അന്നേരം വീടൊരു സ്‌നേഹരാഷ്ട്രമാകും

Reading Time: 2 minutes

മൂല്യബോധമുള്ള സമൂഹസൃഷ്ടിക്ക് കുടുംബിനിയുടെ പങ്ക് വലുതാണ്. നന്മ കണ്ടും കേട്ടും വളരേണ്ട ബാല്യങ്ങള്‍ക്ക് ആദ്യ അധ്യാപികയും കുടുംബിനി തന്നെ. ഉണ്ണാനും ഉടുക്കാനും മാത്രമല്ല നല്ലതും തിയ്യതും വേര്‍തിരിച്ചറിയാനുള്ള പ്രാഥമിക അറിവുകളുടെ കേന്ദ്രവും വീടകമാണ്. സദാ ജാഗ്രത പുലര്‍ത്തുന്ന കുടുംബനാഥയുടെ സാന്നിധ്യമാണ് ഇതിന് നിദാനം. സ്‌നേഹിച്ചും ശകാരിച്ചും ചെറുഹൃദയങ്ങളില്‍ നന്മയുടെ വിത്തുപാകി വലുതാക്കാന്‍ മാതാക്കള്‍ക്കുള്ള സ്വാധീനം മറ്റാര്‍ക്കുമില്ല. മാതാക്കളുടെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്ന തിരുവചനം സുപരിചിതമാണ്. ഉന്നതമായ ഈ പദവി ഉയര്‍ന്ന ഉത്തരവാദിത്വത്തെയുമാണ് സൂചിപ്പിക്കുന്നത്. വേഷവും സംസ്‌കാരവും മലിനമായ ഈ കാലത്ത് ഉത്തരവാദിത്വഭാരം ഏറുകയാണ് ചെയ്യുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ വാദങ്ങളിലും എന്റെ ശരീരം “എന്റെ സ്വതന്ത്ര്യം’ പോലുള്ള വാദങ്ങളിലും ഒളിച്ചുകടത്തപ്പെടുന്ന അപകടങ്ങള്‍ തിരിച്ചറിയാതിരുന്നു കൂടാ.
പുതു തലമുറയുടെ നടപ്പിലും ഇരിപ്പിലും വേഷം, ഭാഷ, ഇടപഴക്കങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നത് ആശാസ്യകരമല്ല. മൂല്യങ്ങളില്‍ സ്വതന്ത്രവാദികളെ സൃഷ്ടിക്കാനുള്ള ഗൂഢതന്ത്രങ്ങളുടെ ഭാഗമാണിതെല്ലാം. ഇത്തരം സാഹചര്യങ്ങളിലാണ് കുടുംബിനികള്‍ കൂടുതല്‍ ജാഗ്രത്താകേണ്ടതിന്റെ ആവശ്യം പ്രകടമാകുന്നത്.
വീടു ഭരണം മെച്ചപ്പെട്ടതാകേണ്ടതിന്റെ അനിവാര്യത ദിനേന നമുക്ക് ബോധ്യപ്പെടുത്തുന്നുണ്ട് സമകാല സംഭവങ്ങള്‍. ഗൃഹഭരണത്തിന് പ്രധാനമായും ഇസ്‌ലാം സ്ത്രീയെയാണ് തിരഞ്ഞെടുത്തത്. ഇത് അവര്‍ക്കുള്ള ഉയർന്ന പരിഗണനയാണ്. “ഭര്‍തൃഗൃഹത്തിലെ ഭരണാധിപയാണ് സ്ത്രീ’ (മുസ്‌ലിം). തന്റെ നിയന്ത്രണ പരിധിയിലുള്ളവരെ അടിച്ചമര്‍ത്താനല്ല മെച്ചപ്പെട്ട വിധം പരിപാലിക്കാനുള്ള അധികാരമാണിത്. ഈ അധികാരം വകവെച്ച് കൊടുക്കാന്‍ കുടുംബത്തിലെ മറ്റംഗങ്ങള്‍ തയാറാവുകയും വേണം. ഉയര്‍ന്ന മാനസികോന്മേഷം അനുഭവിക്കാന്‍ അതുവഴി അവര്‍ക്ക് സാധിക്കും. കാരാഗൃഹമല്ല സ്വര്‍ഗമാണ് വീടെന്ന് ബോധ്യമാകുന്നതും അപ്പോഴാണ്.
വീട്ടുഭരണം സ്ത്രീയെ ഏല്‍പിച്ചതിലൂടെ അവരെ ചുവരുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടിയതല്ല. പ്രത്യുത സമാനതകളില്ലാത്ത നേതൃപദവിയിലേക്ക് ഉയര്‍ത്തുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളതെന്ന് വ്യക്തം. സഹനവും സ്‌നേഹവും സമൃദ്ധമായുള്ള സദ്‌വൃത്തയായ സ്ത്രീ ഭരണചക്രം നിയന്ത്രിക്കുന്ന വീട് സ്വര്‍ഗതുല്യമായിരിക്കുമെന്നതില്‍ സംശയമില്ല.
നന്മ അടിസ്ഥാനമാക്കിയ ഒരു സാമൂഹികക്രമത്തില്‍ മാത്രമേ സമാധാനവും നിര്‍ഭയത്വവും നിലനില്‍ക്കൂ. അല്ലാഹുവിനെയും ചെന്നായയുടെ അക്രമത്തെയുമല്ലാതെ മറ്റൊന്നും ഭയപ്പെടാതെ സന്‍ആ മുതല്‍ ഹളറ മൗത് വരെ ഒരു യാത്രക്കാരന്‍ തനിച്ച് നടന്നുപോകുമെന്ന തിരുദൂതരുടെ പ്രഖ്യാപനം ഇസ്‌ലാം നല്‍കുന്ന ഉയര്‍ന്ന സുരക്ഷിതബോധത്തിന്റെ നേര്‍സാക്ഷ്യമാണ്. ഇത് സാധ്യമാക്കുന്ന ജീവിതപാഠങ്ങള്‍ വീടുകളില്‍ നിന്ന് തുടങ്ങണമെന്ന് ചുരുക്കം.
കുടുംബിനി ഒരു ഉത്തമ സ്ത്രീയാകണം. വിവാഹാലോചനയുടെ സമയം മുതല്‍ ഈ പരിഗണനക്ക് മുന്‍തൂക്കം നല്‍കണം. “സമ്പത്തും സൗന്ദര്യവും തറവാടും വിവാഹത്തില്‍ ആളുകള്‍ പരിഗണിക്കാറുണ്ട്. എന്നാല്‍ ദീനുള്ളവളെ തിരഞ്ഞെടുത്ത് നീ വിജയിക്കണം’ (ബുഖാരി) എന്ന് ഹദീസിലുണ്ട്. മതചിട്ടകള്‍ പുലര്‍ത്തുന്ന ഉത്തമ സ്ത്രീയില്‍ നിന്നും കുടുംബത്തിനാകെ ലഭ്യമാകുന്ന സന്തോഷവും സമാധാനവുമാണ് തിരുനബി(സ്വ)യുടെ ഈ പ്രഖ്യാപനത്തിന്റെ പൊരുള്‍.
ആരാണ് ഉത്തമ സ്ത്രീയെന്ന നബി തങ്ങളോടുള്ള ചോദ്യത്തിന് അവിടുത്തെ മറുപടി ഇങ്ങനെയാണ്: “അവളിലേക്ക് നോക്കിയാല്‍ സന്തോഷം പകരും, തന്റെ ഇണയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കും, അവന്റെ സമ്പത്തിനും വ്യക്തിത്വത്തിനും എതിരായൊന്നും ചെയ്യില്ല’ (നസാഈ). കുടുംബിനിക്ക് വേണ്ട സുപ്രധാനമായ മൂന്ന് വിശേഷണങ്ങളാണ് ഹദീസില്‍ പരാമര്‍ശിച്ചിട്ടുള്ളത്. സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ക്കൊപ്പം നിന്ന് കുടുംബത്തിന് തണലും സംരക്ഷണവും നിയന്ത്രണവും നല്‍കേണ്ടവളാണ് പെണ്ണ്.
കുടുംബത്തിലെ ക്രയവിക്രയത്തിലും സാമ്പത്തിക ആസൂത്രണത്തിലും സ്ത്രീക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ഭര്‍ത്താവിന്റെ വരവനുസരിച്ച് ബജറ്റ് ക്രമീകരിക്കുമ്പോഴാണ് ക്ഷേമവീട് രൂപപ്പെടുന്നത്. പ്രത്യേകിച്ചും പ്രവാസികളുടെ ഭാര്യമാര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനുണ്ട്. ഭര്‍ത്താവിന്റെ വിയര്‍പ്പിന്റെ മൂല്യം മറന്ന് പ്രവര്‍ത്തിക്കാനും ചെലവിടാനും തുടങ്ങിയാല്‍ അപകടമാണ്. മറ്റുള്ളവരെ അനുകരിച്ചും ട്രെന്‍ഡുകള്‍ക്ക് പിന്നാലെ പാഞ്ഞും സ്വന്തം നില മറന്നുള്ള ദുര്‍വിനിയോഗം തീരാനഷ്ടമാണ് സമ്മാനിക്കുക. ശിഷ്ടകാലം സന്തോഷദായകമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് കുടുംബിനി തന്നെ മുന്നില്‍ നില്‍ക്കണം. ചെലവ് ചുരുക്കി മിച്ചം പിടിച്ച് സ്വരുക്കൂട്ടുന്നത് വലിയ മുതല്‍ക്കൂട്ടാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭര്‍ത്താവിനൊപ്പവും സന്തോഷത്തോടെ ജീവിക്കാന്‍ പഠിക്കണം. വാക്കിലും നോക്കിലും പരിഹാസമോ ശകാരമോ അരുത്. സമ്പത്ത്, സൗന്ദര്യം, ആരോഗ്യം തുടങ്ങി എല്ലാത്തിലും മാറ്റങ്ങള്‍ വന്നേക്കും. സഹനത്തോടൊപ്പം പ്രതീക്ഷ നല്‍കി പുതുപുലരിസ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്ന ഭാര്യയാണ് ഏറ്റവും നല്ല ലൈഫ് പാര്‍ട്ണര്‍.
പരസ്പരം അനുസരണയും ബഹുമാനവും കുടുബത്തിന് ദൃഢത നല്‍കും. ഇത് രണ്ടും നഷ്ടപ്പെടുന്നതാണ് വിവാഹ മോചനങ്ങളുടെ പ്രധാന കാരണം. അനുസരണയില്ലാത്ത ഭരണീയരുള്ള സമൂഹവും രാഷ്ട്രവും നിരന്തരം പുകഞ്ഞുകൊണ്ടിരിക്കും. ബഹുമാനം നിലക്കുന്നിടത്ത് അഹങ്കാരത്തിന്റെ ആര്‍പ്പുവിളികള്‍ ഉയരും. അപ്രകാരം തന്നെ ദാമ്പത്യത്തിലും ഇവ രണ്ടിനും വലിയ പങ്കുണ്ട്. അനുസരണ കീഴ്‌പ്പെടലിന്റെ പ്രതീകമല്ല. ആദരവിന്റെയും മനുഷ്യത്വത്തിന്റെയും മാന്യതയുടെയും വിനയത്തിന്റെയും ഭാഗമാണത്.
അല്ലാഹുവിന്റെ ബാധ്യതയും ഭര്‍ത്താവിന്റെ ബാധ്യതയും പൂര്‍ത്തീകരിക്കുമ്പോഴാണ് ഒരു പെണ്ണ്് സ്വര്‍ഗാവകാശി ആവുന്നത്. നബി(സ്വ) പറയുന്നു. “ഒരു പെണ്ണ് അഞ്ചുനേരം നിസ്‌കരിച്ചു, റമളാനില്‍ നോമ്പനുഷ്ഠിച്ചു, രഹസ്യഭാഗം സൂക്ഷിച്ചു, ഇണയെ അനുസരിച്ചു, എന്നാല്‍ അവള്‍ ഉദ്ദേശിക്കുന്ന വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാം’ (അഹ്‌മദ്).
ഉത്തരവാദിത്വങ്ങള്‍ ഏകപക്ഷീയമല്ല. കുടുംബ പരിപാലന ബാധ്യതകള്‍ സ്ത്രീക്ക് മാത്രം നല്‍കി പുരുഷന്‍ കാഴ്ചക്കാരനാകുകയുമല്ല. മുതുകൊടിയുന്ന ഭാരങ്ങളില്‍ ഭര്‍ത്താവിനു താങ്ങായി നില്‍ക്കുകയാണവള്‍.
പുരുഷനും നിരവധി ഉത്തരവാദിത്വങ്ങളും ചുമതലകളും ഉണ്ട്. നബി സ പറയുന്നു. “സ്ത്രീകള്‍ക്ക് നന്മ ചെയ്യണമെന്ന എന്റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുക’ (ബുഖാരി). അല്ലാഹു പറയുന്നു. “സ്ത്രീകള്‍ക്ക് പുരുഷന്മാരോടുള്ള ബാധ്യത പോലെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്കും ബാധ്യതകള്‍ നിർവഹിക്കേണ്ടതുണ്ട്’ (അല്‍ബഖറ 228) ■

Share this article

About അബ്ദുറഷീദ് സഖാഫി കുറ്റ്യാടി

arkuttiadi@gmail.com

View all posts by അബ്ദുറഷീദ് സഖാഫി കുറ്റ്യാടി →

Leave a Reply

Your email address will not be published. Required fields are marked *