തിരുദൂതരെ അനുസരിക്കാം മറുവാക്കുകളില്ലാതെ

Reading Time: 2 minutes

“നിങ്ങള്‍ക്കു റസൂല്‍ (സ്വ) നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക, അവിടുന്ന് നിങ്ങളെ വിലക്കിയതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക.’ (വി. ഖുര്‍ആന്‍ 59:7)
തിരുനബി(സ്വ) യുടെ തീരുമാനങ്ങളോടും കല്‍പനകളോടും വിരോധങ്ങളോടും വിശ്വാസിസമൂഹം പുലര്‍ത്തേണ്ട സമീപനത്തെക്കുറിച്ച് അല്ലാഹു ഖുര്‍ആനിലൂടെ ഓര്‍മപ്പെടുത്തുന്ന വചനമാണിത്. യുദ്ധാര്‍ജിത സ്വത്തിന്റെ വീതംവെപ്പുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ അവതരിച്ച സൂക്തമാണിത്. പക്ഷേ, ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മിക്കവരും ഈ സൂക്തത്തിന് വിശാലമായ അര്‍ഥതലങ്ങളാണ് കല്‍പിച്ചിട്ടുള്ളത്.
തിരുനബി(സ്വ) എന്ത് നിര്‍ദ്ദേശിച്ചാലും അത് അല്ലാഹുവില്‍ നിന്നാണെന്ന വിശ്വാസം മുഅ്മിനീങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്നും യാതൊരു സന്ദേഹങ്ങള്‍ക്കും ഇടനല്‍കാതെ ആ നിർദേശങ്ങളത്രയും ശിരസാവഹിക്കണമെന്നും ഉണര്‍ത്തുകയാണീവചനം. “നബി(സ്വ) തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല’ (സൂറഃ അന്നജ്മ് 3) എന്നാണല്ലോ ഖുര്‍ആന്‍ പാഠം. ഈ സൂക്തത്തിന്റെ സത്യസന്ധമായ പാലനം നബിയനുചരരുടെ ജീവിതം നമുക്ക് മുമ്പില്‍ പ്രകാശിപ്പിക്കുന്നുണ്ട്.
പ്രബോധനത്തിന്റെ പ്രാരംഭഘട്ടത്തില്‍ അബൂബക്ർ സിദ്ദീഖ്(റ) തന്റെ ചുറ്റുപാടുകളില്‍ കളിയാടിയിരുന്ന ആചാരങ്ങളെയും പാരമ്പര്യ വിശ്വാസത്തെയും പൂര്‍ണമായും തള്ളിപ്പറയുന്ന മുഹമ്മദ്(സ്വ)യെ തെല്ലിട സംശയിക്കാതെ പ്രവാചകരായി വിശ്വസിച്ചതില്‍ ആ മനോഹരമായ അര്‍പ്പണബോധം പ്രകടമാണ്. ഇസ്റാഅ്, മിഅ്‌റാജ് തുടങ്ങിയ അദ്ഭുത സംഭവങ്ങള്‍ സിദ്ദീഖ്(റ)ന് മുമ്പില്‍ ശത്രുക്കള്‍ അവതരിപ്പിച്ചപ്പോഴും പ്രവാചകരോടുള്ള ഈ ഉദാത്ത സമീപനത്തിന്റെ മഹിത മാതൃക നമുക്ക് ദര്‍ശിക്കാന്‍ സാധിച്ചു. തിരുനബി(സ്വ) പറഞ്ഞ കാര്യങ്ങളെ യാതൊരു സംശയത്തിനും വക നല്‍കാതെ ഉടനടി സ്വീകരിക്കുകയായിരുന്നു സിദ്ദീഖ്(റ) എപ്പോഴും ചെയ്തിരുന്നത്.
ഇനി വിരോധനങ്ങളുടെ കാര്യം എടുത്തുനോക്കൂ; ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ നമുക്ക് ഒരുപാട് ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിപ്ലവ തീരുമാനങ്ങളിലൊന്നായ മദ്യനിരോധനം തന്നെ നോക്കൂ. അറബികളുടെ ഒഴിച്ചുകൂടാനാകാത്ത ദിനചര്യയായിരുന്ന, കുട്ടികള്‍ക്കുപോലും ശീലമായിരുന്ന മദ്യസംസ്‌കാരത്തെ പൂര്‍ണമായും നിരോധിക്കുന്ന ദൈവിക കൽപനയെ എത്ര സന്തോഷത്തോടെയായിരുന്നു അവര്‍ സ്വീകരിച്ചത്. മക്കാ വിജയത്തിനുശേഷം ഒരുകാലത്ത് തങ്ങള്‍ ആരാധിച്ചിരുന്ന എത്ര ബിംബങ്ങളെയാണ് അവര്‍ യാതൊരു മനഃക്ലേശവും കൂടാതെ തച്ചുടച്ചത്. തിരുനബി(സ്വ)യുടെ കൽപനകളോടും വിലക്കുകളോടുമുള്ള സമർപണത്തിന് മുമ്പില്‍ അവര്‍ക്ക് മറ്റൊന്നും തന്നെ പരിഗണനാര്‍ഹമായിരുന്നില്ല. ഖുര്‍ആന്‍ സത്യവിശ്വാസികളെ കുറിച്ച് പ്രസ്താവിക്കുന്നത് നോക്കൂ:”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീയാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതരെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു’ (സൂറഃ അല്‍ അഹ്‌സാബ് 36).
സ്വഹാബത്തിന്റെ ഈ നിലപാട് തിരുനബി(സ്വ) യുടെ നിർദേശങ്ങളോടു മാത്രമായിരുന്നില്ല. അവിടുന്ന് നല്‍കുന്നതെല്ലാം അവര്‍ സ്വീകരിച്ചു. അംഗശുദ്ധി വരുത്തുന്ന സമയത്ത് അവിടുത്തെ ശരീരഭാഗങ്ങളില്‍ നിന്ന് അടര്‍ന്നുവീഴുന്ന വെള്ളത്തുള്ളികള്‍ക്ക് വേണ്ടി അവര്‍ മത്സരിച്ചു. അവിടുന്ന് വിരോധിച്ചതും വെറുക്കുന്നതുമായ സകലകാര്യങ്ങളില്‍ നിന്നും അവര്‍ പൂര്‍ണമനസോടെ വിട്ടുനിന്നു. സ്വശരീരം ഇച്ഛിക്കുന്നതിനെക്കാള്‍ അവര്‍ക്ക് പ്രിയം ഹബീബിന്റെ(സ്വ) തൃപ്തിയായിരുന്നു. ഖുര്‍ആന്‍ പറയുന്നു:”തിരുനബി(സ്വ) സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു’ (സൂറഃ അഹ്‌സാബ് 6).
തങ്ങള്‍ക്ക് അറിയാ വുന്ന കാര്യങ്ങളാണെങ്കിലും പുതിയ അറിവുകള്‍ പ്രതീക്ഷിച്ച് തിരുനബി(സ്വ) യുടെ മുമ്പില്‍ അവര്‍ വിനയാന്വിതരായി അറിവില്ലായ്മ നടിക്കും. അവിടുന്ന് പാനം ചെയ്തതില്‍ അവശേഷിക്കുന്നത് കുടിക്കുവാന്‍ വേണ്ടി അവര്‍ ആവേശം കാണിക്കും. അറിവില്ലാത്ത കാര്യങ്ങള്‍ ജിജ്ഞാസയോടെ അവിടുത്തോട് ആരായും. അങ്ങനെ, വിശുദ്ധ ഖുര്‍ആനിന്റെ ആജ്ഞാപനത്തെ അവര്‍ ഏറ്റവും ഭംഗിയായി ഏറ്റെടുക്കും, മനോഹരമായി അത് നിര്‍വഹിക്കും. തിരുനബി(സ്വ)യില്‍ നിന്നും കിട്ടുന്നതെല്ലാം ഇങ്ങ് പോരട്ടെ എന്നൊരു മനോഭാവമായിരുന്നു അവര്‍ക്ക്.
ഉര്‍വതു ബിന്‍ മസ്ഊദ്(റ)ല്‍ നിന്ന് റിപോര്‍ട്ട് ചെയ്യുന്ന ഹദീസ് നോക്കൂ: അദ്ദേഹം പറയുന്നു: “ഞാന്‍ ഒരുപാട് രാജാക്കന്‍മാരെ സന്ദര്‍ശിച്ചിട്ടുണ്ട്. കൈസറിനെയും നജ്ജാശിയെയും ഞാന്‍ സന്ദര്‍ശിച്ചു. അല്ലാഹുവാണേ സത്യം, മുഹമ്മദ് നബി(സ്വ)യെ തന്റെ അനുചരര്‍ ആദരിക്കുന്നതുപോലെ മറ്റൊരു രാജാവിനെയും അനുയായികള്‍ ആദരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലാഹുവാണേ, അവിടുന്ന് ഉമിനീര്‍ തുപ്പിക്കളയുകയാണെങ്കില്‍ അത് ഏതെങ്കിലും ഒരു സ്വഹാബിയുടെ കരങ്ങളിലേക്ക് വീഴുകയും ചെയ്താൽ അവര്‍ അത് എടുത്ത് മുഖവും ശരീരമാസകലവും (തിരുനബി(സ്വ)യുടെ ബര്‍കത്ത് ലഭിക്കുവാന്‍ വേണ്ടി) പുരട്ടുകയും ചെയ്യുമായിരുന്നു.'(ബുഖാരി)
അനുയായികളുടെ ഈ അര്‍പ്പണ മനോഭാവത്തോടുള്ള നബി(സ്വ) യുടെ പ്രതികരണത്തെ നോക്കാം. അഹ്‌സാബ് യുദ്ധം എന്ന് വിശേഷിപ്പിക്കുന്ന ഖന്തക്ക് യുദ്ധവേള ഓര്‍ക്കുക. അനുചരരോടൊപ്പം വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്ന നായകരായ റസൂലിനെ നമുക്ക് അവിടെ കാണാം. മെയ്യനക്കാതെ ഒരു തണലോരത്തിരുന്ന് സ്വാഹാബത്തിനോട് കിടങ്ങുകുഴിക്കുവാന്‍ കല്പിക്കേണ്ട കാര്യമേയുള്ളൂ തിരുനബി(സ്വ)ക്ക്. ഒട്ടിയ വയറിന് കല്ല് കെട്ടി എത്ര ദിവസം വേണമെങ്കിലും പരാതിയോ പരിഭവമോ ഇല്ലാതെ അവര്‍ ആ കിടങ്ങ് പൂര്‍ണമായും കുഴിക്കുമായിരുന്നു. പക്ഷേ, തിരുനബി(സ്വ) അതിന് ഒരുക്കമായിരുന്നില്ല എന്നു മാത്രമല്ല, അനുയായികള്‍ വിസമ്മതിച്ചിട്ടുകൂടി വയറ്റത്ത് രണ്ട് കല്ലുകള്‍ കെട്ടി വിശപ്പിനോട് പോരാടി കിടങ്ങു പൂര്‍ണമാകുന്നതുവരെ അവര്‍ക്ക് നേതൃത്വം കൊടുത്തു. യാത്രകളില്‍ സ്വഹാബത്തുമായി വാഹനം പങ്കിട്ട് കൊടുംവെയിലത്ത് നടന്നുനീങ്ങുന്ന റസൂലിനെയും നമുക്ക് ചരിത്രത്തില്‍ കാണാനാവും. തന്‍പോരിമയോ നേതൃജാടകളോ ആ ജീവിതത്തില്‍ ഒരിക്കല്‍പോലും നമുക്ക് ദര്‍ശിക്കാനാവില്ല. തനിക്കുവേണ്ടി എന്തും ത്യജിക്കാന്‍ തയാറായ, താന്‍ പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിക്കാന്‍ സന്നദ്ധരായ ശിഷ്യസഞ്ചയത്തെ അവിടുന്ന് ഒരിക്കല്‍പോലും ചൂഷണം ചെയ്യുകയുണ്ടായില്ല. മറിച്ച്, ഖുര്‍ആന്‍ പറഞ്ഞ പ്രകാരം മാത്രമായിരുന്നു അവിടുത്തെ കല്പനയും വിരോധങ്ങളും: “തീര്‍ച്ചയായും അല്ലാഹു കല്പിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു’ (സൂറഃ അന്നഹ്്ല് 90).
വഫാതാനന്തരവും ഉമ്മത്തിന്റെ പ്രവർത്തനങ്ങള്‍ കാണുകയും നന്മകളുടെ പുലര്‍ച്ച കണ്ട് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് സന്തോഷിക്കുകയും തിന്മകളുടെ ആധിക്യം കണ്ട് സങ്കടത്തോടെ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുന്ന തിരുനബി(സ്വ) യുടെ കല്പനകളെ ഇടം വലം നോക്കാതെ അനുസരിക്കുകയും വിരോധങ്ങളെ അതേപടി വെടിയുകയുമാണ് നമ്മൾ വിശ്വാസികൾ ചെയ്യേണ്ടത് ■

Share this article

About യാസിർ സുറൈജി കുറ്റിക്കടവ്

yasirkkv271@gmail.com

View all posts by യാസിർ സുറൈജി കുറ്റിക്കടവ് →

Leave a Reply

Your email address will not be published. Required fields are marked *