സൈക്കിള്‍ സവാരിക്കാരുടെ ഇഷ്ടസ്ഥലങ്ങളാണ്.
പത്തും പന്ത്രണ്ടും മണിക്കൂര്‍ വിശ്രമമില്ലാത്ത ജോലിയിലുണ്ടാവുന്ന മാനസികവും ശാരീരികവുമായ സമ്മർദങ്ങള്‍ കുറയ്്ക്കാന്‍ സൈക്കിള്‍ സവാരി ഏറ്റവും നല്ല വ്യായാമമായാണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നത്. ആഴ്ചയില്‍ രണ്ടും മൂന്നും ദിവസങ്ങളിലായി രണ്ടോ മൂന്നോ മണിക്കൂര്‍ സൈക്കിള്‍ സവാരിക്കായി മാറ്റിവെക്കുന്നത് ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങി ജീവിതശൈലീ രോഗങ്ങള്‍ക്കും പരിഹാരമാണ്. അത്രയും സമയം മൊബൈല്‍ ഫോണില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും മാറിനിന്ന് കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കാന്‍ കഴിയുക എന്നത് മാനസികമായി ഉന്‍മേഷമുണ്ടാക്കുകയും ചെയ്യും. അതു മാത്രമല്ല മാരകരോഗങ്ങള്‍ വരാതിരിക്കാനുള്ള ഒറ്റമൂലിയായാണ് ലോകം ഇന്ന് സൈക്കിള്‍ സവാരിയെ പരിഗണിക്കുന്നത്.
വളരെ എളുപ്പത്തിലും അനായാസേനയും സാധിക്കും എന്നതാണ് സൈക്കിള്‍ സവാരിയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ കാരണം. മറ്റേതു വിനോദങ്ങളെക്കാള്‍ സുരക്ഷിതവും ആനന്ദകരവുമാണ് സൈക്കിള്‍ സവാരി. ജിമ്മില്‍ പോയി കുറച്ചു സമയം കളിക്കുമ്പോഴേക്ക് ശരീരം നന്നായി ക്ഷീണിക്കും. നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്കു മാത്രമേ അത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയൂ. സൈക്കിള്‍ സവാരി പക്ഷേ അത്ര പെട്ടെന്ന് മടുക്കില്ല, എന്നു മാത്രമല്ല ചെലവും കുറവാണ്. തുടക്കക്കാര്‍ക്ക് തുടര്‍ച്ചയായി കൂടുതല്‍ സമയം സൈക്കിള്‍ സവാരി ചെയ്യാന്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെങ്കിലും സ്ഥിരമായ പരിശീലനത്തിലൂടെ രണ്ടും മൂന്നും മണിക്കൂര്‍ അനായാസം സവാരി ചെയ്യാന്‍ കഴിയും. വട്ടത്തില്‍ ചവിട്ടി നീളത്തില്‍ പോകുന്ന ഈ ചെറുവണ്ടി ആള് ചില്ലറക്കാരനല്ലെന്നതിന് സാക്ഷ്യം പറയാൻ ഇപ്പോൾ ഗൾഫ് നാടുകളുമുണ്ട് ■

Share this article

About നവാസ് പുത്തന്‍പള്ളി

navasmc@gmail.com

View all posts by നവാസ് പുത്തന്‍പള്ളി →

Leave a Reply

Your email address will not be published. Required fields are marked *