നഗരം ഒരു മാനവ പ്രമേയമാണ്‌

Reading Time: 3 minutes

അനേകം നഗരങ്ങള്‍ ചരിത്രത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചിലതെല്ലാം സ്വയമേ നഗരങ്ങളായി രൂപപ്പെട്ടവയാണെങ്കില്‍ മറ്റു ചിലത് ആസൂത്രിതമായി നിര്‍മിച്ചവയായിരുന്നു. ഏത് മേഖലയിലുമെന്ന പോലെ ഇസ്‌ലാമിന്റെ കടന്നുവരവ് നഗരം, നഗരനിര്‍മാണം, നഗരജീവിതം എന്നീ മേഖലകളിലും വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. കേവലം ശരീരത്തിനപ്പുറം ഒരാത്മാവ് കൂടി ഇസ്‌ലാമിക/മുസ്‌ലിം നഗരങ്ങള്‍ പങ്കുവെക്കുന്നു എന്നതാണ് അവയില്‍ പ്രധാനം. സാമ്പത്തികം, പാരിസ്ഥിതികം തുടങ്ങിയ ബാഹ്യതലങ്ങള്‍ക്കൊപ്പം തന്നെ സാംസ്‌കാരികം, സാമൂഹികം തുടങ്ങിയ ആന്തരിക തലങ്ങളെക്കൂടി അവ പരിഗണിക്കുകയും അതിനുതകുന്ന വിധത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊന്ന്. ആന്തരികമായ ഒരു സാംസ്‌കാരിക സ്വത്വത്തിന് ജീവിക്കാനുള്ള ഇടമൊരുക്കുകയാണ് യഥാർഥത്തില്‍ മുസ്‌ലിം നഗരങ്ങള്‍ എന്ന് ചുരുക്കം.

ഇസ്‌ലാമും നഗരങ്ങളും
അടുത്ത കാലത്തായി വരുന്ന സമൂഹശാസ്ത്ര പഠനങ്ങളില്‍ പലതും ഇസ്‌ലാമിനെ സമീപിക്കുന്നത് തന്നെ ഒരു അര്‍ബന്‍ റീലീജിയന്‍ അഥവാ നാഗരികമതം എന്ന നിലക്കാണ്. ഒറ്റയ്്ക്ക് ചെയ്യുന്നതിനെക്കാള്‍ സമൂഹമായി ചെയ്യുന്നതിനാണ് ഇസ്‌ലാം മൂല്യം കല്പിക്കുന്നത് എന്നതാണ് അതിനൊരു കാരണം. ചരിത്രത്തില്‍ നഗരങ്ങളുടെ നിര്‍മാണത്തിനും അവയുടെ പരിപാലനത്തിനും ഇത്രയേറെ സൂക്ഷ്്മപ്രാധാന്യം കൊടുത്ത മറ്റു ആശയവ്യവസ്ഥകള്‍ ഇല്ല എന്നതും ഒരു കാരണമായി പറയുന്നവരുണ്ട്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങി പല ഭൂഖണ്ഡങ്ങളിലും നഗരവത്കരണത്തില്‍ ഇസ്‌ലാമിന്റെ കടന്നുവരവ് വന്‍മാറ്റങ്ങളാണ് ഉണ്ടാക്കിയത് എന്നത് മറ്റൊന്ന്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ബദുക്കളും മരുഭൂവാസികളുമെല്ലാം കീഴടക്കിയ പട്ടണങ്ങള്‍ നോക്കൂ, അവയില്‍ നിന്നാണ് നാഗരികതകള്‍ ഉയര്‍ന്നുവരുന്നത് എന്ന് ഇബ്‌നു ഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ പറയുന്നുണ്ടല്ലോ.
പ്രധാനമായും മനസ്സിലാക്കേണ്ട ഒന്ന് ആധുനികത നഗരം എന്ന് പേരിട്ടുവിളിക്കുന്ന കെട്ടിടസമുഛയങ്ങളെയോ സഞ്ചയങ്ങളെയോ അല്ല ഇസ്‌ലാം നഗരം എന്ന് വിളിക്കുന്നത്. ഇസ്‌ലാം നഗരവുമായി ബന്ധപ്പെട്ട് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട് മനുഷ്യകേന്ദ്രിതമാണ്(anthropocentric). ആത്യന്തികമായി മനുഷ്യന്റെ ഇഹപരവിജയത്തിനായുള്ള ഒരു ആദര്‍ശം എന്ന നിലയില്‍ ഇസ്‌ലാമിന്റെ എല്ലാ വിഷയത്തിലെയും പ്രഥമ പരിഗണന മനുഷ്യന്‍ തന്നെയാണല്ലോ. ആകയാല്‍ മനുഷ്യരെ ഈ രണ്ടുലോകങ്ങളിലെയും സുഖജീവിതത്തിന് സഹായിക്കുന്ന/ സഹായിക്കാന്‍ കഴിയുന്ന ഒരിടത്തെയാണ് ഇസ്‌ലാം നഗരമെന്ന് വിളിക്കുന്നത് എന്ന് പറയാം. യസ്‌രിബ് ഒരു കാര്‍ഷിക- ഗ്രാമീണ ഭൂമേഖലയായിട്ടും തിരുദൂതര്‍ മദീന എന്നാണ് അതിനെ വിളിച്ചത് എന്നോര്‍ക്കുക. മദീന, കൂഫ, ബസ്വറ, ബാഗ്ദാദ്, ഫുസ്ത്വാത് തുടങ്ങി ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ നിര്‍മിതമായ നഗരങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്യും.

ഇസ്‌ലാമിക നഗരങ്ങളുടെ പ്രത്യേകതകള്‍
മുസ്‌ലിം ലോകത്ത് ഉയര്‍ന്നുവന്നിട്ടുള്ള നഗരങ്ങള്‍ക്കെല്ലാം പല പ്രത്യേകതകളും വ്യതിരിക്തതകളും ഉണ്ടെങ്കിലും അവയെല്ലാം അറിയപ്പെടുന്നത് വൈജ്ഞാനിക നാഗരികതകളായിട്ടാകും(Knowledge Civilizations). മറ്റു പ്രത്യേകതകളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയേ വിജ്ഞാനവുമായി ബന്ധപ്പെട്ടാണ് എന്നും കാണാം. അറിവ് എന്നതിന് ഇസ്‌ലാമികസമൂഹം നല്‍കുന്ന പ്രഥമ പരിഗണന തന്നെയാണ് ഇതിനും പിന്നില്‍. നോക്കൂ, ഇസ്‌ലാമിക ലോകത്തെ നഗരങ്ങളിലെയെല്ലാം പ്രഥമവും പ്രധാനവുമായ നിര്‍മിതി ഒരു പള്ളിയായിരിക്കും. മദീനയിലെത്തിയ നബി(സ്വ) ആദ്യം ഏര്‍പ്പെട്ട ജോലി മസ്ജിദുന്നബവിയുടെ നിര്‍മാണം ആയിരുന്നല്ലോ, മസ്ജിദുല്‍ കൂഫ, ബസ്വറയിലെ പള്ളി, ബാഗ്ദാദിലെ ജാമിഉല്‍ മന്‍സ്വൂര്‍ മസ്ജിദ്, ഫുസ്ത്വാതിലെ അംറ് ബിന്‍ ആസ്വ് മസ്ജിദ് തുടങ്ങിയവയെല്ലാം അങ്ങനെ നിര്‍മിക്കപ്പെട്ടവയാണ്. ഈ പള്ളികളാകട്ടെ, വലിയ പാഠശാലകള്‍ കൂടിയായിരുന്നു. അറിവിന്റെ കൂടി കേന്ദ്രങ്ങളായിരുന്നു പള്ളികളും അവയുടെ ചെരിവുകളും മുറ്റങ്ങളുമെല്ലാം. ഇങ്ങനെയുള്ള പള്ളികളെ ചുറ്റിപ്പറ്റിയാണ് മുസ്‌ലിം ലോകത്ത് നഗരങ്ങളും ജനജീവിതവുമെല്ലാം ഉയര്‍ന്നുവന്നതും വളര്‍ച്ച പ്രാപിച്ചതും. നിരന്തരം ദൈവികമായ അറിവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമായതുകൊണ്ടു തന്നെ മറ്റു ഇടപാടുകളിലെല്ലാം ഇതിന്റെ പ്രതിഫലനങ്ങളുമുണ്ടാകും. അങ്ങനെയാണ് സുതാര്യവും നീതിപൂര്‍വവുമായ കച്ചവടങ്ങളും മറ്റുമെല്ലാം ഇസ്‌ലാമിക നഗരങ്ങളുടെ പ്രത്യേകതയായി മാറിയത്.
ഇത്തരം നഗരങ്ങളുടെ മറ്റൊരു സവിശേഷത പ്രകൃതിയുമായും പരിസ്ഥിതിയുമായുമുള്ള അതിന്റെ ഇണക്കമാണ്. ലോകത്തെല്ലായിടത്തുമുള്ള മുസ്‌ലിം നഗരങ്ങള്‍ പൊതുവായി പല സവിശേഷതകള്‍ പങ്കുവെക്കുന്നുണ്ടെങ്കിലും ഓരോ കാലവസ്ഥക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിലായിരിക്കും അവയുടെ നിര്‍മാണം. മിഡില്‍ ഈസ്റ്റിലെ നഗരങ്ങളെ പോലെ ആയിരിക്കില്ല ഏഷ്യയിലേത്, ഇവ രണ്ടു പോലെയുമായിരിക്കില്ല ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളിലേത്. ഇങ്ങനെ പലയിടങ്ങളിലും സമാനമായ എന്നാല്‍ വ്യത്യസ്തമായ രൂപത്തിലാണ് ഇസ്‌ലാമിക നഗരങ്ങള്‍. ഈ വൈജാത്യങ്ങള്‍ക്കിടയിലെ ഏകത്വം തന്നെയാണ് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കാതലും. നേരത്തെ പറഞ്ഞ ആദ്യകാല ഇസ്‌ലാമിക നഗരങ്ങളില്‍ ഉയര്‍ന്നുവന്ന, ഇന്നും അതേപടി നിലനില്‍ക്കുന്ന പള്ളികളുടെ രൂപം പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാകും. ഓരോ ഭൂപ്രദേശങ്ങളിലെയും ലഭ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് വളരെ മനോഹരമായി തയാറാക്കിയ നിര്‍മിതികളായിരിക്കും അവയെല്ലാം. ഓരോ നിര്‍മിതിയും ഉണ്ടാക്കുന്നതിന് മുന്‍പ് അവയ്്ക്ക് യോജിച്ച കാലാവസ്ഥയും മണ്ണുമാണോ എന്നു പരിശോധിക്കുന്ന രീതി ഇസ്‌ലാമിക ലോകത്ത് ആദ്യ കാലം മുതലേ നിലവിലുണ്ടായിരുന്നു.
പ്രശസ്ത പണ്ഡിതനും വൈദ്യശാസ്ത്ര വിദഗ്ധനുമായ അബൂബക്ർ അല്‍ റാസി ഒരു ആശുപത്രിക്ക് സ്ഥലം നിര്‍ണയിച്ച കഥ വളരെ പ്രശസ്തമാണ്. ആശുപത്രി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടു സ്ഥലങ്ങളിലും ഏതാനും ഇറച്ചിക്കഷണങ്ങള്‍ തൂക്കിയിട്ടായിരുന്നു അല്‍റാസിയുടെ പരീക്ഷണം. ഇരു സ്ഥലങ്ങളിലെയും കാറ്റിലും കാലാവസ്ഥയിലും തട്ടി മാംസക്കഷണങ്ങള്‍ കൂടുതല്‍ കാലം കേടു കൂടാതെയിരിക്കുന്ന സ്ഥലമേതാണോ, അവിടെ ആശുപത്രി നിര്‍മിക്കുക എന്നതായിരുന്നു അദ്ദേഹം മുന്നോട്ടു വച്ച ഫോര്‍മുല. ഇങ്ങനെ അനേകം സംഭവങ്ങള്‍ വേറെയും കാണാനാകും.
പ്രകൃതിയെ വളരെ നല്ല രീതിയില്‍ സംരക്ഷിക്കുകയും മനോഹരമായി പരിപാലിക്കുകയും ചെയ്യുക എന്നതും മുസ്‌ലിം നഗരങ്ങളുടെ പ്രത്യേകതകളിലൊന്നാണ്. പ്രകൃതിസംരക്ഷണത്തെ കുറിച്ച് കാലാകാലങ്ങളായി വാഗ്വാദങ്ങള്‍ നിലവിലുണ്ടെങ്കിലും ഇസ്‌ലാമും മുസ്‌ലിം നഗരങ്ങളും മുന്നോട്ടുവെക്കുന്ന ഇവ്വിഷയകമായ കാഴ്ചപ്പാട് അടിസ്ഥാനപരമായി തന്നെ വ്യത്യാസപ്പെട്ടാണിരിക്കുന്നത്. കേവലം ഭൗതികമായ ആശങ്കകള്‍ മാത്രമല്ല അവര്‍ക്കിതിനു പിന്നില്‍. അഭൗമികമായ ചില താല്പര്യങ്ങളുടെ പുറത്താണ് വിശ്വാസികള്‍ ഈ വിഷയത്തെ സമീപിക്കുന്നത്. അഥവാ തങ്ങളെ സൃഷ്ടിച്ച് പ്രതിനിധിയായി ഈ ഭൂലോകത്തേക്കയച്ച രക്ഷിതാവിന്റെ സൂക്ഷിപ്പുസ്വത്താണ് ഈ പരിസ്ഥിതിയും പച്ചപ്പും ആവാസ വ്യവസ്ഥയുമെല്ലാം. അത് കേടുകൂടാതെ പരിപാലിക്കേണ്ടത് സ്വന്തത്തോടും സമൂഹത്തോടും എന്നതിലുപരി പടച്ചവനോടുള്ള ഉത്തരവാദിത്തമാണ് മുസ്‌ലിംകള്‍ക്ക്. നല്‍കപ്പെട്ട അനുഗ്രഹങ്ങളെ കുറിച്ച്, അവയെല്ലാം എന്തു ചെയ്തു, എങ്ങനെ ഉപയോഗിച്ചു എന്നു പറയാതെ പരലോകത്തെ വിചാരണവേളയില്‍ ഒരടി മുന്നോട്ടുവെക്കാനാവില്ല എന്ന ബോധ്യവും ഭയവുമുണ്ടവര്‍ക്ക്. ഇവയെല്ലാം കൊണ്ടു തന്നെയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന, മുസ്‌ലിം നാഗരികതകള്‍ പ്രയോഗികമാക്കുന്ന പാരിസ്ഥിതിക സങ്കല്പങ്ങള്‍ക്ക് കൂടുതല്‍ ഉള്ളുറപ്പുണ്ടാകുന്നതും. സുന്ദരമായ പൂന്തോട്ടങ്ങളും ഉദ്യാനങ്ങളുമെല്ലാം ഇസ്‌ലാമികനാഗരികതകളില്‍ എമ്പാടും കാണാം. കേവലം ഭൗതികമായ കാഴ്ചാ സുഖം നല്‍കുക എന്നത് മാത്രമല്ല ഇവയുടെയൊന്നും ദൗത്യം. ഇത്തരം സ്ഥലങ്ങളെല്ലാം നിര്‍മിക്കപ്പെട്ടത് സ്വര്‍ഗീയാരാമങ്ങളെ കുറിച്ചുള്ള ഖുര്‍ആനിക വാക്യങ്ങളില്‍ നിന്ന് ആശയം സ്വീകരിച്ചു കൊണ്ടാണ്. സ്വര്‍ഗത്തെ കുറിച്ചും പടച്ചവന്‍ നല്‍കാന്‍ പോകുന്ന അനുഗ്രഹങ്ങളെ കുറിച്ചുമെല്ലാം സൃഷ്ടികളെ ഓര്‍മപ്പെടുത്തുക എന്നതാണ് അവ നിര്‍വഹിക്കുന്ന പ്രാഥമികമായ ദൗത്യം.

മർകസ് നോളജ് സിറ്റി
ഇത്തരം നഗരങ്ങളും പള്ളികളും പൂന്തോട്ടങ്ങളും മറ്റും ഭൂതകാലത്തില്‍ മാത്രമല്ല ഉണ്ടായിരുന്നത്. വര്‍ത്തമാന കാലത്തും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് ആഹ്ലാദകരമാണ്. ഇസ്‌ലാമിന്റെ സൗന്ദര്യം പൂര്‍ണാർഥത്തില്‍ ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള മാധ്യമങ്ങള്‍ കൂടിയാണിവ. ശൈഖ് അബ്ദുല്‍ ഹകീം മുറാദിന്റെ നേതൃത്വത്തില്‍ യു കെയിലെ കേംബ്രിഡ്്ജില്‍ സ്ഥാപിതമായ യൂറോപ്പിലെ ആദ്യ പരിസ്ഥിതി സൗഹൃദ മസ്ജിദായ കേംബ്രിഡ്്ജ് മുസ്‌ലിം മോസ്‌കും ഗാര്‍ഡനും അനുബന്ധ സ്ഥാപനങ്ങളുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. കോഴിക്കോട് കൈതപ്പൊയിലിൽ ഉയർന്നുവരുന്ന മര്‍കസ് നോളജ് സിറ്റി ഇത്തരമൊരു പരിശ്രമത്തിന്റെ സാക്ഷാത്കാരമാണ്.
ഇസ്‌ലാമിക നഗരങ്ങളുടെ അടിസ്ഥാന സ്വഭാവമായ പാരിസ്ഥിതിക കരുതലുകള്‍, പ്രവര്‍ത്തനത്തിലും രൂപകൽപനയിലുമെല്ലാമുള്ള വൈജ്ഞാനിക നഗരത്തിന്റെ ഘടന, അറിവിനു വേണ്ടി ജീവിക്കുന്ന ഒരു മനുഷ്യന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, പാരമ്പര്യത്തിന്റെയും ആധുനികതയുടെയും മികച്ച രീതിയിലുള്ള സമ്മിശ്രണം തുടങ്ങി അനേകം പ്രത്യേകതകള്‍ മര്‍കസ് നോളജ് സിറ്റിക്കുണ്ട്.
സുസ്ഥിര വികസനം എന്നതാണ് നോളജ് സിറ്റി മുന്നോട്ടു വെക്കുന്ന പ്രധാന മോട്ടോകളിലൊന്ന്. ദീര്‍ഘഭാവിയിലേക്ക് കൂടി ഉപയുക്തമാകുന്ന തരത്തിലുള്ള വികസനം എന്ന് ലളിതമായി ഇതിനെ നിര്‍വചിക്കാം. സാമൂഹികജീവിതത്തിന്റെ ഉന്നമനം, പരിസ്ഥിതി മെച്ചപ്പെടുത്തല്‍, സാമ്പത്തിക അഭിവൃദ്ധി എന്നിവയൊക്കെയാണ് സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങളായി പൊതുവെ പറയപ്പെടാറുള്ളത്. ഇതും ഇതിനപ്പുറവുമുള്ള ലക്ഷ്യങ്ങളിലൂടെ മികച്ച ഫലങ്ങളുണ്ടാക്കാനുള്ള പ്രയാണത്തിലാണ് ഈ നഗരവും. പരിസ്ഥിതി ആഘാതങ്ങളോ മറ്റോ ഇല്ലാതെയുള്ള ഒരു വികസന സ്വഭാവം ആധുനിക സമൂഹത്തിനു കാണിച്ചു കൊടുക്കുക എന്നത് തന്നെ ഒരു വലിയ ദൗത്യമാണ്. ആ ദൗത്യം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് മര്‍കസ് നോളജ് സിറ്റിയും.
വിദ്യാഭ്യാസം, ജൈവ കൃഷി, വൈദ്യം, വ്യാപാരം, ആത്മീയം, സംസ്‌കാരം, കല തുടങ്ങി മനുഷ്യന് ആവശ്യമുള്ള അനേകം മേഖലകളെ കൂട്ടിയിണക്കി കൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു എന്നതും ശുഭപ്രതീക്ഷയാണ്.
ആധുനിക നഗരങ്ങള്‍ അനുഭവിക്കുന്ന പൊതുപ്രശ്‌നങ്ങള്‍ക്കു കൂടി പരിഹാരം കാണുമ്പോള്‍ മാത്രമേ മുസ്‌ലിം നഗരമെന്നത് പൂര്‍ണാര്‍ഥത്തില്‍ സാക്ഷാത്കരിക്കാനാകൂ. പുതിയ നഗരങ്ങള്‍ക്ക് നേരെ ഉയരുന്ന ഏറ്റവും വലിയ വിമര്‍ശനങ്ങളിലൊന്ന് അത് തീര്‍ത്തും കമ്പോളവത്കൃതമാണ് എന്നതാണ്. ഇതിന്റെ ഉപോത്പന്നമായാണ് അന്യായമായ കച്ചവടങ്ങളും മറ്റുമെല്ലാം അരങ്ങുവാഴുന്നത്. വിരസതയുടെയും തിരക്കിന്റെയും മാത്രം ഇടങ്ങളായി നഗരങ്ങള്‍ ചുരുങ്ങിപ്പോകുന്ന അവസ്ഥയുമുണ്ട്. മര്‍കസ് നോളജ് സിറ്റി ഇതിനു പരിഹാരം കാണുന്നത് തങ്ങളുടെ വ്യാപാര മേഖല പരമ്പരാഗത സൂഖ് മാതൃകയില്‍ ക്രമീകരിച്ചു കൊണ്ടാണ്. ആശയത്തിലും രൂപത്തിലുമതേ. സൂഖുകള്‍ എല്ലാ കാലത്തും ഓപ്പണ്‍ മാർകറ്റ് സ്പേസുകളായാണ് വര്‍ത്തിച്ചിട്ടുള്ളത്. കുത്തക കമ്പോളങ്ങളുടേതു പോലുള്ള അനാരോഗ്യകരമായ കച്ചവട പ്രവണതകള്‍ അവിടെയുണ്ടാകില്ല. ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ചേര്‍ത്തുവെപ്പിന്റെ സൗന്ദര്യവും സൗകുമാര്യതയും സുരക്ഷിതത്വവുമൊക്കെയായിരിക്കും സൂഖുകളില്‍ നമുക്ക് അനുഭവിക്കാനാവുക. മലയാളിയുടെ ഷോപ്പിങ് അനുഭവങ്ങളിലേക്ക് ഇത്തരമൊരു “പുതിയ’ രീതി കൊണ്ടുവരാന്‍ നോളജ് സിറ്റിയിലെ സൂഖിനാകും. മറ്റൊന്ന്, കേവലം കച്ചവടത്തിന്റെ മാത്രം കേന്ദ്രമല്ല സൂഖുകള്‍ എന്നതാണ്. സാംസ്‌കാരിക വിനിമയങ്ങളുടെയും സാഹിത്യസദസ്സുകളുടെയും മറ്റും ഒരു ആഗോള ഹബ് കൂടിയാണവ. സൂഖ് എന്ന വാക്ക് തന്നെ നോക്കൂ, പേര്‍ഷ്യനില്‍ നിന്ന് ഉദ്ഭവിച്ച് പല ദേശങ്ങളിലൂടെയും ഭാഷകളിലൂടെയും അത് സഞ്ചരിച്ചു. സ്പാനിഷിലെ സോക്കോയും നമ്മുടെ ഹിന്ദിയിലെ ചൗക്കുമെല്ലാം അതിന്റെ വകഭേദങ്ങള്‍ തന്നെ. നോളജ് സിറ്റിയില്‍ ഒരുങ്ങുന്ന സൂഖ് ആ നിലക്ക് സാംസ്‌കാരികമായ വീണ്ടെടുപ്പ് കൂടിയായി മാറുന്നുണ്ട്. കച്ചവടവും ഒരര്‍ഥത്തില്‍ കലയാണെന്ന് ചരിത്രാനുഭവത്തെ വര്‍ത്തമാനത്തിലേക്ക് പറിച്ചുനടുകയാണ് ഈ സൂഖ് ■

Share this article

About മുഹമ്മദ് എ ത്വാഹിർ പയ്യനടം

abuthwahir.mkd@gmail.com

View all posts by മുഹമ്മദ് എ ത്വാഹിർ പയ്യനടം →

Leave a Reply

Your email address will not be published. Required fields are marked *