പലതാണ് ഗുരുവഴികള്‍

Reading Time: 2 minutes

രിസാല ഡയറിയെഴുത്തിന്റെ ഭാഗമായി കഴിഞ്ഞ തവണ അണിയറക്കാര്യങ്ങള്‍ പരാമര്‍ശിച്ചു നിര്‍ത്തുമ്പോള്‍ ഒരു പ്രധാന കാര്യം പറയേണ്ടതുണ്ടായിരുന്നു, മഹാഗുരു ഓടക്കല്‍ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരെ കാണാന്‍ പോയ രംഗം. ഒരഭിമുഖത്തിന് വഴങ്ങുന്നതല്ല ഗുരുപ്രകൃതം. വളരെ നിര്‍ബന്ധിച്ചാലേ വല്ലതും പറയൂ. അതുതന്നെ സ്വന്തത്തെ കുറിച്ചല്ല, മറ്റുള്ളവരെപ്പറ്റി. വലിയ ഉസ്താദുമാരെപ്പറ്റിയൊക്കെപ്പറയും. അവിടെയൊന്നും “എന്നെ ഞാനാക്കിയ കഥ’ പറയില്ല.
“എന്നെ ഞാനാക്കിയ കഥ’ പലരും പറയാറുള്ളതാണല്ലോ. തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ക്ക് അത് ഇഷ്ടമല്ലെന്ന് ഉറ്റശിഷ്യന്‍ പറഞ്ഞതോര്‍ക്കുന്നു. ബാപ്പു മുസ്‌ലിയാര്‍ ഒ.കെ ഉസ്താദിന്റെ കളരിയില്‍ നിന്ന് പരിശീലിച്ചതാണല്ലോ. അതിന്റെയാകണം, ആ പ്രകൃതം.
ഒ.കെ ഉസ്താദിനെ കാണാന്‍ പോകുമ്പോള്‍ ഇക്കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചു. ഉസ്താദിനെകുറിച്ചുള്ള ഭാഗങ്ങള്‍ ശിഷ്യന്മാരായ സുലൈമാന്‍ ഉസ്താദില്‍ നിന്നും ഫള്ൽ ഉസ്താദില്‍ നിന്നും വാങ്ങാം. മറ്റുള്ളവരെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒ.കെ ഉസ്താദില്‍ നിന്നും വാങ്ങാം. വൈകുന്നേരം 4.30ന് ഇഹ്്‌യാഉസ്സുന്ന എന്ന ഉസ്താദിന്റെ പ്രിയ വിദ്യാനികേതനത്തില്‍ ഞങ്ങള്‍ ചെന്നു. സുലൈമാന്‍ ഉസ്താദിനെയും ഫള്ൽ ഉസ്താദിനെയും കണ്ടു സംസാരിച്ചു. ഞാനും അശ്‌റഫ് പുല്ലാളൂരുമാണ് പോയത്. മാര്‍ഗദര്‍ശിയായി ത്വാഹിര്‍ സഖാഫിയും. അദ്ദേഹത്തിന്റെ ഉപ്പ ബശീര്‍ മുസ്‌ലിയാര്‍ ഒ.കെ ഉസ്താദിന്റെ സഹപാഠിയാണ്. മഗ്്‌രിബ് നിസ്‌കാരം ഇഹ്്‌യാഉസ്സുന്നയില്‍ നിന്ന് നിര്‍വഹിച്ച് ഒ.കെ ഉസ്താദിന്റെ വീട്ടിലേക്ക് ചെന്നു.
പൂമുഖത്ത് ഉസ്താദ് ഉണ്ട്. ചാരുകസേരയില്‍ ഇരുന്ന് ദിക്ർ ചൊല്ലുകയാണ്. ഞങ്ങള്‍ സലാം ചൊല്ലി. ഉസ്താദ് ചിരിച്ചുകൊണ്ട് സലാം മടക്കി ഞങ്ങളെ പൂമുഖത്തേക്ക് കയറ്റിയിരുത്തി. ഞങ്ങള്‍ വന്ന ഉദ്ദേശ്യം പറഞ്ഞപ്പോള്‍ ഉസ്താദ് നിസ്സഹായത അറിയിച്ചു: “ഞാന്‍ എന്നെപ്പറ്റി ആരോടും ഒന്നും പറഞ്ഞുകൊടുക്കാറില്ല. സുലൈമാന്‍ മോല്യാര് ഉണ്ടാകും കോളേജില്‍, മൂപ്പരോടൊക്കെ പോയി ചോദിച്ചോളി. സുലൈമാന്‍ ഉസ്താദിനെ കണ്ട് വരുകയാണെന്ന് ഞങ്ങള്‍. എങ്കില്‍പിന്നെ അതു മതിയെന്ന് ഉസ്താദ്. ഉസ്താദ് പഠിച്ച കാലമൊക്കെ ഒന്ന് വിസ്തരിച്ചാല്‍ ഈ തലമുറയില്‍ അതൊക്കെ വായിച്ച് ആരെങ്കിലും ആത്മീയ ജ്ഞാനത്തിന്റെ വഴിയിലെത്തിയാലോ എന്ന് ഞങ്ങള്‍. അതൊക്കെ കണ്ടറിഞ്ഞോളും എന്ന് ഉസ്താദ്. ഉസ്താദ് പിടിതരുന്ന മട്ടില്ല. എന്നാല്‍ ഉസ്താദിന്റെ ഗുരുക്കന്മാര്‍, വഴികാട്ടികള്‍, മാതാപിതാക്കള്‍, കുടുംബം ഇതൊക്കെയാകാമെന്ന് ഞങ്ങള്‍. അതൊക്കെ ഞാന്‍ വേണ്ടെന്ന് പറഞ്ഞ സംഗതിയിലേക്കെത്തുമെന്ന് ഉസ്താദ്. അത്തരം ഭാഗം വന്നുചേരുന്നത് ഒഴിവാക്കാമെന്ന ഞങ്ങളുടെ ഉറപ്പില്‍ അഭിമുഖം തുടങ്ങാമെന്നുവെച്ചു. പക്ഷേ അപ്പോഴും ഒരു വിലക്ക് ബാക്കി. രേഖപ്പെടുത്താന്‍ വെളിച്ചം തരില്ല. നിങ്ങള്‍ എഴുതാതിരിക്കുന്നതാണ് എനിക്കാശ്വാസം. അതുകൊണ്ട് ഞാന്‍ വെളിച്ചം അനുവദിക്കില്ല. ഉസ്താദിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നും എഴുതില്ല, വെളിച്ചം വേണ്ട എന്ന് ഞങ്ങളും. അങ്ങനെ ഉസ്താദ് പറഞ്ഞു തുടങ്ങി. ഞങ്ങള്‍ ഇരുട്ടത്തിരുന്ന് എഴുതി. രാവെളിച്ചമില്ലാത്ത ആ രാത്രി ഞങ്ങളുടെ കടലാസിലും ഓര്‍മയിലും കോറിക്കിട്ടിയതുവെച്ച് ഞങ്ങള്‍ ആ അഭിമുഖം ലേഖനമായി പ്രസിദ്ധീകരിച്ചു. സുലൈമാന്‍ ഉസ്താദിന്റേതും ഫള്ൽ ഉസ്താദിന്റേതും കൂടി ചേര്‍ത്തുവെച്ച് എഴുതിയപ്പോള്‍ രണ്ടു ലക്കത്തിലേക്കുണ്ട്.(ലക്കം 282, 83) ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കലിന്റെ ഏതാനും അനര്‍ഘ സ്‌നാപ്പുകളും അതിന്റെ കൂടെ ചേര്‍ത്ത് കോര്‍ത്തു. വിചാരിച്ചതിലേറെ ഭംഗിയായി. അതില്‍ ഓടക്കല്‍ കുടുംബത്തിന്റെയും ഇഹ്്‌യാഉസ്സുന്നയുടെയും കഥ വെവ്വേറെ ചേര്‍ത്തു.
ആ ഇരുട്ടത്തിരുന്നെഴുതിയ കടലാസ് ഇപ്പോള്‍ കൈയിലില്ല. കുറെ കാലം അത് മേശയിലുണ്ടായിരുന്നു. ഇത് ഒ.കെ ഉസ്താദിന്റെ രീതി. എല്ലാവരും ഇങ്ങനെയല്ല. സ്വന്തം ചരിത്രം മണിമണിയായി പറഞ്ഞുതരുന്നവരുമുണ്ട്. അത് അവരുടെ രീതി. പറഞ്ഞുകൊടുക്കുന്നവര്‍ ചീത്ത, കൊടുക്കാത്തവര്‍ നല്ലവര്‍ എന്ന് വിലയിരുത്തരുത്. പറഞ്ഞ് കൊടുക്കുന്നതാണ് ഗുണം എന്ന് വിചാരിക്കുന്നവരാണവര്‍. അവരും പക്ഷേ “എന്നെ ഞാനാക്കിയ കഥ’ പറയില്ല. അവരുടെ ഗുരുഭൂതന്മാരുടെയും സഹപാഠികളുടെയും ഓത്തു രീതിയുടെയുമൊക്കെ കഥയേ അവരും പറയൂ. വായിച്ച് നവതലമുറ നന്നാകട്ടെ എന്നാകും അവരുടെ ലക്ഷ്യം. ഗുരുവഴി പലതാണ്. ഏതിലെ പോയാലും പറുദീസയില്‍ ചേരും.
അങ്ങനെ മണിമണിയായി പറഞ്ഞു തന്ന ഒരു ഗുരുവുണ്ടായിരുന്നു, കോഴിക്കോട് ജില്ലയില്‍ പന്നൂരില്‍. നെടിയനാട് സി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍. സി ഫൈസി ഉസ്താദിന്റെ ഉപ്പ. ഒരിക്കല്‍ അവിടെയും ചെന്നു. പരിചയപ്പെടുത്തിയപ്പോള്‍ വലിയ സന്തോഷം. വരാന്തയിലേക്ക് കയറ്റിയിരുത്തി. ചായയും അവിലും പഴവും കുഴച്ചതും സത്കരിച്ചു. ഇടയ്ക്ക് ഞങ്ങള്‍ വന്ന കാര്യം പറഞ്ഞപ്പോള്‍ എടുത്തടിച്ച മറുപടി: “ഇന്ന് ഒന്നും സംസാരിക്കില്ല. ചായയും, അവിലും പോരാ. നല്ല നെയ്‌ച്ചോറും ഇറച്ചിക്കറിയും കഴിച്ച് സംസാരിക്കണം. ഇത് സത്കാരം ശരിയായില്ല’. അതു പ്രശ്‌നമില്ല എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് അങ്ങനെ സംസാരിച്ചാലേ ശരിയാകൂ എന്ന് ഉസ്താദ്.
അങ്ങനെ തൊട്ടടുത്ത വെള്ളിയാഴ്ചത്തേക്ക് സമയം നിശ്ചയിച്ച് ഞങ്ങള്‍ സലാം പറഞ്ഞിറങ്ങി. ഈ സത്കാരപ്രിയതയെ കുറിച്ച് പറഞ്ഞാണ് അന്ന് ആ അഭിമുഖ ലേഖനം എഴുതിത്തുടങ്ങിയത്. സമദ് പുലിക്കാടും ഞാനും ചേര്‍ന്നായിരുന്നു പോയതും എഴുതിയതും. തൊട്ടടുത്ത വെള്ളിയാഴ്ച ഞങ്ങൾ ചെന്നു. നെയ്ച്ചോറും ഇറച്ചിക്കറിയും ഉപ്പേരിയും പപ്പടവും പലഹാരങ്ങളും. വൻസത്കാരം. നല്ല വാക്കുകൾ പറഞ്ഞ് ഞങ്ങളെ തീറ്റിച്ചു.
നെടിയനാട് ഉസ്താദ് ശുദ്ധ മലയാളമാണ്. നമ്മുടെ ഭാഷാ ശുദ്ധിയില്ലായ്മയിലൊക്കെ ഇടപെടും. സൗമ്യഭാഷി. സദാ പുഞ്ചിരി മുഖത്തുണ്ടാകും. ഉസ്താദിനോട് സംസാരിച്ചിരിക്കാന്‍ രസമാണ്. മര്‍കസിലേക്കൊക്കെ ബസിറങ്ങി ഒരു കുടയും കൈയില്‍ കരുതി പരിചിതരോടെല്ലാം സന്തോഷം പറഞ്ഞ് വരുകയും പോകുകയും ചെയ്യുന്ന ഉസ്താദിന്റെ ചിത്രം ഓര്‍മയില്‍ മങ്ങിയിട്ടില്ല. ഉസ്താദ് രിസാല വായിക്കുന്ന ചിത്രവും കൂടി ചേര്‍ത്താണ് ആ അഭിമുഖ ലേഖനം നല്‍കിയിട്ടുള്ളത്.(286)
തൊട്ടുമുമ്പത്തെ ലക്കത്തില്‍(285) ഈയിടെ വിടപറഞ്ഞ കരീം കക്കാടിന്റെ വിവാഹത്തിന് രിസാല കുടുംബം മംഗളാശംസ നല്‍കിയിരിക്കുന്നു. ഞങ്ങളൊക്കെ പങ്കെടുത്ത കല്യാണം. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഏറെ ആഘോഷിച്ച കല്യാണം. ഇന്നദ്ദേഹം നമ്മോടൊപ്പമില്ല. അല്ലാഹു സുഖലോക സ്വര്‍ഗം നല്‍കട്ടേ ■

Share this article

About ടി കെ അലി അശ്‌റഫ്

aliasraftk@gmail.com

View all posts by ടി കെ അലി അശ്‌റഫ് →

Leave a Reply

Your email address will not be published. Required fields are marked *