പുസ്തകം തുറന്നുവെക്കൂ, വെളിച്ചം വന്നുനിറയട്ടേ

Reading Time: 2 minutes

അക്ഷരങ്ങളുടെ ആത്മാവ് ചിന്തയിലാണ് പാര്‍ക്കുന്നത്. അതിനെ പുഷ്ടിപ്പെടുത്തി ഭാവനയിലേക്ക് കൊണ്ടുവരുമ്പോഴാണ് നമ്മള്‍ നല്ല വായനക്കാരായി മാറുന്നത്.
മാറ്റത്തെ വിഭാവന ചെയ്യുകയും നല്ല ഭാഷ ജീവിതത്തില്‍ ഒരു സംസ്‌കാരമായി ശീലിക്കുകയും ചെയ്യുകയെന്നത് ഒരു മനുഷ്യന്റെ നല്ല ക്വാളിറ്റിയാണ്. ഈ ക്വാളിറ്റിയിലേക്ക് മനുഷ്യന്‍ വികസിച്ചെത്തുന്നത് വായനയിലൂടെയാണ്.
വായനാശീലം ഒരു സിദ്ധിയാണ്. അതു ചിലര്‍ക്ക് മാത്രം പറഞ്ഞതാണെന്ന മിഥ്യാധാരണയും സമൂഹത്തിലുണ്ട്. കൂടെപ്പിറപ്പിനെപ്പോലെ പ്രസിദ്ധീകരണങ്ങളെ/പുസ്തകങ്ങളെ താലോലിക്കുമ്പോള്‍ നമുക്ക് ആ സിദ്ധി കൈവരുമെന്നത് തീര്‍ച്ചയാണ്. വായന ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളും അനുഭൂതിയുമാണ് സമ്മാനിക്കുക. എഴുത്തുരംഗത്തേക്ക് ചുവടുവെക്കാനും പ്രസംഗകലയില്‍ തിളങ്ങാനും ചിലര്‍ക്കത് കാരണമാകുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഒരു വര്‍ഷത്തെ സന്ദേശം “പുസ്തകം തുറക്കൂ, മനസ്സ് തുറക്കാം’ എന്നതായിരുന്നു. എന്തൊരു നല്ല ആശയമാണത്. വായന മനുഷ്യമനസ്സുകള്‍ക്കിടയിലെ അകലം കുറക്കാനും സ്നേഹവും സൗഹാർദവും ഊട്ടിയുറപ്പിക്കാനും സഹായകമാകുന്നു. സ്നേഹത്തിന്റെ ഭാഷ കൈമാറാനും ആത്മാവിന്റെ വിശപ്പടക്കാനും നിമിത്തമാകുന്നു. ഓണ്‍ലൈന്‍ കാലത്ത് നാമെല്ലാവരും വായനക്കാരും എഴുത്തുകാരുമാകുന്നുണ്ട്.
സോഷ്യല്‍മീഡിയയിലെ ഓരോ ചലനങ്ങളും നമ്മള്‍ വായിക്കുകയും ഷെയര്‍ ചെയ്യുകയും എഴുതുകയും ചെയ്യുന്നവരാണ്. എന്നാലും വേരുറച്ചുപോയ പൊതുബോധം, വായിക്കാന്‍ സമയമില്ലായെന്നതാണ്. വീട്ടുകാര്യങ്ങളും ജോലിത്തിരക്കുമാണെന്ന് പറഞ്ഞു വായനയില്‍ നിന്ന് അകലം പാലിക്കുന്നവര്‍ നമ്മള്‍ എന്ന വിശാല കാഴ്ച്ചപ്പാടില്‍ നിന്ന് ഒളിച്ചോടി സ്വന്തത്തിലേക്ക് ചുരുങ്ങുകയാണ്. ചുറ്റുപാടുകളുടെ വ്യഥയറിയാതെ ജീവിതം മുന്നോട്ടുപോകുന്നുവെന്ന് പറയാതെ പറയുന്നവരാണവര്‍. താന്‍ അന്തിയുറങ്ങുന്ന മെത്തക്ക് അരികിലായി ഒരു പ്രസിദ്ധീകരണം വെക്കുകയും ഉറങ്ങുന്നതിനു മുന്‍പ് അതില്‍നിന്ന് അല്‍പഭാഗം വായിക്കുകയും ചെയ്താല്‍ അതൊരു ജീവിതശീലമാകും. അഞ്ചു മിനിറ്റ് സമയം മൊബൈല്‍ ഫോണ്‍ തുറന്നുനോക്കിയില്ലെങ്കിലുള്ള അസ്വസ്ഥത നമ്മെ എത്ര മാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന് നമുക്കറിയാം. അതിലും വലിയ അസ്വസ്ഥതയായി വായനയോടുള്ള വിമുഖതയെ കാണണം. വായനക്കു വേണ്ടിയുള്ള വായനയോ സമ്മർദങ്ങള്‍ക്ക് വഴങ്ങിയുള്ള അക്ഷര സ്നേഹമോ ആവരുത്. ആശയങ്ങള്‍ സ്വായത്തമാക്കാനും അനുവാചകരിലേക്ക് അവ പകര്‍ന്നു നല്‍കാനുമാവണം. അപരവല്‍കൃത കാലത്ത് വാക്കുകളെ ഫാഷിസം ഭയപ്പെടുന്നുണ്ട്. മൂര്‍ച്ചയുള്ള വാക്കുകള്‍ പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വാക്കുകള്‍ വാചാലമാകുന്നതോടെ ഭരണകൂടങ്ങള്‍ക്ക് തെറ്റു തിരുത്തേണ്ടി വരും. അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ വാക്കുകൾ നിരോധിക്കപ്പെടുന്നത്. ഹിന്ദുത്വ വര്‍ഗീയതക്കെതിരെ പേന ചലിപ്പിക്കുമ്പോള്‍ എഴുത്തുകാര്‍ ആക്രമിക്കപ്പെടുന്നതും കൊല ചെയ്യപ്പെടുന്നതും വാക്കുകളെ ഫാഷിസം ഭയന്നതുകൊണ്ടാണ്. എന്ത് എഴുതണമെന്നും പറയണമെന്നും ഫാഷിസം തിട്ടൂരമിറക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
മലയാളസാഹിത്യത്തിന്റെ സ്ഥാനം ഇന്ന് ലോകത്തിന്റെ നെറുകയില്‍ തന്നെയാണ്. കഥ, കവിത, നോവല്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടനേകം എഴുത്തുകാര്‍ മലയാളത്തിലുണ്ട്. വാമൊഴിക്കാലം മുതല്‍ വര്‍ത്തമാന കാലം വരെ സാമൂഹിക മണ്ഡലങ്ങളില്‍ മലയാള സാഹിത്യം ചെലുത്തിയ സ്വാധീനം അടയാളപ്പെട്ടതാണ്. മലയാള ഭാഷയിലെന്നപോലെ സാഹിത്യകൃതികളിലും സംഭവിക്കുന്ന നവീകരണം കാണാതിരിക്കരുത്.
അതോടൊപ്പം ഉദാത്തമായ പൈതൃകത്തനിമയും ആസ്വാദകരമായ സ്വീകാര്യതയും അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണ് അറബി മലയാള സാഹിത്യം. ഖാളി മുഹമ്മദിന്റെ മുഹ്്യദ്ദീന്‍ മാലയുൾപ്പടെ രചനകള്‍ ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
മലയാളമോ അറബിമലയാളമോ മറ്റേതെങ്കിലും ഭാഷയോ ആകട്ടെ, അവ പലകാലങ്ങളില്‍ നിര്‍വഹിച്ചുപോന്ന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ദൗത്യങ്ങളെ മുന്നോട്ടുകൊണ്ടുപോവുകയെന്ന ശ്രമകരമായ ബാധ്യതയാണ് ഇന്ന് ഏതൊരു പ്രസിദ്ധീകരണത്തിനും ഏറ്റെടുക്കാനുള്ളത്. ഈയൊരു തലത്തില്‍ നിന്നുകൊണ്ടുവേണം പ്രവാസി രിസാലയെ വിലയിരുത്തേണ്ടത്.
സമകാലീന സാമൂഹിക പരിസരത്തെ മുന്‍നിര്‍ത്തി ആശയപരമായും ആദര്‍ശപരമായും നമ്മിലെ ബോധത്തെ നിര്‍മിക്കുന്നതിലും കരുപ്പിടിപ്പിക്കുന്നതിലും പ്രവാസി രിസാല ചെലുത്തുന്ന പങ്ക് വലുതാണ്. നമ്മള്‍ തന്നെ പ്രമേയമാകുന്ന തരത്തില്‍ പ്രവാസത്തിന്റെ നാഡിമിടിപ്പ് അറിയാന്‍ പ്രസിദ്ധീകരണം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.
ഒരു പത്ര മാസികയുടെ കേവല ദൗത്യത്തിനുമപ്പുറം, സമൂഹത്തിന്റെ പ്രയാസങ്ങള്‍ അധികാരികളുടെയടുത്ത് എത്തിക്കുന്നതിനും കൊവിഡ് കാലത്തെ ഓരോ പ്രവാസികളുടെയും അവസ്ഥ സര്‍വേയിലൂടെ കണ്ടെത്തി പൊതുയിടത്തില്‍ ചര്‍ച്ചയാക്കുന്നതിനും പ്രവാസി രിസാലക്ക് കഴിഞ്ഞിട്ടുണ്ട്. സൈകതത്തിലെ സക്രിയമായ ഇന്നും ഇന്നലെയും വരച്ചിട്ടുകൊണ്ട് ഒരു വ്യാഴവട്ടക്കാലത്തിനുമപ്പുറം സഞ്ചരിക്കാനും ചിലത് കോറിയിടാനും ഈ പ്രവാസത്തിന്റെ ധര്‍മാക്ഷരിക്ക് സാധിച്ചു. മുഴുവന്‍ മലയാളികളിലേക്കുമുള്ള പ്രയാണത്തിന് ഒപ്പം നിന്നും മുന്നേ നടന്നും ഈ രിസാലക്കാലത്തെ ധന്യമാക്കുക. അക്ഷരപ്രയാണത്തിന് കരുത്തു പകരുക ■

Share this article

About നിസാര്‍ പുത്തന്‍പള്ളി

nizarputhanpally@gmail.com

View all posts by നിസാര്‍ പുത്തന്‍പള്ളി →

Leave a Reply

Your email address will not be published. Required fields are marked *